പെരുമ്പാവൂര്‍: മറൈന്‍ കാറ്ററിംഗ് സ്ഥാപനത്തിന്റെ മറവില്‍ പെരുമ്പാവൂരില്‍ ലക്ഷങ്ങളുടെ തട്ടിപ്പ്. പണം തിരികെ ചോദിക്കാനെത്തിയ വിദ്യാര്‍ത്ഥികളെ സ്ഥാപന ഉടമ സ്ഥാപനത്തിനുള്ളില്‍ പൂട്ടിയിട്ടശേഷം കടന്നുകളഞ്ഞു. വിദ്യാര്‍ത്ഥികളെ പിന്നീട് പെരുമ്പാവൂര്‍ എസ്ഐയും സംഘവുമെത്തി തുറന്നുവിടുകയായിരുന്നു. പെരുമ്പാവൂര്‍, കോലഞ്ചേരി കവലയില്‍ മയൂരി ടവറില്‍ പ്രവര്‍ത്തിച്ചുവരുന്ന സ്പൈസസ് മറൈന്‍ കാറ്ററിംഗ് ഇന്സ്റ്റിറ്റിയൂഷന് എന്ന സ്ഥാപനത്തിന്റെ ഉടമയായ പാറപ്പുറം സ്വദേശി ഷൈന്‍ എന്നയാള്‍ക്കെതിരെ വിദ്യാര്‍ത്ഥികള്‍ പോലീസില്‍ പരാതി നല്കി.
കാസര്‍കോഡ് ബന്തടുക്ക ഇടപ്പണി വീട്ടില്‍ അജിത് കുമാര്‍ (20), കോഴിക്കോട് ആത്തോളി തായാട്ടുമ്മല്‍ ഷില്ജിത് (20) എന്നിവരെയാണ് സ്ഥാപനത്തില്‍ പൂട്ടിയിട്ടത്. സ്ഥാപന ഉടമ കാക്കനാട് തൃക്കാക്കരയില്‍ നടത്തിയിരുന്ന കുസാറ്റ് മറൈന്‍ എഞ്ചിനീയറിംഗ് എന്ന സ്ഥാപനത്തില്‍ ചേര്‍ന്ന് പഠിക്കുന്നതിനായാണ് ഇവര്‍ പണം നല്‍കിയത്. അജിത്തിന്റെ പക്കല്‍നിന്നും 1,40,000 രൂപയും ഷില്‍ജിത്തിന്റെ കൈയില്‍നിന്ന് 1,25,000 രൂപയുമാണ് വാങ്ങിയിരുന്നത്. പിന്നീട് സ്ഥാപനം വ്യാജമാണെന്നറിഞ്ഞപ്പോഴാണ് ഇവര്‍ പണം തിരികെ ചോദിച്ചത്. എന്നാല്‍ പല ഉപായങ്ങള്‍ പറഞ്ഞ് സ്ഥാപന ഉടമ തങ്ങളെ വഞ്ചിക്കുകയായിരുന്നുവെന്ന് ഇവര്‍ പരാതിയില്‍ പറയുന്നു.
കാക്കനാട് നടത്തിയിരുന്ന സ്ഥാപനത്തില്‍ നൂറ്റമ്പതിലധികം പേര് ചേര്‍ന്നിരുന്നതായും പറയുന്നു. കപ്പലുകളില്‍ ജോലി ലഭിക്കുവാന്‍ സുവര്‍ണാവസരമെന്ന് കാണിച്ചാണ് ഇവര്‍ വിദ്യാര്‍ത്ഥികളെ കൈയിലെടുത്തിരുന്നത്. ഇന്ത്യയില്‍ മുംബൈയിലും ചെന്നൈയിലും മാത്രമുള്ള കോഴ്സാണ് ഇതെന്നും താന്‍ ഇതിന്റെ അംഗീകൃത അധ്യാപകനാണെന്ന് പറഞ്ഞ് വിശ്വസിപ്പിച്ചാണ് വിദ്യാര്‍ത്ഥികളെ വലയിലാക്കിയിരുന്നത്.
പണം നല്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് ചോദിക്കുന്ന മുറയ്ക്ക് ഇയാള്‍ തുകയെഴുതിയ ചെക്ക് നല്‍കിയാണ് കുട്ടികളെയും മാതാപിതാക്കളെയും വിശ്വാസത്തിലെടുത്തതെന്നും അജിത്തും ഷില്ജിത്തും പറയുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: