മഴയുടെ അഭാവത്തില്‍ നിത്യോപയോഗ സാധനങ്ങളുടെ കുതിച്ചുയര്‍ന്ന വിലയും പെട്രോള്‍ വിലവര്ധനയുംകൊണ്ട് പീഡിതരായ കേരള സമൂഹത്തിന് ഇരുട്ടടി നല്കി സംസ്ഥാന വൈദ്യുതി റഗുലേറ്ററി കമ്മീഷന് കറന്റ്ചാര്‍ജ് കുത്തനെ വര്‍ധിപ്പിച്ചിരിക്കുകയാണ്. ഏറ്റവും കുറഞ്ഞ ഉപഭോക്താവിനെയും ഏറ്റവും കൂടുതല്‍ കറന്റ് ഉപയോഗിക്കുന്ന വ്യവസായി സമൂഹത്തെയും ഒരുപോലെ ഷോക്കടിപ്പിച്ചാണ് പത്ത് വര്‍ഷത്തിനുശേഷം പ്രഖ്യാപിച്ചിരിക്കുന്ന ഈ കറന്റ് ചാര്‍ജ് വര്‍ധന. വീടുകള്‍ക്കുള്ള നിരക്കില്‍ യൂണിറ്റിന് 35 പൈസ മുതല്‍ 2.20 രൂപവരെ ഗാര്‍ഹിക മേഖലയിലെ ശരാശരി വര്‍ധന 41 ശതമാനമാകുമ്പോള്‍ 85 ലക്ഷം ഗാര്‍ഹിക ഉപഭോക്താക്കളാണ് ദുരിതക്കയത്തില്പ്പെടുന്നത്. ഇതിനെല്ലാം പുറമെയാണ് 40 യൂണിറ്റിന് മുകളില്‍ കറന്റ് ഉപയോഗിക്കുന്ന പാവപ്പെട്ടവര്‍ക്ക് പോലും ഫിക്സഡ് ചാര്‍ജും കൂടി ബോര്‍ഡ് ചുമത്തിയിരിക്കുന്നത്. ഗാര്‍ഹിക ഉപഭോക്താക്കള്‍ക്ക് സിംഗിള്‍ഫേസിന് 20 രൂപയും ത്രീഫേസ് കണക്ഷന് 60 രൂപയും കൂടി നല്‍കേണ്ടിവരും. വാണിജ്യ വ്യവസായ മേഖലയെയും കമ്മീഷന് വെറുതെ വിട്ടിട്ടില്ല. എക്സ്ട്രാ ഹൈടെന്‍ഷന്‍, ഹൈടെന്‍ഷന്‍ വിഭാഗങ്ങളും ഇടത്തരം വ്യവസായ സ്ഥാപനങ്ങളും ഈ ആഘാതത്തില്‍നിന്ന് വിമുക്തരല്ല. പ്രതിമാസം 10 ലക്ഷം യൂണിറ്റില്‍ കൂടുതല്‍ വൈദ്യുതി ഉപയോഗിക്കുമ്പോള്‍ അധികച്ചെലവ് ഒന്നരക്കോടിയാകും. കഴിഞ്ഞ 10 വര്‍ഷമായി വൈദ്യുതിനിരക്ക് കൂട്ടിയിട്ടില്ലെന്ന ന്യായീകരണം വിലപ്പോകാത്തത് ഇലക്ട്രിസിറ്റി ബോര്‍ഡിന്റെ കെടുകാര്യസ്ഥത മൂലം 1200 കോടി രൂപ കുടിശിക തിരിച്ചുപിടിക്കാനോ പ്രസരണനഷ്ടം നിയന്ത്രിക്കുവാനോ ബോര്‍ഡിന് സാധ്യമായിട്ടില്ല എന്നതിനാലാണ്.
പുറമെനിന്ന് കറന്റ് വാങ്ങുമ്പോള്‍ വിലവര്‍ധന സ്വാഭാവികമാണെന്നും കേന്ദ്രപൂളില്‍നിന്നും ഇനി വൈദ്യുതി ലഭ്യമാകില്ലെന്നും ഊര്‍ജസഹമന്ത്രി പ്രഖ്യാപിച്ചുകഴിഞ്ഞു. കേന്ദ്ര-സംസ്ഥാന പൊതുമേഖലാ സ്ഥാപനങ്ങളും സ്വകാര്യ മേഖലയിലെ വമ്പന്മാരുമാണ് കുടിശിക അടയ്ക്കാത്തവര്‍. കേരള വാട്ടര്‍ അതോറിറ്റി അടയ്ക്കേണ്ടിയിരുന്ന 542 കോടി രൂപ എഴുതിത്തള്ളിയിരിക്കുന്നു. ഇതെല്ലാം വിരല്‍ചൂണ്ടുന്നത് വൈദ്യുതി ബോര്‍ഡിന്റെ കഴിവില്ലായ്മയിലേക്കുതന്നെയാണ്. അതിന് വില കൊടുക്കേണ്ടിവരുന്നത് നിസ്സഹായരായ ജനങ്ങളും. വൈദ്യുതി മോഷണം തടയാനോ കേടായ മീറ്ററുകള്‍ മാറ്റിസ്ഥാപിക്കാനോ ബോര്‍ഡിനാകുന്നില്ല. വികസിക്കുന്ന കേരളത്തിലെ ഉപഭോക്താക്കളുടെ എണ്ണം വര്ധിക്കുന്നതുപോലെതന്നെ കറന്റ് ഉപയോഗിച്ച് പ്രവര്‍ത്തിക്കുന്ന ഗൃഹോപകരണ സാമഗ്രികളുള്പ്പെടെയുള്ളവയുടെ ഉപയോഗവും വര്‍ധിക്കുകയാണ്. ഉപഭോഗം കുറക്കാനായി സിഎഫ്എല്‍ ലാമ്പുകളും മറ്റും നല്‍കുന്നുണ്ടെങ്കിലും ഇത്ര വലിയ വിടവ് നികത്താന്‍ അവ അപര്യാപ്തമാണ്. ഈ പശ്ചാത്തലത്തില്‍ ബദല്‍ വൈദ്യുതി എന്ന സങ്കല്‍പ്പം കേരളം സ്വാംശീകരിക്കുന്നില്ല. കായംകുളം നിലയം നാഫ്തയില്‍ പ്രവര്‍ത്തിക്കുന്നത് പരിസ്ഥിതി നശീകരണം ക്ഷണിച്ചുവരുത്തും എന്ന ആക്ഷേപമുണ്ട്. എല്‍എന്‍ജി കേബിള്‍ കടലിനടിയില്‍ക്കൂടി വലിക്കാന്‍ പോലും ജനസമൂഹം സമ്മതിക്കുന്നില്ല. വൈദ്യുതി ഉല്പാദനരംഗത്ത് യാതൊരു പുരോഗതിയും കേരളത്തിന് കൈവരിക്കാനായിട്ടില്ല. അതിന് പ്രധാന കാരണം വൈദ്യുതി എന്നാല്‍ ജലസ്രോതസ്സിലെ അണക്കെട്ട് എന്ന ധാരണ നിലനിര്‍ത്തുന്നതിനാലാണ്.
ജപ്പാന് മാതൃകയിലുള്ള ചെറുകിട ജലസേചനപദ്ധതികളില്‍നിന്നും വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്ന സംരംഭമോ കാറ്റാടി വൈദ്യുതിയോ കേരളത്തില്‍ പ്രായോഗികമാക്കിയിട്ടില്ല. സൗരോര്‍ജം ഉല്പാദിപ്പിക്കാന് കാര്യമായ ശ്രമം ജനങ്ങള്‍ നടത്തിക്കാണുന്നില്ല. സോളാര്‍പാനലുകളുടെ വിലവര്‍ധനയാണ് ഇതിന് കാരണമായി പറഞ്ഞിരുന്നതെങ്കില്‍ ഇപ്പോള്‍ ഇതിന്റെ വില താഴ്ന്നിട്ടുണ്ട്. പക്ഷെ സമ്പന്ന-മധ്യവര്‍ഗ സമൂഹം ഇനിയും സൗരോര്‍ജത്തെ ആശ്രയിക്കാന്‍ തല്പരരല്ല. എല്ലാം സര്‍ക്കാരിന്റെ ചുമതല എന്ന ചിന്തയില്‍ ജീവിക്കുമ്പോഴാണ് ഈ വിധം ആഘാതങ്ങള്‍ ഏല്‍ക്കേണ്ടിവരുന്നത്. കേരളത്തില്‍ മഴലഭ്യത 50 ശതമാനത്തോളം കുറഞ്ഞിരിക്കുന്ന സാഹചര്യത്തില്‍ ജല സംഭരണികളില്‍ ഇനി ഒരു മാസത്തേക്കുള്ള വൈദ്യുതി ഉല്പാദനത്തിനുള്ള വെള്ളം മാത്രമാണ് അവശേഷിച്ചിരിക്കുന്നത്. ഈ സാഹചര്യത്തില്‍ പവര്‍കട്ടും ലോഡ്ഷെഡിംഗും അനിവാര്യമാകാനാണ് സാധ്യത. താപ-ജല വൈദ്യുതി പദ്ധതികള്‍ ഇനി സാധ്യമാകില്ല. കായംകുളം തെര്‍മല്‍ പ്ലാന്റിന്റെ ഉല്‍പ്പാദനശേഷി വര്‍ധിപ്പിക്കുകയാണ് ഒരു പോംവഴി. 350 മെഗാവാട്ട് മാത്രം ശേഷിയുള്ള വിലകൂടിയ നാഫ്ത ഇന്ധനമായി ഉപയോഗിക്കുന്ന ഈ താപനിലയത്തില്‍ വൈദ്യുതിക്ക് യൂണിറ്റിന് 10 രൂപ വില വരും. ഇതിന് കേരളം തയ്യാറല്ല.
കൊച്ചി പുതുവൈപ്പിലെ എല്‍എന്‍ജി ടെര്‍മിനലില്‍നിന്നും കടല്‍ വഴി പ്രകൃതിവാതകം എത്തിക്കുന്നത് മത്സ്യബന്ധന തൊഴിലാളികള്‍ക്ക് അപകടകരമാകും എന്ന വാദമുയര്‍ത്തി അതും നിശ്ചലമാക്കിയിരിക്കുകയാണ്. പ്രകൃതിവാതകം ലഭ്യമായാല്‍ ഈ താപനിലയത്തിന്റെ ഉല്പാദനശേഷി 1400 മെഗാവാട്ടായി ഉയര്‍ത്താവുന്നതാണ്. കൂടംകുളം ആണവവൈദ്യുതി തമിഴ്നാട്ടില്‍നിന്ന് കേരളത്തിന്റെ വിഹിതം 266 മെഗാവാട്ടാണ്. പക്ഷെ ഇതിന് വേണ്ടിയുള്ള ലൈന്‍ വലിക്കുന്നതിന് ജനങ്ങള്‍ എതിരാണ്. കാസര്‍കോട്ടെ ചീമേനി താപവൈദ്യുതി നിലയവും ഉപേക്ഷിക്കാന്‍ കാരണമായത് പ്രാദേശിക എതിര്‍പ്പാണ്. കേരളത്തിലെ ജലവൈദ്യുതി പദ്ധതികള്‍ക്ക് യഥാസമയം അറ്റകുറ്റപ്പണിയോ നവീകരണമോ നടത്താത്ത കാരണത്താല്‍ പ്രശ്നങ്ങള്‍ ഉയരാറുള്ളതാണ്. പല പദ്ധതികളുടെയും പൂര്‍ണശേഷി ഉപയോഗപ്പെടുത്തുന്നുമില്ല. ഈ താരിഫ് വര്‍ധന മുന്‍കാല പ്രാബല്യത്തോടെ നിലവില്‍ വരുമ്പോള്‍ ബോര്‍ഡിന് ലഭിക്കുന്നത് 1676.84 കോടി രൂപയാണ്. വൈദ്യുതി നിരക്ക് വര്‍ധനക്കെതിരെ പ്രതിഷേധം വ്യാപകമായിക്കഴിഞ്ഞു. വൈദ്യുതിക്ക് സര്‍ക്കാര്‍ സബ്സിഡി ചിന്തിക്കാനാവില്ലെന്ന് മുഖ്യമന്ത്രി പ്രസ്താവിച്ചിരിക്കുകയാണ്. വൈദ്യുതിചാര്‍ജ് വര്‍ധന നയപരമായ തീരുമാനമായതിനാല്‍ ചര്‍ച്ചക്ക് ശേഷമേ പ്രതികരിക്കുകയുള്ളൂ എന്ന് ധനമന്ത്രിയും പ്രഖ്യാപിച്ചു. ഈ വര്‍ധന കേരളത്തിന്റെ വികസനത്തെ പിന്നോട്ടടിക്കും എന്ന് മുന്‍ ഇലക്ട്രിസിറ്റി മന്ത്രിയായിരുന്ന പിണറായി വിജയന് മുന്നറിയിപ്പും നല്കിയിരിക്കുന്നു. പ്രക്ഷോഭമല്ല, വൈദ്യുതി പ്രതിസന്ധി പരിഹരിക്കാനുള്ള ക്രിയാത്മകമായ നടപടികളാണ് ആവശ്യം. അതോടൊപ്പം ജനങ്ങള്‍ ഏതുവിധം സ്വയംപര്യാപ്തത ഈ രംഗത്ത് കൈവരിക്കാം എന്നുകൂടി ചിന്തിക്കേണ്ട സമയമാണിത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: