കേന്ദ്രത്തില്‍ ഏകകക്ഷി ഭരണം അസ്തമിച്ചിട്ട് രണ്ടു പതിറ്റാണ്ടിലധികമായി. ബഹുസ്വര കക്ഷികളാണ് കേന്ദ്രത്തില്‍ ഇപ്പോള്‍ അധികാരത്തിലുള്ളത്. കോണ്‍ഗ്രസ് തലപ്പത്തുണ്ടെന്നു മാത്രം. സംസ്ഥാനങ്ങളിലെ ഭരണത്തിലും ഇത് പ്രകടമാണ്. കേന്ദ്രം ഭരിക്കുന്ന കക്ഷിക്ക് ഭൂരിപക്ഷം സംസ്ഥാനങ്ങളില്‍ ഭരണമില്ല. അതു കൊണ്ടു തന്നെ ‘ആജ്ഞാപിക്കുകയും നിയന്ത്രിക്കുകയും’ ചെയ്യുക എന്ന പഴയ അടവ് കേന്ദ്രസര്‍ക്കാര്‍ ഇപ്പോഴും തുടരുന്നതില്‍ അര്‍ഥമില്ല. സ്വാതന്ത്ര്യം നേടി ആറര പതിറ്റാണ്ടു പിന്നിട്ടിട്ടും വടവൃക്ഷമായിരുന്ന കോണ്‍ഗ്രസ് ഇല കൊഴിഞ്ഞ് ചില്ലകള്‍ ഒടിഞ്ഞ് പടുമരമായി മാറിയിട്ടും വമ്പും വീമ്പും പ്രകടിപ്പിക്കുന്നതില്‍ അര്‍ഥമില്ല. രാജ്യത്തിന്റെ പൊതു അവസ്ഥയും രാഷ്ട്രീയ സാഹചര്യങ്ങളും മനസ്സിലാക്കണം. യാഥാര്‍ഥ്യങ്ങള്‍ തിരിച്ചറിയാന്‍ കോണ്‍ഗ്രസ് തയ്യാറാകണം. ഇതാണ് കഴിഞ്ഞ ദിവസം ചേര്‍ന്ന ബിജെപി-എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ “കോണ്‍ക്ലേവ്” ഉന്നയിച്ച ആവശ്യങ്ങളുടെ കാതല്‍.
മൂന്നു വര്‍ഷം മുമ്പു നടന്ന ലോകസഭാ തെരഞ്ഞെടുപ്പിനു ശേഷം അധികാരത്തിലെത്തിയ യുപിഎ സര്‍ക്കാര്‍ അഴിമതിയുടെ ചളിക്കുണ്ടില്‍ കിടന്ന് ഇഴയുകയാണ്. രാജ്യത്തെ ഞെട്ടിക്കുന്ന അഴിമതിക്കഥകളാണ് ഓരോ ദിവസവും പുറത്തു വന്നു കൊണ്ടിരിക്കുന്നത്. കോമണ്‍വെല്‍ത്ത് ഗെയിംസ്, ആദര്‍ശ് ഫ്ലാറ്റ് കുംഭകോണം, ടു ജി സ്പെക്ട്രം കൊള്ള എന്നിവ കേട്ടറിഞ്ഞ് ഞെട്ടിത്തരിച്ചു നില്‍ക്കുമ്പോഴാണ് കല്‍ക്കരി പാടങ്ങളുടെ പങ്കു വയ്പ്പിലൂടെ ഒഴുകിയ നഷ്ടത്തിന്റെ കണക്കു കൂടി വന്നത്. 1.86 ലക്ഷം കോടി രൂപയാണ് കല്‍ക്കരി ഇടപാടിലൂടെ കൊള്ളയടിക്കപ്പെട്ടത്. പ്രധാനമന്ത്രിയുടെ അടുക്കള സേവകരെന്നു പോലും കരുതാവുന്ന റിലയന്‍സ് ഗ്രൂപ്പിന് ഏതാണ്ട് 40,000 കോടിയോളം ലാഭമുണ്ടാക്കി കൊടുത്തു എന്നാണ് റിപ്പോര്‍ട്ട്. കേന്ദ്രസര്‍ക്കാരിനെതിരെ ഉയര്‍ന്ന ആരോപണങ്ങളും വെട്ടിപ്പിന്റെ വെളിപ്പെടുത്തലുകളും രാഷ്ട്രീയ പകയോ വിദ്വേഷമോ വച്ചുള്ളതല്ല. ഭരണഘടനാ സ്ഥാപനമായ സിഎജിയുടെ പരിശോധനയിലാണ് ഈ വസ്തുതകളെല്ലാം കണ്ടെത്തിയത്. സിഎജി റിപ്പോര്‍ട്ട് ലഭിച്ച് മാസങ്ങള്‍ കഴിഞ്ഞാണ്. അത് പാര്‍ലമെന്റില്‍ വയ്ക്കാന്‍ തയ്യാറായത്. സിഎജി റിപ്പോര്‍ട്ട് പൂഴ്ത്തിവയ്ക്കാന്‍ പറ്റുമോ എന്നു പോലും നോക്കി എന്നറിയുമ്പോഴാണ് സര്‍ക്കാരിന്റെ കള്ളക്കളിയുടെ ആഴം ബോധ്യമാകുന്നത്.
ഉടുതുണിക്ക് മറുതുണിയും ഒരു നേരത്തെ ആഹാരത്തിന് വകയുമില്ലാതിരിക്കുന്ന കോടാനുകോടി ജനങ്ങളുള്ള രാജ്യത്താണ് ഇമ്മാതിരി തോന്ന്യാസങ്ങള് നടമാടുന്നത്. സാധന വിലകള്‍ വാണം പോലെ കുതിച്ചുയരുന്നു. പാവപ്പെട്ടവന്റെ ജീവിതം നരകതുല്യമായി മാറിയിരിക്കുന്നു. തൊഴിലില്ലായ്മ വര്‍ധിച്ചു കൊണ്ടിരിക്കുന്നു. വരള്‍ച്ചയും അതിവര്‍ഷവും കൊണ്ട് ദുരിതമനുഭവിക്കുന്നവര്‍ വേറെ. കേന്ദ്രസര്‍ക്കാര്‍ പദ്ധതികള്‍ക്കെല്ലാം തളര്‍വാതം പിടിപെട്ടിരിക്കുകയാണ്. സര്‍ക്കാരിന് ഉത്തരവാദിത്വമോ കൂട്ടായ്മയോ നഷ്ടപ്പെട്ട സ്ഥിതിയാണ്. ‘കാട്ടിലെ മരം തേവരുടെ ആന വലിയെടാ വലി’ എന്ന അവസ്ഥയിലാണ് കേന്ദ്രം ഭരിക്കുന്നവര്‍. സാമ്പത്തിക പ്രയാസങ്ങളും പ്രതിസന്ധികളും നാള്‍ക്കു നാള് കൂടി വരുമ്പോള്‍ ക്രിയാത്മകമായ ഒരു ചുവടുമില്ലാത്ത സര്‍ക്കാര്‍ നല്‍കുന്നത് ആശങ്കകള്‍ മാത്രമാണ്. ഈ സാഹചര്യത്തിലാണ് ബിജെപി-എന്‍ഡിഎ മുഖ്യമന്ത്രിമാരുടെ സമ്മേളനം പ്രാധാന്യമര്‍ഹിക്കുന്നത്. കോണ്‍ഗ്രസ് സര്‍ക്കാരുകളുമായി തട്ടിച്ചു നോക്കുമ്പോള്‍ കോണ്‍ഗ്രസിതര സംസ്ഥാനങ്ങളില്‍ അഴിമതി ഇല്ലെന്നു തന്നെ പറയാം.
ഭരണത്തിലാണെങ്കിലോ ഒന്നിനൊന്നു മികച്ചതും. പ്രത്യേകിച്ചും ബിജെപി-എന്‍ഡിഎ സര്‍ക്കാരുകള്‍. ഭാവിയുടെ പ്രതീക്ഷ ഇവരാണെന്ന് ജനങ്ങള്‍ വിശ്വസിക്കുകയാണ്. അതു കൊണ്ടു തന്നെ എന്‍ഡിഎയുടെ ഉത്തരവാദിത്വം വര്‍ധിക്കുകയാണ്. ആ തിരിച്ചറിവോടെ തന്നെയാണ് ഭരണം മുന്നോട്ടു പോകുന്നതെന്ന വിലയിരുത്തലാണ് യോഗത്തിലുണ്ടായത്.
രാജ്യത്തെ പൊതു അവസ്ഥ പരിശോധിച്ചാല്‍ സാമ്പത്തിക വളര്‍ച്ച കീഴ്പോട്ടാണ്. എന്നാല്‍ ബിജെപി ഭരിക്കുന്ന മധ്യപ്രദേശിലും ഗുജറാത്തിലും സാമ്പത്തിക വളര്‍ച്ച മാത്രമല്ല കാര്‍ഷിക ഉത്പാദനവും മുന്നോട്ടാണ്. 10 ശതമാനമാണ് ഇവിടെ കാര്‍ഷികോത്പാദനം കൂടിയത്. ഗോതമ്പ് ഉത്പാദനത്തില്‍ മധ്യപ്രദേശ് ഹരിയാനയോടൊപ്പമെത്തി കഴിഞ്ഞു. ഛത്തീസ്ഗഡിന്റെ മുന്നേറ്റവും പ്രശംസനീയമാണ്.
കര്‍ണാടക സര്‍ക്കാര്‍ ആവിഷ്കരിച്ച ഒബിസി ബജറ്റ് രാജ്യത്താകമാനം പ്രശംസ പിടിച്ചു പറ്റിയിരിക്കുന്നു. സുതാര്യതയും സാമ്പത്തിക അച്ചടക്കവും പാലിച്ചു കൊണ്ടുള്ള ഗോവസര്ക്കാരിന്റെ ഖാനനനയത്തിനും സര്‍വത്ര അംഗീകാരമാണ് ലഭിക്കുന്നത്. കേന്ദ്രത്തിന്റെ കെടുകാര്യസ്ഥത കൊണ്ട് സാമ്പത്തിക മേഖല ചാഞ്ചാടുമ്പോള്‍ സ്ഥിരത കൈവരിക്കാനും മുന്നേറാനും എന്‍ഡിഎക്ക് കഴിയുന്നു എന്നത് അഭിമാനകരമാണ്. പാവപ്പെട്ടവനില്‍ പാവപ്പെട്ടവനെ കൈപിടിച്ചുയര്‍ത്തുക എന്നത് ജനതാ ഭരണകാലത്ത് ലക്ഷ്യമിട്ടതാണ്. അന്ത്യോദയ പദ്ധതി ആരംഭിച്ചത് പരമനിസ്വന് ആശ്വാസമേകാനാണ്. അവിടെ ജാതി-മത വേര്‍തിരിവില്ല. അതിന്റെ തുടര്‍ നടപടികള്‍ ആരംഭിച്ചത് ബിജെപി-എന്‍ഡിഎ സര്‍ക്കാരുകളാണ്. മധ്യപ്രദേശ്, ഗുജറാത്ത്, ഛത്തീസ്ഗഡ്, ഹിമാചല്‍ പ്രദേശുകളില്‍ പ്രശംസനീയമായി അത് മുന്നേറുകയാണ്. ഛത്തീസ്ഗഡില്‍ അഞ്ചു രൂപയ്ക്ക് ചോറും കറിയും പദ്ധതി ആശ്ചര്യപൂര്‍വം മുന്നേറുകയാണ്. ദരിദ്രര്‍ക്ക് പൊതുവിലും വനവാസികള്‍ക്ക് പ്രത്യേകിച്ചും ഇത് അനുഗ്രഹമാണ്.
ക്രമസമാധാന പ്രശ്നം ഏറ്റവും അനുഭവപ്പെട്ട സംസ്ഥാനമായിരുന്നു ബീഹാര്‍. എന്നാലിന്ന് ക്രമസമാധാന പാലനത്തില്‍ ബീഹാര്‍ മാതൃകയായിരിക്കുന്നു. മാവേലി നാടു വാണ കാലം പോലെയാണിന്ന് ബീഹാര്‍. കള്ളവുമില്ല ചതിയുമില്ല എള്ളോളമില്ല പൊളി വചനം. കാലിത്തീറ്റ കുംഭകോണവും റെയില്‍വെ സ്റ്റേഷന് പോലും പണയം വച്ച അഴിമതിയും ആഘോഷമാക്കിയ രാഷ്ട്രീയക്കാരുണ്ടായ നാട്ടില്‍ ഒരു മൊട്ടുസൂചിയുടെ അഴിമതിക്കഥ പോലും ഉന്നയിക്കാനാകുന്നില്ല. കേന്ദ്രത്തിന്റെ അനാവശ്യ ഇടപെടലുകളും ചരടുകളുമാണ് സംസ്ഥാനങ്ങള്‍ ഇന്നു നേരിടുന്ന ബുദ്ധിമുട്ട്. ഫെഡറല്‍ സമ്പ്രദായത്തിന് കോട്ടം തട്ടുന്ന നടപടികളില്‍ നിന്നും കേന്ദ്രം പിന്‍വാങ്ങണമെന്ന മുഖ്യമന്ത്രിമാരുടെ ആവശ്യം ന്യായമാണ്. ശക്തമായ സംസ്ഥാനങ്ങളുണ്ടെങ്കിലേ ശക്തമായ കേന്ദ്രവും ഉണ്ടാകൂ. ഇത് അംഗീകരിക്കാന്‍ കേന്ദ്രം തയ്യാറായേ പറ്റൂ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: