വയസി ഗതേ കഃ കാമവികാരഃ
ശുഷ്കേ നീരേ കഃ കാസാരഃ
ക്ഷീണേ വിത്തേ കഃ പരിവാരഃ
ജ്ഞാതേ തത്ത്വേ കഃ സംസാരഃ
‘കാരണം’ ഇല്ലാതായാല്‍ ‘കാര്യ’ത്തിന് നിലനില്ക്കാന് വയ്യ എന്ന വസ്തുതയെ നാലു പ്രബലങ്ങളായ ഉദാഹരണങ്ങളിലൂടെ ശ്രീശങ്കരന് വ്യക്തമാക്കുന്നു. യൗവനകാലം പോയി വാര്‍ധക്യം വന്നാല്‍ കാമചേഷ്ടകള്ക്ക് സ്ഥാനമെവിടെ? ദേഹത്തിന് നല്ല ആരോഗ്യവും പേശികള്‍ക്ക് നല്ല ബലവും ത്വക്കിന് തിളക്കവും ചോരത്തിളപ്പുമുള്ള യൗവനമാണ് സംഭ്രാന്തവും അന്ധവുമായ കാമത്തിന്റെ കാലം. കാമവികാരത്തിന്റെ ഉറവിടം അഥവാ കാരണം തന്നെ യൗവനമെന്നര്ത്ഥം. കാരണമായ യൗവനം കഴിഞ്ഞാല്‍ അതിന്റെ കാര്യമായ കാമവികാരത്തിന് നിലനില്ക്കാന് വയ്യല്ലോ.
വെള്ളം വറ്റിയാല്‍ തടാകമില്ല. വറ്റിവരണ്ട കുളമോ പൊയ്കയോ അതത് പേരിനര്ഹമാകുന്നതും ആ നിലയ്ക്ക് പ്രയോജനപ്പെടുത്തുന്നതും വെള്ളമുള്ളപ്പോള്‍ മാത്രം. കാമനകളാകുന്ന ജലത്താല്‍ പൂരിതമാണ് മനസെങ്കില്‍ അവയുടെ സമ്മര്‍ദത്തില്‍പ്പെട്ട് ഇരിക്കപ്പൊറുതിയില്ലാതെ യുവജനങ്ങള്‍ കാമപൂര്‍ത്തിക്കുവേണ്ടി ഉഴറിക്കൊണ്ടിരിക്കും. ആഗ്രഹങ്ങള്‍ വറ്റിയാല്‍ അത്തരം പ്രവൃത്തികളും നില്‍ക്കാതെ വയ്യ.
സമ്പത്ത് കയ്യിലുള്ളപ്പോള്‍ അയാളെ ചുറ്റിപ്പറ്റി കൂടാന്‍ ധാരാളം ആളുകളുണ്ടാവും. അത് ക്ഷയിച്ചു എന്നുകണ്ടാലോ? ബന്ധുക്കളും, ആശ്രിതരും, സഹായികളും എന്നുവേണ്ട സകല പരിവാരങ്ങളും അയാളെ കയ്യൊഴിയും. അയാളില്‍നിന്ന് വല്ലതും കിട്ടാനുണ്ടെന്ന് കണ്ടാലേ ആളുകള്‍ പിന്നാലെ കൂടുകയുള്ളൂ. സമ്പാദനശേഷി ഇല്ലാതായാല്‍ പരിവാരങ്ങള്‍ അകന്നുപൊയ്ക്കയും. സമ്പത്താണെങ്കിലോ ആര്‍ക്കും സ്ഥിരമല്ലതാനും. അസ്ഥിരമായ ലക്ഷ്മി എപ്പോള്‍ തനിക്ക് അനുകൂലമായി വര്ത്തിക്കുമെന്നോ, എപ്പോള്‍ തന്നെ കയ്യൊഴിക്കുമെന്നോ ആര്‍ക്കും തീര്‍ച്ച പറയാന്‍ പറ്റില്ല. കുചേലനെ കുബേരനാക്കുന്നതും കുബേരനെ കുചേലനാക്കുന്നതും ചപലയും ചഞ്ചലയുമായ ലക്ഷ്മിക്ക് വെറുമൊരു തമാശമാത്രം!
‘കാരണം’ ഇല്ലാതായാല്‍ ‘കാര്യ’വും ഇല്ലാതാവും – കാരണാഭാവേ കാര്യാഭാവഃ – എന്ന് ഈ മൂന്ന് ഉദാഹരണങ്ങള്‍ വ്യക്തമാക്കുന്നുണ്ടല്ലോ. ഈ വസ്തുതയെ ആധ്യാത്മിക നിലവാരത്തിലേക്ക് സ്വീകരിച്ചുകൊണ്ട് ശ്രീ ശങ്കരന് ചോദിക്കുന്നു, “തത്ത്വം അറിഞ്ഞാല്‍, പരമാത്മതത്ത്വത്തെ സാക്ഷാത്കരിച്ചാല്‍ (ജ്ഞാതേ തത്ത്വേ) സംസാരമെവിടെ? (കഃ സംസാരഃ).”
സ്തംഭമാണെന്ന സത്യം അറിയായ്കകൊണ്ടാണല്ലോ അതൊരു ഭൂതമാണെന്ന മിഥ്യാധാരണയും തജ്ജന്യമായ ഭയാശങ്കകളും നിലനില്‍ക്കുന്നത്. യാഥാര്‍ത്ഥ്യം അറിയാത്തപ്പോള്‍ തെറ്റിദ്ധാരണ ഉണ്ടാവുന്നു; പ്രസ്തുത ഭ്രാന്തി ദുഃഖപരമ്പരയ്ക്ക് ഹേതുവായി ഭവിക്കുകയും ചെയ്യുന്നു. ഉള്ളിലെ വാസന ധൂമപടലംപോലെ വര്‍ത്തിച്ച് അനന്തമാകുന്ന ആത്മാവിനെ മറയ്ക്കുകയാല് സ്വതേയുള്ള പരിപൂര്‍ണത അറിയാനും അനുഭവിക്കാനും മനുഷ്യന് സാധിക്കുന്നില്ല. മാത്രവുമല്ല, അപൂര്‍ണനാണ് താനെന്നൊരു തോന്നല്‍ തന്മൂലമുണ്ടായിത്തീരുകയും പരിപൂര്‍ണത നേടാമെന്ന പ്രതീക്ഷയോടെ വിഷയങ്ങള്‍ സമ്പാദിക്കാനും കൈയടക്കാനും ആഗ്രഹങ്ങളും ആസൂത്രണങ്ങളും പ്രവര്‍ത്തനങ്ങളുമായി ബാഹ്യലോകത്തില്‍ പരക്കംപായുകയും ചെയ്യുന്നു.
സംസാരത്തിന് കാരണം വാസനയാണ്. വാസന ക്ഷയിച്ചാല്‍, ആതായത് കാരണം ഇല്ലാതായാല്‍ കാര്യമായ സംസാരം നിലനില്‍ക്കില്ല. ആത്മജ്ഞാനോദയത്തില്‍, വാസനാ തമസ് നീങ്ങുമ്പോള്‍ സംസാരാന്ധകാരവും സ്വപ്നതുല്യമായ നശ്വരവിഷയങ്ങളും ദുരിതജീവിതവുമെല്ലാം അപ്രത്യക്ഷമാവുന്നു.
മനുഷ്യന്റെ പരിച്ഛിന്നാവസ്ഥയ്ക്കും അതായത് അപൂര്‍ണനും അല്പ്പനുമാണ് താനെന്ന ധാരണയ്ക്കും തജ്ജന്യമായ ജീവഭാവനയ്ക്കും ജീവന്റെ അര്‍ത്ഥശൂന്യമായ സംസാരഭ്രമണത്തിനുമെല്ലാം കാരണമത്രെ ‘വാസനന. വാനസ മാറിയാല്‍ ജീവത്വഭാവന നീങ്ങും. ജീവന്തന്നെയില്ലെങ്കില്, അതുവരെ കാണുകയും അറിയുകയും അനുഭവിക്കുകയും ചെയ്തിരുന്ന ‘വിഷയ-വികാര-വിചാര’ രൂപമായ ജഗത്തിന് അഥവാ സംസാരത്തിന് സ്ഥാനമെവിടെ? മിഥ്യയായ സംസാരത്തിന്റെ തിരോധാനത്തില്‍ സത്യമായ പരമാത്മതത്ത്വം സ്വമഹിമയില്‍ സര്‍വോത്കര്‍ഷേണ വിരാജിക്കുന്നു. ആ ആനന്ദാനുഭൂതിയില് സാധകന്റെ വ്യക്തിത്വം നിശേഷം വിലയിക്കുകയും ചെയ്യുന്നു. ഇതത്രെ ‘ജീവപരയോരൈക്യം’ അഥവാ ‘ആത്മബ്രഹ്മൈക്യാ’നുഭൂതി.
വ്യാഖ്യാനം :
സ്വാമി ചിന്മയാനന്ദ
പ്രതികരിക്കാൻ ഇവിടെ എഴുതുക: