ദുബായ്: മത്സ്യത്തൊഴിലാളികള്‍ക്ക് നേരെ വെടിയുതിര്‍ത്ത സംഭവം യു.എ.ഇ അന്വേഷിക്കും. സംഭവത്തെ കുറിച്ച് ഇന്ത്യ യു.എ.ഇയോട് റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ദുബായിലെ ഇന്ത്യന്‍ അംബാസഡര്‍ എം.കെ.ലോകേഷിനോടാണ് കേന്ദ്ര വിദേശകാര്യ മന്ത്രി എസ്.എം.കൃഷ്ണ റിപ്പോര്‍ട്ട് ആവശ്യപ്പെട്ടത്.
ഇന്നലെ വൈകിട്ടാണ് ദുബായിലെ ജബല്‍ അലി തുറമുഖത്തിന് അടുത്ത് അമേരിക്കന്‍ നാവികസേനയുടെ കപ്പലില്‍ നിന്ന് മത്സ്യബന്ധന ബോട്ടിന് നേര്‍ക്ക് വെടിയുതിര്‍ത്തത്. സംഭവത്തില്‍ തമിഴ്നാട്ടുകാരനായ ഒരു മത്സ്യത്തൊഴിലാളി മരിക്കുകയും മൂന്ന് പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു. രാമനാഥപുരം ജില്ലയിലെ പെരിയപട്ടണം സ്വദേശി ശേഖറാണ് കൊല്ലപ്പെട്ടത്. രാമനാഥപുരം സ്വദേശികളായ മുനിരാജ്, പന്‍പുവന്‍, മുരുകന് എന്നിവര്‍ക്കാണ് പരിക്കേറ്റത്. ദുബായിലുള്ള കമ്പനിക്കു വേണ്ടി ദിവസക്കൂലിക്കു ജോലിനോക്കുന്നവരാണ് ഇവര്‍.
മുന്നറിയിപ്പ് അവഗണിച്ചും കപ്പലിന് നേര്‍ക്ക് വന്നതിനാലാണ് വെടിയുതിര്‍ത്തതെന്നാണ് യു.എസ് നാവികസേന വ്യക്തമാക്കുന്നത്. അതേസമയം സംഭവത്തില്‍ കേസെടുക്കണമെന്ന് ഇന്ത്യ യു.എ.ഇയോട് ആവശ്യപ്പെട്ടു. പരിക്കേറ്റവരെ ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ സന്ദര്‍ശിക്കുകയും ചെയ്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: