പെരുമ്പാവൂര്‍: കഴിഞ്ഞ കുറെനാളുകളായി പെരുമ്പാവൂര്‍ മേഖലയിലെ ഹിന്ദുക്കള്‍ക്കെതിരെ പോലീസ് നടത്തിവരുന്ന ഹിന്ദുവിരുദ്ധ നിലപാടുകളില്‍ പ്രതിഷേധിച്ചുകൊണ്ട് ഹിന്ദുഐക്യവേദി കുന്നത്തുനാട് താലൂക്ക് സമിതി സംഘടിപ്പിച്ച പോലീസ് സ്റ്റേഷന് മാര്‍ച്ചില്‍ പ്രതിഷേധത്തിന്റെ ഹൈന്ദവക്കടലിരമ്പി. വിവിധ സാമൂദായിക സംഘടനാ പ്രവര്‍ത്തകരടക്കം നൂറുകണക്കിന് ഹിന്ദുക്കള്‍ മാര്‍ച്ചില്‍ അണിനിരന്നു. പെരുമ്പാവൂര്‍ മേഖലയിലെ ദേശവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ അന്വേഷിക്കുക, ഭീകരവാദികള്‍ക്ക് പെരുമ്പാവൂരില്‍ സഹായം ചെയ്യുന്ന പോലീസ് അധികാരികള്‍ക്കെതിരെ നടപടിസ്വീകരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്.
ബിജെപി ദേശീയ നിര്‍വാഹക സമിതി അംഗം എം.ടി.രമേഷ് പോലീസ് സ്റ്റേഷന് മാര്‍ച്ച് ഉദ്ഘാടനം ചെയ്തു. കേരളത്തില്‍ മുസ്ലീംലീഗിന്റെ നേതൃത്വത്തില്‍ ഇസ്ലാമിക ഭരണക്രമം നടത്താനാണ് ശ്രമം നടത്തുന്നത്. ഇതിന് വേണ്ടി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയെ ലീഗ്കാര് ഹൈജാക്ക് ചെയ്തിരിക്കുകയാണെന്നും എം.ടി.രമേഷ് പറഞ്ഞു. സര്‍ക്കാരിന്റെ എല്ലാ വകുപ്പുകളിലും മതതീവ്രവാദികളുടെ സാന്നിദ്ധ്യമുണ്ട്. പോലീസിലുള്ള ഇത്തരം തീവ്രവാദികളാണ് പെരുമ്പാവൂരിലെ ഭീകരര്‍ക്ക് അവസരങ്ങള്‍ ഒരുക്കിക്കൊടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
അഞ്ച് ഭീകരവാദ സംഘടനകള്‍ നമ്മുടെ നാട്ടിലുണ്ടെന്ന് കേന്ദ്രമന്ത്രി പറഞ്ഞെങ്കില്‍ അതിലൊന്നിലും സംഘപരിവാര്‍ പ്രസ്ഥാനങ്ങളില്ലെന്ന് എം.ടി.രമേശഷ് ഉറപ്പിച്ച് പറഞ്ഞു. പകല്‍ വെള്ളച്ചത്തില്‍ ലീഗുകാരാകുന്നവര് രാത്രിയില്‍ എന്‍ഡിഎഫിന്റെ പണിയെടുക്കുന്നവരാണ്. മഹാഭൂരിപക്ഷം വരുന്ന ഹിന്ദുവിന് മേല്‍ ഇസ്ലാമിക ഭരണം അടിച്ചേല്‍പ്പിക്കാനാണ് ലീഗ് ശ്രമിക്കുന്നത്. ഇതിന് പരിശീലനം നേടിയ ഉദ്യോഗസ്ഥരും കൂട്ടുനില്‍ക്കുന്നതായും അദ്ദേഹം കൂറ്റപ്പെടുത്തി.
ഹിന്ദുഐക്യവേദി സംസ്ഥാന ജനറല്‍ സെക്രട്ടറി ആര്.വി.ബാബു മുഖ്യപ്രഭാഷണം നടത്തി. ബിജെപി ദേശീയസമിതിയംഗം അഡ്വ.കെ.ആര്.രാജഗോപാല്‍, ഹിന്ദുഏകോപനസമിതി കണ്‍വീനര്‍ കെ.പി.രമേഷ്, ഹിന്ദുഐക്യവേദി നേതാക്കളായ ഇ.ജി.മനോജ്, അഡ്വ.സജീവ് പി.മേനോന്, സി.ദിനേശ്, ശശികുമാര്‍, ബിജെപി നേതാക്കളായ കെ.ജി.പുരുഷോത്തമന്, അജിത്കുമാര്‍,സി.പി.രാധാകൃഷ്ണന്, ബിഎംഎസ് ഭാരവാഹികളായ പി.ആര്.വിജയന്, എം.എ.ഷാജി തുടങ്ങിയവര്‍ മാര്‍ച്ചിന് നേതൃത്വം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: