ന്യൂദല്‍ഹി: മൊത്ത വില സൂചിക അടിസ്ഥാനപ്പെടുത്തിയുള്ള പണപ്പെരുപ്പത്തില്‍ നേരിയ കുറവ്. ജൂണ്‍ മാസത്തെ 7.25 ശതമാനത്തെ അപേക്ഷിച്ച് ജൂലൈയില്‍ 6.87 ശതമാനമായാണ് പണപ്പെരുപ്പ നിരക്ക് താഴ്ന്നത്. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ പണപ്പെരുപ്പ നിരക്ക് 9.36 ശതമാനമായിരുന്നു. പണപ്പെരുപ്പം കുറഞ്ഞതോടെ എല്ലാവരും ഉറ്റുനോക്കുന്നത് റിസര്‍വ് ബാങ്ക് സ്വീകരിക്കുന്ന നടപടികളിലേക്കാണ്. 2010 ജനുവരിക്ക് ശേഷം പണപ്പെരുപ്പം ഇത്രമാത്രം താഴുന്നത് ഇതാദ്യമായാണ്.
ജൂലൈയില്‍ ഭക്ഷ്യ വിലപ്പെരുപ്പം 10.06 ശതമാനമായി താഴ്ന്നു. ജൂണിലിത് 10.81 ശതമാനമായിരരുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 8.19 ശതമാനമായിരുന്നു ഭക്ഷ്യവിലപ്പെരുപ്പം. ഉത്പന്ന നിര്‍മാണ മേഖലയില്‍ പരുത്തി തുണി, പേപ്പര്‍, പേപ്പര്‍ ഉത്പന്നങ്ങള്‍, സിമന്റ് മുതലായവയുടെ വില ഉയര്‍ന്നു. ജൂലൈയില്‍ 5.58 ശതമാനമാണ് ഉത്പന്ന നിര്‍മാണ മേഖലയിലെ വിലപ്പെരുപ്പം.
ജൂലൈയില്‍ ഉരുളക്കിഴങ്ങ് വിലയില്‍ 73 ശതമാനവും അരി വിലയില്‍ 10.12 ശതമാനവും ധാന്യ വിലയില്‍ 28.26 ശതമാനവും വര്‍ധനവാണ് ഉണ്ടായിട്ടുള്ളത്. ഇതിന് പുറമെ മുട്ട, മത്സ്യം, മാംസം മുതലായവയുടെ വില 16 ശതമാനം വരെ വര്‍ധിച്ചു. പച്ചക്കറി വിലിയില്‍ 24.11 ശതമാനവും പാല് വിലയില്‍ 8.01 ശതമാനവും ഉയര്‍ന്നതായാണ് റിപ്പോര്‍ട്ട്. അതേസമയം ഉള്ളി, പഴവര്‍ഗ്ഗ വില ഇടിഞ്ഞു.
മഴ ലഭ്യതയിലുണ്ടായ കുറവ് നിമിത്തം ഭക്ഷ്യ വിലപ്പെരുപ്പം ഇനിയും ഉയര്‍ന്നേക്കുമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. ചില ഉത്പന്നങ്ങളുടെ വില വര്‍ധനവിന് ഇത് ഇടയാക്കുമെന്ന് ആര്‍ബിഐ ഗവര്‍ണര്‍ ഡി.സുബ്ബറാവുവും അഭിപ്രായപ്പെട്ടിരുന്നു. പണപ്പെരുപ്പം നിയന്ത്രിക്കുന്നതില്‍ റിസര്‍വ് ബാങ്കിന് പരാജയം സംഭവിച്ചിട്ടില്ലെന്നും പണപ്പെരുപ്പ നിരക്ക് 11 ശതമാനത്തില്‍ നിന്ന് 7.3 ശതമാനത്തിലെത്തിക്കുന്നതില് ശക്തമായ ധനകാര്യ നയം സ്വീകരിക്കുക വഴി സാധിച്ചുവെന്നും അദ്ദേഹം പറഞ്ഞു.
രണ്ടര വര്‍ഷമായി രാജ്യത്ത് പണപ്പെരുപ്പ നിരക്ക് ഏഴ് ശതമാനത്തില്‍ മുകളിലാണ്. നിലവില്‍ ഉണ്ടായിട്ടുള്ള ഇടിവ് അല്പം ആശ്വാസം നല്‍കുന്നുണ്ടെങ്കിലും ഇത് താല്കാലികം മാത്രമാണെന്നാണ് വിലിയിരുത്തല്‍. അതിനാല്‍ തന്നെ റിസര്‍വ് ബാങ്ക് നിരക്കുകളില്‍ കുറവ് വരുത്താനുള്ള സാധ്യതയില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: