കൊച്ചി: ദേശീയ ഗ്രാമീണ ആരോഗ്യ ദൗത്യ(എന്‍ആര്‍എച്ച്എം)ത്തില്‍ എറണാകുളം ജില്ലയില്‍ 96 ശതമാനം തുക വിനിയോഗിച്ചു. പ്രജനന ശിശു ആരോഗ്യ പരിപാടി, പ്രതിരോധ കുത്തിവയ്പ് തുടങ്ങിയവയ്ക്കായി അനുവദിച്ച 67.36 കോടി രൂപയില്‍ 64.52 കോടി രൂപ വിനിയോഗിച്ചതായി ജില്ലാ പ്രോഗ്രാം ഓഫീസര്‍ ഡോ. കെ.വി. ബീന അറിയിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് എല്‍ദോസ് കുന്നപ്പിള്ളി അധ്യക്ഷനായ നിര്‍വഹണ സമിതിയാണ് എറണാകുളം ജില്ലയിലെ പരിപാടികള്‍ ആസൂത്രണം ചെയ്യുന്നത്.
കഴിഞ്ഞ വര്‍ഷം വിവിധ പഞ്ചായത്തുകളിലായി 40 മെഡിക്കല്‍ ക്യാമ്പുകളാണ് ദൗത്യത്തിന് കീഴില്‍ സംഘടിപ്പിച്ചത്. 10000 രൂപ വീതം ഓരോ ക്യാമ്പിനും അനുവദിച്ചു. ശിശുരോഗം, സ്ത്രീരോഗം, ത്വക്ക് രോഗം തുടങ്ങിയ രംഗങ്ങളിലെ വിദഗ്ധരെ പങ്കെടുപ്പിച്ചാണ് ക്യാമ്പുകള്‍ നടത്തിയത്. 12315 പേര്‍ക്ക് ക്യാമ്പുകളില്‍ സേവനം ലഭിച്ചു.
ദാരിദ്ര്യരേഖയ്ക്ക് താഴെയുള്ള കുടുംബങ്ങളില്‍ നിന്നുള്ള പ്രസവങ്ങള്‍ ആശുപത്രികളിലാക്കാന്‍ രൂപീകരിച്ച ജനനി സുരക്ഷ യോജനയില്‍ 7196 പേര്‍ക്കായി 4937600 രൂപ ജില്ലയില്‍ വിതരണം ചെയ്തു. സര്‍ക്കാര്‍ ആശുപത്രികള്‍ക്ക് പുറമെ അംഗീകൃത സ്വകാര്യ ആശുപത്രികളില്‍ ചികിത്സ തേടിയെത്തിയവര്‍ക്കും പദ്ധതിയുടെ പ്രയോജനം ലഭിച്ചു. 2005ല്‍ പദ്ധതി ആരംഭിച്ചതിന് ശേഷം ജില്ലയില്‍ 47219 പേര്‍ക്കായി 3.82 കോടി രൂപയാണ് വിതരണം ചെയ്തത്.
കഴിഞ്ഞ വര്‍ഷം സ്ത്രീകള്‍ക്കായി അഞ്ച് ലാപ്രസ്കോപ്പിക് വന്ധ്യംകരണ ക്യാമ്പുകളും പുരുഷന്മാര്ക്കായി രണ്ട് ക്യാമ്പുകളും ജില്ലയില്‍ നടത്തി. 8567 സ്ത്രീകളും 302 പുരുഷന്മാരും ക്യാമ്പുകളിലെത്തി വന്ധ്യംകരണത്തിന് വിധേയരായി. വന്ധ്യംകരണത്തിന് തയാറായ സ്ത്രീകള്‍ക്കായി 21.20 ലക്ഷം രൂപയും പുരുഷന്മാര്ക്കായി 4.15 ലക്ഷം രൂപയും വിതരണം ചെയ്തു. പ്രസവം, വന്ധ്യംകരണം എന്നിവയില്‍ നിശ്ചിത നിലവാരം പുലര്‍ത്തുന്ന ആശുപത്രികള്‍ക്ക് അക്രഡിറ്റേഷന് നല്കുന്ന പദ്ധതിയില്‍ കഴിഞ്ഞ വര്‍ഷം രണ്ട് ആശുപത്രികള്‍ അംഗീകാരം നേടി. നിലവില്‍ 79 ആശുപത്രികള്‍ക്കാണ് അക്രഡിറ്റേഷനുള്ളത്.
കൗമാര പ്രജനന ലൈംഗികാരോഗ്യ പദ്ധതിക്ക് കീഴില്‍ പറവൂര്‍, ഫോര്‍ട്ടുകൊച്ചി താലൂക്ക് ആശുപത്രികളില്‍ കഴിഞ്ഞ വര്‍ഷം പ്രത്യേക ക്ലിനിക്കുകള്‍ ആരംഭിച്ചു. ഇതോടെ ജില്ലയില്‍ ഇത്തരം ക്ലിനിക്കുകളുടെ എണ്ണം ഒമ്പതായി. അഞ്ച് കോളേജുകളില്‍ എന്‍.എസ്.എസിന്റെ സഹകരണത്തോടെ ടീന്‍ ക്ലബ്ബുകളും പ്രവര്‍ത്തിക്കുന്നു. പതിനായിരം രൂപ വീതമാണ് ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍ക്ക് അനുവദിക്കുന്നത്. 856 വിദ്യാര്‍ഥികള്‍ ടീന്‍ ക്ലബ്ബ് പ്രവര്‍ത്തനങ്ങളില്‍ പങ്കെടുത്തു. സ്കൂള്‍ വിദ്യാര്‍ഥികള്‍ക്കായുള്ള ആരോഗ്യ പരിപാടി കഴിഞ്ഞ വര്‍ഷം 112 സ്കൂളുകളിലേക്ക് കൂടി വ്യാപിപ്പിച്ചു. 1,22,357 കുട്ടികള്‍ക്ക് പദ്ധതിയുടെ പ്രയോജനം ലഭിച്ചു. കുട്ടികളുടെ മാനസികാരോഗ്യം മെച്ചപ്പെടുത്തുന്നതിനായി ആരംഭിച്ച പദ്ധതിയുടെ നാലാം ഘട്ടത്തില്‍ 112 സ്കൂളുകളിലേക്ക് കൂടി പ്രവര്‍ത്തനം വ്യാപിപ്പിച്ചു.
പിന്നാക്കമേഖലകളില്‍ വൈദ്യസഹായം പ്രാപ്യമാക്കുന്നതിന് മൂന്ന് മൊബെയില്‍ മെഡിക്കല്‍ യൂണിറ്റുകള്‍ ജില്ലയില്‍ പ്രവര്‍ത്തിക്കുന്നു. കടമക്കുടി, വളന്തക്കാട് മേഖലകള്‍ക്കായി രണ്ട് ഫ്ലോട്ടിങ് ഡിസ്പെന്‍സറികളും കുട്ടമ്പുഴയില്‍ മൊബെയില്‍ മെഡിക്കല്‍ യൂണിറ്റുമാണ് എന്‍ആര്‍എച്ച്എം ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: