കൊച്ചി: ഇനിയുള്ള 31 ദിനങ്ങള്‍ ശ്രീരാമ സ്തുതികളാല്‍ നാടും നഗരവും മുഖരിതമാകും. ത്രേതായുഗത്തിലെ കൗസല്യതനയന്റെ അവതാര ലീലകള്‍ പാടാന്‍ ജില്ലയിലെ ക്ഷേത്രങ്ങളും ഹൈന്ദവ ഭവനങ്ങളും ആത്മീയ കേന്ദ്രങ്ങളും ഒരുങ്ങിക്കഴിഞ്ഞു. രാമായണ മാസാചരണത്തിന്റെ ഭാഗമായി രാമായണ പാരായണം കൂടാതെ വിവിധ അര്‍ച്ചനകള്‍, സത്സംഗങ്ങള്‍, തീര്‍ത്ഥയാത്രകള്‍, നാലമ്പല ദര്‍ശനം തുടങ്ങിയവയും ക്ഷേത്രങ്ങളും ആദ്ധ്യാത്മിക കേന്ദ്രങ്ങളും കേന്ദ്രീകരിച്ച് സംഘടിപ്പിച്ചിട്ടുണ്ട്.
രായമംഗലം കൂട്ടുമഠം ശ്രീസുബ്രഹ്മണ്യ സ്വാമി ക്ഷേത്രത്തില്‍ ദിവസേന രാവിലെയും വൈകിട്ടും രാമായണ പാരായണം നടക്കും. വിശേഷാല്‍ പൂജകളും ഗണപതി ഹോമവും ദിവസവും രാവിലെ നടക്കും. ആഗസ്റ്റ് 12 ന് പ്രത്യേകം പൂജയും മഹാഗണപതി ഹോമവും ഗജപൂജയും നടക്കും. രാമായണ പാരായണത്തിന് ബാലകൃഷ്ണന് ചെറുകര, കുഞ്ഞപ്പന് വരിപ്പേലിക്കുടി, പ്രകാശ് കെ. റാം തുടങ്ങിയവര്‍ നേതൃത്വം നല്‍കും. ഒക്കല്‍ മാതാ അമൃതാനന്ദമയീ സത്സംഗ സമിതിയിലെ രാമായണമാസാചരണം ഇന്നുമുതല്‍ ആഗസ്റ്റ് 15വരെ നടക്കും. ക്ഷേത്ര സംരക്ഷണ സമിതി സംസ്ഥാന ജനറല്‍ സെക്രട്ടറി സ്വാമി അയ്യപ്പദാസ് ഉദ്ഘാടനം ചെയ്യും. എല്ലാ ദിവസവും പാരായണം, സത്സംഗം, ലളിതാസഹസ്രനാമാര്‍ച്ചന, ഭജന എന്നിവ നടക്കും.
കീഴില്ലം ശ്രീസത്യസായി സേവാ സമിതിയുടെ ആഭിമുഖ്യത്തില്‍ 16 മുതല്‍ രാമായണ പാരായണവും സത്സംഗവും ഭജനയും നടക്കും. ചടങ്ങുകള്‍ക്ക് കണ്‍വീനര്‍ സുധീര്‍ നേതൃത്വം വഹിക്കും. പാലക്കാട്ട് താഴം ഭഗവതി ക്ഷേത്രം, ആല്‍പ്പാറ ക്ഷേത്രം എന്നിവിടങ്ങളില്‍ ദിവസേന രാവിലെ ഗണപതി ഹോമം വൈകിട്ട് രാമായണ പാരായണം, ഭജന എന്നിവ ഉണ്ടായിരിക്കും. പെരുമ്പാവൂര്‍ ശ്രീധര്‍മശാസ്താ ക്ഷേത്രത്തില്‍ രാമായണ പാരായണവും വിശേഷാല്‍ പൂജകളും ദിവസേന നടക്കും. രായമംഗലം പാഞ്ചജന്യം ഗ്രാമസേവാസമിതിയുടെ ആഭിമുഖ്യത്തില്‍ ജൂലൈ 22, 29, ആഗസ്റ്റ് 5, 12,15 തീയതികളില്‍ രാമായണ പാരായണം, സത്സംഗം, പ്രസാദ ഊട്ട്, ഭജന, ലളിതാസഹസ്രനാമ അര്‍ച്ചന എന്നിവ ഉണ്ടാകും.
വിശ്വഹിന്ദുപരിഷത്ത് കൊച്ചി ജില്ലയുടെ ആഭിമുഖ്യത്തില്‍ ഇന്ന് വൈകിട്ട് 5.30 ന് പാവക്കുളം ശ്രീമഹാദേവ ക്ഷേത്ര ഓഡിറ്റോറിയത്തില്‍ ഈ വര്‍ഷത്തെ രാമായണ മാസാചരണത്തിന്റെ ഉദ്ഘാടനം പ്രൊഫസര്‍ എം.കെ.സാനു മാസ്റ്റര്‍ നിര്‍വഹിക്കും. രാമായണമാസത്തിന്റെ ആരംഭം ഇന്ന് രാവിലെ 6 മുതല്‍ ക്ഷേത്രസമിതിയുടെ ആഭിമുഖ്യത്തില്‍ അഖണ്ഡരാമായണപാരായണം നടത്തും. തുടര്‍ന്ന് എല്ലാ ദിവസവും രാവിലെ രാമായണപാരായണവും എല്ലാ വെള്ളിയാഴ്ചകളില്‍ ഉച്ചയ്ക്ക് ഔഷധക്കഞ്ഞി വിതരണവും ഉണ്ടായിരിക്കുന്നതാണെന്ന് ക്ഷേത്രം സെക്രട്ടറി അറിയിച്ചു.
യോഗത്തില്‍ കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ലഭിച്ച പ്രൊഫസര്‍ സാനു മാസ്റ്ററേ ആദരിക്കുകയും ഐഎഎസ് പരീക്ഷയില്‍ സംസ്ഥാനതലത്തില്‍ രണ്ടാം റാങ്ക് നേടിയ വി.വി.വിഷ്ണുവിനെ അനുമോദിക്കുകയും ചെയ്യും.
കര്‍ക്കടകത്തില്‍ രാമായണ മാസാചരണത്തിന് മൂവാറ്റുപുഴയിലെ ക്ഷേത്രങ്ങള്‍ ഒരുങ്ങി. മൂവാറ്റുപുഴ വെള്ളൂര്‍ക്കുന്നം മഹാദേവ ക്ഷേത്രത്തില്‍ രാവിലെ 6 മുതല്‍ രാമായണ പാരായണം തുടങ്ങും. പ്രഭാഷണങ്ങള്‍, വിശേഷാല്‍ പൂജകളുമുണ്ടാകും. എല്ലാ ദിവസവും വൈകിട്ട് 7 ന് ഔഷധക്കഞ്ഞി വിതരണമുണ്ടാകും.
മൂവാറ്റുപുഴ ശ്രീകുമാര ഭജന ദേവസ്വം ക്ഷേത്രം, മൂവാറ്റുപുഴ പുഴക്കരക്കാവ് ദേവീക്ഷേത്രം, തൃക്കളത്തൂര്‍ ശ്രീരാമസ്വാമി ക്ഷേത്രം, പള്ളിമറ്റത്ത് കാവ്, റാക്കാട് കാര്ണാട്ടുകാവ്, മുടവൂര്‍ ചാക്കുന്നത്ത് മഹാദേവക്ഷേത്രം, വാളകം വെട്ടിക്കവ് ക്ഷേത്രം, കിഴക്കേക്കര ശ്രീധര്‍മ ശാസ്താ ക്ഷേത്രം, മറ്റപ്പിള്ളി ശ്രീകൃഷ്ണ ക്ഷേത്രം, റാക്കാട് കൊയ്ക്കാട് ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, മാറാടി ശ്രീ ഭഗവതി ക്ഷേത്രം, ആനിക്കാട് തിരുവും പ്ലാവില്‍ മഹാദേവക്ഷേത്രം തുടങ്ങിയ ക്ഷേത്രങ്ങളില്‍ രാമായണ മാസാചരണവും രാമായണ പാരായണം, വിശേഷാല്‍ പൂജകളും രാമായണ ക്വിസ് മത്സരങ്ങളുമുണ്ടാകും.
അങ്കമാലി: കേരള ക്ഷേത്രസംരക്ഷണസമിതിയുടെ കീഴിലുള്ള ക്ഷേത്രങ്ങളിലെല്ലാം രാമായണ മാസാചരണം നടത്തുമെന്ന് ജില്ലാ സമിതിയോഗം അറിയിച്ചു. കര്‍ക്കിടകം ഒന്നുമുതല്‍ ക്ഷേത്രങ്ങളില്‍ രാമായണപാരായണം, പ്രഭാഷണം, സര്‍വൈശ്വര്യപൂജ, ചിത്രരചന, പ്രശ്നോത്തരി മത്സരം എന്നിവയുണ്ടാകും. കുട്ടമശ്ശേരിയില്‍ ചേര്‍ന്ന ജില്ലാ സമിതി യോഗത്തില്‍ ജില്ലാ പ്രസിഡന്റ് ഹരിഹരന് അധ്യക്ഷനായി. ജില്ലാ സെക്രട്ടറി അശോക് ബാബു, എം.പി.ചന്ദ്രശേഖരന്, ശശീന്ദ്രന് തുടങ്ങിയവര്‍ പങ്കെടുത്തു.
ശ്രീരാമവിലാസം ചവളര്‍ സൊസൈറ്റി അങ്കമാലി യൂണിയന് സംഘടിപ്പിച്ചിട്ടുള്ള രാമായണ മാസാചരണം 15ന് വൈകിട്ട് 4ന് ശ്രീരാമട്രസ്റ്റ് ചെയര്മാന് വി.ആര്.സത്യവാന് ഉദ്ഘാടനം ചെയ്യും. യൂണിയന് പ്രസിഡന്റ് വി.കെ.ബാലകൃഷ്ണന് അധ്യക്ഷനാകും. തുറവൂര്‍ ശാഖ മന്ദിരത്തിലാണ് യോഗം നടക്കുന്നത്.
നെടുമ്പാശ്ശേരി: മേയ്ക്കാട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രത്തില്‍ ഇന്ന് മുതല്‍ ആഗസ്റ്റ് 16വരെ രാമായണമാസാചരണം നടക്കും. ഇതോടനുബന്ധിച്ച് ഇന്നലെ നടന്ന സര്വൈശ്വര്യപൂജയ്ക്ക് ക്ഷേത്രം മേല്‍ശാന്തി മഹാദേവന് പോറ്റി മുഖ്യകാര്‍മികത്വം വഹിച്ചു.
കാലടി: തിരുവൈരാണിക്കുളം മഹാദേവ ക്ഷേത്രത്തില്‍ രാമായണമാസം വിപുലമായി ആചരിക്കും. എല്ലാ ദിവസവും രാമായണപാരായണവും വിശേഷാല്‍ പൂജയുമുണ്ടാകും.
തുറവൂര്‍ ശ്രീ പുതുക്കുളങ്ങര ഭഗവതി ക്ഷേത്രത്തിലെ രാമായണ മാസാചരണത്തോടനുബന്ധിച്ച് ഇന്ന് മുതല്‍ ആഗസ്റ്റ് 15 വരെ ദിവസവും രാവിലെ ഗണപതിഹോമം, വിശേഷാല്‍ പൂജകള്‍, വൈകിട്ട് രാമായണപാരായണം, ചുറ്റുവിളക്ക്, ദീപാരാധന, സാമൂഹ്യരാധന. 22ന് ശ്രീഭദ്ര യുവജനസേവാസമിതിയുടെ നേതൃത്വത്തില്‍ ക്ഷേത്രത്തില്‍നിന്നും നാലമ്പല ദര്‍ശന തീര്‍ത്ഥയാത്ര തുടങ്ങിയ വിവിധ പരിപാടികളുണ്ടാകും.
കൊച്ചി: തച്ചപ്പുഴ ശ്രീ ബാലഭദ്ര ദേവീ ക്ഷേത്രത്തിലെ രാമായണമാസാചരണം ഇന്ന് രാവിലെ 8ന് പ്രൊഫ. തുറവൂര്‍ വിശ്വംഭരന് ഉദ്ഘാടനം ചെയ്യും. തുടര്‍ന്ന് രാമായണ മാഹാത്മ്യത്തെക്കുറിച്ച് അനുഗ്രഹപ്രഭാഷണം നടത്തും. ക്ഷേത്രം മേല്‍ശാന്തി സുധീഷ് കാര്‍മികത്വം വഹിക്കും. ഇന്ന് മുതല്‍ കര്‍ക്കിടകം 32 വരെ ക്ഷേത്രത്തില്‍ നിര്‍മ്മാല്യം, അഭിഷേകം, ഗണപതിഹോമം, ബാലപരമേശ്വരിപൂജ, ഭദ്രകാളിപൂജ, ഉപദേവതാപൂജ, രാമസ്വാമിപൂജയും രാമായണപാരായണവും ക്ഷേത്രം മേല്‍ശാന്തി വിജയപ്രകാശ് ശര്‍മ്മയുടെ മുഖ്യകാര്‍മികത്വത്തില്‍ ആഗസ്റ്റ് 16ന് ശ്രീരാമ മഹാ പട്ടാഭിഷേകത്തോടുകൂടി സമാപിക്കും.
പെരുമ്പാവൂര്‍: രാമായണമാസാചരണം പുല്ലുവഴി ഹിന്ദുഐക്യവേദി സ്ഥാനീയ സമിതിയുടെ ആഭിമുഖ്യത്തില്‍ ഗ്രാമോത്സവമായി ആചരിക്കും. ഇന്ന് പാനേക്കാവ് ഭഗവതി ശാസ്താ ക്ഷേത്രത്തില്‍ സമ്പൂര്‍ണ്ണ രാമായണപാരായണത്തോടെ ആരംഭം കുറിക്കും. തുടര്‍ന്ന് ഓരോ ദിവസവും വൈകിട്ട് 7 മുതല്‍ 9 വരെ ഓരോ ഭവനങ്ങളില്‍ പാരായണവും ഭജനയും പ്രസാദവിതരണവും നടത്തും. ആഗസ്റ്റ് 16ന് കുറ്റിക്കാട്ട് മഹാദേവ ക്ഷേത്രത്തില്‍ സമ്പൂര്ണ്ണപാരായണത്തോടെ രാമായണമാസാചരണത്തിന് സമാപനം കുറിക്കും. രാമായണപാരായണത്തിന് കെ.ജി.ജയകുമാര്‍, വി.എം.രാധ, സുദന്‍ പെരുമ്പിള്ളില്‍, രാധാകൃഷ്ണന് മാളിയേക്കല്‍ തുടങ്ങിയവര്‍ നേതൃത്വം നല്‍കും.
പള്ളുരുത്തി: പള്ളുരുത്തി ശ്രീ ഭവാനീശ്വര മഹാക്ഷേത്രത്തില്‍ നിത്യവും രാമായണപാരായണമുണ്ടാകും. കെ.കെ.സുകുമാരന്‍, കൊഴിഞ്ഞവേലി ദിവാകരന് എന്നിവര്‍ നേതൃത്വം നല്‍കും. ഇന്ന് മുതല്‍ കര്‍ക്കിടകം 32 വരെ ഗണപതിഹവനവും ഭഗവതി സേവയും നടക്കും. പെരുമ്പടപ്പ് ശ്രീ സുബ്രഹ്മണ്യ ദേവസ്വം ക്ഷേത്രം, പെരുമ്പടപ്പ് ശ്രീശങ്കരനാരായണക്ഷേത്രം, കോണം ശ്രീ ഷണ്മുഖവിലാസം ക്ഷേത്രം, ഇടക്കൊച്ചി ജ്ഞാനോദയം സഭ പരമേശ്വര കുമാരമംഗല ക്ഷേത്രം, ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, വലിയ പുല്ലാരശങ്കരനാരായണക്ഷേത്രം, കുമ്പളങ്ങി കണ്ടത്തിപ്പറമ്പ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിലും നിത്യവും രാമായണപാരായണവും ഗണപതിഹോമം, ഭഗവതിസേവ എന്നീ ചടങ്ങുകളും നടക്കും.
കൊച്ചി മുതലിയാര്ഭാഗം ശ്രീ മഹാദേവക്ഷേത്രം, ആര്യകാട് ശ്രീരാമസ്വാമി ക്ഷേത്രം, കണ്ണമാലി ശ്രീ ഭദ്രകാളി ക്ഷേത്രം എന്നീ ക്ഷേത്രങ്ങളിലും പ്രത്യേക പൂജകളും പാരായണവും ഉണ്ടാകും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: