അഹമ്മദാബാദ്: സുസുക്കി മോട്ടോര്‍ കോര്പ്പറേഷന് ചെയര്‍മാനും സിഇഒയുമായ ഒസാമു സുസുക്കി ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്ര മോഡിയുമായി ആഗസ്റ്റ് 24 ന് കുടിക്കാഴ്ച നടത്തും. മാരുതി സുസുക്കി ഇന്ത്യയില്‍ (എംഎസ്ഐ) 4000 കോടി രൂപ നിക്ഷേപം നടത്തുന്നത് സംബന്ധിച്ചായിരിക്കും ചര്‍ച്ച നടത്തുക.
സുസുക്കിയുടെ സന്ദര്‍ശനത്തിന് ശേഷമായിരിക്കും അഹമ്മദാബാദില്‍നിന്ന് 110 കിലോ മീറ്റര്‍ അകലെയുള്ള മണ്ഡല് താലൂക്ക് പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ആരംഭിക്കുക. ഇതിനെക്കുറിച്ചുള്ള തീരുമാനവും ചര്‍ച്ചയില്‍ ഉണ്ടാകാന്‍ സാധ്യതയുള്ളതായി ഔദ്യോഗിക വൃത്തങ്ങള്‍ അറിയിച്ചു. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മാതാക്കളായ എംഎസ്ഐ ഇതാദ്യമായാണ് ഹരിയാനക്ക് പുറത്ത് വലിയൊരു നിക്ഷേപം നടത്തുന്നത്. പുതിയ പ്ലാന്റിന്റെ പ്രതിവര്‍ഷ ഉല്‍പ്പാദന ശേഷി 2.5 ലക്ഷം യൂണിറ്റുകളാണ്. എംഎസ്ഐയെ കൂടാതെ മറ്റു ചില വിതരണക്കാരും ഗുജറാത്തിലെ പ്ലാന്റില്‍ നിക്ഷേപം നടത്താനൊരുങ്ങുകയാണ്.
ഇതിനിടെ തൊഴിലാളി സംഘര്‍ഷത്തെത്തുടര്‍ന്ന് അടച്ചുപൂട്ടിയ മനേസര്‍ പ്ലാന്റ് തുറക്കുന്നത് സംബന്ധിച്ച് ഒസാമു മാരുതി സുസുക്കി ഇന്ത്യയുടെ പ്രതിനിധികളുമായി നാളെ ചര്‍ച്ച നടത്തും. എന്നാല്‍ മനേസര്‍ പ്ലാന്റിലെ സംവിധാനങ്ങളും ഉല്‍പ്പാദനവും ഗുജറാത്തിലേക്ക് മാറ്റാന്‍ ഉദ്ദേശിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. കഴിഞ്ഞമാസമാണ് ഗുജറാത്ത് മുഖ്യമന്ത്രി നരേന്ദ്രമോഡി ജപ്പാന് സന്ദര്‍ശിച്ചത്. പ്ലാന്റ് നിര്‍മിക്കുന്നതിനായി 160 ഹെക്ടര്‍ സ്ഥലമാണ് സംസ്ഥാന സര്‍ക്കാര്‍ എംഎസ്ഐയ്ക്ക് അനുവദിച്ചിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: