ന്യൂദല്‍ഹി: രാജ്യത്തിന്റെ ഒരു പ്രദേശത്തും ആക്രമണഭീഷണി ഇല്ലെന്ന് ആഭ്യന്തരസെക്രട്ടറി ആര്.കെ സിംഗ് അറിയിച്ചു. ആസാമിലെ വര്‍ഗീയ സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ രാജ്യത്തിന്റെ വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളിലെ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണമുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ബംഗലൂരുവില്‍ നിന്നും വിദ്യാര്‍ത്ഥികള്‍ കൂട്ടത്തോടെ പലായനം ചെയ്യുന്നുവെന്ന വാര്‍ത്തയോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ഇത്തരം അഭ്യൂഹങ്ങള്‍ പ്രചരിപ്പിക്കുന്നവര്‍ അതില്‍ നിന്നും പിന്മാറണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. രാജ്യത്തിന്റെ ഒരു ഭാഗത്തും ഇത്തരത്തിലുള്ള ഒരു സംഭവും നടക്കുന്നില്ലെന്നും, യാതൊരുവിധ ഭീഷണിയും ഇല്ലെന്നും സിംഗ് പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് പുറത്തുവന്നിരിക്കുന്ന വാര്‍ത്തകള്‍ തെറ്റാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ആസാം സംഘര്‍ഷത്തിന്റെ പശ്ചാത്തലത്തില്‍ വിദ്യാര്‍ത്ഥികള്‍ക്കുനേരെ ആക്രമണം ഉണ്ടാകുമെന്ന വാര്‍ത്തയെത്തുടര്‍ന്ന് ഏതാണ്ട് 5000 ത്തോളം വിദ്യാര്‍ത്ഥികളാണ് ബുധനാഴ്ച്ച സ്വദേശത്തേക്ക് മടങ്ങിയത്. മൈസൂരില്‍ ടിബറ്റില്‍ നിന്നുള്ള വിദ്യാര്‍ത്ഥി അക്രമികളുടെ കുത്തേറ്റ് ആശുപത്രിയില്‍ ചികിത്സയിലാണ്. വടക്ക് കിഴക്കന്‍ മേഖലയില്‍ നിന്നുള്ളവരാണ് അക്രമത്തിന് പിന്നിലെന്നാണ് റിപ്പോര്‍ട്ട്. ഈ സംഭവവും വിദ്യാര്‍ത്ഥികള്‍ക്കിടയില്‍ ആശങ്കയുണ്ടാക്കിയിട്ടുണ്ട്.
അതേസമയം, വിദ്യാര്‍ത്ഥികള്‍ വന്‍തോതില്‍ പലായനം ചെയ്യുന്ന സാഹചര്യത്തില്‍ ഇവര്‍ക്ക് ബോധവല്ക്കരണക്ലാസ് ഉള്‍പ്പെടെയുള്ളവ നല്കാന് ഒരുങ്ങുകയാണ് കര്‍ണ്ണാടക സര്‍ക്കാര്‍. രാജ്യത്തെ ഒരു സംസ്ഥാനത്തും ആക്രമണസംഭവങ്ങള്‍ ഉണ്ടായിട്ടില്ലെന്ന് കര്‍ണാടക ഡി ജി പി അറിയിച്ചു.
കഴിഞ്ഞദിവസം രാത്രി ആസാമില്‍ നിന്നുള്ള ചിലര്‍ കര്‍ണാടകയിലെത്തിയെന്നും അക്രമം നടത്തുമെന്ന് ഭീഷണിയുള്ളതായി വിവരം ലഭിച്ചതിനെത്തുടര്‍ന്ന് ഡി ജി പിയെ വിളിക്കുകയും ചെയ്തിരുന്നു. എന്നാല്‍ യാതൊരുവിധ സംഭവങ്ങളും അവിടെ ഉണ്ടായിട്ടില്ലെന്നും സിംഗ് പറഞ്ഞു. പൂനെയില്‍ മാത്രമാണ് ഇത്തരത്തിലൊരു അക്രമസംഭവം ഉണ്ടായതെന്നും അതിലുള്‍പ്പെട്ടവരെ ഉടന്‍തന്നെ പിടികൂടിയതായും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പ്രധാനമന്ത്രി മന്മോഹന് സിംഗും ആഭ്യന്തരമന്ത്രി സുശീല്‍കുമാര്‍ ഷിന്‍ഡെയും കര്‍ണാട മുഖ്യമന്ത്രി ജഗദീശ് ഷെട്ടാറെ വിളിക്കുകയും സ്ഥിതിഗതികള്‍ വിലയിരുത്തുകയും ചെയ്തു. സംസ്ഥാനത്തെ മുഴുവന്‍പേര്‍ക്കും സുരക്ഷ ഉറപ്പാക്കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ സംഭവങ്ങള്‍ വിലയിരുത്താന്‍ കര്‍ണാടക സര്‍ക്കാര്‍ ഇന്നലെ ഉന്നതതലയോഗം ചേര്‍ന്നു. സംസ്ഥാനത്ത് താമസിക്കുന്ന മുഴുവന്‍ വടക്ക് കിഴക്കന്‍ ജനതക്കും സര്‍ക്കാര്‍ സംരക്ഷണം ഉറപ്പ് വരുത്തുമെന്നും യോഗത്തില്‍ അറിയിച്ചു. ഇന്നലെ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയിലാണ് യോഗംചേര്‍ന്നത്. സംസ്ഥാനത്ത് താമസിക്കുന്ന വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ഒരു വ്യക്തിക്കുപോലും ആക്രമണമുണ്ടായിട്ടില്ലെന്നും മുഖ്യമന്ത്രി ജഗദീശ് ഷെട്ടാര്‍ പറഞ്ഞു. ആശങ്കപ്പെടേണ്ട യാതൊരു സംഭവവുമില്ലെന്ന് ഷെട്ടാര്‍ അറിയിച്ചു. ഓരോരുത്തരുടേയും മുഴുവന്‍ സംരക്ഷണവും സര്‍ക്കാര്‍ ഉറപ്പ് വരുത്തുന്നതായും, ആരും സ്വദേശത്തേക്ക് മടങ്ങിപ്പോകേണ്ടതില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സംസ്ഥാനത്തുനിന്ന് വിദ്യാര്‍ത്ഥികള്‍ പലായനം ചെയ്യുന്നുണ്ടെന്ന വാര്‍ത്ത അത്ര സുഖകരമല്ലെന്നും ഷെട്ടാര്‍ സൂചിപ്പിച്ചു. എന്നാല്‍ ഒരു തരത്തിലുള്ള സംഘര്ഷങ്ങളുമുണ്ടാക്കാന് ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി മുന്നറിയിപ്പ് നല്കി.
പ്രദേശത്ത് വന്‍ പോലീസ് സന്നാഹത്തെ വിന്യസിച്ചിട്ടുണ്ട്. വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളിലെ ആളുകള്‍ താമസിക്കുന്ന പ്രദേശങ്ങളില്‍ പട്രോളിങ്ങും നടത്തുന്നുണ്ട്. 6,800 പേര് ഇതുവരെ പലായനം ചെയ്തതായാണ് കണക്ക്. 1000 ത്തോളം പേര് ഇനിയും സ്വദേശത്തേക്ക് പോകുവാന്‍ തയ്യാറെടുത്തിരിക്കുകയാണ്. സംസ്ഥാനത്തെ പല ഭാഗങ്ങളിലും പോലീസിന്റെ നേതൃത്വത്തില്‍ സമാധാനകമ്മിറ്റികള്‍ രൂപീകരിച്ചിട്ടുണ്ടെന്നും പോലീസ് വൃത്തങ്ങള്‍ അറിയിച്ചു. അതേസമയം ,അഭ്യൂഹങ്ങള്‍ പരത്തുന്നവരെ അറസ്റ്റ് ചെയ്യാന്‍ ആഭ്യന്തര മന്ത്രി സുശീല്‍ കുമാര്‍ ഷിന്‍ഡെ ഉത്തരവ് നല്‍കിയിട്ടുണ്ട്.
ആക്രമണമുണ്ടായാല്‍ തങ്ങളെ രക്ഷിക്കാന്‍ ആരും ഉണ്ടാകില്ലെന്നും റിസ്ക് എടുക്കാന്‍ തങ്ങള്‍ തയ്യാറല്ലെന്നുമാണ് വിദ്യാര്‍ത്ഥികളുടെ വാദം.വടക്ക് കിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ള വിദ്യാര്‍ത്ഥികളുടെ തിരക്കായിരുന്നു ബുധനാഴ്ച്ച ബാഗ്ലൂര് റെയില്‍വേ സ്റ്റേഷനില്‍. ആര് എസ് എസ് ഉള്‍പ്പെടെയുള്ള സംഘടനകള്‍ റെയില്‍വെ സ്റ്റേഷനില്‍ എത്തി ഇവിടെ ഒരു തരത്തിലുമുള്ള അക്രമ സംഭവങ്ങളും ഉണ്ടായിട്ടില്ലെന്നും ധരിപ്പിച്ചു. എന്നാല്‍ ഗുവാഹത്തിയിലേക്ക് പ്രത്യേകം ട്രെയിന്‍ സര്‍വ്വീസ് വേണമെന്നായിരുന്നു അവരുടെ ആവശ്യം. കര്‍ണാടകയിലെ സ്ഥിതിഗതികള്‍ ഇപ്പോള്‍ ശാന്തമാണെന്ന് അധികൃതര്‍ അറിയിച്ചു. ആസാമില്‍ കഴിഞ്ഞമാസം ആരംഭിച്ച വര്‍ഗീയ സംഘര്‍ഷം രാജ്യത്തിന്റെ മറ്റ് സംസ്ഥാനങ്ങളിലേക്ക് പൊട്ടിപ്പുറപ്പെടുമെന്നും എല്ലാവിധമുന്കരുതലും എടുക്കണമെന്നും കേന്ദ്രസര്‍ക്കാര്‍ നേരത്തെ അറിയിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: