പെരുമ്പാവൂര്‍: കോടിക്കണക്കിന് രൂപയുടെ തട്ടിപ്പ് നടത്തിയശേഷം കുടുംബസമേതം നാടുവിട്ട പ്രതിക്കായി പെരുമ്പാവൂര്‍ പോലീസ് അന്വേഷണം ഊര്‍ജ്ജിതമാക്കി. പെരുമ്പാവൂരില്‍ പ്രവര്‍ത്തിക്കുന്ന ആലുവ കുന്നത്തുനാട് കോ-ഓപ്പറേറ്റീവ് റബ്ബര്‍ മാര്‍ക്കറ്റിംഗ് സൊസൈറ്റിയില്‍ നിന്നും റബ്ബര്‍ ഷീറ്റുകള്‍ വാങ്ങിയ വകയില്‍ നല്‍കാനുള്ള 5040028 രൂപക്ക് പകരം വണ്ടിച്ചെക്ക് നല്കി കബളിപ്പിച്ച കൊമ്പനാട് സ്വദേശി കല്ലടവീട്ടില്‍ സൈബുതോമസിനെയാണ് പോലീസ് തെരയുന്നത്. ഇയാളുടെ കൊമ്പാനാടുണ്ടായിരുന്ന കല്ലട ട്രേഡേഴ്സ് എന്ന റബ്ബര്‍ വ്യാപര സ്ഥാപനത്തിന്റെ മറവിലാണ് പ്രതി തട്ടിപ്പ് നടത്തിയിരുന്നത്. കേരളത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും റബ്ബര്‍ ഷീറ്റുകള്‍ മൊത്തമായി വാങ്ങിയിരുന്ന സൈബു, കണ്ണൂര്‍ അയ്യാക്കുന്നം പഞ്ചായത്തിലെ ഏഷ്യന്‍ ട്രേഡേഴ്സ് ഉടമ സമീറില്‍ നിന്നും 50 ലക്ഷം രൂപ വാങ്ങി വഞ്ചിക്കുകയും ചെയ്തു.
ഇയാള്‍ നല്‍കിയിരുന്ന ചെക്കുകള്‍ മുഴുവനും വണ്ടിച്ചെക്കുകളായിരുന്നു. സൊസൈറ്റിയുടെ പരാതിയെ തുടര്‍ന്ന് പെരുമ്പാവൂര്‍ സിഐയുടെ നേതൃത്വത്തിലാണ് അന്വേഷണം ഊര്‍ജ്ജിതമാക്കിയിരിക്കുന്നത്. കഴിഞ്ഞ മാര്‍ച്ച് 28ന് ഭാര്യയൊന്നിച്ച് നാടുവിട്ട പ്രതിക്കെതിരെ കരിക്കോട്ടരി പോലീസ് സ്റ്റേഷനിലും കേസുണ്ട്. ഇയാളുടെ പഴയ മൊബെയില്‍ സിംകാര്‍ഡ് ആരും ഉപയോഗിക്കുന്നില്ലെന്നും, സിംകാര്‍ഡുകള്‍ പലതവണ മാറ്റി ഉപയോഗിക്കുന്നതും പ്രതിയെ കണ്ടെത്തുന്നതിന് തടസ്സമാകുന്നതായും പോലീസ് പറഞ്ഞു. എന്നാല്‍ ഇയാള്‍ സംസ്ഥാനം വീട്ട് പോയിട്ടില്ലെന്നും പ്രതിയെക്കുറിച്ച് എന്തെങ്കിലും വിവിരം ലഭിക്കുന്നവര്‍ 9497987127 എന്ന നമ്പറില്‍ വിവരമറിയിക്കണമെന്നും പോലീസ് അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: