അങ്കമാലി: അങ്കമാലിയില്‍ ആധാര്‍ രജിസ്ട്രേഷന് നടത്തിയ വലിയൊരു വിഭാഗത്തിന് ഇരട്ടിപ്പണിക്ക് സാധ്യത. വിവരങ്ങള്‍ രേഖപ്പെടുത്തുന്ന സോഫ്റ്റ്വേറിന്റെ പിഴവുമൂലം സംഭവിച്ച തെറ്റു തിരുത്താന്‍ ഇവര്‍ വീണ്ടും രജിസ്ട്രേഷന് എത്തേണ്ടി വരുമെന്ന് ചൂണ്ടിക്കാണിക്കപ്പെടുന്നു. വ്യക്തികളുടെ മേല്‍വിലാസം ഇംഗ്ലീഷില്‍ രേഖപ്പെടുന്ന ഭാഗത്താണ് തെറ്റ് കടന്നുകൂടിയിട്ടുള്ളത്. മേല്‍വിലാസത്തിനൊപ്പം ‘പാറക്കടവ്’ എന്ന സ്ഥലപ്പേര് തനിയെ ചേര്‍ക്കപ്പെടുന്നതാണ് പ്രശ്നം. ഇതുമൂലം മേല്‍വിലാസം തെറ്റിപ്പോകാന്‍ ഇടയുണ്ട്. മാത്രമല്ല തെറ്റു തിരുത്തിയില്ലെങ്കില്‍ ഭാവിയില്‍ വിവിധ ആവശ്യങ്ങള്‍ക്ക് ആധാര്‍ കാര്‍ഡ് ഉപയോഗിക്കേണ്ടി വരുമ്പോഴും ഇതു പ്രശ്നങ്ങള്‍ സൃഷ്ടിക്കും.
വ്യക്തിഗത വിവരങ്ങളില്‍ തിരുത്തലുകള്‍ ഉണ്ടെങ്കില്‍ രേഖപ്പെടുത്തിയ സമയം മുതല്‍ 96 മണിക്കൂറിനുള്ളില്‍ ചെയ്യണമെന്ന് രജിസ്റ്റര്‍ ചെയ്യുന്നവര്‍ക്ക് നല്കുന്ന രസീതില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. അങ്കമാലി നഗരസഭാ പ്രദേശത്ത് 24-ന് ആരംഭിച്ച രണ്ടാം ഘട്ട രജിസ്ട്രേഷനില്‍ പിശക് വ്യാപകമാണ്. കഴിഞ്ഞ മൂന്നു ദിവസങ്ങളിലായി അങ്കമാലി ജെബിഎസില്‍ നടന്ന ക്യാമ്പില്‍ രജിസ്ട്രേഷന് നടത്തിയ മുഴുവന്‍ പേരുടെയും മേല്‍വിലാസത്തില്‍ ഈ തെറ്റ് കടന്നുകൂടിയിട്ടുണ്ട്. അതിനു മുമ്പ് റെയില്‍വേ സ്റ്റേഷന് ജംഗ്ഷനിലും ചമ്പന്നൂരിലും ക്യാമ്പ് നടന്നിരുന്നു. നൂറുകണക്കിനു പേരാണ് ഈ ദിവസങ്ങളില്‍ രജിസ്ട്രേഷന് നടത്തിയിട്ടുള്ളത്. ഇവര്‍ മുഴുവന്‍പേരും തെറ്റ് തിരുത്താന്‍ വീണ്ടുമെത്തേണ്ട സ്ഥിതിയാണ്.
ആദ്യഘട്ട രജിസ്ട്രേഷന് സമയത്തും ചില കേന്ദ്രങ്ങളില്‍ ഇതേ പിശക് ചൂണ്ടിക്കാണിക്കപ്പെട്ടിരുന്നതായി പറയുന്നു. ആധാര്‍ രജിസ്ട്രേഷനു നേതൃത്വം വഹിക്കുന്ന അക്ഷയ അധികൃതരുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയെങ്കിലും തൃപ്തികരമായ മറുപടി ലഭിച്ചില്ലെന്ന് ആരോപണമുണ്ട്. എന്നാല്‍ തെറ്റ് ശ്രദ്ധയില്‍പെട്ടപ്പോള്‍ തന്നെ മുകള്‍തട്ടിലേക്ക് വിവരം കൈമാറിയതായി അക്ഷയ അധികൃതര്‍ വ്യക്തമാക്കി. രജിസ്ട്രേഷന് തുടരാനുള്ള നിര്‍ദേശമാണ് ലഭിച്ചതെന്നും ഇവര്‍ പറയുന്നു.
സ്കൂളില്‍ നിന്നും ജോലി ചെയ്യുന്ന സ്ഥാപനങ്ങളില്‍ നിന്നും അവധിയെടുത്ത് മണിക്കൂറുകളോളം ക്യൂ നിന്നാണ് പലരും ആധാര്‍ രജിസ്ടേഷന് നടത്തിയത്. തങ്ങളുടേതല്ലാത്ത തെറ്റുമൂലം വീണ്ടും രജിസ്ട്രേഷന് നടത്തേണ്ടിവരുമോയെന്ന ആശങ്കയിലാണ് ഇവര്‍. അതേസമയം സോഫ്റ്റ്വേറിന്റെ തകരാര്‍ പരിഹരിക്കാതെ രജിസ്ട്രേഷന് തുടരരുതെന്ന് ആവശ്യമുയര്‍ന്നിട്ടുണ്ട്. ബന്ധപ്പെട്ടവരുടെ അടിയന്തരശ്രദ്ധ ഇക്കാര്യത്തില്‍ ഉണ്ടാകണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. സോഫ്റ്റ്വേര്‍ തകരാര്‍ മൂലം അങ്കമാലിയില്‍ നിരവധി പേരുടെ ആധാര്‍ രജിസ്ട്രേഷനില്‍ ഉണ്ടായ പിഴവു തിരുത്താന്‍ നടപടി സ്വീകരിക്കണമെന്ന് ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: