തൃപ്പൂണിത്തുറ: ഹില്‍പാലസ് കാഴ്ചബംഗ്ലാവിന്റെ സമഗ്രവികസനവും സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിന്റെ പ്രത്യേകവികസന പദ്ധതികളും മുന്‍ഗണനാക്രമത്തില്‍ ഘട്ടം ഘട്ടമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ നടപടിയെടുക്കുമെന്ന് സാംസ്ക്കാരിക വകുപ്പ് മന്ത്രി കെ.സി.ജോസഫ് പറഞ്ഞു.ഇതു സംബന്ധിച്ച് ചര്‍ച്ച നടത്താന്‍ മന്ത്രിമാരും ജനപ്രതിനിധികളും ഉദ്യോഗസ്ഥരും പങ്കെടുത്ത യോഗത്തില്‍ ഉയര്‍ന്ന അഭിപ്രായങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും മറുപടിപറയുകയായിരുന്നു മന്ത്രി കെ.സി.ജോസഫ്.കേന്ദ്രവിഹിതമായി കിട്ടുന്ന 6 കോടിയുടെ വികസന പ്രവര്‍ത്തനങ്ങളാണ് കാഴ്ചബംഗ്ലാവില്‍ നടപ്പാക്കുന്നത്. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡീസിനു വേണ്ടി സമര്‍പ്പിച്ചിട്ടുള്ള പ്രത്യേക ഗ്രാന്റ് 15 കോടി നടപ്പാക്കുന്നത് സര്‍ക്കാര്‍ പരിഗണിക്കും. വൈകാതെ തിരുവനന്തപുരത്തു ചേരുന്ന യോഗം ഇതുസംബന്ധിച്ച് ചര്‍ച്ചചെയ്ത് തീരുമാനിക്കുമെന്നും മന്ത്രി ജോസഫ് പറഞ്ഞു. കാഴ്ചബംഗ്ലാവില്‍ പ്രവര്‍ത്തിക്കുന്ന മാന്‍പാര്‍ക്ക് മാറ്റണമെന്ന കാര്യവും തീരുമാനമായി. തൃശൂര്‍, പീച്ചി എന്നീസ്ഥലങ്ങള്‍ ഇക്കാര്യത്തിലേക്ക് പരിഗണിക്കും.കൊച്ചി രാജകുടുംബത്തിന്റെ ആസ്ഥാനമായിരുന്ന ഹില്‍പാലസ് കൊട്ടാര സമുച്ചയവും 58 ഏക്കര്‍ ഭൂമിയും കേവലം ഒരു കോടി രൂപക്കാണ് 30 കൊല്ലം മുമ്പ് കേരള സര്‍ക്കാര്‍ ഏറ്റെടുത്തത്. മഹത്തായ ഈ സ്ഥാപനത്തിന്റെ ഇന്നത്തെ ശോചനീയാവസ്ഥ ഏറെപരിതാപകരമാണെന്ന് യോഗത്തില്‍ സംസാരിച്ച ജനപ്രതിനിധികളടക്കമുള്ള എല്ലാവരും ചൂണ്ടിക്കാട്ടി. ചുറ്റുമതില്‍ ഇടിഞ്ഞുതകര്‍ന്ന് കുറ്റിക്കാടുകള്വളര്ന്ന് വെള്ളവും വെളിച്ചവുമില്ലാതെ ഇഴജന്തുക്കളുടെ ആവാസകേന്ദ്രമായി മ്യൂസിയം വളപ്പ് മാറിയിരിക്കുകയാണ്. കാഴ്ചകാണാനെത്തുന്ന ടൂറിസ്റ്റുകളും വിദേശികളും വിശ്രമ സൗകര്യങ്ങളില്ലാതെ വലയുന്ന അവസ്ഥയാണ് കാഴ്ചബംഗ്ലാവിലുള്ളത്. വേണ്ടത്ര കുടിവെള്ള സൗകര്യങ്ങളില്ല, ആധുനിക ടോയ്ലെറ്റുകളില്ല, ഭക്ഷണത്തിന് അനുയോജ്യമായ കാന്റീന് സൗകര്യങ്ങളില്ല. സന്ധ്യകഴിഞ്ഞാല്‍ വെളിച്ചമില്ലാത്തത് ഭയാനകാന്തരീക്ഷം സൃഷ്ടിക്കുന്നു. ഇതിനെല്ലാം അടിയന്തര പരിഹാരം ഉണ്ടാവണമെന്നാണ് യോഗത്തില്‍ പങ്കെടുത്തവര്‍ ആവശ്യപ്പെട്ടത്. കാഴ്ചബംഗ്ലാവിലെ ഗാലറികള്‍ എല്ലാം പുനര്സജ്ജീകരിക്കുക, രണ്ടുകൊല്ലം മുമ്പ് സ്ഥാപിച്ച ട്രാന്‍സ്ഫോര്‍മര്‍ കമ്മീഷന്ചെയ്യുക, കൂടുതല്‍ വൈദ്യുതി വിളക്കുകള്‍ സ്ഥാപിക്കുക, പ്രവേശനം വൈകീട്ട് 7 വരെയാക്കുക എന്നി ആവശ്യങ്ങളും ചര്‍ച്ചയില്‍ ഉയര്‍ന്നുവന്നു.
മ്യൂസിയം വളപ്പ് പ്ലാസ്റ്റിക്ക് വിമുക്തമാക്കുന്നതിനായി പ്രവേശന സമയത്ത് പ്ലാസ്റ്റിക് വസ്തുക്കള്‍ ഗേറ്റില്‍ രജിസ്റ്റര്‍ ചെയ്യുകയും തിരികെപോകുമ്പോള്‍ ഉപയോഗശൂന്യമായവ ഗേറ്റിനടുത്ത് പ്രത്യേകസ്ഥലത്ത് നിക്ഷേപിക്കാനും സൗകര്യമൊരുക്കും. കാഴ്ചബംഗ്ലാവിലെ മാന്‍പാര്‍ക്ക് ക്രമേണ നിര്‍ത്തലാക്കും. കേന്ദ്ര മ്യൂസിയം അധികൃതര്‍ കഴിഞ്ഞ മെയ് മാസം ഹില്‍പാലസിലെ മാന്‍പാര്‍ക്ക് സന്ദര്‍ശിച്ച് പഠനം നടത്തിയിരുന്നു. ഇതേതുടര്‍ന്ന് മാന്‍ പാര്‍ക്ക് അനുയോജ്യമല്ലെന്നും അസൗകര്യമാണെന്നും റിപ്പോര്‍ട്ട് നല്കിയതു കൂടി പരിഗണിച്ചാണ് മാന്‍പാര്‍ക്ക് നിര്‍ത്തലാക്കുന്നത്. ആഴ്ചയില്‍ ഒന്നു വീതം മാന്‍ പ്രസവിക്കുന്നതും ചാവുന്നതുമെല്ലാം പാര്‍ക്കില്‍ ഗുരുതര പ്രശ്നങ്ങളുണ്ടാക്കുന്നുണ്ട്. അതുകൊണ്ട് മാന്‍പാര്‍ക്ക് മാറ്റേണ്ടതാണ്.
2003ല്‍ സംരക്ഷിത പൈതൃക സ്മാരകമായി പ്രഖ്യാപിച്ചിട്ടുള്ള ഹില്‍പാലസില്‍ വികസനത്തിന് 6 കോടിയാണ് കേന്ദ്രസഹായമായി അനുവദിച്ചിട്ടുള്ളതെന്നും മന്ത്രി ജോസഫ് പറഞ്ഞു. കൂടുതല്‍ തുക ഇതിനുവേണ്ടി ആവശ്യപ്പെടും. സെന്റര്‍ ഫോര്‍ ഹെറിറ്റേജ് സ്റ്റഡിസിനുവേണ്ടി 15 കോടിയുടെ പ്രത്യേക വികസന പദ്ധതികളാണ് ഡയറക്ടര്‍ ജനറല്‍ ഡോ.എം.ജി.എസ്.നാരായണന് സാംസ്ക്കാരിക വകുപ്പ് മന്ത്രിക്ക് സമര്‍പ്പിച്ചത്. നാല്കോടി ചെലവ് വരുന്ന ആധുനിക ലൈബ്രറി കോംപ്ലക്സ്, ഒന്നര കോടിയുടെ ഗവേഷണ പദ്ധതികള്‍, ഹെറിറ്റേജ് ജേര്‍ണല്‍, പുസ്തകങ്ങള്‍, ന്യൂസ് ലെറ്റര്‍ പ്രസിദ്ധീകരണം, പ്രത്യേക അക്കാദമിക്ക് കോംപ്ലക്സ് കെട്ടിടം, സെമിനാര്‍, വര്‍ക്ക്ഷോപ്പ്, പുരാവസ്തുക്കളുടെ സര്‍വ്വെ, കണ്‍സര്‍വേഷന്‍ ലാബറട്ടറി, കുട്ടികളുടെ പാര്‍ക്ക്, വെബ് സൈറ്റ്, സ്കോളര്‍ റെസിഡന്റ്സ് പ്രോഗ്രാം, ഇ-ടോയ്ലറ്റുകള്, എന്നിവയടക്കം 15 പദ്ധതികള്‍ക്കായിട്ടാണ് 15 കോടിയുടെ പ്രത്യേക ഗ്രാന്റ് ആവശ്യപ്പെട്ടിട്ടുള്ളതെന്ന് എം.ജി.എസ്.പറഞ്ഞു. മ്യൂസിയം ഹാളില്‍ സാംസ്ക്കാരികവകുപ്പ് മന്ത്രി കെ.സി.ജോസഫിന്റെ നേതൃത്വത്തില്‍ കൂടിയ യോഗത്തില്‍ എക്സൈസ് മന്ത്രി കെ.ബാബു, ഭക്ഷ്യമന്ത്രി അനൂപ് ജേക്കബ്, ഡോ.എം.ജി.എസ്.നാരായണന്, നഗരസഭാ ചെയര്മാന് ആര്.വേണുഗോപാല്‍, എം.ജി.ശശിഭൂഷന്‍, സിഎച്ച്എസ്രജിസ്ട്രാര് സോന, ഡോ.എന്‍.എം.നമ്പൂതിരി (ഗവേണിങ്ങ് ബോഡി) രമാരാജന്‍, മുന്‍ രജിസ്ട്രാര്‍ പി.കെ.ഗോപി എന്നിവര്‍ പങ്കെടുത്തു. യോഗശേഷം മന്ത്രിമാര്‍ മ്യൂസിയം ഗ്യാലറികള്‍ ചുറ്റിനടന്ന് പരിശോധിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: