മരട്: നെട്ടൂര്‍ പ്രദേശത്ത് തെരുവുനായശല്യം രൂക്ഷമായി. അലഞ്ഞുനടക്കുന്ന നായ കഴിഞ്ഞ രണ്ടുദിവസമായി ഒരു കുട്ടിയുള്‍പ്പെടെ നാല് പേരെ കടിച്ച് പരിക്കേല്‍പ്പിച്ചു. നാലു പേരും വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. ഒഴിഞ്ഞ പറമ്പുകളും, കെട്ടിടങ്ങളും താവളമാക്കിയിരിക്കുന്ന നായ്ക്കളാണ് പ്രദേശ വാസികള്‍ക്ക് ഭീഷണിയായിരിക്കുന്നത്.
നെട്ടൂര്‍ പെരിങ്ങാട്ടു പറമ്പില്‍ അഷ്റഫ് (58)നാണ് വ്യാഴാഴ്ച രാത്രി പഴയപള്ളിക്കു സമീപത്തുവച്ച് ആദ്യം കടിയേറ്റത്. ഗുരുതരമായി പരിക്കേറ്റ ഇയാല്‍ നെട്ടൂര്‍ ലേക്ഷോര് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്. നെട്ടൂരിലെതന്നെ പൂമുഖത്ത് കണ്ണോത്തുപറമ്പില്‍ സുബൈദ (58)ക്ക് ഇന്നലെ രാവിലെ 10 മണിയോടെയാണ് നായയുടെ കടിയേറ്റത്. ഇവരെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഇവര്‍ക്കുപുറമെ ഐഎന്‍ടിയുസി ജംഗ്ഷനു സമീപത്തുള്ള ഒരു കുട്ടിയേയും നായ്ക്കള്‍ ആക്രമിച്ചു.
നായയുടെ കടിയേറ്റ് എറണാകുളം ജനറല്‍ ആശുപത്രിയില്‍ ചികിത്സയിലുള്ള സുബൈദക്ക് പേവിഷബാധക്കുള്ള കുത്തിവെപ്പ് വേണമെന്നാണ് ഡോക്ടര്‍ മാര്‍ നിര്‍ദ്ദേശിച്ചിരിക്കുന്നത്. എന്നാല്‍ മരുന്ന് ആശുപത്രിയില്‍ സ്റ്റോക്കില്ലെന്ന് അധികൃതര്‍ കടിയേറ്റ സ്ത്രീയുടെ ബന്ധുക്കളെ അറിയിച്ചു. വിലയായ ഇരുപത്തിനാലായിരം രൂപ കെട്ടിവെച്ചാല്‍ മരുന്ന് പുറത്തുനിന്നും വരുത്തി കുത്തിവെപ്പെടുപ്പിക്കാമെന്നാറിയിച്ചതിനെതുടര്ന്ന് പണം അടച്ച് കാത്തിരിക്കുകയാണ്.
ഇവരെ കൂടാതെ ഒരു ഉത്തരേന്ത്യന്‍ തൊഴിലാളിക്കും കടിയേറ്റിട്ടുണ്ട്. ഇതിനിടെ എണറാകുളം ജനറല്‍ ആശുപത്രിയില്‍ പേപ്പട്ടിയുടെ കടിയേറ്റതായി സംശയിക്കപ്പെടുന്നവര്‍ക്ക് കുത്തിവെപ്പിനുള്ള മരുന്ന് സ്റ്റോക്കില്ലാത്തത് പ്രതിഷേധത്തിനിടയാക്കിയിട്ടുണ്ട്. പുറത്തുനിന്നും അമിതവിലക്കു മരുന്നു വാങ്ങേണ്ട ഗതികേടിലാണ് രോഗികള്‍. ഏറ്റവും ഗുണനിലവാരമുള്ള റാബിസ് എന്നുപേരുള്ള വാകിസിന് ഒരു ഡോസിന്റെ വില 372 രൂപ മാത്രമാണ്. നാലുഡോസാണ് കുത്തിവെക്കേണ്ടത്. ഈ സ്ഥാനത്താണ് ജനറല്‍ ആശുപത്രിക്കാര് 24000 രൂപ ഈടാക്കുന്നത് എന്നും ആരോപണമുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: