കൊച്ചി: മാറുന്ന കാലഘട്ടത്തില്‍ കൗമാരം നേരിടുന്ന വെല്ലുവിളികളില്‍ വഴികാട്ടിയാകാന്‍ പാഠ്യപദ്ധതിയ്ക്കും അധ്യാപകര്‍ക്കും കഴിയണമെന്ന് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി. വളര്‍ച്ചയുടെ വിവിധ ഘട്ടങ്ങളില്‍ കുട്ടികള്‍ക്കുണ്ടാകുന്ന ശാരീരികവും മാനസികവുമായ മാറ്റങ്ങള്‍ വിലയിരുത്തിയുള്ള പാഠ്യപദ്ധതിയാണ് സമൂഹം ആവശ്യപ്പെടുന്നത്. ഇതിനോട് പുറംതിരിഞ്ഞു നില്‍ക്കുന്നത് ഭാവിതലമുറയോടുള്ള അനീതിയായിരിക്കുമെന്നും അദ്ദേഹം പറഞ്ഞു. ദേശീയ കൗമാര ദിനത്തില്‍ ജില്ലാ പഞ്ചായത്ത്, ദേശീയ ഗ്രാമീണ ആരോഗ്യദൗത്യം, ആരോഗ്യവകുപ്പ് എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ സംഘടിപ്പിച്ച മധുരം കൗമാരം കൗമാരസംഗമം ഉദ്ഘാടനം ചെയ്യുകയായിരുന്നു ജില്ലാ പഞ്ചായത്ത് പ്രസിഡന്റ്.
സമഗ്ര വ്യക്തിത്വ രൂപവല്‍ക്കരണമെന്ന വിദ്യാഭ്യാസത്തിന്റെ ലക്ഷ്യം ഇന്നത്തെ പാഠ്യപദ്ധതികളും പഠനരീതികളും നിറവേറ്റുന്നുണ്ടോ എന്ന് വിലയിരുത്തപ്പെടണം. ഇലക്ട്രോണിക് യുഗത്തില്‍ വിദ്യാര്‍ഥികള്‍ക്ക് മുന്നിലേക്ക് തുറക്കപ്പെടുന്ന നല്ലതും ചീത്തയുമായ അസംഖ്യം വഴികളെ കുറിച്ച് ഏകദേശ ധാരണയെങ്കിലും അധ്യാപകര്‍ക്കുണ്ടാകണം. സ്കൂളുകളില്‍ ടീനേജ് കൗണ്‍സലിങ് കേന്ദ്രങ്ങള്‍ തുറക്കുന്നതിന് ജില്ലാ പഞ്ചായത്ത് പിന്തുണ നല്‍കുമെന്നും എല്‍ദോസ് കുന്നപ്പിള്ളി പറഞ്ഞു.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് ബിന്ദു ജോര്‍ജ് അധ്യക്ഷത വഹിച്ചു. സ്ഥിരം സമിതി അധ്യക്ഷന്മാരായ കെ.കെ. സോമന്, ബാബു ജോസഫ്, സാജിത സിദ്ധിഖ്, ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ഹസീന മുഹമ്മദ്, എന്‍.ആര്.എച്ച്.എം ജില്ലാ പ്രോഗ്രാം മാനേജര്‍ ഡോ. കെ.വി. ബീന, ഒ.എം. സെബുന്നീസ ബീവി, ഇന്ത്യന്‍ അക്കാദമി ഓഫ് പീഡിയാട്രിക്സ് കൊച്ചി ചാപ്റ്റര്‍ സെക്രട്ടറി ഡോ. എം.എസ് നൗഷാദ്, ഡോ. വി.പി. കുര്യൈപ്പ്, ഡോ. ആര്. ശാന്തകുമാരി എന്നിവര്‍ പ്രസംഗിച്ചു.
കൗമാരപ്രശ്നങ്ങള്‍, പ്രതിവിധികള്‍ എന്ന വിഷയത്തില്‍ ഡോ. സി.ജെ. ജോണും ലഹരിവിമുക്ത കൗമാരത്തെ കുറിച്ച് അഡ്വ. ചാര്‍ളി പോളും ക്ലാസുകള്‍ക്ക് നേതൃത്വം നല്കി. കൊച്ചിന് കലാക്ഷേത്ര വിദ്യാര്‍ഥിനികളുടെ നൃത്തം, എറണാകുളം ഗവ. നഴ്സിങ് സ്കൂള്‍ വിദ്യാര്‍ഥിനികള്‍ അവതരിപ്പിച്ച തെരുവുനാടകം എന്നിവയും ഉണ്ടായിരുന്നു. ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യം ജില്ലയില്‍ നടപ്പാക്കുന്ന കൗമാര ആരോഗ്യ പരിപാടിയുടെ ഭാഗമായാണ് ദിനാചരണം സംഘടിപ്പിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: