ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമല്ലെന്നും ഇവിടെ കൂടുതല്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ അനിവാര്യമാണെന്നും പറഞ്ഞ അമേരിക്കന്‍ പ്രസിഡന്റ് ബറാക് ഒബാമയെ അസ്വസ്ഥനാക്കുന്നത് ഇന്ത്യയില്‍ ചില്ലറ വ്യാപാരരംഗമടക്കം പല മേഖലകളിലും വിദേശ നിക്ഷേപം നിരോധിച്ചിരിക്കുന്നതിനാലാണ്. ഇന്ത്യക്ക് ദുഷ്ക്കരമായ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ വേണ്ടിവരുമെന്ന് പ്രസ്താവിച്ച ഒബാമ വ്യവസായ സമൂഹത്തെ ഉദ്ധരിച്ച് പറഞ്ഞത് ഇവിടുത്തെ നിക്ഷേപാന്തരീക്ഷം വഷളായിക്കൊണ്ടിരിക്കുകയാണെന്നാണ് അമേരിക്കയിലെ വ്യവസായ സമൂഹത്തിന്റെ അഭിപ്രായത്തിലും ഇന്ത്യയില്‍ നിക്ഷേപിക്കുന്നത് ദുഷ്ക്കരമാണെന്നാണ്. ഇന്ത്യ നിക്ഷേപ സൗഹൃദ രാജ്യമല്ല എന്ന് പ്രചരിപ്പിക്കുന്നത് രാജ്യാന്തര ലോബികളാണെന്നും ഒബാമയുടെ പ്രസ്താവന തെറ്റായ ധാരണയില്‍നിന്നും ഉരുത്തിരിഞ്ഞതാണെന്നുമാണ് കമ്പനികാര്യമന്ത്രി വീരപ്പമൊയ്ലി ഇതിനോട് പ്രതികരിച്ചത്. ഒബാമയുടെ ആഗ്രഹത്തിന് മാത്രം വഴങ്ങി ഇന്ത്യയുടെ മാര്‍ക്കറ്റുകള്‍ വിദേശനിക്ഷേപകര്‍ക്ക് തുറന്നുകൊടുക്കാനാവില്ലെന്ന് പ്രതിപക്ഷമായ ബിജെപിയും പ്രതികരിച്ചു. റീട്ടെയില്‍ മാര്‍ക്കറ്റില്‍ എഫ്ഡിഐ കൊണ്ടുവരാനുള്ള അമേരിക്കയുടെ തീവ്രമായ ആഗ്രഹത്തിന്റെ പ്രതിഫലനമായിരുന്നല്ലോ യുഎസ് വിദേശകാര്യ സെക്രട്ടറി ഹിലരി ക്ലിന്റന്റെ പശ്ചിമബംഗാള്‍ സന്ദര്‍ശനം. ഇന്ത്യയുടെ നിക്ഷേപ കാലാവസ്ഥാ ഗ്രാഫ് താഴോട്ടാണെന്നത് ചില സംരംഭകരുടെയും നിക്ഷേപകരുടെയും അഭിപ്രായം മാത്രമാണെന്ന് പ്രസ്താവിച്ച വീരപ്പമൊയ്ലി തെളിവായി ചൂണ്ടിക്കാണിച്ചത് ഇന്ത്യയിലെ ഒരു ധനകാര്യ സ്ഥാപനവും തകര്‍ച്ച നേരിട്ടിട്ടില്ല എന്ന വസ്തുതയാണ്.
യഥാര്‍ത്ഥത്തില്‍ കഴിഞ്ഞ ദശകത്തില്‍ ഇന്ത്യയുടെ വളര്‍ച്ചാനിരക്ക് എട്ടില്‍നിന്നും 9.5 ശതമാനമായി ഉയരുകയാണ് ചെയ്തത്. പക്ഷേ യൂറോപ്പിലും യുഎസിലും സാമ്പത്തിക കാലാവസ്ഥ വിഭിന്നമാണെന്നും യൂറോപ്പും യുഎസുമാണ് യഥാര്‍ത്ഥത്തില്‍ ഇന്ന് സാമ്പത്തിക പ്രതിസന്ധി നേരിടുന്നത് എന്നുള്ള വസ്തുത പൊതു അറിവാണ്. അമേരിക്കയില്‍ ബിപിഒകള്‍ക്ക് നിയന്ത്രണം വന്നത് അടുത്തയിടെയായിരുന്നല്ലോ. ഇന്ത്യയില്‍ വളര്‍ച്ചാ മാന്ദ്യമുണ്ടെങ്കില്‍ അത് ആഗോള മാന്ദ്യത്തിന്റെ പ്രതിഫലനം മാത്രമാണ്. ഇപ്പോള്‍തന്നെ എഫ്ഐഐയിലും എഫ്ഡിഐയിലും പത്ത് രാജ്യങ്ങള്‍ 55 ശതമാനം നിക്ഷേപം നടത്തിയപ്പോള്‍ അമേരിക്കന്‍ നിക്ഷേപം വെറും 19 ശതമാനമായിരുന്നു. ചില്ലറ വ്യാപാര മേഖലയിലെ വിദേശനിക്ഷേപം വേണമെന്ന ആവശ്യത്തെ ഇന്ത്യയിലെ പല സംസ്ഥാനങ്ങളും എതിര്‍ത്തത് അത് ചെറുകിട വ്യാപാരികളെ തകര്‍ക്കുമെന്നതിനാലാണ്. സംഭരണശാലകളുടെ അഭാവം ഭക്ഷ്യധാന്യശേഖരം നശിക്കുന്നതിന് കാരണമാണെന്നും ഇൗ വിധം പ്രശ്നങ്ങള്‍ പരിഹൃതമാകുമെന്നും മറ്റുമുള്ള കേന്ദ്രഭാഷ്യം സംസ്ഥാനങ്ങള്‍ മുഖവിലക്കെടുത്തില്ല. ഇത് ഇന്ത്യയുടെ വളര്‍ച്ചയ്ക്ക് വിഘാതമാണെന്നാണ് ഒബാമയുടെ അഭിപ്രായം. സ്വന്തം രാജ്യങ്ങളിലെ വളര്‍ച്ചയിലും തൊഴില്‍ സൃഷ്ടിയിലും ശ്രദ്ധ കേന്ദ്രീകരിക്കണമെന്ന നിലപാട് ജി-20 യോഗം അംഗീകരിച്ചതായും ഒബാമ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയിലെ വ്യാപാര ലോബിയും അമേരിക്കന്‍ പ്രസിഡന്റിന്റെ അഭിപ്രായത്തില്‍ അതൃപ്തി രേഖപ്പെടുത്തുകയും ബാഹ്യശക്തികളുടെ ഇടപെടല്‍ ഇന്ത്യക്കാവശ്യമില്ലെന്ന് അസന്ദിഗ്ധമായി പ്രഖ്യാപിക്കുകയും ചെയ്തുകഴിഞ്ഞു.
ഇന്ത്യയില്‍ സാമ്പത്തിക പരിഷ്ക്കാരങ്ങള്‍ക്ക് സമയമായെന്നുള്ള ഒബാമയുടെ അഭിപ്രായത്തോട് പ്രതികരിച്ച് വ്യോമയാന മേഖല, പ്രതിരോധം, ഇന്‍ഷുറന്‍സ്, ചില്ലറ വ്യാപാരമേഖല മുതലായ മേഖലകളില്‍ പരിഷ്ക്കാരം ആകാമെന്ന അഭിപ്രായമാണ് എഫ്ഐസിസിഐ ജനറല്‍ സെക്രട്ടറി രാജീവ് കുമാറും പറഞ്ഞത്. പക്ഷേ ഇന്ത്യയുടെ ഭാവിവളര്ച്ചയെപ്പറ്റി ഇന്ത്യക്ക് യാതൊരു ആകാംക്ഷയുമില്ല എന്നുതന്നെയാണ് അമേരിക്കന്‍ പ്രസിഡന്റ് ഒബാമയുടെ അഭിപ്രായത്തോടുള്ള പ്രതികരണം വ്യക്തമാക്കുന്നത്. ഇന്ത്യയുടെ ജിഡിപി വളര്‍ച്ച തുടരുമെന്ന് തന്നെയുള്ള ശുഭപ്രതീക്ഷയില്‍ തന്നെയാണ് രാജ്യം. കോണ്‍ഫെഡറേഷന്‍ ഓഫ് ഇന്ത്യന്‍ ഇന്‍ഡസ്ട്രിയുടെ അഭിപ്രായം ഐടി ആക്ടിലും ജനറല്‍ ആന്റി അവോയ്ഡന്‍സ് നിയമത്തിലും ഭേദഗതികള്‍ ആവശ്യമാണെന്നാണ്. പ്രസിഡന്റ് ഒബാമയുടെ നിക്ഷേപക സൗഹൃദ രാജ്യമല്ല ഇന്ത്യ എന്ന വിമര്‍ശനം ഒരുതലത്തില്‍ ഗുണപ്രദമാകുന്നത് വിവിധ തലങ്ങളില്‍ ഇത് ഉയര്‍ത്തിയ പ്രതികരണങ്ങള്‍ സൃഷ്ടിപരമായ നടപടികള്‍ക്ക് പ്രചോദകമായേക്കാം എന്നതില്‍ മാത്രമാണ്. ഒബാമ ലക്ഷ്യമിടുന്നത് ഇന്ത്യന്‍ വിപണിയിലെ അമേരിക്കന്‍ നിക്ഷേപമാണെന്ന വസ്തുതയാണ് അദ്ദേഹത്തിന്റെ പുതിയ പ്രസ്താവനയില്‍ക്കൂടി തെളിയുന്നത്.
മഹിളാ കോണ്‍ഗ്രസിന്റെ
തിരിച്ചറിവ്
മുസ്ലീംലീഗിന്റെ സമ്മര്‍ദ്ദ രാഷ്ട്രീയത്തിനെതിരെ കോണ്‍ഗ്രസ് സംഘടനയായ മഹിളാ കോണ്‍ഗ്രസ് രംഗത്തുവന്നിരിക്കുകയാണ്. ജാതിമത സാമുദായിക ശക്തികളെ പ്രീണിപ്പിക്കുന്ന നയം കേരള രാഷ്ട്രീയത്തിന്റെ നൈതികതയെ നശിപ്പിക്കുമെന്നും ഭരണത്തെയും പാര്‍ട്ടിയെയും ബാധിക്കുന്ന തരത്തിലുള്ള ഒരു സമുദായത്തിന്റെ രാഷ്ട്രീയ സമ്മര്‍ദ്ദം മുളയിലേ നുള്ളണമെന്നുമാണ് മഹിളാ കോണ്‍ഗ്രസ് ആവശ്യപ്പെടുന്നത്. മതേതരത്വം ഘടകകക്ഷികള്‍ക്കും ബാധകമാണെന്ന സുപ്രധാന തത്വവും മഹിളാ കോണ്‍ഗ്രസ് മുന്നോട്ടുവച്ചു. മുസ്ലീംലീഗിന്റെ ഏകാധിപത്യ പ്രവണത കേരള രാഷ്ട്രീയം കലുഷിതമാക്കുന്നതിന്റെ ഒടുവിലത്തെ തെളിവാണിത്. വിദ്യാഭ്യാസ വകുപ്പ് മുസ്ലീംലീഗ് എല്ലാ യുഡിഎഫ് ഭരണകാലത്തും അവകാശംപോലെ കയ്യടക്കി സ്വസമുദായത്തെ പോഷിപ്പിക്കുന്ന പ്രവണത പ്രദര്‍ശിപ്പിക്കാറുണ്ട്. ഇപ്പോഴത്തെ യുഡിഎഫ് ഭരണത്തില്‍ വിദ്യാഭ്യാസമന്ത്രി സ്വേഛാധിപതിയെപ്പോലെ പെരുമാറുന്നതാണ് കാലിക്കറ്റ് യൂണിവേഴ്സിറ്റി പ്രശ്നത്തിലും വഖഫ് ഭൂമി പ്രശ്നത്തിലും സ്കൂളുകള്‍ സര്‍ക്കാര്‍ ഏറ്റെടുക്കാന്‍ അനുവദിക്കാതെ എയ്ഡഡ് മേഖലയ്ക്ക് വിട്ടുനല്‍കി നിയമനങ്ങളിലെ കോഴ സാധ്യത മുതലെടുക്കാന്‍ ശ്രമിച്ചതും തെളിയിച്ചത്. ഇതിനെല്ലാം പുറമെയാണ് അധ്യാപികമാരോട് പച്ച ബ്ലൗസും പച്ച ബോര്‍ഡര്‍ വസ്ത്രവും അണിയാന്‍ വിദ്യാഭ്യാസവകുപ്പ് നിര്‍ദ്ദേശിച്ചത്. പച്ച എന്നാല്‍ ലീഗല്ല എന്നുപറയുമ്പോള്‍ എന്തുകൊണ്ട് ലീഗിന്റെ കൊടിയുടെ നിറമായ പച്ചതന്നെ നിര്‍ദ്ദേശിക്കപ്പെട്ടു?
വിദ്യാഭ്യാസവകുപ്പ് ലീഗില്‍നിന്നും കോണ്‍ഗ്രസ് ഏറ്റെടുക്കണമെന്ന ആവശ്യം അഞ്ചാംമന്ത്രി വിവാദം വന്നപ്പോള്‍ ഉയര്‍ന്നിരുന്നതാണ്. പക്ഷേ മുഖ്യമന്ത്രി സ്വന്തം പാര്‍ട്ടിയുടെയോ ഘടകകക്ഷികളുടെയോ അഭിപ്രായംപോലും ആരായാതെ മുസ്ലീംലീഗിന് മുമ്പില്‍ മുട്ടുമടക്കുകയായിരുന്നല്ലോ. ന്യൂനപക്ഷങ്ങള്‍ ഭൂരിപക്ഷങ്ങളുടെ അവകാശം കൈക്കലാക്കുന്നുവെന്ന അഭിപ്രായം ലത്തീന്‍ കാത്തലിക് കോണ്‍ഗ്രസ് പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് സൊാസ്പാക്യവും പ്രകടിപ്പിക്കുന്നു. എന്നാല്‍ മഹിളാ കോണ്‍ഗ്രസ് പ്രമേയം അവജ്ഞയോടെ തള്ളിക്കളയുന്നുവെന്ന് ഒരു ചര്‍ച്ചയില്‍ ഒരു ലീഗ് നേതാവും മുസ്ലീംലീഗ് ഭരിക്കുന്ന വകുപ്പുകളില്‍ വര്‍ഗീയവല്‍ക്കരണം നടക്കുന്നുവെന്ന ആരോപണം മറുപടി അര്‍ഹിക്കുന്നില്ലെന്ന് മന്ത്രി മുനീറും പറയുന്നുണ്ട്. രാഷ്ട്രീയത്തില്‍ വനിതാ പ്രാതിനിധ്യം കുറവാണെന്നുള്ളത് അംഗീകരിക്കപ്പെട്ട വസ്തുതയാണ്. ഇപ്പോള്‍ മഹിളാ കോണ്‍ഗ്രസും പാര്‍ലമെന്റിലും നിയമസഭകളിലും വനിതകള്‍ക്ക് 33 ശതമാനം നല്കുന്ന സ്ത്രീ സംവരണനിയമം പാസാക്കണമെന്നും ബോര്‍ഡ്-കോര്പ്പറേഷന് വിഭജനത്തില്‍ മഹിളാ കോണ്‍ഗ്രസിനും പ്രാതിനിധ്യം വേണമെന്നും സംഘടനാ തലത്തിലും 33 ശതമാനം വേണമെന്നും ആവശ്യമുയര്‍ത്തിയത് സമയോചിതമാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: