നിങ്ങള്‍ക്ക് ഒന്നിന്റെ സ്വഭാവം അളന്നു തിട്ടപ്പെടുത്തണമെങ്കില്‍ അധികാരം നല്‍കുക�� എന്നു പറഞ്ഞ എബ്രഹാം ലിങ്കണ്‍ന്റെ വാക്കുകള്‍ കേരളത്തിലെ സിപിഎമ്മിനെ മുന്‍കൂട്ടികണ്ട് പ്രവചിച്ചതാണോ എന്ന് ന്യായമായും സംശയിക്കേണ്ടിയിരിക്കുന്നു. കമ്യൂണിസ്റ്റ് ഭരണത്തിന്‍കീഴില്‍ അതിഭീഷണമായ സ്ഥിതിവിശേഷങ്ങള്‍ക്ക് വിധിക്കപ്പെട്ട ജനതതിയാണ് മലയാളികള്‍. അധികാരം നഷ്ടപ്പെട്ടാലും ആള്‍ബലം ഇന്ധനമാക്കി ജനങ്ങളുടെ മേല്‍ കുതിര കയറുന്നതില്‍ പ്രത്യേക വിരുതാണ് കേരളാ സിപിഎമ്മിനുള്ളത്. ഈയടുത്ത ദിവസങ്ങളില്‍ ജനമനസ്സുകളെ ഭയത്തിന്റെയും ആശങ്കയുടേയും മുള്‍മുനയില്‍ നിര്‍ത്തി അരങ്ങു തകര്‍ക്കുന്ന സിപിഎം അഴിഞ്ഞാട്ടങ്ങള്‍ ജനാധിപത്യത്തിന്റെയും നിയമവാഴ്ചയുടേയും അടിത്തറ തകര്‍ക്കുന്നവയാണ്.
സംഘടനയുടെ പേശീബലംകൊണ്ട് രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുകയും എതിരാളികളെ ഉന്മൂലനം ചെയ്യുകയും ഒപ്പം പാര്‍ട്ടിക്കുള്ളിലെ എതിര്‍ശബ്ദങ്ങളെ ഒതുക്കുകയും ചെയ്യുന്ന കാലഹരണപ്പെട്ട ശൈലിയാണ് സിപിഎം ഇപ്പോഴും കയ്യാളുന്നത്. സ്റ്റാലിനെ കുലദേവനയായി നെഞ്ചിലേറ്റി നടക്കുന്നവരില്നിന്നും ഇതിനപ്പുറമെന്തെങ്കിലും പ്രതീക്ഷിക്കാനും നിര്‍വാഹമില്ല. കേരള ഹൈക്കോടതി ഇടുക്കിയിലെ നേതാവിന്റെ കേസ്സ് പരിഗണിച്ചപ്പോള്‍ ��ജനാധിപത്യത്തിന്റെ മരണമണിയാണ് ഇടുക്കിയിലെ സിപിഎം സെക്രട്ടറി മുഴക്കിയതെന്ന് തുറന്നടിച്ചു പറഞ്ഞതില്‍ നിന്നുതന്നെ മാര്‍ക്സിസ്റ്റ് പാര്‍ട്ടിയുടെ ജനവിരുദ്ധത വ്യക്തമാണ്. ടി.പി.ചന്ദ്രശേഖരന് വധത്തില്‍ സിപിഎം പങ്ക് പകല്‍പോലെ വ്യക്തമാണ്. പാര്‍ട്ടിക്കത് ഒറ്റവരി നിഷേധത്തിലും നിയമവ്യവസ്ഥയ്ക്കു വിട്ടു കൊടുത്തുകൊണ്ടുള്ള നിലപാടുംവഴി ഒഴിവാക്കാമായിരുന്ന പ്രശ്നമാണ് ഇപ്പോള്‍ മാന്തിപ്പൊളിച്ച് നേതൃത്വം ഉണങ്ങാത്ത പുണ്ണാക്കി മാറ്റിയിട്ടുള്ളത്. സിപിഎം നേതൃത്വം പിടിപ്പുകേടുകൊണ്ട് ഇരന്നു വാങ്ങിയ വിവാദമാണ് അവരെ ഇപ്പോള്‍ വരിഞ്ഞുമുറുക്കി ശ്വാസം മുട്ടിച്ചുകൊണ്ടിരിക്കുന്നത്.
കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ചരിത്രത്തില്‍ പ്രാതസ്മരണീയ വിപ്ലവശ്രമമായി ചിത്രീകരിച്ചിട്ടുള്ള പുന്നപ്ര വയലാര്‍ സമരത്തിന്റെ പിന്നാമ്പുറവും സമരനായകന്മാരുടെ പതനവും എന്തുവിളിച്ചോതുന്നുവോ അതുതന്നെ ഇന്നും ഇവിടെ ആവര്‍ത്തിക്കുകയാണ്. പുന്നപ്ര വയലാര്‍ പോരാട്ടത്തില്‍ നെടുനായകത്വം വഹിച്ച കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ സംസ്ഥാന സെക്രട്ടറിയായിരുന്ന കുന്തക്കാരന് പത്രോസിന്റെ ജീവിതത്തിലെ അന്ത്യാഭിലാഷം തന്റെ ശവം മറ്റ് സഖാക്കള്‍ അന്ത്യവിശ്രമം കൊള്ളുന്ന ആലപ്പുഴയിലെ വലിയ ചുടുകാട്ടില്‍ വയ്ക്കാന്‍ പാടില്ല എന്നുള്ളതായിരുന്നു. വാക്കുകള്‍ പിശുക്കി മാത്രം ഉപയോഗിച്ചു വന്നിരുന്ന സഖാവ് അച്യുതമേനോന് തിരുവിതാംകൂര്‍ കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ കിരീടം വെക്കാത്ത രാജാവ് എന്നു വിശേഷിപ്പിച്ച കുന്തക്കാരന് പത്രോസ് തന്റെ അന്തിമാഭിലാഷം പ്രകടിപ്പിച്ചത് ഇപ്രകാരമായിരുന്നു. എന്നെ പുന്നപ്ര വലിയ ചുടുകാട്ടില്‍ വയ്ക്കരുത്. എനിക്കു വയ്യ. അവരവിടെ ഉണ്ടല്ലോ ! (അന്തരിച്ച കമ്യൂണിസ്റ്റ് നേതാക്കള്‍) അവിടെയും കിടന്ന് എനിക്ക് അവരോട് വഴക്കു വയ്യ. എനിക്കല്പം സ്വസ്ഥത വേണം. (റഫറന്‍സ് – പേജ് 11 പുന്നപ്ര വയലാര്‍ കാണാപ്പുറങ്ങള്‍ 1997 – അഡ്വ: പി.എസ്.ശ്രീധരന്‍പിള്ള). പട്ടികജാതിക്കാരനായ പത്രോസിന്റെ ശവം എസ്എന്‍ഡിപിയുടെ ശ്്മശാനത്തില്‍ അടക്കം ചെയ്തത് ഈ അന്ത്യാഭിലാഷം മാനിച്ചായിരുന്നു.
വയലാര്‍ സംഭവത്തിലെ സര്‍വ്വ സൈന്യാധിപനായിരുന്ന സായിപ്പ് കുമാരന് 1980 കളില്‍ ഒരു കമ്യൂണിസ്റ്റുകാരനായി അറിയപ്പെടുന്നതിനേപ്പോലും വെറുത്തിരുന്നു. കുമാരന്റെ വാക്കുകള്‍ ഒപ്പിയെടുത്ത് ടി.ജി.മോഹന്‍ദാസ് 30-3-1997 ലെ കേസരിയില്‍ പുകമറയ്ക്കപ്പുറം എന്ന ലേഖനത്തില്‍ കുമാരന്റെ വാക്കുകള്‍ ഇപ്രകാരം എടുത്തെഴുതിയിരിക്കുന്നു. നേതാക്കന്മാര് നല്ല ശാപ്പാടുകഴിച്ചുകിടക്കുകയല്ലേ. നേതാക്കന്മാര് എന്തെങ്കിലും കാര്യമുണ്ടാക്കിക്കൊണ്ടുവരും. മുദ്രാവാക്യം വിളിക്കാന്‍ പറയും. ജയിലറുമായി വഴക്കുണ്ടാക്കാന്‍ പറയും. എനിക്കു പറ്റില്ലെന്നു തീര്‍ത്തു പറഞ്ഞു ഞാന്‍. പുന്നപ്രയില്‍ ഇന്‍സ്പെക്ടര്‍ നാടാരെ വെട്ടിയ കുഞ്ഞുണ്ണിയുണ്ടല്ലോ- അയാള്‍ എന്നെ കെട്ടിപിടിച്ചോണ്ടു പറഞ്ഞു; മക്കളെ, മക്കളു കാരണം ഞങ്ങള്‍ രക്ഷപ്പെട്ടു. കേസെല്ലാം എല്ലാവരും തന്നത്താനെയാണ് നടത്തിയത്. ജാമ്യമെടുക്കാന്‍ പോലും പാര്‍ട്ടിക്കാരാരും വന്നില്ല. ഇപ്പോഴും ഒരാഘോഷത്തിനും ഞാന്‍ പോകാറില്ല. വെടിവെയ്പു നടന്ന ദിവസം അവരെ കുഴിച്ചുമൂടിയ സ്ഥലത്തുപോയി ഒരു പത്തുമിനിട്ടു നില്ക്കും. എനിക്കുമാത്രം അറിയാവുന്ന ചില വിധവകളുണ്ട്. അവരും വരും. ചിലര്‍ ഇന്നും എന്നെ കെട്ടിപ്പിടിച്ചു കരയും – ആരും കാണാതെ, അതുങ്ങളെയൊക്കെ ആരറിയാനാണെന്നേ – ഏതായാലും ഞാന്‍ മരിക്കുന്നതുവരെ ഈ ചടങ്ങു നടക്കും.
പ്രമുഖ എഴുത്തുകാരനും മാതൃകാ കമ്യൂണിസ്റ്റുകാരനുമായ പുതുപ്പള്ളി രാഘവന് പുന്നപ്ര സമരത്തിന്റെ ക്യാപ്റ്റനായിരുന്ന സഖാവ് പി.കെ.ദാമോദരനെ അവസാന നാളുകളില്‍ കണ്ടകാര്യം ഇപ്രകാരം രേഖപ്പെടുത്തി അഞ്ചാറുമാസം മുമ്പ് ഞാന്‍ എന്റെ മകളെ കാണാന്‍ വാടയ്ക്കലേക്ക് പോകുമ്പോള്‍ സ. ദാമോദരനെ പറവൂര്‍ ചന്തയില്‍വെച്ച് കാണുകയുണ്ടായി. ഒന്നിച്ചു നാല് കൊല്ലക്കാലം പൂജപ്പുര ജയിലില്‍ ഞങ്ങള്‍ കഴിഞ്ഞതാണ്. അന്ന് ആ ജയില്‍വളപ്പില്‍വെച്ച് കുരുത്ത ഞങ്ങളുടെ സ്നേഹത്തിന് ഒട്ടും ക്ഷീണം ഇന്നും സംഭവിച്ചിട്ടില്ല. ഞങ്ങള്‍ ഒന്നിച്ചു ചായ കുടിച്ചു. ഒന്നിച്ചു കുറേസമയം പഴയതും പുതിയതുമായ കാര്യങ്ങള്‍ പറഞ്ഞും കേട്ടും കഴിച്ചു. പണ്ടത്തെ ആ ചുറുചുറുക്കിനു വലിയ കുറവൊന്നുമില്ലെങ്കിലും ശാരീരിക ക്ഷീണം നന്നേയുണ്ട്. ഞങ്ങള്‍ യാത്രപറഞ്ഞപ്പോള്‍ സ.ദാമോദരന്‍ പറഞ്ഞ വാക്കുകള്‍ ഇപ്പോഴും എന്റെ ചെവിയില്‍ മുഴങ്ങുന്നുണ്ട്.. സഖാവേ, അദ്ദേഹം പറഞ്ഞു; പുന്നപ്ര വയലാര്‍ രക്തസാക്ഷികളെ സിപിഐക്കും മാര്‍ക്സിസ്റ്റുപാര്‍ട്ടിക്കും മറ്റു പലര്‍ക്കും വേണം. പതിനായിരങ്ങള്‍ പൊടിച്ചു പുന്നപ്ര വയലാര്‍ രക്തസാക്ഷിദിനവും ആചരിക്കും. അത്രയും നന്ന്. എന്നാല്‍ ഇപ്പോഴും ജീവിച്ചുകൊണ്ടല്ല, മരിച്ചുമരിച്ചു കൊണ്ടിരിക്കുന്ന രക്തസാക്ഷികളായ ഞങ്ങളെ, എന്നെയും കൂനാഞ്ഞലിക്കല് സുകുമാരനേയും പോലുള്ളവരെ ആര്‍ക്കും വേണ്ട. നല്ലത് നടക്കട്ടേ! അല്ലേ?
നീതി നിഷേധിക്കപ്പെട്ട് അടിസ്ഥാനഘടകങ്ങളായി സമൂഹത്തിന്റെ അടിത്തട്ടില്‍ ഞെരിഞ്ഞമര്‍ന്ന് നരകിച്ചുകൊണ്ടിരിക്കുന്ന പതിനായിരങ്ങളുടെ ഹൃദയത്തില്‍ കമ്യൂണിസമെന്ന പ്രതിവിധിയുടെ വിത്തുപാകാനും അതു മുളപ്പിച്ച് ഫലങ്ങളെടുക്കാനും നേതൃത്വത്തിന് കഴിഞ്ഞിട്ടുണ്ടാകാം. തൊഴിലാളിവര്‍ഗ്ഗത്തിന് ആധിപത്യമുള്ള ഭരണം സായുധ കലാപത്തിലുടെ കൈവരിക്കുകവഴി വിമോചനം സ്വപ്നം കണ്ട നിരവധിപേര്‍ ആശയത്തിനുവേണ്ടി പുന്നപ്ര വയലാറിലൂടെ രക്തസാക്ഷികളായിട്ടുണ്ട്. വിമോചനസ്വപ്നവും, പ്രത്യയശാസ്ത്രപരമായ വികാരതീക്ഷ്ണതയും, ഫീല്‍ഡ് നേതാക്കളുടെ ഹൃദയവശീകരണതയുമെല്ലാം പുന്നപ്ര വയലാര്‍ സമരത്തിനനുകൂലമായ ഘടകങ്ങളായിരുന്നു. എന്നാല്‍ ഹൃദയവശീകരണ ശക്തികാണിച്ച സമര നേതാക്കളില്‍ പലരുടേയും ആന്തരിക ദുഃഖത്തിന്റെയും വേദനയുടെയും രോഷാഗ്നിയില്‍ കത്തിക്കാളാതിരിക്കാന് നെട്ടോട്ടമോടുന്നവരാണ് ഇന്നത്തെ പല കമ്യൂണിസ്റ്റ് നേതാക്കളും.
അഡ്വ. പി.എസ്. ശ്രീധരന്‍പിള്ള
പ്രതികരിക്കാൻ ഇവിടെ എഴുതുക: