തിരുവോണത്തിന് ദിവസങ്ങള്‍ മാത്രം ബാക്കി നില്‍ക്കെ കേരളത്തിലേക്ക് സ്പിരിറ്റിന്റെയും കള്ള മദ്യത്തിന്റെയും ഒഴുക്ക് ശക്തമായിരിക്കുകയാണ്. കുട്ടനാട് മേഖലയില്‍നിന്ന് പിടിച്ചത് 4750 ലിറ്റര്‍ സ്പിരിറ്റാണെങ്കില് കാസര്‍കോട്ടെത്തിയത് ഗോവന്‍ നിര്‍മിത വിദേശമദ്യമായിരുന്നു. കേരളത്തില്‍ പാന്‍ മസാല നിയന്ത്രണം നിലനില്‍ക്കുന്നുണ്ടെങ്കിലും പുകയില അടങ്ങുന്ന ലഹരി വസ്തുക്കളുടേയും കഞ്ചാവിന്റേയും മയക്കുമരുന്നിന്റേയും വില്‍പ്പനയും വ്യാപകമായിട്ടുണ്ട്. ഈ പശ്ചാത്തലത്തില്‍ കേരളത്തിലെ ബാറുകള്‍ രാവിലെ മുതല്‍ തുടര്‍ന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടോ എന്ന കോടതിയുടെ ചോദ്യം പ്രസക്തമാണ്. ലഭ്യത അനുസരിച്ച് ഉപയോഗം വര്‍ധിക്കും എന്നത് കമ്പോള നിയമമായിരിക്കെ മദ്യലഭ്യതയ്ക്കും നിയന്ത്രണം അത്യാവശ്യം തന്നെയാണ്. ബാറുകള്‍ ഇത്ര നേരത്തെ തുറന്നു പ്രവര്‍ത്തിക്കേണ്ടതുണ്ടോ എന്നചോദ്യമുയര്ത്തുന്ന കോടതി തന്നെയാണ് മൂന്ന് സ്റ്റാറിന് മുകളിലുള്ളവയ്ക്കായി മാത്രമേ ബാര്‍ ലൈസന്‍സ് നല്‍കാവൂ എന്ന സര്‍ക്കാര്‍ നയം തുല്യാവകാശ ലംഘനമാണെന്ന് പറഞ്ഞത്. ഈ പ്രസ്താവനയോട് നിശ്ശബ്ദത പാലിച്ച കേരള സര്‍ക്കാരിനെ സുപ്രീംകോടതിപോലും വിമര്‍ശിക്കുകയുണ്ടായി. ആ പശ്ചാത്തലത്തിലാണ് ഇപ്പോള്‍ കേരള സര്‍ക്കാര്‍ നയപരമായ കാര്യങ്ങളില്‍ കോടതി ഇടപെടരുതെന്നും കാണിച്ച് സുപ്രീംകോടതിയെ സമീപിച്ചിരിക്കുന്നത്.
ദൈവത്തിന്റെ സ്വന്തം നാട് എന്നാണ് കേരളം ആഗോളതലത്തില്‍ അവതരിപ്പിക്കപ്പെടുന്നത്. ഈ ടൂറിസം വികസനത്തിന് വേണ്ടിയാണ് ബാര്‍ ലൈസന്‍സിന്റെ കാര്യത്തില്‍ കോടതി ഇടപെട്ടതെന്ന വിശദീകരണമുണ്ടായിരുന്നു. പക്ഷെ ഈ നാട് മദ്യത്തിന്റെ സ്വന്തം നാടായും ഇന്ത്യയില്‍ ഏറ്റവും അധികം മദ്യം ഉപയോഗിക്കുന്നവരായി മലയാളിയും മാറിയപ്പോള്‍ കേരളം ക്രൈം ക്യാപ്പിറ്റല്‍ മാത്രമല്ല, ഗാര്‍ഹിക പീഡന തലസ്ഥാനമായും റോഡപകട റിക്കോര്‍ഡ് ഭേദിക്കുന്ന സംസ്ഥാനവുമായും മാറി. കേരളത്തില്‍ മദ്യ നിയന്ത്രണം എന്ന ആവശ്യം മദ്യവിരുദ്ധ സമിതി ഉയര്‍ത്തിയിട്ട് വര്‍ഷങ്ങളായി. പഞ്ചായത്തുകളില്‍ മദ്യ ഔട്ട്ലെറ്റുകള് അനുവദിക്കുന്നതിനുള്ള അധികാരം പഞ്ചായത്തിന് കൈമാറണമെന്ന നിയമവും നടപ്പിലാവണമെന്ന് മദ്യവിരുദ്ധ പ്രവര്‍ത്തകര്‍ ആവശ്യപ്പെടുന്നു. പക്ഷെ മുന്‍പ് ആരാധനാലയങ്ങളുമായും വിദ്യാലയങ്ങളുമായുള്ള ദൂരപരിധിപോലും ലംഘിച്ചാണ് ബിവറേജസ് കോര്പ്പറേഷന് ഔട്ട്ലെറ്റുകള് അനുവദിക്കുന്നത്. കേരളത്തില്‍ മദ്യ വില്‍പ്പന നടത്തുന്നത് സര്‍ക്കാരാണ്. ഖജനാവിലേയ്ക്ക് ഏറ്റവും അധികം വരുമാനം ലഭിക്കുന്നത് ബിവറേജസ് കോര്‍പ്പറേഷനില്‍നിന്നാണ്. ഈ ഓണത്തിന് ഏറ്റവും അധികം ബോണസ് ലഭിക്കുന്നതും ബിവറേജസ് കോര്പ്പറേഷന് ജോലിക്കാര്‍ക്കാണ്. ഡ്രൈവര്‍മാരും ഉദ്യോഗസ്ഥരും ജോലി സമയത്ത് മദ്യപിക്കുന്നതിനുള്ള കാരണം ബാറുകള്‍ രാവിലെ മുതല്‍ പ്രവര്ത്തിക്കുന്നതിനാലാണെന്നതാണ് കോടതി നിരീക്ഷിച്ച മറ്റൊരു കാര്യം. ഇതുകൊണ്ടാണ് ഡിവിഷന് ബെഞ്ച് ബാറുകള്‍ വൈകിട്ട് അഞ്ചുമണിയ്ക്ക് ശേഷമേ തുറക്കാവൂ എന്ന് വ്യവസ്ഥ ചെയ്യണമെന്ന് പറഞ്ഞത്.
മദ്യനിരോധനം പ്രായോഗികമല്ല എന്ന് തെളിഞ്ഞ വസ്തുതയാണ്. പക്ഷെ മദ്യോപയോഗ നിയന്ത്രണം ഇച്ഛാശക്തിയുള്ള സര്‍ക്കാരിന് നടപ്പാക്കാന്‍ സാധ്യമാണ്. പക്ഷെ ഇന്ന് മേറ്റ്ന്തിനേക്കാളും ഒരാളെ സ്വാധീനിക്കാനുളള ആയുധം മദ്യമായതിനാലാണല്ലൊ സര്‍ക്കാര്‍ മേല്‍നോട്ടത്തില്‍ തന്നെ തെരഞ്ഞെടുപ്പുകളില്‍ മദ്യം സുലഭമാക്കുന്നത്. ഇത് പിറവം തെരഞ്ഞെടുപ്പിലും നെയ്യാറ്റിന്‍കര തെരഞ്ഞെടുപ്പിലും ചൂണ്ടിക്കാണിക്കപ്പെട്ട വസ്തുതയാണ്. മദ്യ മാഫിയ ഇന്ന് മറ്റേതൊരു മാഫിയെക്കാളും പ്രബലമാകുന്നത് രാഷ്ട്രീയക്കാരുടെ തെരഞ്ഞെടുപ്പ് ചെലവ് പോലും അവര്‍ വഹിക്കുന്നതിനാലാണെന്ന വിശ്വാസം നിലനില്‍ക്കുന്നത്. കേരളത്തില്‍ എല്ലാ ഓണത്തിനും ജില്ല തിരിച്ച് മദ്യോപയോഗ റെക്കോര്‍ഡ് പ്രസിദ്ധീകരിക്കുമ്പോള്‍ ഓണത്തിന് ചാലക്കുടിയും ക്രിസ്തുമസ്സിന് കരുനാഗപ്പള്ളിയും ചാമ്പ്യന്‍ഷിപ്പ് നേടുന്നു.
ഇത് ബിവറേജസ് കോര്‍പ്പറേഷന്റെ കണക്ക് ഇതിന് പുറമെ വിശേഷദിവസങ്ങളില്‍ കേരളത്തിലേക്കൊഴുകുന്ന സ്പിരിറ്റിന്റേയും വ്യാജ മദ്യത്തിന്റേയും കണക്കുകള്‍ ലഭ്യമല്ല. എല്ലാ ഓണത്തിനും വ്യാജമദ്യം കഴിച്ചുള്ള മദ്യ ദുരന്തങ്ങള്‍ കേരളത്തില്‍ തുടര്ക്കഥകളാകാറുമുണ്ട്. മദ്യോപയോഗ നിയന്ത്രണത്തിന്റെ ആവശ്യകത നീതിപീഠവും സാമൂഹ്യ പ്രവര്‍ത്തകരും ഊന്നിപ്പറയുമ്പോഴും ലാഭക്കണക്കുകള്‍ മാത്രം നോക്കുന്ന സര്‍ക്കാരിന്റെ അജണ്ടയില്‍ മദ്യവില്‍പ്പന നിയന്ത്രണം ഇല്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: