ഒരുമാസത്തെ വ്രതാനുഷ്ഠാനത്തിന്റെ പരിസമാപ്തി കുറിച്ചുകൊണ്ട് നടത്തുന്ന ചെറിയ പെരുന്നാളില്‍ സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും സന്ദേശങ്ങള്‍ പ്രവഹിക്കണമെന്നാണ് സങ്കല്‍പ്പം. എന്നാല്‍ ഇത്തവണ കേരളത്തില്‍ ഈദ് ദിനത്തില്‍ കുറേ പള്ളികളിലെങ്കിലും കേട്ടത് ഈര്‍ഷ്യയുടെ സ്വരമാണ്. മറ്റ് മതസ്ഥര്‍ക്ക് നേരെ വെറുപ്പും വിദ്വേഷവും ജനിപ്പിക്കും വിധം ചില ഇമാമുകള്‍ നടത്തിയ ഈദ് സന്ദേശ പ്രഭാഷണങ്ങള്‍ ആപത്കരമായ സാഹചര്യങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതാണെന്നാണ് പൊതുവെയുള്ള നിഗമനം. പ്രസംഗകരെ പോലെ വികാര തീവ്രതയോടെ ഇറങ്ങിപ്പുറപ്പെടാന്‍ ഇസ്ലാം മതവിശ്വാസികള്‍ തയ്യാറായില്ലെന്ന് മാത്രം. കുറച്ചുദിവസങ്ങള്‍ക്ക് മുമ്പ് മുംബൈ ആസാദ് മൈതാനിയില്‍ മുഴങ്ങിയ വര്‍ഗീയ വിദ്വേഷം ജനിപ്പിക്കുന്ന പ്രസംഗത്തിന്റെ പരിണിത ഫലമാണ് അവിടെ ഉണ്ടായ അഴിഞ്ഞാട്ടം. ആ പ്രസംഗത്തിന്റെ ആവര്‍ത്തനം കേരളത്തില്‍ നടത്തിയവരുടെ ഉദ്ദേശ്യവും മറിച്ചാകാന്‍ ഇടയില്ല. മദനിയില് തുടങ്ങിയ മതതീവ്രവാദ ഭീകരപ്രവര്‍ത്തനങ്ങള്‍ പുതിയ തലമുറയിലേക്ക് കുത്തിനിറയ്ക്കാനുള്ള ബോധപൂര്‍വ്വമായ ശ്രമമായി വേണം ഇതിനെ കാണാന്‍. അത്തരം നീക്കങ്ങളെ നിരുത്സാഹപ്പെടുത്താന്‍ പ്രബുദ്ധരും ഉത്പതിഷ്ണുക്കളുമായ ഇസ്ലാം മതനേതാക്കളും വിശ്വാസികളും തന്നെ മുന്നിട്ടിറങ്ങുമെന്നാശിക്കാം. ആസാമില്‍ കഴിഞ്ഞ മാസം 19ന് ആരംഭിച്ച കലാപമാണ് പ്രകോപനങ്ങള്‍ സൃഷ്ടിക്കാന്‍ ചിലര്‍ അവസരമാക്കുന്നത്. ആസാമില്‍ തദ്ദേശിയരായ ബോഡോകള്ക്കെതിരെ ബംഗ്ലാദേശില്‍ നിന്നും അനധികൃതമായി നുഴഞ്ഞുകയറി ആധിപത്യം ഉറപ്പിച്ച മുസ്ലീങ്ങള്‍ നടത്തിയ ആക്രമണങ്ങളാണ് സംഘര്‍ഷം സൃഷ്ടിച്ചത്. കൊള്ളയും കൊള്ളിവയ്പും നിര്‍ബാധം നടന്നു. നാലരലക്ഷത്തോളം പേര് സ്വന്തം വീടും നാടും വിട്ട് ഓടേണ്ടിവന്നു.
ഇരുവിഭാഗങ്ങളിലുമായി നൂറിലധികംപേര്‍ വധിക്കപ്പെട്ടു. സ്വന്തം നാട്ടില്‍ അഭയാര്‍ഥികളായി ക്യാമ്പുകളില്‍ കഴിയേണ്ടി വന്ന ജനലക്ഷങ്ങള്‍ പട്ടിണിയും പകര്‍ച്ചവ്യാധിയും കൊണ്ട് പൊറുതിമുട്ടി. അഭയാര്‍ഥികളെ കാണാന്‍ പ്രധാനമന്ത്രിയടക്കമുള്ളവര്‍ തീര്‍ഥാടനം നടത്തി പ്രഖ്യാപിച്ചതൊന്നും ഫലം കണ്ടില്ല. ആസാം സംസ്ഥാനവും കേന്ദ്രവും ഭരിക്കുന്നത് കോണ്‍ഗ്രസാണ്. കേന്ദ്രവും സംസ്ഥാനവും ഒരേ കക്ഷി ഭരിച്ചാലേ വികസനവും പുരോഗതിയും കൈവരിക്കാന്‍ കഴിയൂ എന്നാണ് കോണ്‍ഗ്രസിന്റെ അവകാശവാദം. ആസാം ഉള്‍പ്പെടെ കോണ്‍ഗ്രസ് ഭരിക്കുന്ന എല്ലാ സംസ്ഥാനങ്ങളിലും പുരോഗതിയല്ല അധോഗതിയാണ് അനുഭവം. ആസാമിലെ ഇപ്പോഴത്തെ അവസ്ഥതന്നെ കോണ്‍ഗ്രസിന്റെ ദുഷ്ടലാക്കിന്റെ സൃഷ്ടിയാണ്. വോട്ടുബാങ്ക് ഉറപ്പിക്കാന്‍ നുഴഞ്ഞുകയറ്റക്കാരെ കുടിയിരുത്തി. കൂടുതല്‍ കൂടുതല്‍ പേരെ അതിര്‍ത്തി കടന്നുവരാന്‍ പ്രോത്സാഹിപ്പിച്ചു. വിരുന്നുകാരെപോലെ ആലിംഗനം ചെയ്ത് ആദരിച്ച്പച്ചപ്പരവതാനി വിരിച്ച് സ്വീകരിച്ചു. റേഷന്‍കാര്‍ഡും വോട്ടര്‍ കാര്‍ഡും സമ്മാനിച്ചു. ഒരേ ഒരു നിബന്ധനയേയുള്ളൂ. കോണ്‍ഗ്രസിന് വോട്ട് നല്‍കണം. വിരുന്നുകാരായി പരിഗണിക്കപ്പെട്ട നുഴഞ്ഞുകയറ്റക്കാര്‍ ഗ്രാമീണരുടെ മേല്‍ ആധിപത്യമുറപ്പിച്ചു. അവരെ അടിമകളാക്കാന്‍ നടത്തിയ നീക്കങ്ങള്‍ രാജ്യത്തിന് ലജ്ജാകരമായ സാഹചര്യമുണ്ടാക്കി. തൊപ്പി കീറിയാലും വേണ്ടില്ല തന്റെ തല കയറിയാല്‍ മതി എന്നതു പോലെ എന്തു സംഭവിച്ചാലും വേണ്ടില്ല അധികാരം ലഭിച്ചാല്‍ മതിയെന്നു ചിന്തിക്കുന്ന കോണ്‍ഗ്രസാണ് ആസാമിലെ ഇന്നത്തെ ദുരന്തത്തിനു കാരണം. ഇതിന്റെ പേരില്‍ രാജ്യത്തിന്റെ മറ്റു ഭാഗങ്ങളില്‍ പ്രചരിച്ച ഭീഷണിക്കഥകള്ക്കും തുടര്‍ന്നുണ്ടായ പലായനങ്ങള്ക്കുമെല്ലാം കോണ്‍ഗ്രസ് ഭരണം മാത്രമാണ് ഉത്തരവാദി.
വടക്കുകിഴക്കന്‍ സംസ്ഥാനത്തുനിന്നും രാജ്യത്തിന്റെ ഇതരഭാഗങ്ങളില്‍ വന്നു താമസിക്കുന്നവര്‍ ആക്രമിക്കപ്പെടുമെന്ന കിംവദന്തി പരിഭ്രാന്തിയുണ്ടാക്കുന്നത് സ്വാഭാവികമാണ്. തുടര്‍ന്ന് ബാംഗ്ലൂര്‍, ചെന്നൈ, പൂനെ, മുംബൈ എന്നിവിടങ്ങളില്‍ നിന്നായി കൂട്ടത്തോടെ തിരിച്ചു പോകുന്ന സ്ഥിതിയുണ്ടായി. ദക്ഷിണേന്ത്യയില്‍ ബാംഗ്ലൂരില്‍ നിന്നാണ് ഏറ്റവും കൂടുതല്‍പേര്‍ സ്ഥലംവിടാന്‍ നെട്ടോട്ടമോടിയത്. രണ്ടു പ്രത്യേക തീവണ്ടികള്‍ തന്നെ ഗോഹത്തിയിലേക്ക് പോയി. ഭീതിയോടെ പലായനം ചെയ്യുന്നവരെ ആക്രമിക്കുന്ന സംഭവം ബംഗാളില്‍ നിന്നുണ്ടായി. എന്നാല്‍ കര്‍ണാടകയില്‍ ആര്‍ക്കെതിരെയും ഒരു ഭീഷണിയുമില്ലെന്നും എല്ലാവരും സുരക്ഷിതരായിരിക്കുമെന്നും മുഖ്യമന്ത്രിയും പോലീസ്മേധാവിയും വ്യക്തമാക്കി. തിരിച്ചുപോകാനൊരുങ്ങി നിന്നവരെ നിരുത്സാഹപ്പെടുത്താനും ശ്രമിച്ചു. അത്തരക്കാര്‍ ആക്രമിക്കപ്പെടാതിരിക്കാന്‍ ജാഗ്രതയോടെ ഗണവേഷധാരികളായ ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ബസ് ടെര്‍മിനലുകളിലും റെയില്‍വേസ്റ്റേഷനുകളിലും നിലയുറപ്പിച്ചു. എന്നിട്ടും കര്‍ണാടക പിസിസി പ്രസിഡന്റ് ജി.പരമേശ്വര പ്രചരിപ്പിച്ചത് അഭ്യൂഹങ്ങള്‍ക്കും ആക്രമണങ്ങള്‍ക്കും ഉത്തരവാദികള്‍ ആര്‍എസ്എസുകാരാണെന്നാണ്. അതേസമയം കേന്ദ്രസര്‍ക്കാര്‍ അഭ്യൂഹങ്ങള്‍ പ്രചരിപ്പിച്ച 76 വെബ്സൈറ്റുകള്‍ തിരിച്ചറിഞ്ഞു. പാക് ചാരസംഘടനയായ ഐഎസ്ഐയാണ് ഇതിന്റെ പുറകിലെന്ന് കേന്ദ്ര ആഭ്യന്തരസെക്രട്ടറി വ്യക്തമാക്കുകയും ചെയ്തിരിക്കുകയാണ്. മുസ്ലീങ്ങളിലും പ്രത്യേകിച്ച് വടക്കുകിഴക്കന്‍ മേഖലയിലെ ജനങ്ങളിലും വിദ്വേഷം ജനിപ്പിക്കാന്‍ ഫേസ്ബുക്ക്, ട്വിറ്റര്‍, യൂട്യൂബ് തുടങ്ങിയ സോഷ്യല്‍ നെറ്റ്വര്ക്കിംഗ് സൈറ്റുകള്‍ വഴി മോര്‍ഫ് ചെയ്ത ചിത്രങ്ങളും മറ്റും പ്രചരിപ്പിക്കുകയായിരുന്നു.
വ്യാജ ആക്രമണ ഭീഷണിയെത്തുടര്‍ന്ന് കിഴക്കന്‍ മേഖലയിലെ ജനങ്ങള്‍ കൂട്ടത്തോടെ ഒഴിഞ്ഞുപോകുന്നതായി ശ്രദ്ധയില്‍പ്പെട്ടതോടെയാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയം വ്യാജസന്ദേശങ്ങളുടെ ഉറവിടം അന്വേഷിച്ചത്. ടിബറ്റിലുണ്ടായ ഭൂചലനം, തായ്ലാന്റ് തുടങ്ങി വിവിധ സ്ഥലങ്ങളില്‍ നിന്നുള്ള ചിത്രങ്ങള്‍ മോര്‍ഫ് ചെയ്താണ് കഴിഞ്ഞ മാസം മധ്യത്തോടെ വ്യാജസന്ദേശങ്ങള്‍ അയച്ചുതുടങ്ങിയത്. മ്യാന്‍മറിലുണ്ടായ അക്രമസംഭവങ്ങളെത്തുടര്‍ന്നാണ് പാക്കിസ്ഥാനില്‍നിന്ന് ഇന്ത്യക്കെതിരെ ഓണ്‍ലൈന്‍ യുദ്ധം ആരംഭിച്ചിരിക്കുന്നത്. ആസാം കലാപത്തെക്കുറിച്ചുള്ള കള്ളവിവരങ്ങളും ഊതിപ്പെരുപ്പിച്ച കാര്യങ്ങളും പ്രചരിപ്പിച്ച് റംസാന് നോമ്പുകാലത്ത് രാജ്യത്തെ മുസ്ലീങ്ങള്‍ക്കിടയില്‍ വര്‍ഗീയ വിദ്വേഷം ആളിക്കത്തിക്കുകയായിരുന്നു ഭീകരരുടെ ലക്ഷ്യമെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ പ്രാഥമിക റിപ്പോര്‍ട്ടില്‍ പറയുകയും ചെയ്തു. ആസാം കലാപം തന്നെ ആസൂത്രണം ചെയ്തത് പാക്കിസ്ഥാനാണെന്നു തന്നെയാണ് കേന്ദ്രത്തിന്റെ നിലപാട്. സ്വന്തം തെറ്റുകുറ്റങ്ങളും കൊള്ളരുതായ്മകളും മൂടിവയ്ക്കാന്‍ കോണ്‍ഗ്രസിന് ഇത് സഹായമാകും. ഇന്ത്യയില്‍ അരക്ഷിതാവസ്ഥയും അരാജകത്വവും സൃഷ്ടിക്കാന്‍ നിരന്തരം പരിശ്രമിക്കുകയാണ് പാക്കിസ്ഥാന്. ഗുജറാത്തില്‍ കലാപമുണ്ടാക്കാന്‍ ഗോധ്രയില്‍ കോണ്‍ഗ്രസുകാരനായ ഒരു നഗരസഭാംഗം കോടാലികൈ ആയി പ്രവര്‍ത്തിച്ചെങ്കിലും കോണ്‍ഗ്രസ് പ്രതിക്കൂട്ടില്‍ നിര്‍ത്താന്‍ തയ്യാറായില്ല. പാകിസ്ഥാന്റെ കറുത്ത കൈ കാണാന്‍ മെനക്കെട്ടില്ല. ബിജെപിയെ വേട്ടയാടാന്‍ സര്‍വരും ശ്രമിച്ചതു പോലെ ആസാമിലെ കലാപങ്ങള്‍ക്ക് അവിടത്തെ സര്‍ക്കാരിനെയും പിന്നണിയില്‍ പ്രവര്‍ത്തിച്ചതായി സംശയിക്കുന്ന പാകിസ്ഥാനെയും ആക്ഷേപിക്കുന്നതിനു പകരം മതവിദ്വേഷം ജനിപ്പിക്കും വിധം പ്രചാരണപ്രഭാഷണങ്ങള് ആരെ സഹായിക്കാനാണെന്ന് ഉറക്കെ ചിന്തിക്കാന്‍ എല്ലാവരും തയ്യാറാവുക തന്നെ വേണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: