കൊച്ചി: നാലമ്പല ദര്‍ശനപുണ്യത്തിന് ഇന്ന് തുടക്കം. രാമായണ മാസാചരണത്തോടനുബന്ധിച്ച് നാലമ്പല ദര്‍ശനം നടത്തുന്ന നാല് ക്ഷേത്രങ്ങളില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ ഭരണ നിയന്ത്രണത്തിലുളളതും കേരളത്തിലെ ഏക ലക്ഷ്മണ സ്വാമിയുടെ പ്രതിഷ്ഠയുളള തിരുമൂഴിക്കുളം ശ്രീലക്ഷ്മണസ്വാമി ക്ഷേത്രത്തില്‍ വിപുലമായ സൗകര്യങ്ങളൊരുക്കിയിരിക്കുന്നത്.
ഒരു മാസം നീണ്ടുനില്‍ക്കുന്ന രാമായണ മാസാചരണത്തിലാണ് മലയാളികള്‍ നാലമ്പല ദര്‍ശനം നടത്തുന്നത്. വിഷ്ണു ഭഗവാന്റെ വ്യത്യസ്തമായ നാലു ഭാവങ്ങള്‍ നാലു ക്ഷേത്രങ്ങളില്‍ കുടികൊളളുന്നു. തൃപ്രയാറില്‍ ഭഗവാന് ശ്രീരാമനായും ഇരിങ്ങാലക്കുടയില്‍ ശംഖുധാരിയായ ഭരത പ്രതിഷ്ഠയും തിരുമൂഴിക്കുളത്ത് അനന്തനായ് ലക്ഷ്മണ സ്വാമിയും, പായിമ്മലില് സുദര്‍ശന ചക്രം ധരിച്ച് ശത്രുഘ്നനും വാണരുളുന്നു. ഈ നാലു ക്ഷേത്രങ്ങളിലും യഥാക്രമം നിര്‍മ്മാല്യം, ഉഷപൂജ, ഉച്ചപൂജ, അത്താഴ പൂജ, എന്നിങ്ങനെ ഒരേ ദിവസം തന്നെ തൊഴുന്നത് വളരെ വിശേഷമാണ്.
ദ്വാപരയുഗത്തില്‍ ദ്വാരകയില്‍ ഭഗവാന് ശ്രീകൃഷ്ണന് പ്രതിഷ്ഠിച്ചാരാധിച്ചിരുന്ന നാല് വിഗ്രഹങ്ങള്‍ പ്രളയാന്ത്യത്തില്‍ ഒഴുകി നടക്കുകയും തൃപ്രയാറിനു സമീപം കരയ്ക്കടുക്കുകയും ചെയ്തു. ശ്രീരാമ, ഭരത, ലക്ഷ്മണ, ശത്രുഘ്നന്മാരുടെ വിഗ്രഹങ്ങള്‍ യഥാക്രമം തൃപ്രയാര്‍, ഇരിങ്ങാലക്കുട, മൂഴിക്കുളം പായിമ്മല് എന്നിവിടങ്ങളില്‍ പ്രതിഷ്ഠിക്കുകയും ക്ഷേത്രങ്ങള്‍ നിര്‍മ്മിക്കുകയും ചെയ്തുവെന്നാണ് ഐതിഹ്യം.
കേരള, തമിഴ്നാട്, ആന്ധ്ര, കര്‍ണ്ണാടക എന്നീ നാല് ദക്ഷിണേന്ത്യന്‍ സംസ്ഥാനങ്ങളിലെ ശൈവ-വൈഷ്ണവ ഭക്തി പ്രസ്ഥാനക്കാര്‍ ആരാധിച്ചുപോന്ന 108 ക്ഷേത്രങ്ങളില്‍ കേരളത്തില്‍ ഉള്‍പ്പെട്ട 12 ക്ഷേത്രങ്ങളിലൊന്നാണ് തിരുമൂഴിക്കുളം ക്ഷേത്രം. ദ്വാപരയുഗത്തില്‍ വിഷ്ണു ഭക്തനായ ഹരിത മഹര്‍ഷി ചാലക്കുടിയാറിന്റെ തീരത്ത് തപസനുഷ്ഠിച്ചുവരവെ ദര്‍ശനമരുളിയ മഹാവിഷ്ണു വരാനിരിക്കുന്ന കലിയുഗത്തെപ്പറ്റിയും അക്കാലത്ത് അനുഷ്ഠിക്കേണ്ട നിഷ്ഠകളെപ്പറ്റിയും ഭക്തന് ഉപദേശം നല്കി. അപ്രകാരം ഭഗവാന്റെ തിരുമൊഴിയുണ്ടായ ദേശമെന്നതിനാലാണ് ആദ്യം ഈ സ്ഥലത്തിന് തിരുമൊഴിക്കുളമെന്നും അത് പിന്നീട് തിരുമൂഴിക്കുളമെന്നും അറിയപ്പെട്ടത്.
എറണാകുളം-തൃശൂര്‍ ജില്ലാ അതിര്‍ത്തിയില്‍ ആലുവ താലൂക്കില്‍ പാറക്കടവ് പഞ്ചായത്തില്‍ അങ്കമാലിക്കും അത്താണിക്കുമടുത്ത് ചരിത്രമുറങ്ങുന്ന ചാലക്കുടി പുഴയോരത്താണ് അതിപുരാതനമായ തിരുമൂഴിക്കുളം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ക്ഷേത്രത്തിന്റെ ശില്പകലാവിഷ്കാരമായ കൂത്തമ്പലം കാണാന്‍ സന്ദര്‍ശകര്‍ ധാരാളമാണ്. ഇനിയുള്ള ദിവസങ്ങളില്‍ പതിനായിരക്കണക്കിന് ഭക്തജനങ്ങളാണ് തിരമൂഴിക്കുളം ക്ഷേത്രത്തില്‍ ദര്‍ശനത്തിനായെത്തുന്നത്. ഇക്കുറി ഭക്തരുടെ തിരക്ക് പ്രമാണിച്ച് കൂടുതല്‍ സൗകര്യങ്ങളൊരുക്കിയിട്ടുണ്ട്. റോഡ് മുതല്‍ ക്ഷേത്രകവാടം വരെയും അകത്ത് പ്രദക്ഷിണവഴിയിലും ശ്രീകോവിലിന് ചുറ്റും പന്തല്‍ നിര്‍മ്മിച്ചിട്ടുണ്ട്. ഭക്തര്‍ക്ക് മഴയും വെയിലുമേല്‍ക്കാതെ ദര്‍ശനത്തിനുള്ള സൗകര്യമാണ് ഒരുക്കിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: