സര്‍വ്വ ആഡംബരങ്ങളോടുംകൂടി രാഷ്ട്രപതിയായി പ്രണബ് മുഖര്‍ജിയുടെ സ്ഥാനാരോഹണം കഴിഞ്ഞു. വാസ്തവത്തില്‍ പ്രണബ് മുഖര്‍ജിയെ രാഷ്ട്രപതിക്കസേരയില്‍ ഇരുത്താന്‍ മന്മോഹന്സിംഗിന് തിടുക്കമായിരുന്നു. ഈ കളികളുടെ കാരണങ്ങള്‍ അന്വേഷിക്കുകയും മനസ്സിലാക്കുകയും ചെയ്യുന്ന ഏതൊരു ദേശസ്നേഹിക്കും ഒരുപാട് വേദനകള്‍ ഉണ്ടാവാതെ തരമില്ല.
ഇന്ത്യയില്‍ ആര് പ്രധാനമന്ത്രിയാകണമെന്നും ആര് ധനമന്ത്രിയാകണമെന്നും ആര് പ്രിന്‍സിപ്പല്‍ സെക്രട്ടറിയാകണമെന്നും തീരുമാനിക്കുന്നത് ഒരു പരിധിവരെ അമേരിക്കയോ ചൈനയോ ആണ്. ഒരുദിവസം പോലും കോണ്‍ഗ്രസ് പ്രവര്‍ത്തനം നടത്താത്ത ഒരാള്‍ ഒരു ദിവസം രാജ്യസഭയിലെത്തുകയും രാജ്യത്തിന്റെ ധനകാര്യമന്ത്രിയാകുകയും ചെയ്തു. ധനമന്ത്രിയായ മന്‍മോഹന്‍സിംഗ് ആദ്യമെടുത്ത തീരുമാനങ്ങള്‍ ബഹുരാഷ്ട്ര കുത്തകകള്‍ക്കുവേണ്ടി വിപണി തുറന്നിടലായിരുന്നു. 1991ല്‍ അധികാരത്തില്‍ എത്തിയ ഉടനെതന്നെ അദ്ദേഹത്തെ വാള്‍മാര്‍ട്ട് പ്രതിനിധി വന്നുകാണുകയും ഉടനെതന്നെ ചില്ലറ വ്യാപാരമേഖലയില്‍ വിദേശനിക്ഷേപം അനുവദിക്കുകയും ചെയ്തു. (ഈ തീരുമാനം 1992-ല്‍തന്നെ തിരുത്തി) അമേരിക്ക എന്തൊക്കെ ചെയ്യണമെന്ന് പറഞ്ഞോ അതൊക്കെ ചെയ്തു. പിന്നീടുള്ള തെരഞ്ഞെടുപ്പില്‍ അധികാരത്തില്‍ വന്ന 13 ദിവസത്തെ വാജ്പേയി മന്ത്രിസഭയില്‍ ധനകാര്യമന്ത്രിയായി എത്തിയത് ആ സ്ഥാനത്ത് ആരും പ്രതീക്ഷിക്കാത്ത ജസ്വന്ത് സിംഗാണ്. തുടര്‍ന്ന് ധനകാര്യ ക്യാബിനറ്റ് എടുത്ത ഏക തീരുമാനം അമേരിക്കന്‍ കമ്പനിയായ എന്റോണിന് ഗ്യാരണ്ടി നല്‍കുക എന്നതായിരുന്നു. ഇങ്ങനെ ഓരോ കാലത്തും അമേരിക്കക്ക് അവര്‍ പറയുന്ന കാര്യങ്ങള്‍ ചെയ്യാന്‍ ഓരോരുത്തരെ അവര്‍ അധികാരത്തില്‍ കൊണ്ടുവരും.
ചൈനയും ഇതേരീതിയില്‍ ഇന്ത്യയുടെ രാഷ്ട്രീയ കാര്യങ്ങളില്‍ ഇടപെടാന്‍ തുടങ്ങിയതിന്റെ ആദ്യത്തെ അനന്തരഫലമാണ് ഒന്നാം യുപിഎ സര്‍ക്കാര്‍. സോണിയാഗാന്ധിയും ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയും തമ്മിലുള്ള ധാരണയുടെ അടിസ്ഥാനത്തിലാണ് ഒന്നാം യുപിഎ സര്‍ക്കാരിനെ ഇടതുപക്ഷം പിന്തുണച്ചത്. ചൈനയില്‍ ഉണ്ടാക്കുന്ന എല്ലാ ഉല്‍പ്പന്നങ്ങളുടെയും ഇറക്കുമതി തീരുവ ചൈന പറയുന്നതിനനുസരിച്ച് കുറച്ചു. ബിഎസ്എന്‍എല്‍ രാജ്യസുരക്ഷാ ഭീഷണി മറികടന്ന് ചൈനീസ് കമ്പനികള്‍ക്ക് ടെലികോം ഗിയര്‍ നിര്‍മ്മാണത്തിന് കരാര്‍ നല്കി. സംസ്ഥാന സര്‍ക്കാരുകളും കേന്ദ്രസര്‍ക്കാരിന്റെയും സ്ഥാപനങ്ങള്‍ ചൈനീസ് കമ്പനികള്‍ക്ക് കോടിക്കണക്കിന് ഡോളറിന്റെ കരാര്‍ നല്കി. ചൈനയും നമ്മളും തമ്മിലുള്ള വ്യാപാരക്കമ്മി 28 ബില്യന്‍ ഡോളറിലെത്തി. നികുതിഘടന ഇറക്കുമതിക്ക് അനുകൂലമായതിനാല്‍ ഇന്ത്യയില്‍ ഉല്‍പ്പാദിപ്പിക്കുന്നതിലും ലാഭം ചൈനയില്‍ ഉല്‍പ്പാദിപ്പിച്ച് ഇറക്കുമതി ചെയ്യുന്നതായി മാറി. ഇന്ത്യന്‍ കോര്‍പ്പറേറ്റുകള്‍ മാത്രം ചൈനയിലുണ്ടാക്കിയ തൊഴിലവസരങ്ങള്‍ 40 ലക്ഷമാണ്. ചൈനീസ് താല്‍പ്പര്യത്തിനോ അമേരിക്കന്‍ താല്‍പ്പര്യത്തിനോ എതിരായി ഒന്ന് ശബ്ദമുയര്‍ത്താന്‍പോലും ഭരണ-പ്രതിപക്ഷ കക്ഷികള്‍ക്ക് കഴിയാതാകുകയും കുനിയാന്‍ പറയുമ്പോള്‍ മുട്ടിലിഴയുന്നവരുമായി ഇവര്‍ മാറി.
ഇറാനുമായി കരാറുണ്ടാക്കി എണ്ണയും പ്രകൃതിവാതകവും പൈപ്പ്ലൈന് വഴി ഇന്ത്യയിലെത്തിക്കാനുള്ള പദ്ധതി അമേരിക്കയുടെ എതിര്‍പ്പ് മൂലം മാറ്റിവച്ചു എന്നുമാത്രമല്ല അമേരിക്ക ആവശ്യപ്പെട്ടതനുസരിച്ച് മണിശങ്കര്‍ അയ്യരെ മന്ത്രിസ്ഥാനത്തുനിന്ന് മാറ്റി റിലയന്‍സിന്റെ കുഞ്ഞാടായ മുരളി ദേവ്റയെ പെട്രോളിയം മന്ത്രാലയത്തില്‍ കൊണ്ടുവന്നു. ലോക വ്യാപാരസംഘടനയുടെ മന്ത്രിതല സമ്മേളനത്തില്‍ അമേരിക്കയുടെ സബ്സിഡിക്കെതിരെ സംസാരിച്ചതിന്റെ പേരില്‍ കമല്‍നാഥിന് വാണിജ്യമന്ത്രാലയത്തില്‍നിന്ന് പോകേണ്ടിവന്നു. പകരമെത്തിയ ആനന്ദ് ശര്‍മ്മയുടെ ആദ്യത്തെ വിദേശയാത്ര അമേരിക്കയിലേക്കും അവിടെ എത്തി ആദ്യത്തെ പ്രസ്താവന ലോകവ്യാപാരസംഘടനയിലെ അമേരിക്കയുള്‍പ്പെടെയുള്ള വികസിത രാജ്യങ്ങളുടെ ഗ്രൂപ്പില്‍ ഇന്ത്യയും ചേരുമെന്നും, തടസപ്പെട്ട മന്ത്രിതല സമ്മേളന ചര്‍ച്ചകള്‍ തുടരാന്‍ സാഹചര്യമൊരുക്കുമെന്നുമായിരുന്നു. അമേരിക്കന്‍ പത്രങ്ങള്‍ ആനന്ദ് ശര്‍മ്മയെ പ്രകീര്‍ത്തിച്ച് എഴുതിയത് കണ്ട് മന്‍മോഹന്‍സിംഗിന്റെ മനം കുളിര്‍ത്തു. ഒബാമയുടെ സന്ദര്‍ശനസമയത്ത് ഉണ്ടാക്കിയ വ്യവസ്ഥകള്‍ പ്രകാരം 28,000 പുതിയ തൊഴിലവസരങ്ങള്‍ അമേരിക്കയില്‍ ഉണ്ടാക്കുമെന്നാണ് ‘ന്യൂയോര്‍ക്ക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തത്. മന്‍മോഹന്‍സിംഗ് യഥാര്‍ത്ഥത്തില്‍ പ്രവര്‍ത്തിക്കുന്നത് അമേരിക്കയുടെ ധനകാര്യ സെക്രട്ടറിയെ പോലെയാണ്.
ന്യൂയോര്‍ക്കില്‍നിന്നും ലണ്ടനില്നിന്നുമൊക്കെ വരുന്ന ഉത്തരവുകള്‍ നടപ്പാക്കി സസുഖം വാഴുമ്പോഴാണ് റിസര്‍വ് ബാങ്ക് ഗവര്‍ണറായിരുന്നപ്പോള്‍ തന്നെ ഭരിച്ചിരുന്ന പ്രണബ് മുഖര്‍ജിയെ ഭരിക്കാന്‍ മന്മോഹന്സിംഗിന് അവസരം വന്നത്. സ്വന്തം തീരുമാനമെടുക്കാന്‍ അനുഭവവും പരിചയവുമുള്ള മുഖര്‍ജി മന്‍മോഹന്‍സിംഗിനോടും മറ്റും ആലോചിക്കാതെ ധനകാര്യവകുപ്പ് സ്വന്തം സാമ്രാജ്യമായി കൊണ്ടുനടക്കാന്‍ തുടങ്ങി. നികുതി കുടിശികകള്‍ വരുത്തിയ വിദേശ കുത്തകകളെയും ഇന്ത്യന്‍ കുത്തകകളെയും വളഞ്ഞിട്ടുപിടിച്ചു. കമ്പനികളുടെ ഓഹരി വില്‍പ്പനയുടെ കാര്യത്തില്‍ സ്വകാര്യവല്‍ക്കരിക്കാതെ പൊതുവിപണിയില്‍ മാത്രം ഓഹരി വിറ്റ് കമ്പനിയുടെ ആസ്തി നിലനിര്‍ത്തി. ഇങ്ങനെ പൊതുമേഖലയെ ചില്ലിക്കാശിന് വാങ്ങാനിരുന്ന സ്വദേശിയും വിദേശിയുമായ കുത്തകകള്‍ക്ക് മുഖര്‍ജിയോട് കലശലായ അമര്‍ഷം തോന്നി. ഭരിക്കാനും തീരുമാനമെടുക്കാനും പ്രധാനമന്ത്രിക്ക് കഴിയാത്ത എല്ലാ മന്ത്രിമാരുടെയും കൂട്ടങ്ങളുടെയും ചുമതല (ആകെ 36 എണ്ണം) പ്രണബിന്റെ തലയിലായി. ഈ മന്ത്രിതല കമ്മറ്റികളുടെ ഒരു തീരുമാനംപോലും മദാമ്മ ഗാന്ധിയോടോ മന്മോഹനോടോ ചോദിക്കാതെ പ്രണബ്ദാ എടുക്കാന്‍ തുടങ്ങിയത് മദാമ്മ ഗാന്ധിയുടെ അടുക്കള ക്യാബിനറ്റിനെ അലോസരപ്പെടുത്തി. ഇതിനിടയിലാണ് ഇടിത്തീപോലെ വൊഡാഫോണിന്റെ പ്രശ്നം വരുന്നത്. ഏപ്രില്‍ 17നാണ് ലോകത്തിലെ ഏറ്റവും വലിയ ടെലികോം കമ്പനിയായ വൊഡാഫോണ്‍ സര്‍ക്കാരിന് നോട്ടീസ് നല്‍കുന്നത്. 2012-13 ബജറ്റിന്റെ ഭാഗമായി ഫിനാന്‍സ് ബില്ലിനൊപ്പം വരുമാനനികുതി നിയമം ഭേദഗതി ചെയ്ത് നഷ്ടപ്പെടുമായിരുന്ന 12000 കോടി രൂപയുടെ നികുതി വൊഡാഫോണിനെക്കൊണ്ട് അടപ്പിക്കാന്‍ ശ്രമം നടത്തി. ഈ ഭേദഗതി വഴി വൊഡാഫോണ്‍ മാത്രമല്ല, ആദിത്യ ബിര്‍ല ഗ്രൂപ്പ്, ടാറ്റാ ജിഇ, എസ്.എ.ബി.മിറ്റര്‍, കബ്ബി, എടി ആന്റ് ടി, സനോഫി, വേദാന്ത എന്നീ കമ്പനികള്‍ ചേര്‍ന്ന് 55,000 കോടി നികുതി അടയ്ക്കണം.
നികുതി വെട്ടിക്കാന്‍ ഇന്ത്യന്‍ കമ്പനികള്‍ വരെ നികുതി ഇളവുള്ള രാജ്യങ്ങള്‍വഴി നിക്ഷേപം നടത്തി കോടികള്‍ കൊയ്യുന്ന സമയത്താണ് പ്രണബ് മുഖര്‍ജിയുടെ വരുമാന നികുതി നിയമത്തിന്റെ ഭേദഗതി. വൊഡാഫോണ്‍ അന്താരാഷ്ട്ര ആര്ബിട്രേഷനുവേണ്ടി നോട്ടീസയക്കുക മാത്രമല്ല ചെയ്തത്. ബ്രിട്ടനില്‍നിന്നും ചാന്‍സലര്‍ ഓഫ് എക്സ്ചെക്കര്‍ ജോര്‍ജ് ഒസ്ബോര്‍ണ്‍ മുഖര്‍ജിയെ നേരിട്ട് കണ്ട് ബില്‍ പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ടു. മുഖത്തടിച്ച മാതിരി “നിങ്ങള്‍ ഇതുപോലുള്ള നിയമങ്ങള്‍ പാസാക്കിയിട്ടുണ്ടല്ലോ അത് പിന്‍വലിക്കുമോ” എന്ന് ചോദിച്ചു. ഇത് മാത്രമല്ല അമേരിക്കയില്‍ പന്ത്രണ്ടിലധികം വ്യവസായ സംഘടനകള്‍ അമേരിക്കന്‍ ട്രഷറി സെക്രട്ടറിക്ക് നിവേദനം നല്കി ഇന്ത്യയിലെ പ്രശ്നത്തില്‍ ഇടപെടാന്‍ നിര്‍ബന്ധിച്ചു. അമേരിക്കന്‍ ചേംബര്‍ ഓഫ് കൊമേഴ്സും അമേരിക്ക-ഇന്ത്യ ബിസിനസ് കൗണ്‍സിലും പ്രധാനമന്ത്രിക്ക് കത്തെഴുതി. അമേരിക്കന്‍ പ്രസിഡന്റ് പ്രശ്നത്തില്‍ ഇടപെടണമെന്ന് ആവശ്യപ്പെട്ടു. ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ കത്തിന് മറുപടിയായി മന്‍മോഹന്‍സിംഗ് അയച്ച കത്തില്‍ പറഞ്ഞ വൊഡാഫോണില്നിന്നും പണം ഈടാക്കാന്‍ നിയമഭേദഗതി ചെയ്യില്ല എന്ന ഉറപ്പ് കാറ്റില്‍ പറത്തിയാണ് പ്രണബ് മുഖര്‍ജി ഭേദഗതി കൊണ്ടുവന്നത്. അമേരിക്കയും മാഡവും പറഞ്ഞാല്‍ കേള്‍ക്കാത്ത പ്രണബിനെ മാറ്റാന്‍ കണ്ട എളുപ്പവഴിയാണ് രാഷ്ട്രപതിക്കസേര.
വ്യാപാര കമ്മിയും ധനകമ്മിയും വര്‍ധിക്കുകയും രൂപ തകരുകയും രാജ്യം പ്രതിസന്ധിയിലേക്ക് പോകുമ്പോള്‍ കൂടുതല്‍ പരിഷ്ക്കരണം വേണ്ട എന്ന് പ്രണബ് നിലപാടെടുത്തു. പാര്‍ലമെന്ററി ധനകാര്യ കമ്മറ്റിക്ക് വിട്ട പെന്ഷന് പരിഷ്ക്കരണം, ഇന്‍ഷുറന്‍സ് മേഖല, ബാങ്കിംഗ് പരിഷ്ക്കരണ ഭേദഗതികളെല്ലാം അമേരിക്കയില്‍വച്ച് പൂട്ടാന്‍ ഉത്തരവിട്ടു.
ഉദാരവല്‍ക്കരണംകൊണ്ട് തകരുമ്പോള്‍ ഉദരവല്ക്കരണത്തിനെതിരെ പ്രതിപക്ഷ ധര്‍മ്മബോധം കൊണ്ടെങ്കിലും ആഞ്ഞടിക്കേണ്ട പ്രതിപക്ഷംതന്നെ ഉദാരവല്‍ക്കരണം വേഗത്തിലാക്കണമെന്ന് വാദിച്ചപ്പോഴും മന്‍മോഹന്‍സിംഗിന്റെ തിരുവുത്തരവുണ്ടായിട്ടും ഈ ഭേദഗതികളുടെ കാര്യത്തില്‍ അനങ്ങാപ്പാറ നയമെടുത്തു. ഏറ്റവും വലിയ പ്രതിപക്ഷ കക്ഷിയുടെ സഭാനേതാവ് പാര്‍ലമെന്റില്‍ തുടരെ തുടരെ കൂടുതല്‍ ഉദാരവല്ക്കരണത്തിനുവേണ്ടി വാദിച്ചു. രവിശങ്കര്‍ പ്രസാദ് അല്‍പ്പം കടന്ന് ഭേദഗതികളെ പിന്തുണക്കുമെന്ന് പറയുകയും ചെയ്തു. എന്നിട്ടും കുലങ്ങാത്ത പ്രണബ് ദായ്ക്ക് എല്ലാവരും ചേര്‍ന്ന് നീട്ടിയ കസേരയാണ് രാഷ്ട്രപതിക്കസേര. പരിഷ്ക്കാരവാദികളായി പ്രതിപക്ഷവും മാറുമ്പോള്‍ ഭരണനേതാക്കളെ തെരഞ്ഞെടുക്കുന്നപോലെ പ്രതിപക്ഷ നേതാക്കളെ തെരഞ്ഞെടുക്കുന്നതിലും കോര്‍പ്പറേറ്റ് രാഷ്ട്രീയം ഉണ്ടോ എന്ന് ചിന്തിക്കേണ്ടിയിരിക്കുന്നു.
എന്തായാലും സ്ഥാനമൊഴിഞ്ഞ ധനകാര്യവകുപ്പ് പ്രധാനമന്ത്രിയുടെ കൈകളിലെത്തി ഉടനെ ഉണ്ടായ തീരുമാനം എന്‍ഡിഎയുടെ കാലത്ത് വെറും 1600 കോടി രൂപയ്റ്റ് റ്റാറ്റായ്ക്ക് കൈമാറിയ വിഎസ്എന്‍എല്ലിന്റെ കൈവശമുള്ള ഭൂമി 2750 കോടി രൂപയ്ക്ക് വിറ്റ് മൂലധനമുണ്ടാക്കാനുള്ള അനുമതിയാണ്. റ്റാറ്റാ കമ്മ്യൂണിക്കേഷന്‍സ് തുടര്‍ച്ചയായി ധനമന്ത്രിക്ക് കത്തെഴുതിയിരുന്നു ഈ ഭൂമി വില്‍ക്കാനായിട്ട്. ഇപ്പോള്‍ അലമാരയില്‍ വെച്ച് പൂട്ടിയ ഭേദഗതികളെല്ലാം ഭരണപക്ഷവും പ്രതിപക്ഷവും ഒരുമിച്ച് ചേര്‍ന്ന് പാസാക്കും. ചില്ലറ വ്യാപാരരംഗത്ത് വിദേശനിക്ഷേപം അനുവദിക്കപ്പെടും. രാഷ്ട്രപതിക്കസേരയിലേക്ക് നടന്ന രാഷ്ട്രീയ നാടക മത്സരത്തിലെ ഏറ്റവും നല്ല നടന് ഭരണപക്ഷത്തോ പ്രതിപക്ഷത്തോ ഉള്ളത്? ആരൊക്കെയാണ് പ്രണബിന്റെ രാഷ്ട്രപതിക്കസേരയിലേക്കുള്ള മാറ്റത്തെ പിന്തുണച്ചതെന്നും അതിന്റെ രാഷ്ട്രീയ കാരണങ്ങള്‍ ഏതെന്നും ഭാരത പൗരന് ചിന്തിക്കട്ടെ. ഇപ്പോള്‍ അവന് സ്വാതന്ത്ര്യം അതിന് മാത്രമേ ഉള്ളൂ. നാടിനുവേണ്ട ഭരണാധികാരിയെ തെരഞ്ഞെടുക്കാന്‍ അവന് സ്വാതന്ത്ര്യമുണ്ടോ?
കെ.വി. ബിജു
(സ്വദേശി ജാഗരണ്‍മഞ്ച് ദക്ഷിണേന്ത്യന്‍
സഹസംയോജകനാണ് ലേഖകന്‍)
പ്രതികരിക്കാൻ ഇവിടെ എഴുതുക: