ഞാന്‍ ക്രിക്കറ്റ് പ്രേമിയല്ലെങ്കിലും സ്റ്റെംസെല്‍ കാന്‍സര്‍ ബാധിച്ച് അമേരിക്കയില്‍ ചികിത്സയിലായിരുന്ന യുവരാജ്സിംഗിന്റെ അതിജീവനത്തിനായി പ്രാര്‍ത്ഥിച്ചിരുന്നു. കാരണം ഞാനും ഒരു ക്യാന്സര്രോഗിയായിരുന്നു.
ഇപ്പോള്‍ കാന്‍സറിനെ തോല്‍പ്പിച്ച് യുവരാജ് സിംഗ് ശ്രീലങ്കയില്‍ സെപ്തംബറില്‍ തുടങ്ങുന്ന ട്വന്റി-20 ലോകകപ്പിലേക്കുള്ള ടീമില്‍ ഇടം നേടി എന്നത് എനിക്ക് മാത്രമല്ല ലോകത്തെ ക്രിക്കറ്റ് പ്രേമികളായ രോഗികള്‍ക്കും രോഗവിമുക്തര്‍ക്കും സന്തോഷം നല്കിയ വാര്‍ത്തയാണ്. യുവരാജിനെ ടീമില്‍ ഉള്‍പ്പെടുത്തിയ ബിസിസിഐ അഭിനന്ദനമര്‍ഹിക്കുന്നത് അദ്ദേഹത്തിന്റെ തെരഞ്ഞെടുപ്പില്‍ കൂടി കാന്‍സര്‍ രോഗികള്‍ക്ക് തിരിച്ചുവരവുണ്ട് എന്ന സന്ദേശം നല്‍കിയതിനാലാണ്.
കാന്‍സര്‍ എന്നാല്‍ മരണം എന്നാണ് ഇന്നും രോഗബാധിതര്‍ വിശ്വസിക്കുന്നത്. എനിയ്ക്ക് കാന്‍സര്‍ വന്നപ്പോള്‍ ഈ വിശ്വാസം അന്വര്‍ത്ഥമാക്കും വിധമാണ് ഡോക്ടര്‍ എന്റെ കാന്‍സര്‍ സെക്കന്റ് സ്റ്റേജിലാണെന്നും എനിയ്ക്ക് ആറുമാസം മാത്രമേ ജീവിതമുള്ളൂ എന്നും എന്റെ കണ്ണുകളില്‍ നോക്കി പറഞ്ഞത്. ചികിത്സകൊണ്ട് ഫലമില്ല, വേണമെങ്കില്‍ റേഡിയേഷന് തരാം എന്നുകൂടി അവര്‍ കൂട്ടി ചേര്‍ത്തപ്പോഴാണ് കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിവിട്ട് ഞാന്‍ തിരുവനന്തപുരത്തെ ‘ആര്‍സിസി’യില്‍ പോയത്.
ആയുസ്സ് ആറുമാസം എന്നുപറഞ്ഞത് ഞാന്‍ പുച്ഛിച്ചു തള്ളി. കാന്‍സറിനെ തോല്‍പ്പിച്ച് തിരിച്ചുവരും എന്ന ദൃഢവിശ്വാസം എനിക്കുണ്ടായിരുന്നു. അതിന് കാരണം പത്രപ്രവര്‍ത്തനം എനിക്ക് ഹരമായിരുന്നതിനാലാണ്. ഇനിയും ഒരുപാട് ‘സ്റ്റോറി’കള്‍ ചെയ്യണം എന്ന മോഹം. മൂന്നുമാസത്തെ ആശുപത്രി വാസത്തിനിടയില്‍ യുവരാജ് സിംഗിന് മൂന്ന് കീമോതെറാപ്പികള്‍ മാത്രമേ വേണ്ടിവന്നുള്ളൂവെങ്കില്‍ എനിക്ക് ആറ് കീമോയും 28 റേഡിയേഷനും പിന്നെ 24 മണിക്കൂര്‍ ‘ജയില്‍വാസം’ നല്കിയ സെലക്ട്രോണ് തെറാപ്പിയും എടുക്കേണ്ടിവന്നിരുന്നു.
ഇരുപത്തിരണ്ട് കൊല്ലം മുന്‍പ് കാന്‍സര്‍ ചികിത്സ ഇത്ര പുരോഗമിക്കാത്ത കാലത്ത് കീമോ രാവിലെ ഏഴ് മണിയ്ക്ക് തുടങ്ങിയാല്‍ പിറ്റേദിവസം വരെ നീളും. നാലുമണിക്കൂര്‍ കഴിഞ്ഞാല്‍ തുടങ്ങുന്ന ഛര്‍ദ്ദി 15 ദിവസം നീണ്ടുനില്‍ക്കും. വെള്ളംപോലും കുടിക്കാനാവാത്ത അവസ്ഥ. അപ്പോഴും ഞാന്‍ സ്വപ്നം കണ്ടത് തിരിച്ചുവന്നാല്‍ ഏതെല്ലാം വാര്‍ത്തകള്‍ എഴുതാമെന്നാണ്. ഇപ്പോഴും എന്റെ ദൃഢവിശ്വാസം ഹൃദയത്തില്‍ സ്വപ്നങ്ങളുണ്ടെങ്കില്‍ (ആയുസ്സ് ദൈവം കല്പ്പിച്ചിട്ടുണ്ടെങ്കില്) ഒരു രോഗത്തിനും രോഗിയെ കീഴ്പ്പെടുത്താനാവില്ല എന്നുതന്നെയാണ്. ഡോക്ടര്‍ വിധിച്ച ആറുമാസം ആയുസ്സ് ഞാന്‍ ‘ആര്‍സിസി’യില്‍ ചെലവഴിച്ചു. മുടി കൊഴിയുന്നതുപോലെ രോഗികളുടെ മരണം സംഭവിക്കുമ്പോള്‍ അടുത്ത മുറിയില്‍ നിന്നുയരുന്ന കരച്ചില് കേള്‍ക്കും. പക്ഷെ അതൊന്നും എന്റെ ആത്മധൈര്യം തകര്‍ത്തില്ല.
ഈ പൊള്ളുന്ന അനുഭവത്തിന് ശേഷവും പത്രപ്രവര്‍ത്തനത്തില്‍ ഒരു ജീവിതമുണ്ടെന്നും ആ ജീവിതത്തിന് അര്‍ത്ഥമുണ്ടെന്നും എനിയ്ക്ക് തെളിയിക്കാനായി. ഇത് 22 വര്‍ഷം മുന്‍പുള്ള കഥ. അതിന് ശേഷം കാന്‍സര്‍ ബാധയില്‍ നിന്നു രക്ഷപ്പെട്ട പല പ്രസിദ്ധരെയും-കഥാകാരി ചന്ദ്രമതിയെപ്പോലെ മമ്മ്ത മോഹന്‍ദാസിനെപ്പോലെ, ഞാന്‍ കണ്ടു.
യുവരാജ് സിംഗിന് പ്രചോദനമായത് ക്രിക്കറ്റിനോടുള്ള ആവേശം തന്നെയായിരുന്നു. ഒപ്പം തനിയ്ക്ക് ഒരു തിരിച്ചുവരവുണ്ടെന്നും ക്രീസില്‍ ഇനിയും ജീവിതമുണ്ടെന്നുമുള്ള ദൃഢവിശ്വാസവും. തിരിച്ചുവരവില്‍ യുവിക്ക് ഏറ്റവും അധികം കടപ്പാട് ആത്മവിശ്വാസം പകര്‍ന്ന അമ്മയോടാണ്. കാരണം അവര്‍ ചിരിക്കുന്ന ദുഃഖത്തോടെ മകനെ പരിചരിച്ചു. എന്റെയും അനുഭവം വ്യത്യസ്തമല്ല. ചിരിക്കുന്ന മുഖം ഒരു പ്രചോദനം തന്നെയാണ്. എന്നും എന്നെ പരിശോധിക്കാന്‍ എത്തിയിരുന്ന ഡോ.കൃഷ്ണന് നായര്‍ ഉറക്കെ ചിരിച്ചു മാത്രമേ സംസാരിച്ചുള്ളൂ. ഇത്ര അനായാസമായി രോഗിയുടെ മുന്പില് ചിരിയ്ക്കണമെങ്കില്‍ രോഗം നിസ്സാരമാണെന്നല്ലേ അര്‍ത്ഥം എന്നു താന്‍ സ്വയം ചോദിയ്ക്കുമായിരുന്നു. അതേപോലെ ഡോക്ടര്‍ ചിത്ര താര ഗംഗാധരനും എനിയ്ക്ക് ആഹ്ലാദം പകര്‍ന്നുതന്നു. ഡോ.ചിത്ര എന്നും ആശുപത്രിയിലെത്തുന്നത് അടിപൊളി സാരിയും മാച്ചിംഗ് ബ്ലൗസും ഇട്ടാണ്. ചിത്ര കടന്നു വരുമ്പോള്‍ സൂര്യരശ്മികള്‍ അവരോടൊപ്പം മുറിയില്‍ വന്ന് എന്നെ തലോടുന്ന അനുഭവമാണ് എനിയ്ക്കുണ്ടായത്. ഞാന്‍ നന്ദിയോടെ ഓര്‍ക്കുന്ന മറ്റൊരു മുഖം എന്റെ മുറിയുടെ എതിര്‍വശത്തെ മുറിയില്‍ തലമുടിയെ ല്ലാം നഷ്ടപ്പെട്ട ഒരു കൗമാരക്കാരന്റെ മുഖമാണ്. ഞാന്‍ ഛര്‍ദ്ദിക്കുമ്പോള്‍ അവന് ചിരിച്ചുകൊണ്ട് എന്നോട് പറയുമായിരുന്നു; ആന്റി ഛര്‍ദ്ദിക്കും എന്ന് വിചാരിക്കുന്നതുകൊണ്ടാണ് അങ്ങനെ സംഭവിക്കുന്നതെന്ന്. അവനും പൂര്‍ണ രോഗവിമുക്തനായി, വലുതായി, വിവാഹത്തിന് എന്നെ ക്ഷണിക്കുകയും ചെയ്തു. ലോകത്ത് തിന്മ മാത്രമല്ല നന്മയുടെ പ്രകാശകിരണങ്ങളും ഉണ്ട്.
2011 ലെ മാന്‍ ഓഫ് ദി മാച്ച് ആയിരുന്ന യുവരാജ് ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടപ്പോള്‍ അതൃപ്തിയുടെതായ ചില സ്ഫുരണങ്ങള്‍ ഉണര്‍ന്നെങ്കിലും സെലക്ഷന് ടീം ചെയര്മാന് കൃഷ്ണമാചാരി ശ്രീകാന്ത് പറഞ്ഞത് ഏറ്റവും നല്ല ടീമിനെയാണ് ട്വന്റി-20 യിലേക്ക് തെരഞ്ഞെടുത്തത് എന്നായിരുന്നു. കാന്‍സര്‍ ബെഡില്‍നിന്നും ദൃഢനിശ്ചയവുമായി യുവരാജ് പ്രാക്ടീസ് ചെയ്ത് ശാരീരികക്ഷമത വീണ്ടെടുത്തതാണ് ഈ വിശ്വാസത്തിന് കാരണം.
കാന്‍സര്‍ മരണകാരണമല്ല, നമ്മുടെ ഭീരുത്വവും ആശങ്കയുമാണ് മരണമണി മുഴക്കുന്നത്. രണ്ട് പതിറ്റാണ്ട് കഴിഞ്ഞിട്ടും രോഗികള്‍ എന്നെ വിളിച്ച് കാന്‍സര്‍ ബാധിച്ചു എന്ന് പറഞ്ഞ് കരയുമ്പോള്‍ ഞാനവരോട് കാന്‍സറിനെ പരാജയപ്പെടുത്തി 22 വര്‍ഷം ജീവിച്ച സംഭവം വിവരിക്കും. അപ്പോള്‍ പ്രത്യാശയുടെ കിരണങ്ങള്‍ പല കണ്ണുകളിലും പ്രകാശിക്കുന്നത് ഞാന്‍ കണ്ടിട്ടുണ്ട്.
കാന്‍സര്‍ ചികിത്സ കഴിഞ്ഞ് ഒരു മാസം കഴിഞ്ഞ് ഞാന്‍ ഇന്ത്യന്‍ എക്സ്പ്രസില്‍ തിരിച്ചെത്തി. തുടര്‍ന്ന് വേശ്യാഗ്രാമത്തെ ടെറാകോട്ട ഗ്രാമമായി മാറ്റിയ റിപ്പോര്‍ട്ട് എഴുതാന്‍ തയ്യാറെടുത്തു. അരുവാക്കോട് കുന്നും മലയും ആണെന്നും അത് കയറിയിറങ്ങിച്ചെന്ന് എഴുതുക ദുഷ്ക്കരമാകുമെന്നും പലരും പറഞ്ഞെങ്കിലും ഞാന്‍ തീരുമാനത്തില്‍ ഉറച്ചുനിന്നു. ഇത്തരം ദൃഢനിശ്ചയംതന്നെയാണ് യുവിയുടെയും തിരിച്ചുവരവിന് പിന്നില്‍.
എനിക്ക് കാന്‍സര്‍ ബാധിച്ച കാലഘട്ടത്തില്‍ കാന്‍സര്‍ രോഗത്തിന് പതിത്വം കല്പ്പിച്ചിരുന്നു. എനിക്ക് കാന്‍സറായിരുന്നു എന്ന് ഞാന്‍ ആരോടെങ്കിലും പറഞ്ഞാല്‍ അങ്ങനെ പറയരുത് എന്ന് കൂട്ടുകാരികള്‍ വിലക്കുമായിരുന്നു. പക്ഷെ ഞാന്‍ എന്റെ കാന്സര്കഥ അനവരതം പറഞ്ഞത് കാന്‍സര്‍ ബാധിച്ചവര്‍ക്ക് പ്രത്യാശയും ധൈര്യവും നിശ്ചയദാര്‍ഢ്യവും പകരാനാണ് ശ്രമിച്ചത്. ഇന്ന് കാന്‍സര്‍ സാക്ഷരത വര്‍ധിച്ചിട്ടുണ്ട്. ലോകത്ത് 35000 പുതിയ കാന്‍സര്‍ രോഗികള്‍ ഉണ്ടാകുന്നു എന്ന് പറയുമ്പോഴും അത് പുകയിലയും മദ്യപാനവും ഫാസ്റ്റ്ഫുഡും മറ്റും കാരണമാണെന്ന് തിരിച്ചറിയണം. ഇന്ന് ഈ രംഗത്ത് രോഗവിമുക്തി നേടുന്നവരുടെ എണ്ണം വര്‍ധിച്ചിട്ടുണ്ടെന്ന് പ്രസിദ്ധ ഓങ്കോളജിസ്റ്റ് ഡോ. മോഹന്‍നായര്‍ പറയുന്നു. അതിന് കാരണം മെച്ചപ്പെട്ട രോഗനിര്‍ണ്ണയവും വിദഗ്ധചികിത്സയുമാണ്. ഡയഗ്നോസ്റ്റിക് ടെക്നോളജിയും വികസിച്ച് എംആര്‍ഐ സ്കാനും ട്യൂമര്‍ കണ്ടുപിടിക്കാനുള്ള ബയോകെമിക്കല്‍ മാര്‍ക്കിംഗും കാന്‍സര്‍ എന്നത് ജീവിതത്തിന്റെ കര്ട്ടന് താഴലല്ല എന്ന തിരിച്ചറിവിലേക്ക് ജനങ്ങള്‍ എത്തുന്നതിന് കാരണമായി. കാന്‍സര്‍ ചികിത്സയില്‍ ഏറ്റവും പ്രധാനം രോഗം ആദ്യദശയില്‍തന്നെ കണ്ടുപിടിക്കലാണ്. എന്റെ രോഗം മൂര്‍ഛിക്കാന്‍ കാരണം വയറുവേദനക്കും നടുവേദനക്കും ആയുര്‍വേദ കുഴമ്പ് മതി എന്ന എന്റെ തെറ്റിദ്ധാരണയായിരുന്നു. ഞാന്‍ കോട്ടയത്തായിരുന്നപ്പോഴാണ് എന്നെ കാന്‍സര്‍ ബാധിച്ചത്. അതിന് മുമ്പ് കാന്‍സര്‍ ഇന്‍ഷുറന്‍സ് എടുക്കണമെന്ന് പറഞ്ഞ് 100 രൂപക്ക് ഇന്‍ഷ്വര്‍ ചെയ്യാന്‍ എന്റെ സുഹൃത്ത് നിര്‍ദ്ദേശിച്ചപ്പോള്‍ എനിക്ക് കാന്‍സര്‍ വരില്ല എന്ന് പറഞ്ഞ ഞാന്‍ അത് ചെയ്തില്ല. ശുഭാപ്തിവിശ്വാസം എനിക്ക് ജന്മസിദ്ധമാണ്.
ഇപ്പോള്‍ കാന്‍സര്‍ അവബോധം വികസിച്ച്, കാന്‍സര്‍ ലക്ഷണങ്ങളെപ്പറ്റി അറിവ് നേടി സ്വയം പരിശോധനക്കെത്തുന്ന രോഗികള്‍ കൂടുകയാണത്രേ. സ്ത്രീകളില്‍ സ്തനാര്‍ബുദമാണ് അധികം. സ്തനം എടുത്തുകളയുക എന്നത് മരണത്തിന് തുല്യമായി കാണുന്ന സൗന്ദര്യഭ്രമമുള്ള സ്ത്രീകള്‍ കാലാകാലങ്ങളില്‍ സ്തനപരിശോധനക്ക് തുനിയുന്നില്ല. ഒരു ലക്ഷത്തില്‍ 31 സ്ത്രീകള്‍ക്ക് സ്തനാബുര്‍ദം ബാധിക്കുന്നു എന്നാണ് കണക്ക്. കാന്‍സര്‍ സാക്ഷരത വര്‍ധിച്ചതോടെ തുടര്‍പരിശോധനകള്‍ക്കും രോഗികള്‍ സ്വമേധയാ തയ്യാറാകുന്നുണ്ട്.
ഇതെല്ലാം പറയുമ്പോഴും കാന്‍സര്‍ ചികിത്സ ചെലവേറിയതാണ്. സമൂഹത്തിലെ ദരിദ്രരായ മദ്യപര്‍ക്കും പുകയില ഉപയോഗിക്കുന്നവര്‍ക്കും കാന്‍സര്‍ ചികിത്സക്ക് പണമില്ലാതെ അവര്‍ ഡോക്ടറെ സമീപിക്കുന്നില്ല. സര്‍ക്കാരിന്റെ സത്വര ശ്രദ്ധ ഈ വിഷയത്തില്‍ പതിയേണ്ടതാണ്. ആരോഗ്യനയം പരിഷ്കരിച്ച് കാന്‍സര്‍ പ്രതിരോധത്തിനും ചികിത്സക്കും കൂടുതല്‍ പരിഗണന നല്‍കുകയും പ്രാഥമിക ചികിത്സാ കേന്ദ്രങ്ങളില്‍ പോലും പരിശോധന നടത്താനുള്ള സൗകര്യം ഒരുക്കുകയും ചെയ്യേണ്ടത് സര്‍ക്കാരിന്റെ കടമയാണ്. ഈ രംഗത്ത് എന്‍ജിഒകളും കൂടുതല്‍ പങ്കാളിത്തം വഹിക്കണം. ലയണ്‍സ്, റോട്ടറി ക്ലബുകള്‍ കാന്‍സര്‍ ബാധിതരെ സഹായിക്കുന്നുണ്ടെങ്കിലും ഇതെല്ലാം അപ്രാപ്യമായ സമൂഹത്തില്‍ ഇറങ്ങിച്ചെന്ന് പരിശോധനയും ചികിത്സയും ലഭ്യമാക്കാന്‍ എന്‍ജിഒകള്‍ തയ്യാറാകേണ്ടതുണ്ട്.
ഇപ്പോള്‍ യുവരാജ് സിംഗിന്റെ ശക്തമായ തിരിച്ചുവരവ് ലോകത്തിന് മുഴുവന്‍ പ്രചോദനമാണ്. ഇീാലയമരസ ാമി യുവിയുടെ ഇന്റര്‍നാഷണല്‍ ക്രിക്കറ്റിലെ രണ്ടാമത്തെ ഇന്നിംഗ്സാണ് ഇത് എന്നാണ് അദ്ദേഹം പറഞ്ഞത്. ഒപ്പം ഒരു നവാഗതന്റെ ഉത്സാഹവും ആവേശവും അദ്ദേഹത്തില്‍ കാണാം.
ഒരു യുവരാജ് സിംഗിന് കഴിയുന്നത് ഏത് കാന്സര്ബാധിതനും ബാധിതക്കും സാധ്യമാണ്. വേണ്ടത് ഇഛാശക്തിയും നിശ്ചയദാര്‍ഢ്യവും ലക്ഷ്യബോധവുമാണ്. അതേപോലെ കാന്‍സര്‍ എന്നാല്‍ മരണമാണ് എന്ന അന്ധവിശ്വാസത്തില്‍നിന്നും വിമുക്തരാകുകയും വേണം.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: