സുക്മ: മൂന്ന് മാസങ്ങള്‍ക്ക് മുമ്പ് ഛത്തീസ്ഗഡിലെ സുക്മ ജില്ലയില്‍നിന്ന് മാവോയിസ്റ്റുകള്‍ തട്ടിക്കൊണ്ടുപോയ കളക്ടര്‍ അലക്സ് പോള്‍ മേനോന്റെ മോചനവുമായി ബന്ധപ്പെട്ട് സര്‍ക്കാര്‍ നിയമിച്ച മധ്യസ്ഥര്‍ തങ്ങളെ വഞ്ചിച്ചുവെന്ന് മാവോയിസ്റ്റുകള്‍. തട്ടിക്കൊണ്ടുപോയതിനുശേഷം സര്‍ക്കാരിന്റെ ഭാഗത്തുനിന്നും മധ്യസ്ഥരെ നിയമിക്കുകയായിരുന്നു. മാവോയിസ്റ്റുകള്‍ക്കുവേണ്ടി സര്‍ക്കാര്‍ നിയമിച്ച മധ്യസ്ഥര്‍ ഇവരുമായി ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു. ജയിലില്‍ കഴിയുന്ന തങ്ങളുടെ സംഘാംഗങ്ങളെ മോചിപ്പിക്കണമെന്നായിരുന്നു മാവോയിസ്റ്റുകളുടെ പ്രധാന ആവശ്യം. ഈ ആവശ്യം സര്‍ക്കാര്‍ അംഗീകരിക്കുന്ന പക്ഷം കളക്ടറെ മോചിപ്പിക്കാമെന്നായിരുന്നു മാവോയിസ്റ്റുകളുടെ നിര്‍ദ്ദേശം.
മാവോയിസ്റ്റുകളുടെ ആവശ്യം ചര്‍ച്ച ചെയ്യാനും സര്‍ക്കാരിന്റെ നിര്‍ദ്ദേശങ്ങള്‍ അറിയിക്കാനും പ്രവര്‍ത്തിച്ച മധ്യസ്ഥര്‍ തങ്ങളെ വഞ്ചിച്ചുവെന്നും മോചനസമയത്ത് ഉറപ്പ് പറഞ്ഞ കാര്യങ്ങള്‍ പാലിച്ചില്ലെന്നും മാവോയിസ്റ്റ് നേതാവ് മദ്കാം ബീമ ഇന്നലെ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. മോചനസമയത്ത് ഒരു ഉടമ്പടിയെക്കുറിച്ചുപോലും അവര്‍ തങ്ങളോട് പറഞ്ഞിരുന്നില്ല. ജയിലില്‍ കഴിയുന്ന തങ്ങളുടെ നേതാക്കളെ മോചിപ്പിക്കാമെന്ന് സര്‍ക്കാര്‍ ഉറപ്പ് തന്നിട്ടുണ്ടെന്നാണ് മധ്യസ്ഥര്‍ പറഞ്ഞത്. ഇതിന്റെ അടിസ്ഥാനത്തില്‍ കളക്ടറെ മോചിപ്പിക്കുകയായിരുന്നുവെന്നും മദ്കാം പറഞ്ഞു.
ഏപ്രില്‍ 21 നാണ് കളക്ടര്‍ അലക്സ് പോള്‍ മേനോനെ തട്ടിക്കൊണ്ടുപോയത്. ബാസ്റ്റര്‍ കളക്ടര്‍ ബി.ഡി.ശര്‍മ്മ, ഹൈദരാബാദില്‍നിന്നുള്ള പ്രൊഫ.ജി.ഹര്‍ഗോപാല്‍ എന്നിവരാണ് മധ്യസ്ഥ ചര്‍ച്ചകള്‍ക്കായി പോയത്. ജയിലില്‍ കഴിയുന്ന ഏഴ് പേരെ വിട്ടയക്കാമെന്ന് ഉറപ്പ് പറഞ്ഞിരുന്നെങ്കിലും ഇതുവരെ ഒരാളെ മാത്രമേ മോചിപ്പിച്ചിട്ടുള്ളുവെന്നും മദ്കാം പറഞ്ഞു. തങ്ങളുടെ ആവശ്യങ്ങളെല്ലാം കാറ്റില്‍ പറത്തുകയും പകരം മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ടിട്ടുള്ള എല്ലാ കേസുകളും അന്വേഷിക്കുന്നതിന് ഒരു കമ്മറ്റിയെ മാത്രം നിയമിക്കുകയാണ് ചെയ്തതെന്നും മദ്കാം കൂട്ടിച്ചേര്‍ത്തു.
അതേസമയം, മദ്കാമിന്റെ ആരോപണങ്ങള്‍ ശര്‍മ്മയും ഹര്‍ഗോപാലും തള്ളിക്കളഞ്ഞു. മാവോയിസ്റ്റുകളുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളും ചൂണ്ടിക്കാട്ടി സര്‍ക്കാരിന് കത്തെഴുതിയിരുന്നു. എന്നാല്‍ കേസ് കോടതിയില്‍ നിലനില്‍ക്കുന്നതിനാല്‍ തങ്ങള്‍ നിസ്സഹായരാണെന്നാണ് സര്‍ക്കാര്‍ അറിയിച്ചത്. തങ്ങളുടെ ആവശ്യം ഫലവത്തായ രീതിയില്‍ കൈകാര്യം ചെയ്യാമെന്നും സര്‍ക്കാര്‍ ഉറപ്പ് നല്‍കിയിട്ടുണ്ടെന്നും അവര്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: