മരട്: നക്ഷത്രഹോട്ടലുകളില്‍ പരിശോധന നടത്തി പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടിച്ചെടുത്തതിന്റെ പേരില്‍ നഗരസഭാ ഉദ്യോഗസ്ഥര്‍ക്കെതിരെ വീണ്ടും പ്രതികാരനടപടികള്‍. പരിശോധനാ സംഘത്തിന് നേതൃത്വം നല്കാന് മുന്‍പന്തിയിലുണ്ടായിരുന്ന ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ കേശവന് തമ്പിയേയാണ് ഉന്നത ഇടപെടലുകളെ തുടര്‍ന്ന് സ്ഥലം മാറ്റാന്‍ തീരുമാനം എടുത്തിരിക്കുന്നതെന്നാണ് ലഭ്യമായ വിവരം.
പഴകിയ ഭക്ഷണ പഥാര്‍ത്ഥങ്ങള്‍ വിളമ്പുന്നതായി കൃത്യമായ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഹോട്ടലുകളില്‍ പരിശോധന നടത്താന്‍ നഗരസഭാ സെക്രട്ടറി തന്നെ നേരിട്ട് രംഗത്തിറങ്ങിയത്. സംഭവം അതീവ രഹസ്യമായിരുന്നതിനാല്‍ വിവരം മുന്‍കൂട്ടി മനസിലാക്കി അതുതടയാനുള്ള നീക്കവും പരാജയപ്പെടുകയായിരുന്നു. പരിശോധന നടത്തി പിടിച്ചെടുത്ത ഭക്ഷണസാധനങ്ങള്‍ നഗരസഭാ ഓഫീസിനു മുന്പില് പരസ്യമായി പ്രദര്‍ശിപ്പിച്ചപ്പോള്‍ മാത്രമാണ് മുനിസിപ്പാലിറ്റിയിലെ തന്നെ പല പ്രധാനികളും സംഭവം അറിഞ്ഞത്.
ടിവി ചാനലുകളും പത്രങ്ങളും റെയ്ഡ് വിവരം പ്രാധാന്യത്തോടുകൂടി വാര്‍ത്തയാക്കിയതും പലരേയും ബുദ്ധിമുട്ടിലാക്കി. തുടര്‍ന്ന് രാഷ്ട്രീയ സമ്മര്ദ്ദത്തോടുകൂടിയുള്ള ആദ്യനീക്കം നഗരസഭാ സെക്രട്ടറിക്കെതിരെതന്നെയായിരുന്നു. മുന്‍ സ്ഥലംമാറ്റ ഉത്തരവ് പൊടിതട്ടിയെടുത്ത് ഉടന്‍ നടപ്പിലാക്കുവാനും, പകരക്കാരന് വരുന്നതിനുമുമ്പുതന്നെ സെക്രട്ടറി ജയകുമാറിനെ റിലീവ് ചെയ്ത് ചെങ്ങന്നൂരിലേക്കയക്കുവാനും തലസ്ഥാനത്തുനിന്നും അടിയന്തര ഉത്തരവിറങ്ങി. ഇക്കാര്യത്തില്‍ ഒരു മന്ത്രിയുടെ ഓഫീസ് നേരിട്ടിടപെട്ടെന്നും ആക്ഷേപം ഉയര്‍ന്നു.
സെക്രട്ടറിയുടെ സ്ഥലംമാറ്റം വിവാദമായതിനെതുടര്‍ന്ന് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ക്കും മറ്റും എതിരെയുള്ള നീക്കം തല്ക്കാലം രഹസ്യമാക്കിവെച്ചിരിക്കുകയായിരുന്നു എന്നാണു സൂചന. സംഭവങ്ങള്‍ ആറിതണുത്തതോടെയാണ് ആരോഗ്യ വിഭാഗത്തിലെ ഉദ്യോഗസ്ഥര്‍ക്കെതിരെയുള്ള നീക്കങ്ങള്‍ അധികൃതര്‍ ശക്തമാക്കിയിരിക്കുന്നത്. ഹെല്‍ത് ഇന്‍സ്പെക്ടര്‍ കേശവന് തമ്പിക്കുള്ള സ്ഥലം മാറ്റ ഉത്തരവ് ബന്ധപ്പെട്ട നഗരകാര്യ വകുപ്പില്‍ തയാറായികഴിഞ്ഞതായാണ് സൂചന. ഇതോടൊപ്പം ഉദ്യോഗസ്ഥരെ കേസില്കുടുക്കുവാനുള്ള നീക്കങ്ങളും ഹോട്ടല്‍ ഉടമകള്‍ ആരംഭിച്ചു കഴിഞ്ഞതായും വിവരം ലഭിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: