കൊച്ചി: ഗോശ്രീ-ചാത്യാത്ത് റോഡില്‍ ചാത്യാത്ത് പളളിക്കടുത്തുളള കയ്യേറ്റം അടിയന്തരമായി ഒഴിപ്പിക്കാന്‍ കണയന്നൂര്‍ തഹസില്‍ദാര്‍ക്ക് നിര്‍ദേശം. കഴിഞ്ഞ ദിവസം കേന്ദ്രമന്ത്രി കെ.വി. തോമസിന്റെ അധ്യക്ഷതയില്‍ ഗസ്റ്റ് ഹൗസില്‍ ചേര്‍ന്ന ഗോശ്രീ റോഡ് പദ്ധതിയുടെ വികസനം സംബന്ധിച്ച ചര്‍ച്ചയിലാണ് ഈ നിര്‍ദേശം. ഈ ഭാഗത്ത് റോഡ് നിര്‍മാണം ഉടന്‍ പൂര്‍ത്തിയാക്കാന്‍ ജില്ലാ കളക്ടര്‍ പി.ഐ. ഷെയ്ക് പരീത് നിദ്ദേശിച്ചു.
രണ്ടു വരിയായി ചാത്യാത്ത് പളളിവരെ പോകുന്ന റോഡ് തുടര്‍ന്ന് കയ്യേറ്റത്താലും പളളിസ്ഥലമുളളതിനാലും ഒരു വരിയായി മാറിയിട്ടുണ്ട്. പളളിയുടെ പടിഞ്ഞാറ് ഭാഗത്തായി കായല്‍ നികത്തിയ ഒരു ഭാഗം പളളിക്കു വിട്ടുകിട്ടിയാല്‍ റോഡിനാവശ്യമായ സ്ഥലം പകരം നല്‍കാമെന്ന് പളളി വികാരി യോഗത്തെ ധരിപ്പിച്ചു. എന്നാല്‍ കായല്‍ പ്രദേശം കൊച്ചി തുറമുഖ ട്രസ്റ്റിന്റെ പരിധിയിലുളള സ്ഥലമാണെന്നും കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തിന്റെ അനുമതി കിട്ടിയാലെ ഇക്കാര്യത്തില്‍ തീരുമാനമെടുക്കനാവൂവെന്നും തുറമുഖ ട്രസ്റ്റ് ഡപ്യൂട്ടി ചെയര്മാന് അറിയിച്ചു.
റോഡിനായി പളളിയുടെ എത്ര സ്ഥലം വേണ്ടിവരുമെന്നും റോഡിനാവശ്യമായ സ്ഥലം വിട്ടുകിട്ടുന്നതു സംബന്ധിച്ചും കൂടുതല്‍ ചര്‍ച്ച നടത്താന്‍ ജില്ലാ കളക്ടറെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പളളി, കൊച്ചി തുറമുഖ ട്രസ്റ്റ് എന്നിവയുടെ പ്രതിനിധികള്‍ ഉള്‍പ്പെടുന്ന സമിതിയില്‍ ഇക്കാര്യം വീണ്ടും ചര്‍ച്ച ചെയ്യും. യോഗത്തില്‍ ഹൈബി ഈഡന് എംഎല്‍എ, ജിസിഡിഎ ചെയര്മാന് എന്‍. വേണുഗോപാല്‍, ബന്ധപ്പെട്ട ഉദ്യോഗസ്ഥര്‍ തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: