കൊച്ചി: ജില്ലയില്‍ സ്പീഡ് ഗവര്‍ണര്‍ പ്രവര്‍ത്തിപ്പിക്കാതെ സര്‍വീസ് നടത്തിയ 58 ബസുകള്‍ക്കെതിരെ ഇന്നലെ നടപടി സ്വീകരിച്ചതായി എറണാകുളം ആര്.ടി.ഒ ടി.ജെ.തോമസ് അറിയിച്ചു. എറണാകുളം കോട്ടയം റൂട്ടില്‍ നിരന്തരമുണ്ടാകുന്ന അപകടം കണക്കിലെടുത്ത് എറണാകുളം ഡപ്യൂട്ടി കമ്മീഷണര്‍ പി.എ.സൈനുദ്ദീന്റെ പ്രത്യേക നിര്‍ദ്ദേശ പ്രകാരം എന്‍ഫോഴ്സ്മെന്റ് ഓഫീസര്‍ ജോസ്പോള്‍, എറണാകുളം ആര്.ടി.ഒ എന്നവരുടെ നേതൃത്വത്തിലാണ് ഫ്ലൈയിംഗ് സ്ക്വാഡ് നടപടി സ്വീകരിച്ചത്.
എല്ലാ ഹെവി വാഹനങ്ങള്‍ക്കും സ്പീഡ് ഗവര്‍ണര്‍ നിര്‍ബന്ധമാക്കിയിട്ടും അവ പ്രവര്‍ത്തിപ്പിക്കാതെ ഓടുന്നത് അപകടങ്ങള്‍ക്ക് കാരണമാകുന്നുണ്ട്. ഇത്തരത്തില്‍ ഓടുന്ന വാഹനങ്ങള്‍ക്കെതിരെ തുടര്‍ന്നും നടപടി സ്വീകരിക്കുമെന്ന് ആര്.ടി.ഒ പറഞ്ഞു. ഇന്നലെ പിടികൂടിയ ബസുകള്‍ സ്പീഡ് ഗവര്‍ണര്‍ പൂര്‍ണതോതില്‍ ഘടിപ്പിച്ച് ഈ മാസം 11-ന് മൊബിലിറ്റി ഹബ്ബിലെത്തി പരിശോധനയ്ക്ക് വീണ്ടും വിധേയമാകണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
അമിത ഭാരം കയറ്റിയ ആറു വാഹനങ്ങള്‍ക്കെതിരെയും മൂന്ന് സ്കൂള്‍ വാഹനത്തിനെതിരെയയും മറ്റു ട്രാഫിക്ക് നിയമങ്ങള്‍ പാലിക്കെതെ ഓടിയ 24 വാഹനങ്ങളുമുള്പെടെ 88ലേറെ വാഹനങ്ങള്‍ക്കെതിരെയാണ് ഇന്നലെ മാത്രം നടപടി സ്വീകരിച്ചിട്ടുള്ളത്. ഇതിലൂടെ 20,000 രൂപ പിഴയിനത്തില്‍ ലഭിച്ചതായും ആര്.ടി.ഒ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: