പ്രചുരപ്രചാരമുള്ള പത്രത്തിലെ ഒരു വാര്‍ത്താ ശീര്‍ഷകം (ആഗസ്റ്റ് 21) ഇതാ. “കൊഴിഞ്ഞു വീഴുന്നത് ക്രിസ്തീയ ഭക്തിഗാന ശാഖയുടെ നിത്യവസന്തം”. ക്രിസ്ത്യന്‍ ഭക്തി, ഹിന്ദുഭക്തി, മുസ്ലീം ഭക്തി തുടങ്ങി ഭക്തികള്‍ പലതുണ്ടെന്ന ബഹുസ്വരതയുടെ സന്ദേശമാണ് വാര്‍ത്ത നല്‍കുന്നത്. ഇനി മതേതര ഭക്തിഗാനങ്ങളും നിരീശ്വര ഭക്തിഗാനങ്ങളും ഒക്കെ ഉണ്ടാകട്ടെ! എല്ലാ മതങ്ങള്‍ക്കും യുഗ്മ ഗാനങ്ങളും വിപ്ലവഗാനങ്ങളും ശോകഗാനങ്ങളും അടിപൊളി ഗാനങ്ങളും ഉണ്ടാകട്ടെ എന്ന് ഭക്തിഗാനങ്ങള്‍ ആലപിച്ച് നമുക്ക് പ്രാര്‍ത്ഥിക്കാം.
1986 ഫെബ്രുവരിയില്‍ മാര്‍പാപ്പ പ്രസംഗിച്ച കോട്ടയം മുനിസിപ്പല്‍ മൈതാനിയിലെ വേദി നിലനിര്‍ത്തണമെന്നും മൈതാനത്തിന് പോപ്പിന്റെ പേര് നല്‍കണമെന്നും ആവശ്യമുയര്‍ന്നിരുന്നു. ഹൈന്ദവ സംഘടനകളുടെ ശക്തമായ പ്രതിഷേധത്തെ തുടര്‍ന്ന് അധികാരികള്‍ വേദി പൊളിച്ചുമാറ്റുകയും മുനിസിപ്പല്‍ മൈതാനമെന്ന പേര് നിലനിര്‍ത്തുകയും ചെയ്തു. എന്നാല്‍ ദേശീയ പത്രത്തിന്റെ കോട്ടയം ലോക്കല്‍ പേജ് വാര്‍ത്ത (ആഗസ്റ്റ് 22) ഇങ്ങനെയാണ്. “അത്തച്ചമയ ഘോഷയാത്രയില്‍നിന്ന് പുറത്തിറക്കിയ ആനക്കുട്ടിയെ പോപ്പ് മൈതാനത്ത് കയറ്റി നിര്‍ത്തി. ഇത് പത്രത്തിന്റെ ഏതെങ്കിലും അജണ്ടയുടെ ഭാഗമല്ലെന്ന് പ്രതീക്ഷിക്കാം.
“നെല്ലിയാമ്പതി- മന്ത്രി കെ.എം.മാണിക്കെതിരെ വിജിലന്‍സ് അന്വേഷണം”- ഒരു പത്രവാര്‍ത്ത. അതേ പേജില്‍ തന്നെ മറ്റൊരു വാര്‍ത്ത- “സ്വാതന്ത്ര്യദിനാഘോഷം: മന്ത്രി കെ.എം.മാണി കോട്ടയത്ത് സന്ദേശം നല്‍കും”. ഇതിലൊരു വാര്‍ത്ത മറ്റൊരു ദിവസത്തേക്ക് മാറ്റിവയ്ക്കാമായിരുന്നു. സ്വാതന്ത്ര്യദിനത്തേയും മറ്റും പരിപാവനമായി കാണുന്ന കുറച്ചു രാജ്യസ്നേഹികളെങ്കിലും ഇവിടെ ബാക്കി കാണില്ലേ?
വിവാദങ്ങള്‍ സൃഷ്ടിക്കുകയല്ല യാഥാര്‍ത്ഥ്യങ്ങള്‍ ജനങ്ങളില്‍ എത്തിക്കുകയാണ് മാധ്യമങ്ങളുടെ കര്‍ത്തവ്യമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി കോട്ടയത്ത് പ്രസ്താവിച്ചു. അഭയ കേസ് ഒരു നോവല്‍ പോലെ 20 വര്‍ഷം മാധ്യമങ്ങള്‍ ആഘോഷിച്ചുവെന്നും ഇരകളെയാണ് ചില മാധ്യമങ്ങള്‍ക്ക് ആവശ്യമെന്നും പാലാ രൂപതാ കോര്‍പ്പറേറ്റ് മാനേജര്‍ ഫാ.മാത്യു ചന്ദ്രന്‍കുന്നേല്‍ കോട്ടയത്ത് പ്രസ്താവിച്ചു. മാധ്യമങ്ങള്ക്കിത് നല്ല കാലം തന്നെ. യാതൊരു പണച്ചെലവുമില്ലാതെ മികച്ച സാങ്കേതികോപദേശം സൗജന്യമായി നല്കാന് എത്ര വിദഗ്ദ്ധന്മാരാണ് ക്യൂ നില്‍ക്കുന്നത്.
പൂരങ്ങളുടെ പൂരം തൃശ്ശൂര്‍ പൂരം. ആഴ്ചപ്പതിപ്പുകളുടെ ആഴ്ച്ചപ്പതിപ്പ് ഏതെന്ന് പറയേണ്ടതില്ലല്ലൊ. ഏതാനും ദശകങ്ങളായി ഹിന്ദുത്വത്തിന്റെ ഭീഷണികളാണ് കവര്‍ സ്റ്റോറികള്‍. ഇടയ്ക്ക് കമ്മ്യൂണിസത്തിന്റെ പരാജയവും ചര്‍ച്ച ചെയ്യും. സോഷ്യലിസ്റ്റ് പ്രസ്ഥാനത്തിന്റെ ഉന്മൂലനം, ഗാന്ധിസത്തിന്റെ വ്യാജനിര്‍മിതികള്‍, ലൗജിഹാദ്, നെല്ലിയാമ്പതി തുടങ്ങിയ യുഡിഎഫ് വിഷയങ്ങളെ തൊടുവാന്‍ പത്രം ഉടമകള്‍ അനുവദിക്കാറില്ല. ഈ അടുത്തകാലത്ത് എന്ന സിനിമയെപ്പറ്റി ആഴ്ചപ്പതിപ്പിന്റെ (മാര്‍ച്ച് 11) നിരീക്ഷണം കാണുക- “മലയാളത്തിലാദ്യമായി ആര്‍എസ്എസിനെ പ്രത്യക്ഷത്തില്‍ ചിത്രീകരിക്കുകയും രക്ഷാകര്‍തൃസ്ഥാനത്ത് അടയാളപ്പെടുത്തുകയും ചെയ്യുന്ന ഒന്നാണ് ഈ സിനിമ. ക്വട്ടേഷന്‍ ഗുണ്ടകളെ ഭയപ്പെടുത്താന്‍ കരുത്തുറ്റ ശരീരബലവും സംഘബലവും ഉള്ള ആണ്‍കൂട്ടമാണ് ആര്‍എസ്എസ് എന്നും അത് നീതി നടപ്പാക്കുന്ന കേഡര്‍ സംഘടനയാണെന്നും ഇതിലെ ദൃശ്യങ്ങള്‍ പറയുന്നു. ഈ സിനിമ തികച്ചും പ്രതിലോമകരമാണെന്ന് ലേഖകന്‍ ശകാരിക്കുന്നു. ഇതേ പ്രസിദ്ധീകരണ സ്ഥാപനത്തില്‍ പ്രൂഫ് റീഡറായിരുന്ന കുട്ടികൃഷ്ണമാരാരുടെ വാക്കുകള്‍ ഇവിടെ സ്മരിക്കാം. എന്റെ പുസ്തകങ്ങള്‍ നിരൂപകനായ താങ്കള്‍ വായിച്ചിട്ടുണ്ടോ എന്ന മുഖ്യ പത്രാധിപരുടെ ചോദ്യത്തിന് മാരാരുടെ മറുപടി- “ഞാന്‍ ബാലസാഹിത്യം വായിക്കാറില്ല.”
രവി
പ്രതികരിക്കാൻ ഇവിടെ എഴുതുക: