ന്യൂദല്‍ഹി: ആസാം കലാപത്തിന്റെ പശ്ചാത്തലത്തില്‍ സര്‍ക്കാര്‍ ബ്ലോക്ക് ചെയ്ത 309 ഓളം സൈറ്റുകളുടെ വിവരങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട്. ഫേസ്ബുക്ക്, യൂടൂബ്, ഗൂഗിള്‍ തുടങ്ങിയ സൈറ്റുകളിലെ വിവരങ്ങളാണ് ചോര്‍ന്നത്. ഭീതി പരത്തുന്ന സന്ദേശങ്ങളടങ്ങിയ ചിത്രങ്ങള്‍ അപ്ലോഡ് ചെയ്ത ഫേസബുക്കില 102 സൈറ്റുകളും, യൂടൂബിലെ 85 സൈറ്റുകളും സര്‍ക്കാര്‍ കണ്ടെത്തിയിരുന്നു. ഈ സൈറ്റുകളിലെ വിവരങ്ങളാണ് ചോര്‍ന്നത്. സൈറ്റുകളിലെ സന്ദേശങ്ങള്‍ നീക്കം ചെയ്യണമെന്ന് വെബ്സൈറ്റുകള്‍ക്ക് നിര്‍ദ്ദേശം നല്‍കിയിരുന്നു. വിഷയത്തില്‍ സര്‍ക്കാരുമായും സഹകരിക്കാമെന്ന് ഫേസ്ബുക്കും ട്വിറ്ററും കഴിഞ്ഞദിവസം അറിയിച്ചു.
ഇതിനിടയിലാണ് സൈറ്റുകളിലെ സന്ദേശങ്ങള്‍ ചോര്‍ന്നതായി റിപ്പോര്‍ട്ട് പുറത്തുവന്നിരിക്കുന്നത്. വര്‍ഗീയ സംഘര്‍ഷങ്ങളുടേയും കലാപങ്ങളുടേയും ചിത്രങ്ങളും വീഡിയോ ദൃശ്യങ്ങളും എഴുത്ത് രൂപത്തിലുള്ള സന്ദേശങ്ങളുമാണ് ചോര്‍ന്നതെന്ന് സെന്റര്‍ ഫോര്‍ ഇന്റര്‍നെറ്റ് സൊസൈറ്റി വ്യക്തമാക്കുന്നു. 30 ട്വിറ്റര്‍ അക്കൗണ്ടുകളും, മൂന്ന് വിക്കീപ്പീഡിയ അക്കൗണ്ടുകളും, 11ബ്ലോഗ് അക്കൗണ്ടുകളും 8 വേഡ്പ്രസ് അക്കൗണ്ടുകളും ബ്ലോക്ക് ചെയ്യാന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നു. ചോര്‍ന്ന സൈറ്റുകളുടെ പട്ടികയില്‍ ഇവയും ഉള്‍പ്പെടും. മുഖ്യധാരയിലുള്ള ചില മാധ്യമങ്ങളുടെ വെബ്സൈറ്റും ബ്ലോക്ക് ചെയ്ത സൈറ്റുകളില്‍ ഉണ്ടെന്നതാണ് മറ്റൊരു വസ്തുത.
അതേസമയം ഭീതി പരത്തുന്ന സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിന്റെ പേരില്‍ രണ്ട് പ്രമുഖ പത്രപ്രവര്‍ത്തകരുടെ ട്വിറ്റര്‍ അക്കൗണ്ട് സര്‍ക്കാര്‍ ബ്ലോക്ക് ചെയ്തു. പയനിയര്‍ പത്രത്തിലെ കാഞ്ചന് ഗുപ്ത, ഹെഡ്ലൈന് ടുഡെയിലെ ശിവ് അരൂര്‍ എന്നിവരുടെ അക്കൗണ്ടുകളാണ് ബ്ലോക്ക് ചെയ്തത്. താല്‍ക്കാലികമായിട്ടാണ് ഇവരുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ചിരിക്കുന്നതെന്ന് അധികൃതര്‍ അറിയിച്ചു. ഇന്റര്‍നെറ്റ് സര്‍വ്വീസ് പ്രൊവൈഡേഴ്സിന്റെ സഹായത്തോടെയാണ് ഇവരുടെ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തിരിക്കുന്നത്. ട്വിറ്റര്‍ അക്കൗണ്ടുകള്‍ ബ്ലോക്ക് ചെയ്തതിനെതിരെ രണ്ട് മാധ്യമപ്രവര്‍ത്തകരും രംഗത്തെത്തി. സര്‍ക്കാര്‍ നടപടിയെ രണ്ട് പേരും വിമര്‍ശിച്ചു. ആസാംകലാപത്തിന്റെ പശ്ചാത്തലത്തില്‍ വ്യാജ സന്ദേശങ്ങള്‍ പ്രചരിപ്പിച്ചതിനെത്തുടര്‍ന്ന് നിരവധിപേരാണ് സ്വദേശത്തേക്ക് പലായനം ചെയ്തത്.
സംഭവത്തിന്റെ അന്വേഷണത്തില്‍ വ്യാജ സന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനിലാണെന്ന് കണ്ടെത്തിയിരുന്നു. എന്നാല്‍ ഇന്ത്യയുടെ ആരോപണം പാക്കിസ്ഥാന് തള്ളുകയും, സംഭവത്തന്റെ തെളിവ് നല്കാന് ആവശ്യപ്പെടുകയും ചെയ്തു. ഇന്ത്യ തെളിവ് നല്കുന്ന പക്ഷം അന്വേഷണം നടത്താമെന്നും പാക് ആഭ്യന്തരമന്ത്രി റഹ്മാന് മാലിക് അറിയിച്ചിരുന്നു. വ്യാജസന്ദേശങ്ങളുടെ ഉറവിടം പാക്കിസ്ഥാനാണെന്നും ഇതിനുള്ള തെളിവ് നല്കാന് ഇന്ത്യ തയ്യാറാണെന്നും ആഭ്യന്തര മന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെ വ്യക്തമാക്കിയിരുന്നു. പാക് ഐ എസ് ഐക്കും ഭീകരസംഘടന ഹുജിക്കും, നിരോധിത സംഘടനയായ സിമിക്കും സംഭവത്തില്‍ പങ്കുണ്ടെന്ന് സൈബര്‍ സെക്യൂരി ഏജന്‍സിയുടെ അന്വേഷണ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: