രാഷ്ട്രീയം രാഷ്ട്രത്തിന് അനിവാര്യമാണെന്ന് അംഗീകരിക്കുമ്പോള്‍ തന്നെ ജനായത്ത ഇന്ത്യയില്‍ രാഷ്ട്രീയമാണ് ഇന്ന് ജനങ്ങളെ സാമുദായിക-മത-പ്രാദേശിക തലത്തില്‍ വിഭജിക്കുന്നത് എന്ന യാഥാര്‍ത്ഥ്യം കാണാതിരുന്നുകൂടാ. കേരളത്തില്‍ രാഷ്ട്രീയത്തിന് കൊലപാതകമാനവും കൂടി കൈവന്നതോടെ അത് തിന്മയുടെ പ്രതീകമായി മാറുകയല്ലേ എന്ന് ചിന്തിക്കേണ്ടി വരുന്നു.
ഇക്കാലത്ത് ആരും ഒരാളെ മനുഷ്യനായിട്ടോ സ്ത്രീയായിട്ടോ പുരുഷനായിട്ടോ അല്ല കാണുന്നത്. മറിച്ച് ഏത് ജാതിയില്‍, ഏതു മതത്തില്‍, ഏത് സമുദായത്തില്‍, ഏത് പാര്‍ട്ടിയില്‍ പെട്ടയാളാണ് എന്നാണ് നോക്കുന്നത്. ഇങ്ങനെ ജനങ്ങളെ മാനസികമായി വിഭജിച്ചെടുക്കുന്നത് രാഷ്ട്രീയക്കളികളില്‍ അവര്‍ വെറും കരുക്കള്‍ മാത്രമായതിനാലാണ്. മനുഷ്യനില്‍ മനുഷ്യത്വം അപ്രത്യക്ഷമായിട്ടില്ല എന്നതിന് ഒരു സ്വാതി കൃഷ്ണയോടുള്ള സമൂഹത്തിന്റെ താദാത്മ്യപ്പെടല്‍ തെളിയിക്കുന്നുണ്ടെങ്കിലും.
പരശുരാമന് മഴു എറിഞ്ഞ് നേടിയ കേരളത്തിന് കന്യാകുമാരിയും ഗോകര്ണവും അയല്‍ സംസ്ഥാനങ്ങള്‍ക്ക് വിട്ടുകൊടുക്കേണ്ടിവന്നു. മാര്‍ത്താണ്ഡവര്‍മ്മ നാട്ടുരാജ്യങ്ങള്‍ വെട്ടിപ്പിടിച്ചു തിരുവിതാംകൂര്‍ രൂപീകരിച്ചു. സ്വാതന്ത്ര്യലബ്ധിക്ക് മുന്‍പ് തിരുവിതാംകൂര്‍, കൊച്ചി, മലബാര്‍ വിഭജനമാണ് നിലനിന്നിരുന്നത്. അന്നും ഇന്നും തിരുവിതാംകൂറുകാരെ വിശ്വസിക്കാന്‍ കൊള്ളില്ല എന്ന ധാരണ നിലനില്ക്കുന്നു. ഇന്നും കൊച്ചിയില്‍ ഏതെങ്കിലും ഒരു കുടുംബത്തില്‍ കല്യാണം ആലോചിക്കേണ്ടിവന്നാല്‍ ആദ്യത്തെ നിബന്ധന അവര്‍ തിരുവിതാംകൂറില്‍നിന്ന് അല്ലെങ്കില്‍ തിരുവനന്തപുരത്തുനിന്നാകരുത് എന്നാണ്. മലബാറിലുള്ളവര്‍ സ്നേഹിക്കാന്‍ അറിയുന്നവരും കൊച്ചിക്കാര് നിഷ്ക്കളങ്കരുമാണെന്നാണ് വിശ്വസിച്ചിരുന്നത്.
അയിത്തം നിലനിന്ന കാലത്താണ് സ്വാമി വിവേകാനന്ദന് കേരളത്തെ ഭ്രാന്താലയമെന്ന് വിശേഷിപ്പിച്ചത്. ഇന്ന് അയിത്തം ഇല്ല. പക്ഷെ അന്ന് ക്രിസ്ത്യന്‍, മുസ്ലീം, ദളിതര്‍ എന്നീ വിഭാഗീയത മാത്രമായിരുന്നു. ശ്രീനാരായണ ഗുരു ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് എന്ന് പറഞ്ഞത് ഇന്ന് ഗാനഗന്ധര്‍വന്റെ പാട്ടില്‍ ഒതുങ്ങുന്ന ഒരു സങ്കല്‍പ്പമാണ്. ഇപ്പോള്‍ നായര്‍, ഈഴവര്‍, ദളിതര്‍ മുതലായ ഐഡിന്റിറ്റി മാത്രമല്ല, വിളക്കിത്തല നായര്‍ സമാജവും എഴുത്തച്ഛന് സമാജവും മുതല്‍ എല്ലാ വിഭാഗക്കാരും സ്വന്തം വ്യക്തിത്വം സ്ഥാപിക്കാന്‍ ശ്രമിക്കുന്നത് അവകാശങ്ങള്‍ ഉന്നയിയ്ക്കാം എന്ന ലക്ഷ്യമിട്ടാണ്. ധനിക-ദരിദ്ര വിടവ് എന്നുമുണ്ടായിരുന്നു. എന്നാല്‍ ഭൂരിപക്ഷ-ന്യൂനപക്ഷ വേര്‍തിരിവ് വന്നത് സമൂഹാന്തരീക്ഷം കലുഷിതമാക്കാനും ഒരു കാരണമായിരിക്കുകയാണ്. ഈ വേര്തിരിവായിരിക്കാം സാമൂഹിക ജീവിതത്തിന്റെ എല്ലാ മേഖലകളിലും വര്‍ഗീയത പടര്‍ത്തുന്നത്. ന്യായവും നീതിയും നിയമവും നോക്കിയല്ല സമുദായങ്ങളുടെ അവകാശങ്ങള്‍ നോക്കി വിലപേശല്‍ രാഷ്ട്രീയം കൊഴുക്കുന്നു. എയ്ഡഡ് സ്കൂള്‍ വിവാദം ഉദാഹരണം. മതവികാരം തീവ്രവാദത്തിലേയ്ക്ക് തിരിയുമ്പോള്‍ കേരളം സുരക്ഷിതമല്ലെന്നും എന്‍ഡിഎഫ് പോലുള്ള തീവ്രവാദ സംഘടനകള്‍ ഇവിടെ പ്രബലമാണെന്നും കേന്ദ്രം തന്നെ മുന്നറിയിപ്പ് നല്കുന്നു.
കണ്ണൂരില്‍ രാഷ്ട്രീയ പാര്‍ട്ടികള്‍ പാര്‍ട്ടി ഗ്രാമങ്ങള്‍ ഉണ്ടാക്കുമ്പോള്‍ കാസര്‍കോട് മത ഗ്രാമങ്ങളാണ് നിലവില്‍ വന്നിരിക്കുന്നത്. ഇന്ന് മുസ്ലീംലീഗ് കേരളത്തെ ലീഗുവല്ക്കരിക്കുന്നതിനെതിരെ ഹിന്ദു ഐക്യം, ഹിന്ദു ലീഗ് എന്നെല്ലാം വെള്ളാപ്പള്ളി നടേശനും സുകുമാരന്‍ നായരും പറയുന്നതില്‍ ചില സാമൂഹിക യാഥാര്‍ത്ഥ്യങ്ങള്‍ ഉള്ളടങ്ങിയിട്ടുണ്ട്.
കേരളത്തെ വര്‍ഗീയമായി യഥാര്‍ത്ഥത്തില്‍ വിഭജിച്ചത് രാഷ്ട്രീയക്കാരാണ്. എംഎല്‍എമാരെ നിശ്ചയിക്കുന്നതുപോലും അതാത് പ്രദേശങ്ങളിലെ സാമുദായിക പ്രാമാണിത്വം പരിശോധിച്ചാണ്. വിഎസ് അധിക്ഷേപിച്ച മീന്‍ പെറുക്കുന്ന ചെറുക്കനെ മാര്‍ക്സിസ്റ്റ് പാര്‍ട്ടി ആലപ്പുഴയില്‍ നിര്‍ത്തിയത് മത്സ്യത്തൊഴിലാളി വോട്ട് ലക്ഷ്യമിട്ടാണ്. ഇങ്ങനെ തെരഞ്ഞെടുക്കപ്പെടുന്ന എംഎല്‍എമാര്‍ സ്വസമുദായത്തിന്റെയും സ്വന്തം പ്രദേശത്തിന്റെയും ഉന്നമനം മാത്രം ലക്ഷ്യമിടുമ്പോള്‍ രാഷ്ട്രീയ കാഴ്ചപ്പാട് തന്നെ സങ്കുചിതമാകുന്നു. രാഷ്ട്രീയക്കാര്‍ പ്രാദേശിക-സാമുദായിക വിടവിന് ഊന്നല്‍ നല്‍കുകയാണ്. അത് വലുതാക്കാനാണ്, നികത്താനല്ല ശ്രമിക്കുന്നത്. ഒരു എംഎല്‍എയുടെ മിടുക്കനുസരിച്ചാണ് അയാളുടെ മണ്ഡലത്തിലെ വികസനം.
വര്‍ഗീയതയും വിഭാഗീയതയും കൂടുതല്‍ രൂക്ഷമാകുന്നത് രാഷ്ട്രീയത്തിന്റെ ശീതള ഛായയില്‍ തന്നെയാണ്. രാഷ്ട്രീയക്കാരുടെ പരമമായ ലക്ഷ്യം അധികാരവും അതില്‍ക്കൂടി അഴിമതി നടത്തി കരസ്ഥമാക്കാന്‍ സാധിക്കുന്ന ധനവും മാത്രമാണ്. ഓരോ തെരഞ്ഞെടുപ്പ് വേളയിലും നടത്തുന്ന പ്രഖ്യാപനം അവരുടെ സാമ്പത്തിക വളര്‍ച്ച തെളിയിക്കുന്നതാണ്. ജനക്ഷേമം രാഷ്ട്രീയ ലക്ഷ്യമല്ലാതായിട്ട് പതിറ്റാണ്ടുകള്‍ കഴിഞ്ഞു.
ഇന്ന് വിദ്യാര്‍ത്ഥി രാഷ്ട്രീയം പോലും വര്ഗീയവല്ക്കരിക്കപ്പെട്ടതിന്റെ തെളിവാണ് വിശാല്‍ കൊലപാതകം. ക്യാമ്പസ് രാഷ്ട്രീയവും രാഷ്ട്രീയാടിസ്ഥാനത്തിലല്ല, വര്‍ഗീയാടിസ്ഥാനത്തിലാണ് രൂപപ്പെടുന്നത് എന്ന് തെളിയിക്കുന്നതാണല്ലോ എന്‍ഡിഎഫ് പോലുള്ള സംഘടനകളുടെ അനുകൂലികള്‍ ക്യാമ്പസില്‍ വിലസുന്നതും വര്‍ഗീയാടിസ്ഥാനത്തിലുള്ള ആക്രമണങ്ങള്‍ നടത്തുന്നതും. പണ്ട് ക്യാമ്പസ് സംഘര്‍ഷം എസ്എഫ്ഐയും കെഎസ്യുവും തമ്മിലായിരുന്നെങ്കില്‍ ഇന്ന് വിദ്യാര്‍ത്ഥികള്‍പോലും മതപരമായി ചിന്തിക്കുകയും സംഘടിക്കുകയും പരസ്പ്പരം വൈരാഗ്യം വച്ചുപുലര്‍ത്തുകയും ചെയ്യുന്നു എന്നുകാണാം.
മുസ്ലീങ്ങളെ തീവ്രവാദികള്‍ എന്ന് മുദ്ര ചാര്‍ത്തുന്നത് മാധ്യമങ്ങളാണെന്നും ഏത് മതസംഘര്ഷമുണ്ടായാലും പ്രതികളുടെ പേരുകള്‍ മുസ്ലീം പേരുകളായിരിക്കുമെന്നുമുള്ള വിമര്‍ശനം ഒരു സെമിനാറില്‍ ഉയര്‍ന്നിരുന്നു. ഹിന്ദു-മുസ്ലീം സംഘര്‍ഷത്തില്‍ ഏത് സമുദായമാണെന്ന് എടുത്തുപറയാതെ രണ്ടു സമുദായങ്ങള്‍ തമ്മില്‍ സംഘട്ടനം എന്നാണ് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യാറുള്ളതെന്നും പേരുകള്‍ തരുന്നത് പോലീസാണെന്നും അതിന് ആധികാരികത ഉള്ളതിനാലാണ് പ്രസിദ്ധപ്പെടുത്തുന്നത് എന്നും ഞാന്‍ മറുപടി പറയുകയുണ്ടായി. ഇന്ന് മാധ്യമ ലോകം മാറിയപ്പോള്‍, എല്ലാ ജാതി-മതവിഭാഗങ്ങള്‍ക്കും സ്വന്തം മാധ്യമങ്ങളും ചിലര്‍ക്ക് ചാനലുകള്‍പോലും വന്നു കഴിഞ്ഞ സാഹചര്യത്തില്‍ ഈ ആരോപണം അപ്രസക്തമാകുന്നു. ടി.പി.ചന്ദ്രശേഖരന് വധത്തിന് മാധ്യമങ്ങളും ചാനലുകളും നല്കിയ വാര്‍ത്താപ്രാധാന്യം ജാതി-മത-രാഷ്ട്രീയ ഭിന്നതകള്ക്കെതിരായിരുന്നല്ലോ.
ഇന്ന് ജാതി-മത-രാഷ്ട്രീയ-വര്‍ഗീയ ചിന്തകള്‍ക്കതീതമായി കേരളത്തെ യോജിപ്പിക്കുന്ന ഒരേയൊരു ഘടകം ഇവിടെ വര്‍ധിച്ചുവരുന്ന മദ്യപാന ശീലവും ക്രിമിനല്വല്ക്കരണവുമാണ്. മദ്യഷോപ്പുകള്‍ പോലും അനുവദിക്കുന്നത് എക്സൈസ് മന്ത്രിയുടെ മണ്ഡലത്തിലായിരിക്കും. പിറവം ഉപതെരഞ്ഞെടുപ്പ് ജയിക്കാനും അവിടെ ഒരു മദ്യഷോപ്പ് അനുവദിച്ചു. ത്രീസ്റ്റാറിന് മുകളില്‍ മാത്രം ബാര്‍ലൈസന്‍സ് എന്ന പ്രഖ്യാപനം മന്ത്രി നടത്തിയെങ്കിലും ആ വിധി തള്ളി കോടതി പറഞ്ഞത് അത് തുല്യതാ നിഷേധമാണ് എന്നാണല്ലൊ. മദ്യവിരുദ്ധ സമര നേതാവായ ഫാദര്‍ വര്‍ഗീസ് മുഴുത്തേറ്റ് ഇതിനെ വ്യാഖ്യാനിച്ചത് മദ്യപാനത്തിനുള്ള തുല്യതാവകാശം എന്നായിരുന്നു. ഇപ്പോള്‍ ഹൈക്കോടതി വിധിക്കെതിരെ സുപ്രീം കോടതിയില്‍ അപ്പീല്‍ പോകുമെന്നു പറയുന്ന സര്‍ക്കാര്‍ പക്ഷെ മദ്യഷോപ്പുകള്‍ അനുവദിക്കുന്ന പഞ്ചായത്തധികാരം സ്ഥാപിക്കും എന്നു പറയാന്‍ തയ്യാറല്ല.
‘അസോചം’ എന്ന സംഘടനയുടെ പഠനപ്രകാരം ഇന്ത്യയിലേക്കുള്ള വിദേശമദ്യത്തിന്റെ ഒഴുക്ക് വര്‍ധിക്കുകയാണ്. പ്രതിവര്‍ഷം 25 ശതമാനം വളര്‍ച്ചയാണത്രെ. ഇന്ത്യക്കാരുടെ മദ്യോപയോഗത്തില്‍ 30 ശതമാനം വര്‍ധന ഉണ്ടായെന്നും ഇപ്പോള്‍ 70കോടി ലിറ്റര്‍ എന്ന കണക്ക് 2015 ആകുമ്പോള്‍ 200കോടിയാകുമെന്നും പഠനം പറയുന്നു. ഇതില്‍ നല്ലൊരു ശതമാനം എത്തുന്നത് കേരളത്തിലേയ്ക്കും. കഴിഞ്ഞ സാമ്പത്തികവര്‍ഷം കേരളം കുടിച്ചത് 5538.90 കോടി രൂപയുടെ മദ്യമായിരുന്നത്രെ. ബിവറേജസ് കോര്പ്പറേഷന് ചരിത്രം സൃഷ്ടിച്ചാണ് 5000 കോടി തുകയില്‍ കവിഞ്ഞ വരുമാനം നേടിയത്. സര്‍ക്കാര്‍ ഖജനാവിലെത്തിയത് 4250 കോടിയും.
ചിങ്ങം പുലരാന്‍ ഇനി 16 ദിവസം മാത്രം. ഓണാഘോഷം മദ്യാഘോഷമാണല്ലോ. ഈ വര്‍ഷവും മദ്യോപയോഗത്തില്‍ കേരളം പിന്നോട്ടില്ല എന്നാണ് സൂചനകള്‍. അതുകൊണ്ടുതന്നെയാണ് കേരളം കുറ്റകൃത്യ തലസ്ഥാനമാകുന്നതും ലൈംഗികാതിക്രമ കേന്ദ്രമാകുന്നതും. സൈബര്‍ ക്രൈമുകളിലും മലയാളി മുന്നില്‍ തന്നെയാണ്.
മദ്യലഹരിയില്‍ കേരളം മറക്കുന്നത് മദ്യം വരുത്തിവയ്ക്കുന്ന രോഗങ്ങളെക്കുറിച്ചാണ്. ആരോഗ്യ കേരളത്തെ അനാരോഗ്യ കേരളമാക്കിയത് മദ്യമാണല്ലോ. 13 വയസ്സുകാരന് പോലും മദ്യാസക്തനാണ്. 40 ലക്ഷം കുടിയന്മാരുള്ള കേരളത്തിലാണിത്. മദ്യം ഇന്ന് ജീവിതചര്യയുടെ ഭാഗമാണ്. മദ്യോപയോഗമാണ് കേരളത്തിന്റെ സമ്പദ്വ്യവസ്ഥ തകര്‍ക്കുന്നതും ലഹരിയ്ക്കടിമയായ, ക്രിമിനല്‍വല്‍കൃത മനസ്സുള്ള ഒരു സമൂഹത്തെ രൂപപ്പെടുത്തുന്നതും. ഇന്ന് മനോരോഗികള്‍ പോലും വര്‍ധിക്കുന്നത് മദ്യ-മയക്കുമരുന്നുപയോഗം മൂലമാണ്. കേരളത്തില്‍ 10 ശതമാനം പേര് മാനസിക നില തകരാറിലായവരാണത്രെ. ലക്ഷത്തില്‍ മുപ്പതുപേര്‍ എന്ന നിരക്കില്‍ കേരളം ആത്മഹത്യയിലും മുന്നേറുകയാണ്. കേരളത്തില്‍ 350 ബിവറേജസ് ഔട്ട്ലെറ്റുകളില് മാത്രമായി 80,000 പേര് ലഹരിതേടിയെത്തുന്നു. 600 സ്വകാര്യ ബാറുകളും 5000 കള്ളുഷാപ്പുകള്‍ക്കും പുറമെ വ്യാജ വാറ്റും സ്പിരിറ്റ് കടത്തലും കൊഴുക്കുന്നു.
പക്ഷെ ഈ ദുരവസ്ഥയൊന്നും രാഷ്ട്രീയ നിരീക്ഷണത്തില്‍ വരുകയോ പരിഹാരമാര്‍ഗ്ഗം തേടുകയോ ചെയ്യാത്തതിന് കാരണം കേരളത്തില്‍ ശക്തമായ മദ്യലോബി ഉളളതിനാലാണ്. കേരള ഭരണം ഇന്ന് രാഷ്ട്രീയക്കാരല്ല നടത്തുന്നത്. മറിച്ച് വിവിധ ലോബികളാണ്. അവരുടെ താല്‍പ്പര്യങ്ങള്‍ സംരക്ഷിക്കുന്ന പ്രതിപുരുഷന്മാരായി രാഷ്ട്രീയനേതാക്കള്‍ മാറുമ്പോള്‍ സാമൂഹിക മലിനീകരണം ശ്രദ്ധയില്‍പോലും വരുകയില്ല. ലോബികളുടെ മതവും രാഷ്ട്രീയത്തില്‍ സ്വാധീനം ചെലുത്തുന്നു. സാധാരണക്കാരന് എല്ലാം സഹിക്കുകയേ നിവൃത്തിയുള്ളൂ.
ലീലാമേനോന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: