കൊച്ചി: വികസനലക്ഷ്യം മുന്നില്‍കണ്ട് സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന എമര്‍ജിംഗ് കേരളയിലെ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കുന്ന പദ്ധതികള്‍ വിവാദമായേക്കും. നെല്ലിയാമ്പതി വിഷയം മുന്നണി രാഷ്ട്രീയത്തില്‍ കാറും കോളും സൃഷ്ടിച്ചിരിക്കുന്നതിനാലാണ് ഇതിനുള്ള സാധ്യത വര്‍ധിച്ചിരിക്കുന്നത്. വ്യവസായ വകുപ്പ് മുന്‍ കൈയ്യെടുത്ത് സംഘടിപ്പിക്കുന്ന എമര്‍ജിംഗ് കേരള അടുത്തമാസം 12 മുതല്‍ 14 വരെയാണ് കൊച്ചിയില്‍ നടക്കുക. നിക്ഷേപകര്‍ ഉള്‍പ്പെടെ നിരവധി ചെറുകിട വന്‍കിട സംരഭകര്‍ സര്‍ക്കാരിന്റെ ഉദ്യമത്തില്‍ പങ്കെടുക്കുവാനെത്തുമെന്നാണ് കണക്കുകൂട്ടല്‍.
വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ തയ്യാറാക്കിയ 200ല്‍ പരം പദ്ധതികളാണ് എമര്‍ജിംഗ് കേരളയുടെ ഭാഗമായി നിക്ഷേപകര്‍ക്കും, സംരഭകര്‍ക്കും മുമ്പില്‍ സമര്‍പ്പിച്ചിരിക്കുന്നത്. വ്യവസായ വാണിജ്യവകുപ്പ്, ഐടി, ആരോഗ്യം, ഭക്ഷ്യസംസ്കരണം, തുറമുഖം, വസ്ത്രനിര്‍മാണം, ടൂറിസം ഉള്‍പ്പടെയുള്ള സര്‍ക്കാര്‍ ഡിപ്പാര്‍ട്ടുമെന്റുകളാണ് കരട് പദ്ധതിതയ്യാറാക്കി നിക്ഷേപകമേളയില് അവതരിപ്പിക്കുക. ഇതില്‍ വിനോദസഞ്ചാര മേഖലക്കായി സംസ്ഥാന ടൂറിസം വകുപ്പ് സമര്‍പ്പിച്ചിരിക്കുന്ന 25 പദ്ധതികള്‍ ഭൂരിഭാഗവുമാണ് വന്‍ പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടയാക്കുന്നവയായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
രാഷ്ട്രീയതലത്തില്‍ ഏറെ വിവാദം സൃഷ്ടിച്ചിരിക്കുന്ന നെല്ലിയാമ്പതി 50 ഏക്കര്‍ വനഭൂമിയില്‍ 75 കോടിരൂപ മുതല്‍ മുടക്കി രണ്ട് വന്‍കിട ടൂറിസം പദ്ധതികളാണ് എമര്‍ജിംഗ് കേരളയിലെത്തുന്ന സ്വകാര്യ സംരഭകര്‍ക്കായി തയ്യാറാക്കി കഴിഞ്ഞിരിക്കുന്നത്. ഇതിനാവശ്യമായ ഭൂമി വനമേഖലയില്‍ ടൂറിസം വകുപ്പ് സംഘടിപ്പിച്ചുനല്കുമെന്നാണ് വാഗ്ദാനം. എന്നാല്‍ വനം പാരിസ്ഥിതിക പ്രത്യാഘാതങ്ങള്‍ക്ക് ഇടനല്കുന്ന ഇത്തരം പദ്ധതികള്‍ക്ക് കേന്ദ്ര വനം, പരിസ്ഥിതി പ്രത്യേക അനുമതി ആവശ്യമാണ്. ഇതിനുള്ള സാധ്യത തീരെകുറവാണെന്നാണ് ചൂണ്ടിക്കാട്ടപ്പെടുന്നത്. എമര്‍ജിംഗ് കേരളയിലെ ഈ പദ്ധതികള്‍ സംബന്ധിച്ച് വിവരങ്ങള്‍ പുറത്തുവന്നതോടെ എതിര്‍പ്പുകളുമായി ടി.എന്‍.പ്രതാപന് ഉള്‍പ്പെടെയുള്ളവര്‍ രംഗത്തിറങ്ങിക്കഴിഞ്ഞിട്ടുണ്ട്.
എമര്‍ജിംഗ് കേരളക്കുവേണ്ടി കെടിഡിസിയും, ടൂറിസ്റ്റ് റിസോര്‍ട്ട്സ് (കേരള) ചേര്‍ന്ന് 1000 കോടിയോളം രൂപയുടെ നിക്ഷേപ പദ്ധതികളാണ് തയ്യാറാക്കിയിരിക്കുന്നത് എന്നാണ് രേഖകളില്‍ നിന്നുള്ള വിവരം. വാഗമണ്ണിലെ വനമധ്യത്തില്‍ 150 ഏക്കറിലായി ഗോള്‍ഫ് കോഴ്സ്റിസോട്ട് എന്നിവയും, അഡ്വെണാര് സ്പോര്‍ട്സ് അരീനയും (135 കോടി) ഉള്‍പ്പടെ രണ്ടു പദ്ധതികളാണ് വിഭാവനം ചെയ്തിരിക്കുന്നത്. പീരുമേട്ടിലെ വനഭൂമിയില്‍ ഹെല്‍ത്ത് റിസോര്‍ട്ട് (26 കോടി), അരൂക്കുറ്റിക്കു സമീപം വേമ്പനാട്ടുകായലില്‍ അണ്ടര്‍ വാട്ടര്‍ അക്വോറിയം (150 കോടി) നെല്ലിയാമ്പതിയിലെ സംരക്ഷിത വനമേഖലയില്‍ ബോട്ടാണിക്കല്‍ ഗാര്ഡന്, ഫോറസ്റ്റ് ലോഡ്ജ് (50 കോടി), തലശ്ശേരിക്കുസമീപം ധര്‍മ്മടം തുരുത്തില് സമുദ്രത്തിനു നടുവിലായി മറൈന്‍ ലെയ്ഷര്‍ ഐലന്റും, റിസോട്ടും (150 കോടി), ദേവീകുളത്ത് സംരക്ഷിതവനമേഖലയില്‍ റിസോര്‍ട്ട്, കോട്ടയം ജില്ലയിലെ പാരിസ്ഥിതിക ദുര്‍ബല പ്രദേശമായ ഇല വീഴാപൂഞ്ചിറയില്‍ ടൂറിസം റിസോട്ട് (100 കോടി), കോഴിക്കോട് ജില്ലയിലെ കക്കയം വനമേഖലയില്‍ 50 ഏക്കറില്‍ ഇക്കോക്യാമ്പ് സൈറ്റ് (50 കോടി) വാഗമണ്ണില്‍ 100 ഏക്കറില്‍ ഗോള്‍ഫ് കോഴ്സും, റിസോര്‍ട്ടും (120 കോടി) ഉള്‍പ്പടെയുള്ളവയാണ് വിവാദ പദ്ധതികളാവാന്‍ സാധ്യതയുള്ളവയുടെ പട്ടികയില്‍ ഉള്‍പ്പെടുന്നത്.
സംരഭങ്ങളില്‍ നിക്ഷേപം നടത്തുവാന്‍ മുന്പോട്ടുവരുന്നവര്ക്ക് വനഭൂമിയും, കായലുകളും, തുരുത്തുകളും മറ്റും സര്‍ക്കാര്‍ ഏറ്റെടുത്തു കൈമാറും എന്നാണ് വാഗ്ദാനം. വിഭാവനം ചെയ്തിരിക്കുന്ന പദ്ധതികളില്‍ പകുതിയെങ്കിലും പ്രായോഗിക തലത്തിലെത്തിയാല്‍ സംസ്ഥാനത്തെ പരിസ്ഥിപ്രാധാന്യമുള്ള പല സ്ഥലങ്ങളും സര്‍ക്കാര്‍ ഒത്താശയോടെ സ്വകാര്യ നിക്ഷേപകരുടെ കൈകളില്‍ ചെന്നെത്തും എന്നാണു ചൂണ്ടിക്കാട്ടപ്പെടുന്നത്.
സംസ്ഥാനത്തിന്റെ വികസനം ലക്ഷ്യം വച്ചാണ് എമര്‍ജിംഗ് കേരള പോലുള്ള പദ്ധതികള്‍ സര്‍ക്കാര്‍ മുന്‍ കൈയ്യെടുത്ത് സംഘടിപ്പിക്കുന്നത് എന്നാണു പ്രഖ്യാപനം. എന്നാല്‍ സംരക്ഷിതവനമേഖലയും, തുരുത്തുകളും മറ്റും ഇതിന്റെ പേരില്‍ നിക്ഷിപ്തതാത്പര്യങ്ങള്‍ക്ക് കൈമാറാനുള്ള നീക്കം ഏറെ വിവാദങ്ങള്‍ വിളിച്ചുവരുത്തുമെന്നാണ് വ്യക്തമായ സൂചനലഭിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: