വകുപ്പ് ഉരുക്കാവുമ്പോള്‍ മനസ്സും ഉരുക്കിന്റെ സ്വഭാവം കാണിക്കും; കാണിക്കണം. അങ്ങനെ വരുമ്പോഴാണ് വകുപ്പുമായി മന്ത്രിക്ക് താദാത്മ്യം പ്രാപിക്കാന്‍ കഴിയുക. താദാത്മ്യം പ്രാപിച്ചു കഴിഞ്ഞാല്‍ ജനങ്ങളെ വേണ്ടരീതിയില്‍ സേവിക്കാന്‍ കഴിയും. അങ്ങനെ സേവിക്കാനാണല്ലോ മന്ത്രിക്കുപ്പായം ഇട്ട് മനുഷ്യന്മാര് അവസ്ഥയ്ക്ക് ഇരുന്ന് കാലം കഴിക്കുന്നത്. ശരീരത്തില്‍ ജീവന് ഉള്ളതുകൊണ്ടാണല്ലോ അത് നിലനിര്‍ത്തണമെന്ന് ആഗ്രിച്ചുപോവുക. ആ ആഗ്രഹം തെറ്റെന്നോ ശരിയെന്നോ പറഞ്ഞ് കളങ്ങളില്‍ ഒതുക്കുന്നതിനുപകരം വിശാലമായി അവയൊക്കെ ഉള്‍ക്കൊള്ളുന്നതല്ലേന്ന്. ഈ ഉള്‍ക്കൊള്ളല്‍ പലതരത്തിലാവാം; തലത്തിലാവാം.
ന്‍ഘാ, നമ്മള് പറഞ്ഞുവന്നത് ഒരു വകുപ്പിനെക്കുറിച്ചാണല്ലോ. ആ വകുപ്പിന്റെ എല്ലാ ഗുണവും ശരീരത്തിലും മനസ്സിലും നിറഞ്ഞുനില്ക്കുന്ന വ്യക്തിയാണ് കേന്ദ്രമന്ത്രി ബേനി പ്രസാദ് വര്‍മ. എത്ര പോസിറ്റീവായാണ് അദ്യം കാര്യങ്ങള്‍ കാണുന്നത്, വിലയിരുത്തുന്നത്, വിശകലനം ചെയ്യുന്നത്. രാജ്യം അറുപത്തിയാറാം പിറന്നാള്‍ ആഘോഷിച്ച വേളയിലാണ് ആ പോസിറ്റീവ് കാര്യം മിഴി തുറന്ന് നിന്നത്. വിലക്കയറ്റം എന്ന രാക്ഷസനില്‍നിന്ന് (നമ്മള് അങ്ങനെയാണല്ലോ പഠിച്ചുവെച്ചിരിക്കുന്നത്) എങ്ങനെയും രക്ഷപ്പെടാന്‍ സര്‍വസന്നാഹങ്ങളുമായി നില്ക്കുന്ന നമ്മോട് ബഹുമാനിതനായ മന്ത്രി പറയുന്നു: ഭക്ഷ്യോത്പന്നങ്ങളുടെ വില ഉയരുന്നതില്‍ തനിക്ക് സന്തോഷമുണ്ടെന്ന്.
വിലക്കയറ്റത്തിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കുന്നതുകൊണ്ടാണ് സന്തോഷമുണ്ടാകുന്നത്. (മാതൃഭൂമി, ആഗസ്റ്റ് 21). നോക്കുക, എങ്ങനെയാണ് ഒരു മന്ത്രി ചിന്തിക്കുന്നതെന്ന്. അരിക്ക് അമ്പത് പൈസ കുറഞ്ഞാല്‍ തുള്ളിച്ചാടുന്നവര്‍ തനി അണ്‍കള്‍ച്ചേഡ് ആയി വിലയിരുത്തപ്പെടുമ്പോഴേ രാജ്യം നന്നാവൂ എന്ന് സാരം. രാജ്യത്തെ കര്‍ഷകര്‍ക്കാണ് ആളോഹരി വരുമാനം നന്നേ കുറവ്. അവര്‍ക്ക് ക്ഷേമനിധിയില്ല, ഉത്സവകാല ബത്തയില്ല, ബോണസ്സില്ല. പിന്നെയോ? കണ്ണീര് ധാരാളം. ജീവിതത്തിന്റെ രണ്ടറ്റവും മുട്ടിക്കാന്‍ കഴിയാതെ കയറിലും കിണറിലും കീടനാശിനിയിലും ജീവനൊടുക്കുന്ന ഇത്തരക്കാരെപ്പറ്റി മന്ത്രി നന്നായി മനസ്സിലാക്കിയിരിക്കുന്നു. അതുകൊണ്ട് വിലവര്‍ധനക്ക് റോക്കറ്റ് വേഗം ഉണ്ടാവുമ്പോള്‍ മന്ത്രിക്ക് പെരുത്ത് സന്തോഷം. ഇന്ത്യയുടെ നട്ടെല്ലായ കൃഷിക്കാര്‍ ആഹ്ലാദവാന്മാരാകുന്നതോടെ ഇന്ത്യതന്നെ ആഹ്ലാദത്തില്‍ നിറയുകയല്ലേ? അഭിനവ ഉരുക്ക് മനുഷ്യന് കൊടുക്കിന്‍ ഒരു കൈയടി.
പിന്നെ, നിങ്ങള്‍ക്ക് എതിരഭിപ്രായം ഉണ്ടാവാം. ഇമ്മാതിരിയൊരു മന്ത്രിയെയാണോ ഇവിടുത്തെ നൂറുകോടി ജനങ്ങള്‍ (അതില്‍നിന്ന് കര്‍ഷകരെ ഒഴിവാക്കണേ) അവമതിക്കുന്നത്. ശത്രുപക്ഷത്ത് നിറുത്തുന്നത്. ടിയാന് വളരെ ക്രിയാത്മകമായി പറഞ്ഞ കാര്യങ്ങള്‍ വിശകലനം ചെയ്ത് ബഹുമാനിക്കയല്ലേ വേണ്ടത്. ഉരുക്കുവകുപ്പിന്റെ ചുമതലയുള്ള മന്ത്രിക്ക് ഉരുക്കിന്റെ മാനസികാവസ്ഥ വന്നതില്‍ അഭിമാനിക്കുകയല്ലേ വേണ്ടത്. ഭക്ഷ്യോല്‍പ്പന്നങ്ങള്‍ക്ക് വന്‍വില വര്‍ധന വരുമ്പോള്‍ ആത്യന്തികമായി അതിന്റെ ഗുണം കര്‍ഷകനുതന്നെ കിട്ടുന്നുണ്ടോ എന്നന്വേഷിക്കേണ്ട ബാധ്യത ഉരുക്കുവകുപ്പിനില്ല. ആയത് കണ്ടെത്തേണ്ടത് കൃഷിവകുപ്പാണ്. പ്രസ്തുതവകുപ്പ് കൈകാര്യം ചെയ്യുന്ന വിദ്വാന് അതിനെന്തെങ്കിലും ചെയ്യുന്നുണ്ടോ എന്ന് നമുക്കറിയില്ല. അഥവാ എന്തെങ്കിലും ചെയ്യുകയോ പറയുകയോ ചെയ്താല്‍ മാധ്യമ മഹിതാശയന്മാര് നമ്മെയൊട്ട് അറിയിക്കുകയുമില്ല. വിവാദമുണ്ടോ, വാര്‍ത്തയുണ്ട്; അവിടെ ഞങ്ങളുമുണ്ട് എന്ന രീതിയാണല്ലോ അവരുടേത്. 2014 ലെ പാര്‍ലമെന്റ് തെരഞ്ഞെടുപ്പ് ലക്ഷ്യമിട്ട് ഒരു വിദ്വാന് ഓരോ ബിപിഎല്‍ കൈയിലും മൊബെയില്‍ എത്തിക്കാന്‍ പാടുപെടുമ്പോള്‍ മറ്റൊരാള്‍ വിലവര്‍ദ്ധനവില്‍ ആഹ്ലാദചിത്തനായി നാടാകെ മണ്ടിപ്പാഞ്ഞു നടക്കുന്നു. ഒരേ തൂവല്‍പ്പക്ഷികളെ ഇങ്ങനെ നേരെ ചൊവ്വേ കാണാന്‍ കഴിഞ്ഞ നമ്മള് തന്നെ ഭാഗ്യവാന്മാര്. ഇത്തവണ മാവേലി അത്തം കഴിഞ്ഞ് ഒമ്പതാം നാള് തന്നെ വരാന്‍ കാരണം ഇമ്മാതിരി വല്യവല്യ കാര്യങ്ങള്‍ അറിഞ്ഞതുകൊണ്ടാവാം. ഓണം കണ്ണീരിലായാലെന്ത്, നമുക്ക് വില്ക്കാന് വേണ്ടുവോളം കാണമുണ്ടല്ലോ.
ചാനല്‍ സുന്ദരീസുന്ദരന്‍മാര്‍ക്ക് എവിടെ നിന്നെങ്കിലും കണക്കിന് രണ്ട് ആട്ട് കിട്ടണമെന്ന് അവരല്ലാത്ത ഒരുവിധപ്പെട്ടവരൊക്കെ ആഗ്രഹിച്ചിരിക്കുകയായിരുന്നു. മൈക്കിന്റെ ഒരു കൊമ്പും നീളന്‍ വയറും ഒറ്റാല്‍പോലത്തെ കുന്ത്രാണ്ടവുമുണ്ടെങ്കില്‍ തങ്ങള്‍ രാജ്യത്തെ കൊലകൊമ്പന്മാര് ആണെന്നാണ് ധാരണ. അതുമാത്രമല്ല, അത്തരക്കാര്‍ അതിനനുസരിച്ച് വേണ്ടതും വേണ്ടാത്തതും നിരന്തരം ചെയ്യുകയും ചെയ്യും. നേതാക്കളുടെ പ്രസംഗത്തിന്റെ സാരാംശം അറിയാതെ (അതിന് തയ്യാറാകാതെ) മുക്കും മൂലയും എന്തെങ്കിലും പരതിയെടുത്ത് നേരെ വിളമ്പുന്ന ജോലിയാണല്ലോ മിക്കവരും ചെയ്യുന്നത്. മറ്റൊന്ന് വഴിയില്‍ തടഞ്ഞുനിര്‍ത്തി പ്രതികരിപ്പിക്കലാണ്. ചാനലിന്റെ രാഷ്ട്രീയത്തിന് ഗുണം വരുത്തുന്നതേ വിളമ്പൂ എന്ന ശാഠ്യത്തിന് ഇളക്കമില്ല. അത്തരക്കാര്‍ക്ക് കണക്കിന് കിട്ടുന്നതായി കഴിഞ്ഞ ദിവസം മുഖ്യമന്ത്രി എടുത്ത നിലപാട്. ഒരുപക്ഷേ, ഒരു ഫാസിസ്റ്റിന്റെ ശ്വാസഗതി ആ നിലപാടിനുപിന്നിലുണ്ടായിട്ടുണ്ടെന്ന് നിങ്ങള്‍ക്ക് നിശ്ചയമായും ആരോപിക്കാം.
എന്നാല്‍ ആ നിലപാടിലേക്ക് അദ്ദേഹത്തെ കൊണ്ടു ചെന്നെത്തിച്ചത് ചാനല്‍ സംഘത്തിന്റെ സ്വഭാവം തന്നെയാണ്. തന്നെ തടഞ്ഞുനിര്‍ത്തി ചോദ്യം ചോദിക്കരുതെന്നും എന്തെങ്കിലും പറയാനുണ്ടെങ്കില്‍ മന്ത്രിസഭായോഗം കഴിഞ്ഞ് വിശദീകരിക്കുമെന്നും ഉമ്മന്‍ചാണ്ടി വ്യക്തമാക്കി. അഥവാ പിന്നെയെന്തെങ്കിലും പറയാനുണ്ടെങ്കില്‍ അത് എല്ലാവരെയും അറിയിക്കും. അനവസരത്തില്‍ എന്തെങ്കിലും കെട്ടിയെഴുന്നെള്ളിക്കുന്ന ചാനല്‍കുമാരീകുമാരന്മാര്‍ക്ക് ഇതൊക്കെ മാധ്യമ സ്വാതന്ത്ര്യത്തിനു നേരെയുള്ള കടന്നുകയറ്റമായി തോന്നാം. ആ തോന്നല്‍ പക്ഷേ, വിവരവും വെള്ളിയാഴ്ചയുമുള്ളവര്‍ വകവെച്ചുതരുമെന്ന് തോന്നുന്നില്ല. സര്‍വതന്ത്രസ്വതന്ത്രന്മാരെന്ന് മേനി നടിക്കുന്ന എല്ലാ മാധ്യമമഹിതാശയന്മാരും മറ്റുള്ളവര്‍ക്കും സ്വാതന്ത്ര്യമുണ്ടെന്ന് ഇടയ്ക്കൊക്കെ ഓര്‍ക്കുന്നത് അവര്‍ക്കും ചാനലിനും കൊള്ളാം.
ഇപ്പോള്‍ പോലീസ് കമ്മ്യൂണിസ്റ്റുകാരെ, പ്രത്യേകിച്ച് മാര്‍ക്സിറ്റുകളെ നിലംപരിശാക്കുകയാണെന്നാണല്ലോ പ്രചാരണം. പണ്ട് കോണ്ഗ്രസ്കാരും പടയും അവര്‍ക്കെതിരെ പടയോട്ടം നടത്തിയെങ്കില്‍ ഇന്നത് പോലീസ് മാത്രമാണെന്നാണ് ആരോപണം. മാര്‍ക്സിസ്റ്റുകാരെ ഇനിയും ഇങ്ങനെ അടിച്ചുപതം വരുത്തിയാല്‍ ജനങ്ങളെ സംഘടിപ്പിച്ച് പോലീസ് സ്റ്റേഷന് ഉപരോധിക്കുമെന്ന് കട്ടായം പറഞ്ഞിരിക്കുന്നു. മാത്രമല്ല വണ്‍, ടു, ത്രീ എന്ന തരത്തില്‍ അടിക്ക് കേമന്മാരായ പോലീസുകാരുടെ പേരുവിവരങ്ങള്‍ മാധ്യമപ്രവര്‍ത്തകരെ വിളിച്ചുകൂട്ടി പരസ്യം ചെയ്തിരിക്കുന്നു. കുഞ്ഞുകുട്ടി പരാധീനങ്ങളുളള കാക്കിക്കാര് നേരെ ചൊവ്വെ കുടുംബാംഗങ്ങളോട് യാത്രപറഞ്ഞ് വേണം കൃത്യങ്ങളിലേര്‍പ്പെടാന്‍ എന്നൊരു അലിഖിത ചട്ടവും പുറത്തുവന്നിരിക്കുന്നു. സാധാരണക്കാരായ മനുഷ്യന്മാര്‍ക്കൊന്നും ഇതിന്റെ കഖഗഘ മനസ്സിലാവുന്നില്ല. എന്തിനാണിങ്ങനെ കമ്യൂണിസ്റ്റ് മാര്‍ക്സിസ്റ്റ് പാവങ്ങളെ തല്ലി എല്ലൊടിക്കുന്നത്.
നാട്ടില്‍ സമാധാനത്തിനുവേണ്ടി ഏതറ്റംവരെയും പോകാന്‍ പ്രതിജ്ഞാബദ്ധരാണവര്‍. ഒരു വര്‍ഗീയ ചേരിതിരിവും തല്‍ഫലമായി ഉണ്ടായേക്കാവുന്ന വര്‍ഗീയ ലഹളയും എത്ര മനോഹരമായാണ് അവര്‍ തലശ്ശേരിയില്‍ നിര്‍മാര്‍ജനം ചെയ്തത്. സവര്‍ണ ഫാസിസ്റ്റുകളുടെ എക്കാലത്തെയും ശത്രുക്കളെന്ന് പറയുന്ന മുസ്ലീം കുടുംബങ്ങളെ എത്ര അരുമയോടെയാണ് മാര്‍ക്സിസ്റ്റുകള്‍ സംരക്ഷിച്ചുനിര്‍ത്തുന്നത്. ഫസല്‍ എന്ന ഉശിരുള്ള ചെറുപ്പക്കാരനെ ഫാസിസ്റ്റുകള്‍ കൊല്ലരുതെന്ന് കരുതി മാര്‍ക്സിസ്റ്റുകള്‍ തന്നെ കൊണ്ടുപോയി. മരണസമയത്ത് പുണ്യത്തിന്റെ വിലോഭനീയ അന്തരീക്ഷം ഉണ്ടാവണമെന്ന മാനവികചിന്തയാല്‍ ചെറിയ പെരുന്നാളിന്റെ തലേന്ന് തന്നെ കശാപ്പു ചെയ്തു. ഫാസിസ്റ്റുകള്‍ കൊന്നാലല്ലേ മോക്ഷം കിട്ടാതിരിക്കൂ. കൊയ്ത്തരിവാളുകൊണ്ടാവുമ്പോള്‍ സര്‍വരാജ്യത്തൊഴിലാളികളുടെയും പ്രാര്‍ത്ഥനയും ശ്രദ്ധാഞ്ജലിയും ഉണ്ടാവും. ഇതൊന്നും അറിഞ്ഞുകൂടാത്ത കാക്കിക്കാര് നല്ല ചുണക്കുട്ടന്മാരായ സഖാക്കളെ കസ്റ്റഡിയിലെടുത്ത് മര്‍ദ്ദിച്ച് അര്മാദിക്കുന്നത് എങ്ങനെ സഹിക്കും? അതുകൊണ്ട് പ്രത്യക്ഷസമരത്തില്‍ത്തന്നെയാണ് പാര്‍ട്ടി.
ഇവിടെ ഒരു ചോദ്യം പ്രസക്തം. ഇത്രകാലം പോലീസിനെ നിയന്ത്രിച്ചും ഭരിച്ചും നടന്നത് ആരായിരുന്നു? നിഷ്പക്ഷമായ പോലീസ് വേണമെന്ന് എന്തുകൊണ്ട് ആത്മാര്‍ത്ഥമായി ആഗ്രഹിച്ചില്ല? ആ വഴിക്കൊരു ചെറുകാല് വെപ്പുപോലും എന്തുകൊണ്ട് നടത്തിയില്ല? ഇതും ഇതിനപ്പുറവും ഉള്ള നൂറുനൂറായിരം ചോദ്യങ്ങള്‍ക്ക് ഉത്തരവുമായി പ്രഗല്ഭ അഭിഭാഷകന് രംഗത്തുവരുന്നു. ആഗസ്റ്റ് 20ലെ മാതൃഭൂമിയില്‍ ഇതാ ഇങ്ങനെയൊരു ലേഖനം കാണാം: പോലീസിന്റെ സ്വാതന്ത്ര്യവും സി.പി.എമ്മും. പോലീസിന്റെ പ്രവര്‍ത്തനങ്ങള്‍ നിഷ്പക്ഷവും നീതിയുക്തവും ആക്കാന്‍ ഉദ്ദേശിച്ച് ദേശീയ പോലീസ് കമ്മീഷന് ചൂണ്ടിക്കാണിച്ച പ്രധാന ശുപാര്‍ശകള്‍ അട്ടിമറിച്ച സിപിഎമ്മിന്റെ നെറികേടുകളെ തന്റെ സ്വതസ്സിദ്ധമായ വസ്തുതാവിശകലനത്തിലൂടെ അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള തുറന്നുകാട്ടുന്നു. ഒരു ലേഖനം എങ്ങനെ ജനമനസ്സുകളിലേക്ക് അനായാസം കടന്നു ചെല്ലുന്നു എന്നറിയണമെങ്കില്‍ അതു വായിക്കുകതന്നെ വേണം. സിപിഎമ്മിന്റെ ഇപ്പോഴത്തെ നെഞ്ചത്തടിയും നിലവിളിയും തനി വഞ്ചനയാണെന്ന് വസ്തുതകളിലൂടെ ശ്രീധരന്‍പിള്ള ചൂണ്ടിക്കാട്ടുന്നു; നിങ്ങള്‍ക്കത് അവഗണിക്കാനേ കഴിയില്ല. പോലീസിനെ രാഷ്ട്രീയ-മാഫിയാ സ്വാധീനത്തില്‍നിന്നും സ്വതന്ത്രമാക്കാനുള്ള സുപ്രീംകോടതി വിധിയെ കേരളത്തില്‍ സമര്‍ഥമായി അട്ടിമറിച്ച കുറ്റത്തിലെ മുഖ്യപ്രതിയാണ് മാര്‍ക്സിസ്റ്റ് പാര്‍ട്ടി. 2006ലെ പോലീസ് സ്വാതന്ത്ര്യത്തിനായുള്ള സുപ്രീംകോടതി വിധിയെ, അച്യുതാനന്ദന് ഭരണം എങ്ങനെ അട്ടിമറിച്ചു എന്നത് കേരളം ചര്‍ച്ച ചെയ്യപ്പെടാതെപോയ വിഷയമാണ് എന്ന് ശ്രീധരന്‍പിള്ള പറയുന്നു. പലതും ചര്‍ച്ച ചെയ്യാതിരിക്കലാണ് ഏറ്റവും നല്ലതെന്ന രാഷ്ട്രീയത്തിലാണ് എല്ലാവരും അഭയം തേടിയിരിക്കുന്നത്. സുഖകരമായ ആ അഭയത്തിന്റെ പുതപ്പിട്ടുമൂടി ഉറങ്ങിക്കിടക്കുമ്പോള്‍ ഇത്തരം ഓര്മപ്പെടുത്തലുകള് വെള്ളിടിതന്നെയാണ്. അത്തരം വെള്ളിടികള്‍ ഇടയ്ക്കിടെ ഉണ്ടാവട്ടെ എന്നാഗ്രഹിക്കുന്നവരുടെ എണ്ണം ദിനംപ്രതി പെരുകുകയാണ്.
തൊട്ടുകൂട്ടാന്‍
ദുരമൂത്തമനുജരെന്‍
തലയറുത്തീടിലും
സുപ്തമെന്‍ സ്വത്വം
അഗാധഹ്രദങ്ങളില്‍!!…
മണമ്പൂര്‍ രാജന് ബാബു
കവിത: ചേന പറഞ്ഞത്
കേരളകൗമുദി ഓണപ്പതിപ്പ്
കെ. മോഹന്‍ദാസ്
പ്രതികരിക്കാൻ ഇവിടെ എഴുതുക: