വെള്ളൂരില്‍ റെയില്‍പാളത്തില്‍ സ്റ്റീല്‍ ടിഫിന്‍ ബോക്സില്‍ പൈപ്പും ഡിറ്റനേറ്ററും ടൈമറും അടക്കം സ്ഫോടന സജ്ജമാക്കിയ ബോംബ് കണ്ടെത്തിയത് കേരളത്തെ ഞെട്ടിച്ചിരിക്കുകയാണ്. വ്യക്തി വൈരാഗ്യം തീര്‍ക്കാന്‍ ബോംബ് വച്ചത് എറണാകുളം കെഎസ്ആര്‍ടിസി ഡിപ്പോയിലെ എംപാനല്‍ ഡ്രൈവറായ സെന്തില്‍ കുമാറാണെന്നും ബോംബിനടുത്ത് തോമസ് എന്നയാളുടെ വാഹനത്തിന്റെ നമ്പര്‍ വച്ചത് ഇതിന് തെളിവാണെന്നും വ്യാഖ്യാനമുണ്ടെങ്കിലും സ്ഫോടകവസ്തുവിന് കളക്ടറേറ്റ് സ്ഫോടനത്തില്‍ കണ്ടെത്തിയതിനേക്കാളും ഉഗ്രശേഷിയുള്ളതാണെന്ന റിപ്പോര്‍ട്ട് തീവ്രവാദം കൊഴുക്കുന്ന കേരളത്തിന് ആശങ്കാ ജനകം തന്നെയാണ്.
എന്‍ഐഎ അന്വേഷണം ഏറ്റെടുത്തു കഴിഞ്ഞു. കേരളത്തില്‍ മലപ്പുറത്തും കോഴിക്കോട്ടും പൈപ്പ് ബോംബ് സ്ഫോടനങ്ങള്‍ നടന്നിട്ടുണ്ട്. ഇവിടെ നിരോധിത സംഘടനകളുമായി ബന്ധമുള്ള പ്രസ്ഥാനങ്ങള്‍ പ്രവര്‍ത്തിക്കുന്നുണ്ട് എന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കിയതിന് പുറമെ ‘സിമി’ രൂപാന്തരം പ്രാപിച്ച പോപ്പുലര്‍ ഫ്രണ്ട് കേരളത്തില്‍ സജീവമാണ്. ഇന്ത്യയെ ഞെട്ടിച്ച വ്യാജ മെയില്‍ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചത് പോപ്പുലര്‍ ഫ്രണ്ടില്‍ നിന്നായിരുന്നല്ലോ. കോതമംഗലം നഴ്സ് സമരത്തോടനുബന്ധിച്ച് നടന്ന ആക്രമണങ്ങളില്‍ പോലും തീവ്രവാദ സാന്നിദ്ധ്യം സംശയിക്കപ്പെട്ടിരുന്നു. കേരളത്തില്‍ മാവോയിസ്റ്റ് സാന്നിദ്ധ്യവും ഉണ്ടെന്ന് കരുതപ്പെടുന്നു.
മാസങ്ങള്‍ക്ക് മുന്‍പ് നിലമ്പൂര്‍ റെയില്‍വേ പാളത്തിലും ബോംബുകള്‍ കണ്ടെത്തിയിരുന്നു. കേരളത്തിലേയ്ക്ക് സ്ഫോടകവസ്തുക്കള്‍ പ്രവഹിക്കുന്നത് ക്വാറി പ്രവര്‍ത്തനത്തിന്റെ മറവിലാണ്. പക്ഷെ ഉഗ്രസ്ഫോടക ശേഷിയുള്ള അമോണിയം നൈട്രേറ്റ് കണ്ടെത്തിയതാണ് ഞെട്ടിപ്പിച്ച വസ്തുത. ഹിന്ദുസ്ഥാന്‍ ന്യൂസ്പ്രിന്റ് എന്ന പൊതുമേഖലാ സ്ഥാപനത്തിന്റെ അടുത്താണ് ഇത് കണ്ടെത്തിയത് എന്നതും ആശങ്കയ്ക്കിട നല്കുന്നു. കേരളം ഭീകരവാദികളുടെ സങ്കേതമായി മാറി തുടങ്ങി എന്നതിനെപ്പറ്റി പ്രതിരോധമന്ത്രി എ.കെ.ആന്റണി മുന്നറിയിപ്പ് നല്‍കിയതാണ്. കേരളത്തില്‍ ഭീകരാക്രമണത്തിന് കടലില്‍നിന്നും വനത്തില്‍ നിന്നും സാധ്യതകളുണ്ട്. വാഗമണ്‍ ട്രെയിനിംഗ് ക്യാമ്പും തടിയന്റവിട നസീറിന്റെ ലഷ്കര്‍ റിക്രൂട്ട്മെന്റും കേരളം ഇനിയും മറന്നിട്ടില്ല.
റെയില്‍വേ പാളത്തില്‍ കണ്ട ഉഗ്രസ്ഫോടന ശേഷിയുള്ള ബോംബിനെ വ്യക്തിവൈരാഗ്യമെന്ന് പറഞ്ഞ് നിസ്സാരവല്ക്കരിക്കാതെ ഇതിന് പിന്നിലുള്ള കറുത്ത കൈ ആരുടേതെന്ന് കണ്ടുപിടിക്കേണ്ടതാണ്. അന്വേഷണം പ്രസ്താവനയില്‍ ഒതുക്കാതിരിക്കാന്‍ ആഭ്യന്തര മന്ത്രി ശ്രദ്ധിക്കേണ്ടതാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: