കൊട്ടാരക്കര: സൈനികനെ മലവെള്ളപ്പാച്ചിലില്‍ കാണാനില്ലെന്ന വിവരത്തെത്തുടര്‍ന്ന് ആശങ്കയിലാണ്ട മൈലം ഗ്രാമം പ്രാര്‍ത്ഥനയോടെയാണ് ദിവസങ്ങള്‍ തള്ളിനീക്കുന്നത്. മൈലം വേണുസദനത്തില്‍ പ്രശാ ന്തി(31)നെയാണ് കാണാനില്ലെന്ന് സൈനിക ആസ്ഥാനത്ത് നിന്ന് വിവരം ലഭിച്ചത്.
ശനിയാഴ്ച ട്രക്കില്‍ സൈനിക ക്യാമ്പിലേക്ക് പോകാനായി മറ്റ് മൂന്ന് സൈനികര്‍ക്കൊപ്പം ലഡാക്കിലെ ലേയിലെ പാലത്തിലൂടെ പോകുമ്പോള്‍ കുത്തിയൊലിച്ചെത്തിയ മഴവെള്ളപ്പാച്ചിലില്‍ പാലവും ട്രക്കും ഉള്‍പ്പെടെ ഒഴുക്കില്‍പ്പെട്ടതായാണ് വിവരം. അന്നുമുതല്‍ സൈന്യം തെരച്ചില്‍ നടത്തി വരികയാണ്. ഞായറാഴ്ച രാവിലെ 11 മണിയോടെയാണ് കമാന്‍ഡിംഗ് ഓഫീസര്‍ ഇന്‍ചാര്‍ജ്ജ് കൃഷ്ണകുമാര്‍ ഗുപ്ത പ്രശാന്തിന്റെ സഹോദരിയെ വിവരം ഫോണില്‍ അറിയിക്കുന്നത്.
പത്ത് വര്‍ഷമായി പ്രശാന്ത് ഇന്ത്യന്‍ ആര്‍മിയിലെ എഞ്ചിനീയറിംഗ് വിഭാഗത്തില്‍ ജോലിയില്‍ പ്രവേശിച്ചിട്ട്. ഏപ്രില്‍ മാസത്തില്‍ മൈലം ദേവീക്ഷേത്രത്തില്‍ ഉത്സവത്തിന് നാട്ടില്‍ വന്ന് മടങ്ങിയതാണ്. സെപ്തംബറില്‍ ഭാര്യയുടെ പ്രസവസമയത്ത് നാട്ടില്‍ എത്താന്‍ ഇരിക്കവെയാണ് കാണാനില്ലെന്ന വാര്‍ത്ത അറിയുന്നത്.
ചെറുപ്പകാലം മുതല്‍ തന്നെ മെയിലത്തെ പൊതുരംഗങ്ങളിലും ഹിന്ദുസംഘടനാ പ്രവര്‍ത്തനത്തിലും സജീവ സാന്നിധ്യമായിരുന്നു പ്രശാന്ത്. ആര്‍എസ്എസിന്റെ മൈലം ശാഖയിലെ ശിക്ഷകനും പ്രധാന പ്രവര്ത്തകനുമായിരിക്കെയാണ് ആര്‍മിയില്‍ ജോലി കിട്ടുന്നത്. പൊതുകാര്യത്തില്‍ എന്നും മുന്നിലായിരുന്നതുകൊണ്ട് നല്ലതു കേള്‍ക്കുവാന്‍ വേണ്ടി ഒരു നാട് മുഴുവന്‍ പ്രാര്‍ത്ഥനയിലാണ്. സംഭവം അറിഞ്ഞ് ധാരാളം പേര് ആശ്വാസവാക്കുകളുമായി ഇവിടെ എത്തുന്നുണ്ട്.
വാര്‍ത്ത കേട്ടത് മുതല്‍ ദുഃഖാര്‍ത്തരായി ഇരിക്കുന്ന അച്ഛന് വേണു, അമ്മ ചന്ദ്രമതി, ഭാര്യ ദിവ്യ എന്നിവരെ എങ്ങനെ ആശ്വസിപ്പിക്കും എന്നറിയാതെ കുഴങ്ങുകയാണ് നാട്ടുകാര്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: