കൊച്ചി: മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നകാര്യത്തില്‍ സര്‍ക്കാര്‍ ഉദാര സമീപനം തുടരുന്നതായി സൂചന. യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലേറിയ ആദ്യവര്‍ഷത്തില്‍തന്നെ 35 ഹോട്ടലുകള്‍ക്ക് പുതുതായി ബാര്‍ ലൈസന്‍സ് നല്കിയതു സംബന്ധിച്ച വിവരങ്ങള്‍ പുറത്തു വന്നു. ഇതോടെ സംസ്ഥാനത്തെ വിദേശ മദ്യശാലകളുടെ എണ്ണം എഴുനൂറായി ഉയര്‍ന്നു. ഇതിനുപുറമെ- പുതുതായി എട്ട് അപേക്ഷകള്‍ കൂടി ലൈസന്‍സ് നല്‍കുന്നതിനായി പരിഗണനയിലുണ്ടെന്നുമാണ് എക്സൈസ് കമ്മീഷണറുടെ കാര്യാലയത്തില്‍ നിന്നും ലഭ്യമാവുന്ന വിവരം.
പുതിയ സര്‍ക്കാര്‍ അധികാരത്തിലെത്തിയശേഷം ഏറ്റവും അധികം ഹോട്ടലുകള്‍ക്ക് ബാര്‍ ലൈസന്‍സ് നല്‍കിയത് വകുപ്പു മന്ത്രിയുടെ സ്വന്തം ജില്ലയായ എറണാകുളത്താണ്. ആകെ 10 ലൈസന്‍സുകളാണ് എറണാകുളം ജില്ലയില്‍ നല്‍കിയിരിക്കുന്നത്. തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, കണ്ണൂര്‍, കാസര്‍ഗോഡ്, കോഴിക്കോട് ജില്ലകളില്‍ ഒന്നുവീതം ലൈസന്‍സുകള്‍ അനുവദിച്ചിട്ടുണ്ട്. പാലക്കാട്- മൂന്ന്, തൃശൂര്‍, കോട്ടയം- അഞ്ചുവീതം, കൊല്ലം- ആറ് എന്നിങ്ങനെയാണ് മറ്റുജില്ലകളിലെ കണക്ക്.
സംസ്ഥാനത്താകമാനമുള്ള ബിവറേജസ് മദ്യചില്ലറ വില്പനശാലകളുടെ എണ്ണം 383 ആണ്. ഇതിനുപുറമെ കണ്‍സ്യൂമര്‍ ഫെഡിന്റെ കീഴില്‍ 46 ബീര്‍ വില്പന കേന്ദ്രങ്ങളും പ്രവര്‍ത്തനത്തിലുണ്ട്. ഇതുകൂടി കണക്കാക്കിയാല്‍ സംസ്ഥാനത്തെ ആകെയുള്ള മദ്യവില്പന കേന്ദ്രങ്ങളുടെ എണ്ണം 1129 ആകും. മദ്യം സൂക്ഷിക്കുന്നതിന് ലൈസന്‍സുള്ള ക്ലബുകളും, മറ്റു സ്താപനങ്ങളും ഇതിനു പുറമെയാണ്.
കഴിഞ്ഞ ഇടതുസര്‍ക്കാരിന്റെ ഭരണകാലത്ത് സംസ്ഥാനത്ത് 152 ബാറുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയിരുന്നത്. പുതിയ യുഡിഎഫ് സര്‍ക്കാര്‍ അധികാരത്തിലെത്തി ആദ്യ നാലുമാസത്തിനകം 18 ബാറുകള്‍ക്കാണ് ലൈസന്‍സ് നല്‍കിയത്. പുതിയ ബാര്‍ലൈസന്‍സുകള്‍ അനുവദിക്കുന്നകാര്യത്തില്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തുമെന്നാണ് സര്‍ക്കാരിന്റെ പ്രഖ്യാപിതനയം അതനുസരിച്ച് 2013 ഏപ്രില്‍ മുതല്‍ പഞ്ചനക്ഷത്രസൗകര്യമുള്ള മുന്തിയ ഹോട്ടലുകള്‍ക്കു മാത്രമെ ലൈസന്‍സ് അനുവദിക്കുകയുള്ളു എന്നാണ് എക്സൈസ് വകുപ്പുമന്ത്രിയും പ്രഖ്യാപിച്ചിരിക്കുന്നത്.
സംസ്ഥാനത്ത് വിനോദസഞ്ചാരം പ്രോത്സാഹിപ്പിക്കുന്നതിന്റെ ഭാഗമായി ടൂറിസ്റ്റുകേന്ദ്രങ്ങളുടെ സമീപ പ്രദേശങ്ങളില്‍ മദ്യശാലകള്‍ക്ക് ലൈസന്‍സ് നല്‍കുന്നതിന് നിയന്ത്രണങ്ങള്‍ ബാധകമല്ല. സര്‍ക്കാര്‍ പുറത്തിറക്കിയ കരടുമദ്യനയത്തിനെതിരെ വ്യാപകമായ വിമര്‍ശനങ്ങള്‍ ഉയര്‍ന്നിരുന്നു. ഈ സാഹചര്യത്തില്‍ കൂടുതല്‍ ചര്‍ച്ചകള്‍ക്കു വിധേയമാക്കി പുതിയ നയം പ്രഖ്യാപിക്കുമെന്നാണ് ലഭ്യമായ സൂചന. എന്നാല്‍ പുതിയ ബാറുകള്‍ക്ക് ലൈസന്‍സ് നല്‍കുന്നകാര്യത്തില്‍ നിയന്ത്രണങ്ങള്‍ ബാധകമാകുന്നില്ല എന്നതാണ് അപാകതയായി ചൂണ്ടിക്കാട്ടപ്പെടുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: