രാഷ്ട്രനായകര്‍ മാറിമാറി വരുമ്പോഴെല്ലാം ഓരോ മുദ്രാവാക്യവും നമുക്ക് നല്‍കാറുണ്ട്. പ്രഥമ പ്രധാനമന്ത്രി നെഹ്രുവിന്റെ കാലം മുതല്‍ ഇത് തുടരുന്നു. നെഹ്രു ക്ഷേമരാഷ്ട്രമായിരുന്നു വാഗ്ദാനം ചെയ്തിരുന്നത്. സ്വാതന്ത്ര്യാനന്തരം ഒന്നര പതിറ്റാണ്ട് തുടര്‍ച്ചയായി അദ്ദേഹം പ്രധാനമന്ത്രിയായിരുന്നു. ചോദ്യം ചെയ്യപ്പെടാത്ത നേതാവായാണ് നെഹ്രുവാണത്. ഇക്കാലയളവിനിടയില്‍ ക്ഷേമരാഷ്ട്രത്തിന്റെ വക്കില്‍പോലും രാജ്യത്തെ എത്തിക്കാനായില്ല. ഒരുകാര്യം ചെയ്തു. നല്ലൊരു ക്ഷാമരാജ്യമായി ഇന്ത്യയെ മാറ്റാന്‍ അദ്ദേഹത്തിനു കഴിഞ്ഞു. നെഹ്രുവിന്റെ മരണശേഷം ഹ്രസ്വകാലമേ ലാല്‍ബഹദൂര്‍ശാസ്ത്രിക്ക് പ്രധാനമന്ത്രിയായിരിക്കാന്‍ കഴിഞ്ഞുള്ളു. അദ്ദേഹവും ഒരു മുദ്രാവാക്യം മുന്നോട്ടുവച്ചു. ‘ജയ്ജവാന്‍ ജയ് കിസാന്‍’ കുറേ കാര്യങ്ങള്‍ക്ക് അദ്ദേഹം തുടക്കമിട്ടു. അതിനിടയില്‍ ദുരൂഹസാഹചര്യത്തിലായിരുന്നു അദ്ദേഹത്തിന്റെ വിയോഗം. തുടര്‍ന്ന് നെഹ്രുവിന്റെ പുത്രി ഇന്ദിരാഗാന്ധിയുടെ ഊഴമായി.
ഇന്ദിരാഗാന്ധി ഉയര്‍ത്തിയ മുദ്രാവാക്യങ്ങളില്‍ മുഖ്യം ‘ഗരീബി ഹഠാവോ’ (ദാരിദ്ര്യം ഉച്ചാടനം ചെയ്യുക) എന്നായിരുന്നു. നെഹ്രുവിനെക്കാള്‍ അഞ്ചുവര്‍ഷം കൂടുതല്‍ ഇന്ത്യഭരിക്കാന്‍ ഇന്ദിരാഗാന്ധിക്ക് അവസരം കിട്ടി. ദാരിദ്ര്യം നീക്കാന്‍ കഴിഞ്ഞിട്ടില്ല. പക്ഷേ അവരുടെ ഭരണകാലത്ത് ഒരുപാട് ദരിദ്രരെ ദല്‍ഹിയിലെ തൂര്‍ക്ക് മാന്‍ ഗേറ്റില്‍ നിന്നടക്കം ഇല്ലായ്മ ചെയ്യാന്‍ സാധിച്ചിട്ടുണ്ടെന്നഭിമാനിക്കാം. അവരുടെ മകനായിരുന്നല്ലൊ രാജീവ് ഗാന്ധി. ‘ദ്രഷ്ടാചാര് ഹഠാവോ'(അഴിമതി തുടച്ചുനീക്കുക) ആയിരുന്നു രാജീവിന്റെ മുദ്രാവാക്യം. അതുവരെ ഇല്ലാത്ത അഴിമതിയുടെ കോട്ടകെട്ടിപ്പൊക്കിയ പ്രധാനമന്ത്രിയെന്ന പേര് രാജീവ് സ്വന്തമാക്കി. ബോഫോഴ്സ് അഴിമതി ആരോപണം അന്തംകാണാതെ നില്‍ക്കുകയാണ്.
‘ഹിസ് മാസ്റ്റേര്‍സ് വോയ്സ്’ എന്നതിലപ്പുറം ഒന്നുമില്ലാത്തതുകൊണ്ട് മന്മോഹന്സിംഗിന് സ്വന്തമായ മുദ്രാവാക്യമൊന്നുമില്ല. എന്നാല്‍ പുതിയ രാഷ്ട്രപതി പ്രണബ് മുഖര്‍ജി അങ്ങിനെയല്ലല്ലൊ. സജീവരാഷ്ട്രീയത്തില്‍ നിന്നും നേരിട്ട് രാഷ്ട്രപതിസ്ഥാനത്തെത്തിയതുകൊണ്ട് ഇരിക്കട്ടെ ഒരു മുദ്രാവാക്യം എന്ന മട്ടില്‍ വച്ചുകാച്ചി. ജൂലായ് 25ന് സത്യപ്രതിജ്ഞ ചെയ്തശേഷം നടത്തിയ സന്ദേശത്തില്‍ ‘പട്ടിണി തുടച്ചുനീക്കും’ എന്നാണ് അദ്ദേഹം പ്രഖ്യാപിച്ചത്. പ്രണബ് കുമാര്‍ മുഖര്‍ജി മൂന്നുപതിറ്റാണ്ടിലധികം കേന്ദ്രമന്ത്രിയായിരുന്നയാളാണ്. രാഷ്ട്രപതിയാകും മുമ്പ് കേന്ദ്രധനമന്ത്രിയും. ഇന്ദിരാഗാന്ധി ‘ഗരീബി ഹഠാവോ’ പറയുമ്പോഴും മുഖര്‍ജി കേന്ദ്രമന്ത്രിസഭയിലുണ്ട്. ഇക്കാലമത്രയും ഭരിച്ചിട്ടും ദാരിദ്ര്യം നീങ്ങാത്തത് നന്നായി തുടക്കാഞ്ഞിട്ടാണോ? എത്ര ദരിദ്രരുണ്ടെന്ന് കൃത്യമായ കണക്ക് നമ്മുടെ കയ്യിലുണ്ടോ? കേന്ദ്രം നിശ്ചയിച്ച ദാരിദ്ര്യത്തിന്റെ മാനദണ്ഡം പോലും വിമര്ശിക്കപ്പെടാന് തുടങ്ങിയിട്ട് കാലമെത്രയായി. മാത്രമല്ല രാഷ്ട്രപതിക്കാവുമോ ഇമ്മാതിരി കാര്യങ്ങള്‍ ചെയ്യാന്‍. കേന്ദ്രമന്ത്രിസഭയില്‍ തീരുമാനിക്കുന്നതില്‍ കയ്യൊപ്പിടുന്ന പണിയിലപ്പുറം കാര്യമായെന്തെങ്കിലും ചെയ്യാന്‍ രാഷ്ട്രപതിക്കാവുമോ? കേള്‍ക്കാന്‍ ഇമ്പമുള്ളവാക്കുകളാണ് മുഖര്‍ജി പറഞ്ഞതെന്നതില്‍ സംശയമില്ല. “ബംഗാളിലെ ഒരു കൊച്ചു ഗ്രാമത്തില്‍ മണ്ണെണ്ണ വിളക്കിന്റെ വെട്ടത്തില്‍ നിന്ന് ദല്‍ഹിയിലെ വര്‍ണപ്പൊലിമയുള്ള യാത്രയില്‍ അവിശ്വസനീയമായി പലതും കണ്ടു. ബംഗാളിലെ ലക്ഷങ്ങളെ പട്ടിണികൊന്നപ്പോള് ഞാനൊരു കുട്ടിയായിരുന്നു. അന്നത്തെ കഷ്ടപ്പാടും സങ്കടങ്ങളും ഇന്നും മറന്നിട്ടില്ല. പട്ടിണിയെക്കാള്‍ വലിയൊരു അപമാനമില്ല. അതുകൊണ്ടുതന്നെ ഇന്ത്യയുടെ നിഘണ്ടുവില്‍ നിന്ന് പട്ടിണി തുടച്ചുനീക്കണം. സിദ്ധാന്തം പറഞ്ഞതുകൊണ്ട് പാവപ്പെട്ടവന്റെ അഭിലാഷങ്ങള്‍ നടപ്പാകില്ല. ദാരിദ്ര്യം ഇല്ലാതാക്കാനുള്ള ദേശീയ ദൗത്യം ഫലപ്രദമാകണം.”
‘ഏട്ടിലെ പശു പുല്ലുതിന്നാറില്ല.’ രാഷ്ട്രപതി പറഞ്ഞാല്‍ പോകുന്നതല്ല പട്ടിണി. അതുകൊണ്ടുതന്നെ ഒരുപാട് പാടിതഴമ്പിച്ചതും തുരുമ്പിച്ചതുമായ മുദ്രാവാക്യത്തിന്റെ ആവര്ത്തനമായല്ലേ മുഖര്‍ജിയുടെ വാക്കുകളേയും കാണാന്‍ കഴിയുക. അല്ലെങ്കിലും രാഷ്ട്രപതിമാരുടെ വാക്കുകള്‍ മുഖവിലയ്ക്കെടുക്കാന്‍ ഭരണക്കാര്‍ തയ്യാറാകാറുണ്ടോ? അഞ്ചാറുവര്‍ഷം മുമ്പ് നമുക്കൊരു രാഷ്ട്രപതിയുണ്ടായിരുന്നു. ഡോ.എപിജെ അബ്ദുല്‍കലാം. അദ്ദേഹം രാഷ്ട്രീയക്കാരനേ ആയിരുന്നില്ല. രാഷ്ട്രീയമില്ലെങ്കിലും ഒന്നാന്തരം കാഴ്ചപ്പാട് അദ്ദേഹത്തിനുണ്ടായിരുന്നു. നാടുനീളെ അതദ്ദേഹം പകര്‍ന്നു നല്കി. ഒന്നാന്തരം വികസന മന്ത്രം. 2005 ജൂലായ് 28ന് അദ്ദേഹം കേരളത്തിലെത്തി. നിയമസഭയില്‍ കേരളത്തിന് നിവര്‍ന്നു നില്ക്കാന് പത്തിനപരിപാടി അവതരിപ്പിച്ചു. ഇരുപത് വര്‍ഷം കേരളത്തില്‍ ജീവിച്ച വ്യക്തിയാണ് അബ്ദുല്‍കലാം. കേരളത്തെ അദ്ദേഹം അറിഞ്ഞതുപോലെ മറ്റൊരു രാഷ്ട്രപതിയും അറിഞ്ഞിരുന്നില്ല. കേരളത്തിന്റെ അഭിവൃദ്ധി ഇന്ത്യയുടെ അഭിവൃദ്ധിയാണെന്ന് അദ്ദേഹം വിശ്വസിച്ചു. മലയാളി മറന്ന പലകാര്യങ്ങളും അദ്ദേഹം അന്ന് ഓര്‍മ്മിപ്പിച്ചു. മൂന്നുവര്‍ഷംകൊണ്ട് സാമ്പത്തിക വളര്‍ച്ചയും സമ്പല്‍സമൃദ്ധിയുമുള്ള വികസിത സംസ്ഥാനമായി മാറാനുള്ള മന്ത്രം അദ്ദേഹം ഉപദേശിച്ചു. ദാരിദ്ര്യം മൊത്തമായി തൂത്തെറിയാന്‍ കഴിയുന്നതായിരുന്നു അത്. സമൂഹത്തിന്റെ വളര്ച്ചാശേഷിക്ക് ആക്കം കൂട്ടുന്നതായിരുന്നു അത്. ഇന്ന് ജൂലൈ 28. ഡോ.കലാം പ്രസംഗം നടത്തി ഏഴുവര്‍ഷം തികയുന്ന ദിവസം. അന്നത്തെ സര്‍ക്കാറോ അതിനുശേഷം അഞ്ചുവര്‍ഷം ഭരിച്ച സര്‍ക്കാരോ രാഷ്ട്രപതി മുന്നോട്ടുവച്ച പത്തിനപരിപാടിയില്‍ ഒന്നുപോലും പരിഗണിച്ചില്ല. ഏഴാം വര്‍ഷം തികയുന്നതിന് രണ്ടുദിവസം മുമ്പ് കേരളത്തില്‍ നിന്നുതന്നെ ഞെട്ടിപ്പിക്കുന്ന ഒരു വാര്‍ത്ത വന്നു. “പട്ടിണിയും രോഗവും മൂലം കിടപ്പിലായ ആദിവാസി വൃദ്ധനെ ഉറുമ്പും പുഴുവും അരിച്ചു തീര്‍ക്കുന്നു.” ഇത് കേട്ട് മന്ത്രിമാരോ എംഎല്‍എ മാരോ ഞെട്ടിയില്ല. അതിനവര്‍ക്ക് നേരമില്ലായിരുന്നു. മന്ത്രിമാര്‍ നല്കിയ പെട്ടിയും പെട്ടിനിറയെ സമ്മാനവുമായി നാട്ടിലേക്ക് കുതിക്കുമ്പോള്‍ എന്ത് പട്ടിണി? ആരുടെ പട്ടിണി? ചിലപ്പോള്‍ ചില കക്ഷികള്‍ സമ്മാനം നിരസിച്ചതായി പ്രസ്താവിച്ച് വാര്‍ത്തയില്‍ ഇടം നേടാറുണ്ട്. ഇക്കുറി എല്ലാവരും സമ്മാനം കൈപ്പറ്റി. യാതൊരു സങ്കോചവുമില്ലാതെ.
എന്തൊക്കെയാണ് സമ്മാനമായി കിട്ടിയത്. പുതുപുത്തന്മോഡല് കാമറ. ഡിന്നര്‍ സെറ്റ്, ഇരുപത്തൊന്നിനം മീന്‍ ഉത്പന്നങ്ങള്‍, ഫാക്സ്, സ്കാനര്‍ തുടങ്ങി ലക്ഷം വിലമതിക്കുന്ന സാധനങ്ങള്‍. ഇത്രയൊക്കെ സമ്മാനം വാരിക്കോരി എംഎല്‍എമാര്‍ക്ക് നല്കാന്മാത്രം സമ്പന്നമാണോ നമ്മുടെ ഖജനാവ്. അതിന്റെ കഥ നിയമസഭയില്‍ നിന്നുതന്നെ അറിഞ്ഞതുമാണല്ലൊ.
കേരളത്തിലെ ഒരോ പൗരനും 26,067 രൂപയുടെ കടബാധ്യത ഉണ്ടെന്നാണ് കണക്ക്. കേരളത്തിന്റെ മൊത്തം കടം 87,063.83 കോടിരൂപയായി ഉയര്‍ന്നുവെന്ന് ധനമന്ത്രി കെ.എം. മാണി സഭയെ രേഖാമൂലം അറിയിച്ചത്. ഈ സര്‍ക്കാര്‍ അധികാരമേല്‍ക്കുന്നതിന് തൊട്ടുമുമ്പ് മാര്‍ച്ച് 31 ന് സംസ്ഥാനത്തിന്റെ കടബാധ്യത 78,673.24 കോടി രൂപയായിരുന്നു. ഈ വര്‍ഷം ജൂണ്‍ 31 ആയപ്പോള്‍ കടം 87,063.83 രൂപയായി ഉയര്‍ന്നു. 2011 ലെ സെന്‍സസ് പ്രകാരം ആളോഹരി കടം 26,067 രൂപ. സംസ്ഥാനത്ത് ഒരുകുഞ്ഞ് ജനിക്കുമ്പോള്‍ തന്നെ ഇരുത്താറായിരത്തിലേറെ രൂപയുടെ കടക്കാരനാകുന്നുവെന്ന് സാരം.
കേന്ദ്രത്തില്‍ നിന്ന് 6453.31 കോടിരൂപ വായ്പയെടുത്തിട്ടുണ്ട്. ഇതില്‍ 2924 കോടിരൂപ എഴുതിത്തള്ളാന്‍ ആവശ്യപ്പെട്ടിട്ടുണ്ട്. കടം കുറയ്ക്കാന്‍ ധനകാര്യ കമ്മീഷന്റെ ശുപാര്‍ശപ്രകാരം നടപടി സ്വീകരിച്ചതായി പറയുമ്പോഴാണ് ഇത്രയം ധൂര്‍ത്ത്. ഓരോ വര്‍ഷവും മന്ത്രിമാര്‍ നല്കുന്ന സമ്മാനങ്ങളും ചായസല്‍ക്കാരങ്ങളും കോടികളുടേതാണ്. വീട് മോടികൂട്ടാനും യാത്രചെയ്യാനും ഖജനാവിലെ ഇല്ലായ്മയൊന്നും മന്ത്രിമാര്‍ ഓര്‍ക്കാറേയില്ല. എംഎല്‍എമാരുടെ ശമ്പളവും മറ്റാനുകൂല്യങ്ങളും ഒറ്റയടിക്ക് മൂന്നും നാലും ഇരട്ടിയാക്കിയിട്ട് മാസങ്ങളായില്ല. ഉണ്ണുന്നവര്‍ അറിഞ്ഞില്ലെങ്കിലും വിളമ്പുന്നവര്‍ അറിയണെന്നാണ് ചൊല്ല്. ഇവിടെ അതുപോലും ബാധകമാകുന്നില്ല.
സമ്മാനങ്ങള്‍ക്ക് പുറമെ സദ്യകളും സംഗീതസദസ്സുകളുമൊരുക്കി എംഎല്‍എമാരെ സുഖിപ്പിച്ചു നിര്‍ത്തിയാല്‍ പിന്നെ പട്ടിണിയല്ല അതിലും വലിയ പൊട്ടിത്തെറി നടന്നാലും ഞെട്ടാന്‍ ആര്‍ക്കുണ്ട് നേരം. മന്ത്രിമാരുടെ സദ്യയെക്കാള്‍ കെങ്കേമമായി സ്പീക്കര്‍ ഒരുക്കിയ നോമ്പുതുറ. വിഭവസമൃദ്ധമായ നോമ്പുതുറയില്‍ വിളമ്പിയ ഐസ്ക്രീമിന്റെ നിറം പച്ചയായത് ചേരുംപടി ചേര്‍ത്തതായി കണക്കാക്കാം.നാട്ടുകാര്‍ പട്ടിണിയാല്‍ വലയുമ്പോള്‍ നാടുഭരിക്കുന്നവര്‍ക്ക് ചേര്‍ന്നതാണോ ഇതൊക്കെ എന്ന് ആരും ചോദിച്ചുപോകും. സ്പീക്കറുടെ ചെലവ് പരിശോധനയ്ക്ക് വിധേയമല്ലാത്തതായതിനാല് വിമര്‍ശിക്കാന്‍ മുതിരുന്നില്ല. പക്ഷേ നിയമസഭാ കോംപ്ലക്സിനകത്തെ ബാങ്ക് വിളി ചട്ടത്തിലുള്ളതുമല്ല കീഴ്വഴക്കുവമല്ല. അത് അതിരുകടന്നതല്ലേ എന്ന് പറയാതിരിക്കാനാവില്ല. ഇതൊക്കെയാണ് നാട്ടില്‍ നടക്കുന്നതെന്ന് രാഷ്ട്രപതി അറിയണം. ഭരണഘടനയുടെ കസ്റ്റോഡിയന്‍ അങ്ങാണല്ലൊ. ഭരണഘടന ഉറപ്പുനല്‍കുന്നത് മതനിരപേക്ഷതയാണ്. മതാന്ധതയ്ക്ക് ഭരണഘടനാ സ്ഥാനപങ്ങള്‍ കൂട്ടുനില്ക്കുന്നതും അപമാനകരമാണല്ലൊ.
കെ കുഞ്ഞിക്കണ്ണന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: