കണ്ണൂര്‍: രാഷ്ട്രീയ കൊലപാതക-അഴിമതിക്കേസുകളില്‍ കോണ്‍ഗ്രസ്-സിപിഎം രഹസ്യധാരണയുണ്ടെന്ന് ബിജെപി ദേശീയ നിര്‍വാഹക സമിതിയംഗവും മുന്‍ കേന്ദ്രമന്ത്രിയുമായ ഒ.രാജഗോപാല്‍ പറഞ്ഞു. കെ.ടി.ജയകൃഷ്ണന്, പന്ന്യന്നൂര്‍ ചന്ദ്രന്, ടി.അശ്വിനി കുമാര്‍ തുടങ്ങിയവരുടെ കൊലപാതകക്കേസുകള്‍ സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് ബിജെപി ജില്ലാ അധ്യക്ഷന്‍ കെ.രഞ്ജിത്ത് നയിച്ച ജനകീയ പ്രക്ഷോഭയാത്രയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ടി.പി.ചന്ദ്രശേഖരന് വധം ഉള്‍പ്പെടെയുള്ള കേസുകളില്‍ ഈ രഹസ്യധാരണ കാണാന്‍ സാധിക്കും.
കൊന്നവരെയും കൊല്ലിച്ചവരെയും നിയമത്തിന് മുന്നില്‍ കൊണ്ടുവരണമെന്നതായിരുന്നു ബിജെപിയുടെ ആവശ്യം. കൊന്നവരെ അറസ്റ്റ് ചെയ്തുകഴിഞ്ഞിരിക്കുന്നു. എന്നാല്‍ കൊല്ലിച്ചവരെ ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ല. രാഷ്ട്രീയ പ്രതിസന്ധിയെ നേരിടുന്ന കോണ്‍ഗ്രസ്സിന് നിലനില്‍പ്പിന് സിപിഎമ്മിന്റെ സഹായം അത്യാവശ്യമാണ്. രാഷ്ട്രപതി, ഉപരാഷ്ട്രപതി തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ്സിന്റെ വിജയത്തിനും ഐസ്ക്രീം കേസ്, ലാവലിന്‍ തുടങ്ങിയ കേസുകളില്‍ രാഷ്ട്രീയ നേതാക്കള്‍ക്ക് രക്ഷപ്പെടാനും ഇവര്‍ പരസ്പരം സഹകരിക്കുകയായിരുന്നു. പ്രണബ് കുമാര്‍ മുഖര്‍ജി സിപിഎമ്മിന്റെ ഏറ്റവും വലിയ രാഷ്ട്രീയ ശത്രുവായിരുന്നു. എന്നാല്‍ രാഷ്ട്രപതി തെരഞ്ഞെടുപ്പില്‍ പ്രണബ് കുമാര്‍ മുഖര്‍ജിക്ക് വോട്ടു ചെയ്യേണ്ടിവന്നത് സിപിഎമ്മിന്റെ രാഷ്ട്രീയ പാപ്പരത്തമാണ്.
ഇന്ത്യയിലെ മുഖ്യപ്രതിപക്ഷ കക്ഷിയായിരുന്നു മാര്‍ക്സിസ്റ്റ് പാര്‍ട്ടി. എന്നാല്‍ ഇന്ന് ദേശീയ രാഷ്ട്രീയത്തില്‍ സിപിഎം എട്ടാം സ്ഥാനത്താണ്. മൂന്ന് സംസ്ഥാനങ്ങളിലായി മാത്രം സിപിഎമ്മിന്റെ സ്വാധീനം ഒതുങ്ങിയിരിക്കുന്നു. ബിജെപിയുടെ പ്രവര്‍ത്തനം ആരംഭിച്ച കാലഘട്ടത്തില്‍ കോണ്‍ഗ്രസ്സും മാധ്യമങ്ങളും ശക്തമായി എതിര്‍ത്തിരുന്നു. എന്നാല്‍ ഇന്ന് ബിജെപി ഇന്ത്യയിലെ മുഖ്യപ്രതിപക്ഷ പാര്‍ട്ടിയാണ്. മാത്രമല്ല ഒമ്പതോളം സംസ്ഥാനങ്ങള്‍ ഭരിക്കുകയാണ്. കോണ്‍ഗ്രസ് ഇന്ത്യയില്‍ പ്രതിസന്ധിയിലാണ്. ശരത് പവാര്‍, മമത ബാനര്‍ജി തുടങ്ങിയ സഖ്യകക്ഷി നേതാക്കള്‍ രാഷ്ട്രീയമായി വിലപേശല്‍ നടത്തുകയാണ്. മുലായം സിംങ്ങും കോണ്‍ഗ്രസ്സിനെ ഭീഷണിപ്പെടുത്തുന്നു. കോണ്‍ഗ്രസ് മുങ്ങാന്‍ പോകുന്ന കപ്പലാണെന്ന് സഖ്യകക്ഷികള്‍ മനസ്സിലാക്കിത്തുടങ്ങിയിരിക്കുന്നു. ഏതു പ്രതിസന്ധിയിലും സിപിഎം തങ്ങളുടെ കൂടെ നില്‍ക്കുമെന്ന ഉറപ്പ് കോണ്‍ഗ്രസ്സിനുണ്ട്.
1969 ല്‍ തലശ്ശേരിയില്‍ വാടിക്കല്‍ രാമകൃഷ്ണന് എന്ന സാധാരണക്കാരനെ സിപിഎമ്മുകാര്‍ വെട്ടിക്കൊന്നു. മാര്‍ക്സിസ്റ്റുകാരനായിരുന്ന രാമകൃഷ്ണന് പാര്‍ട്ടി വിട്ട് ജനസംഘത്തിന്റെ പ്രവര്‍ത്തനത്തില്‍ സജീവമായതുകൊണ്ടാണ് അദ്ദേഹത്തെ കൊന്നത്. അതിനുശേഷം ഏകദേശം 87 ഓളം സംഘപരിവാര്‍ പ്രവര്‍ത്തകരെ സിപിഎം കൊലക്കത്തിക്കിരയാക്കിയിട്ടുണ്ട്. കൊലപാതകത്തിന് ശേഷം സിപിഎം നിര്‍ദ്ദേശിക്കുന്ന പ്രതികളെ അറസ്റ്റ് ചെയ്യുകയായിരുന്നു പതിവ്. എന്നാല്‍ ടി.പി.ചന്ദ്രശേഖരന് വധം ഇത്തരം ധാരണകളെ മാറ്റിമറിച്ചു. കൊലക്കേസില്‍ ഉള്‍പ്പെട്ട പ്രതികളെ അന്വേഷിച്ച് കണ്ടെത്താന്‍ കേരളത്തിലെ പോലീസിന് സാധിച്ചു.
കെ.ടി.ജയകൃഷ്ണന് മാസ്റ്റര്‍ വധത്തില്‍ യഥാര്‍ത്ഥ പ്രതികളെ കണ്ടെത്തണമെന്നാവശ്യപ്പെട്ടുകൊണ്ട് സംഘപരിവാര്‍ നേതൃത്വം അധികൃതരെ സമീപിച്ചിരുന്നു. എന്നാല്‍ ന്യായമായ അന്വേഷണം നടത്താന്‍ അധികാരികള്‍ തയ്യാറായില്ല. ഇപ്പോള്‍ ജയകൃഷ്ണന് മാസ്റ്ററെ വെട്ടിക്കൊലപ്പെടുത്തിയ പ്രതി തന്നെ കൊലയാളി സംഘത്തിലുണ്ടായിരുന്നവരുടെ പേരു വെളിപ്പെടുത്തിയിട്ടുണ്ട്. ജയകൃഷ്ണന് മാസ്റ്ററുടെ അമ്മ കൗസല്യ മുഖ്യമന്ത്രിയെയും ആഭ്യന്തര മന്ത്രിയെയും നേരിട്ട് കണ്ട് സിബിഐ അന്വേഷണം ആവശ്യപ്പെട്ടിട്ടും സര്‍ക്കാര്‍ അതിന് തയ്യാറാവാത്തത് സിപിഎമ്മിനെ സംരക്ഷിക്കാനാണ്. ഇതിനെതിരെ ജനമനസ്സാക്ഷി ഉണര്‍ത്താനാണ് പാര്‍ട്ടി ജില്ലാ നേതൃത്വത്തിന്റെ ആഭിമുഖ്യത്തില്‍ ജനകീയ പ്രക്ഷോഭയാത്ര നടത്തിയതെന്നും രാജഗോപാല്‍ പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: