കല്‍ക്കരി കുംഭകോണത്തിന്റെ ഉത്തരവാദിത്തമേറ്റെടുത്ത് പ്രധാനമന്ത്രി മന്മോഹന് സിംഗ് രാജിവയ്ക്കണം എന്ന ആവശ്യത്തിന്മേല് സഭാസ്തംഭനം തുടരുമ്പോള്‍ 2ജി കുംഭകോണം അന്വേഷിക്കുന്ന ജോയിന്റ് പാര്‍ലമെന്ററി കമ്മറ്റി (ജെപിസി)യില്നിന്ന് പ്രതിപക്ഷമായ ബിജെപി രാജിവയ്ക്കുമെന്ന് പ്രഖ്യാപിക്കുമ്പോഴും ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതികള്‍ക്ക് നേരിട്ടും പരോക്ഷമായും ഉത്തരവാദിയായ പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് ലോകത്തിന് മുന്നില്‍ ലജ്ജാശൂന്യനായി നിലകൊള്ളുന്നു. ഈ പ്രധാനമന്ത്രി ഇന്ത്യയ്ക്ക് ബാധ്യതയായി മാറിയിരിക്കുന്നു. 2-ജി കുംഭകോണം, ദല്‍ഹി എയര്‍പോര്‍ട്ട് കുംഭകോണം, ഊര്‍ജ കുംഭകോണം ഇങ്ങനെ സര്‍ക്കാരിന്റെ അക്കൗണ്ടന്റായ സിഎജി കണ്ടെത്തിയ കുംഭകോണ പട്ടിക നീളുന്നു. 2 ജി കുംഭകോണം 1,76,000 കോടി, കോമണ്‍വെല്‍ത്ത് ഗെയിംസ് കുംഭകോണം 76,000 കോടി, കല്‍ക്കരി കുംഭകോണം 1,86,000 കോടി. കോണ്‍ഗ്രസിന്റെ അഴിമതി പരമ്പര മുന്റെക്കോര്ഡുകള് തകര്‍ത്താണ് മുന്നേറുന്നത്. പ്രധാനമന്ത്രി മന്‍മോഹന്‍സിംഗ് കല്‍ക്കരി വകുപ്പിന്റെ ചുമതല വഹിച്ചിരുന്ന കാലത്താണ് ലേലം ചെയ്യാതെ 194 കല്‍ക്കരിപ്പാടങ്ങള്‍ സ്വകാര്യ കമ്പനികള്‍ക്ക് അനുവദിച്ചത്. 2006 ല്‍ കല്‍ക്കരിപ്പാടങ്ങള്‍ അനുവദിക്കാന്‍ തീരുമാനിക്കുന്ന സമയത്ത് ലേലം വേണമെന്ന് ആസൂത്രണ കമ്മീഷനും കേന്ദ്ര കല്‍ക്കരി മന്ത്രാലയവും ഉരുക്ക്-ഖനി മന്ത്രാലയവും ധനകാര്യ വകുപ്പിന്റെ എക്സ്പെന്‍ഡിച്ചര്‍ വിഭാഗവും ആവശ്യപ്പെട്ടിട്ടും കല്‍ക്കരി പാടങ്ങള്‍ ലേലം ചെയ്യാതെ അനുവദിക്കുകയായിരുന്നു.
കോള്‍ഗേറ്റ് എന്നു നാമകരണം ചെയ്യപ്പെട്ട ഈ മഹാകുംഭകോണത്തിലെ മുഖ്യകണ്ണിയായ പ്രധാനമന്ത്രി രാജിവെക്കണം എന്ന് ആവശ്യപ്പെടുക ഉത്തരവാദിത്തബോധമുള്ള ഒരു പ്രതിപക്ഷത്തിന്റെ കടമയല്ലേ? ഖജനാവിലെ 1,86,000 കോടിയുടെ നഷ്ടത്തിന്റെ ധാര്‍മിക ഉത്തരവാദിത്തം വകുപ്പ് കൈകാര്യം ചെയ്ത യുപിഎ പ്രധാനമന്ത്രിയായ മന്മോഹന്സിംഗിനല്ലേ? അപ്പോള്‍ അദ്ദേഹത്തിന്റെ രാജി ആവശ്യപ്പെടുന്നതില്‍ എന്ത് അധാര്‍മികതയാണുള്ളത്? പക്ഷെ മന്‍മോഹന്‍സിംഗിന്റെ പിന്നില്‍ ഉറച്ചുനില്‍ക്കുന്നത് ബോഫോഴ്സ് കുംഭകോണ ഗുണഭോക്താവായ യുപിഎ അദ്ധ്യക്ഷ സോണിയാഗാന്ധിയാണ്. അപ്രതീക്ഷിതമായി മന്മോഹനെ പിന്താങ്ങി തൃണമൂല്‍ നേതാവും ബംഗാള്‍ മുഖ്യമന്ത്രിയുമായ മമതാ ബാനര്‍ജിയും ഉണ്ട്. സിപിഎം, സിപിഐ, ബിഎസ്പി മുതലായ കക്ഷികളുമായി വിശാല ഐക്യമുണ്ടാക്കാനുള്ള ശ്രമത്തിലാണ് ബിജെപി. 176 ടണ്‍ കല്‍ക്കരി 17 ബില്ല്യണ്‍ വിലമതിച്ചിരുന്നു എങ്കിലും സ്വകാര്യ കമ്പനികള്‍ക്ക് കൈമാറിയത് 51 ലക്ഷം കോടിക്കാണ്. ഇപ്പോള്‍ യുപിഎ പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ ശ്രമിക്കുന്നത് സിഎജിയെ ആണ്. കോമണ്‍വെല്‍ത്ത് ഗെയിംസിന്റെ 1,76,000 കോടി അഴിമതി സിഎജി പുറത്തുകൊണ്ടുവന്നപ്പോഴും അന്നത്തെ മന്ത്രി കപില്‍ സിബല്‍ സിഎജി റിപ്പോര്‍ട്ട് തള്ളിക്കൊണ്ട് പറഞ്ഞത് സീറോ നഷ്ടമാണെന്നായിരുന്നല്ലൊ. ലേലം ആണ് ഏറ്റവും നല്ല വില ലഭിക്കാനുള്ള വഴി എന്നറിഞ്ഞിട്ടും 2-ജിയിലും കല്‍ക്കരി ഗേറ്റിലും ലേലം അനുവദിച്ചില്ല.
പ്രധാനമന്ത്രി രാജിവയ്ക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്ന ബിജെപി ചര്‍ച്ചാ ആവശ്യം തള്ളിയിരിക്കുകയാണ്. ഇപ്പോള്‍ പ്രധാനമന്ത്രി രാജിവച്ചാല്‍ ലോക്സഭ പിരിച്ചുവിട്ട് തെരഞ്ഞെടുപ്പിനെ നേരിടേണ്ടിവരും. ഇതൊഴിവാക്കാനാണ് ചര്‍ച്ച, സിബിഐ അന്വേഷണം, ജെപിസി അന്വേഷണം മുതലായ നിര്‍ദ്ദേശങ്ങള്‍ മുന്നോട്ട് വയ്ക്കുന്നതെന്ന് വ്യക്തം. അപ്പോള്‍ ഉയരുന്ന ഒരു ചോദ്യം 2-ജി സ്പെക്ട്രം കേസില്‍ എ.രാജയെ അറസ്റ്റ് ചെയ്തപ്പോള്‍ എന്തെ ഈ വാദം ഉയര്‍ത്തിയില്ല എന്നതാണ്. 58 ബ്ലോക്ക് കല്‍ക്കരി പാടങ്ങള്‍ നല്‍കിയതില്‍ ഒന്നുമാത്രമാണ് ഖാനന വിധേയമായത്. ഖാനികള്‍ ഉപയോഗിക്കാത്തതെന്തെന്നോ, അതിന് പിഴ ഈടാക്കാത്തതെന്തെന്നോ ഉള്ള അന്വേഷണം പോലും നടക്കുന്നില്ല. ഇപ്പോള്‍ സിബിഐ കേസെടുത്ത് പ്രാഥമിക അന്വേഷണം തുടങ്ങിയിരിക്കുകയാണ്. ഒരാഴ്ചയ്ക്കുള്ളില്‍ റിപ്പോര്‍ട്ട് നല്‍കുമെന്നാണ് പ്രതീക്ഷ. 14 പ്രാഥമികാന്വേഷണ റിപ്പോര്‍ട്ടുകള്‍ രജിസ്റ്റര്‍ ചെയ്തു കഴിഞ്ഞു. പക്ഷെ നയപരമോ രാഷ്ട്രീയമോ ആയ വശങ്ങള് സിബിഐ അന്വേഷണ പരിധിയില്‍ വരുന്നില്ല. ഇതിനിടയില്‍ 2-ജി സ്പെക്ട്രം അഴിമതി അന്വേഷിക്കുന്ന സംയുക്ത പാര്‍ലമെന്ററി സമിതി യോഗത്തില്‍നിന്നും ബിജെപി ഇറങ്ങിപ്പോയി. പ്രധാനമന്ത്രി മന്മോഹന് സിംഗ്, കേന്ദ്രമന്ത്രി ചിദംബരം എന്നിവര്‍ സമിതിയ്ക്ക് മുന്പില് ഹാജരാകാത്തതില്‍ പ്രതിഷേധിച്ചാണിത്. ഉന്നതപദവിയിലുള്ള പ്രധാനമന്ത്രിയെയും ധനമന്ത്രിയേയും വിസ്തരിക്കാന്‍ അനുവദിക്കില്ലെന്ന നിലപാട് കോണ്‍ഗ്രസ് കൈക്കൊള്ളുമ്പോള്‍ ഈ കല്‍ക്കരി കുംഭകോണവും മറ്റൊരു ബോഫോഴ്സായി മാറും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: