കൊച്ചി: വൈറ്റില – പേട്ട റോഡിനായി ഏറ്റെടുക്കുന്ന സ്ഥലം അളന്നു തിരിക്കുന്ന ജോലി പൊതുമരാമത്ത് വകുപ്പ് നാളെ പുനരാരംഭിക്കും. അലൈന്മെന്റ് സംബന്ധിച്ച് തര്‍ക്കമുള്ള മൂന്ന് ഭാഗങ്ങള്‍ ഒഴികെ ബാക്കിയുള്ള സ്ഥലമാണ് അളന്നു തിരിക്കുക. സര്‍വെ ജോലികള്‍ തടസപ്പെടുത്തില്ലെന്ന് ജില്ലാ കളക്ടര്‍ വിളിച്ചു ചേര്‍ത്ത യോഗത്തില്‍ ഈ പ്രദേശത്ത് താമസിക്കുന്നവരുടെയും വ്യാപാരികളുടെയും പ്രതിനിധികള്‍ ഉറപ്പു നല്കി.
രഞ്ജിനി കണ്ണാശുപത്രി, കെഎസ്ഇബി സബ് സ്റ്റേഷന്, ചമ്പക്കര സെന്റ് ജോര്‍ജ് സ്കൂള്‍ എന്നീ ഭാഗങ്ങള്‍ അളന്നു തിരിക്കുന്നതിന് മുമ്പ് ജില്ലാ കളക്ടറുടെ നേതൃത്വത്തില്‍ സംയുക്ത പരിശോധന നടത്താനും യോഗത്തില്‍ തീരുമാനമായി. വൈറ്റില – പേട്ട റോഡ് 26 മീറ്റര്‍ വീതിയില്‍ വികസിപ്പിക്കാനാണ് പദ്ധതി. 30 മീറ്റര്‍ വീതിയില്‍ റോഡ് വികസിപ്പിക്കാനാണ് പൊതുമരാമത്ത് വകുപ്പിന്റെ നിര്‍ദേശമെങ്കിലും ജനങ്ങളുടെ എതിര്‍പ്പ് കണക്കിലെടുത്ത് 26 മീറ്ററാക്കി ചുരുക്കുകയായിരുന്നു. സാധ്യമായ സ്ഥലങ്ങളില്‍ മാത്രം 30 മീറ്റര്‍ വീതിയില്‍ റോഡ് വികസനത്തിന് സ്ഥലം ഏറ്റെടുക്കാനും ധാരണയായിട്ടുണ്ട്.
ലാന്‍ഡ് അക്വിസിഷന്‍ ഡപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ് പിള്ളയുടെ നേതൃത്വത്തില്‍ നേരത്തെ നടത്തിയ സ്ഥല നിര്‍ണയത്തില്‍ നിന്നും പിന്നോട്ടു പോയിട്ടില്ലെന്ന് കളക്ടര്‍ വ്യക്തമാക്കി. റോഡ് വികസനത്തിനായാണ് സ്ഥലം ഏറ്റെടുക്കുന്നത്. റോഡിനാവശ്യമായ സൗകര്യങ്ങള്‍ ഒരുക്കുന്നതിന് 26 മീറ്ററെങ്കിലും വീതി അത്യാവശ്യമാണ്. സ്ഥലം ഏറ്റെടുക്കുമ്പോള്‍ കുടിയൊഴിപ്പിക്കപ്പെടുന്നവരെ പുനരധിവസിപ്പിക്കാന്‍ പാക്കേജ് തയാറാക്കും. ചമ്പക്കര കനാലിന് കുറുകെ നിര്‍മിക്കുന്ന പുതിയ പാലത്തിന്റെ കരയിലെ സ്പാനിന് താഴെയായി ചമ്പക്കര മാര്‍ക്കറ്റിലെ വ്യാപാരികളെ പുനരധിവസിപ്പിക്കുന്നത് പരിഗണിക്കുമെന്നും കളക്ടര്‍ വ്യക്തമാക്കി.
ഡെപ്യൂട്ടി കളക്ടര്‍ മോഹന്‍ദാസ് പിള്ള, കൗണ്‍സിലര്‍മാരായ ഡോ. ടി.കെ. ഷൈലജ, സുനിത ഡിക്സ്ണ്‍, പൊതുമരാമത്ത് വകുപ്പ് റോഡ് വിഭാഗം എക്സിക്യുട്ടീവ് എഞ്ചിനീയര്‍ പി.എ. ഹാഷിം, മുന്‍ ഡപ്യൂട്ടി മേയര്‍ എ.ബി. സാബു, എന്‍. സതീഷ്, മേഴ്സി ടീച്ചര്‍, ഡോ. എന്‍.എസ്.ഡി. രാജു തുടങ്ങിയവര്‍ യോഗത്തില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: