കേരളത്തിന്റെ കാലവര്‍ഷം വളരെ പ്രസിദ്ധമാണ്. ഇടവമാസം പകുതിയോടെ കൃത്യമായും പതിവായും കേരളത്തിലെത്തുന്ന ശക്തിയായ കാറ്റും മഴയും ചേര്‍ന്ന പ്രതിഭാസത്തെ നാം കാലവര്‍ഷമെന്ന് വിളിച്ചു. മണ്‍സൂണ്‍ എന്ന് വിദേശികള്‍ പേരിട്ടു. അത് മാസം മൗസം (കാലാവസ്ഥ) എന്ന് ഉത്തരഭാരതത്തില്‍ പറയുന്ന വാക്കില്‍നിന്നായിരിക്കും. ഒരുവര്‍ഷത്തിന്റെ അഥവാ ആണ്ടിന്റെ നിശ്ചിത കാലത്തുവരുന്നതുകൊണ്ടാണ് കാലവര്‍ഷം എന്ന പേര് പതിഞ്ഞത്. മലയാളത്തില്‍ വര്‍ഷം എന്ന വാക്കിന് രണ്ടര്‍ത്ഥമുണ്ട്. ചൊരിയുക, പൊഴിയുക എന്ന മഴയും, ഭൂമി സൂര്യനെ ചുറ്റാനെടുക്കുന്ന സമയം എന്ന കാലചക്രവും. ആണ്ട് എന്ന തമിഴ് വാക്കിന് കാലചക്രം എന്നാണര്‍ത്ഥം.
കാലവര്‍ഷം പതിവ് തീയതിയായ ഇടവം പകുതിയില്‍നിന്ന് നാല് ദിവസം മുമ്പോ നാലുദിവസം താമസിച്ചോ വരാറുണ്ട്. നമുക്ക് മൂന്ന് മഴക്കാലമുണ്ട്. കാലവര്‍ഷം, തുലാവര്‍ഷം, വേനല്‍മഴ. ഇതില്‍ കാലവര്‍ഷം ന്യൂനമര്‍ദം മൂലമുണ്ടാകുന്ന (സൈക്ലോണിക് റെയിന്‍) മഴയാണ്. തുലാവര്‍ഷം, മണ്‍സൂണിന്റെ മടങ്ങിപ്പോക്ക് എന്നു പറയാവുന്ന മഴയാണ്. പക്ഷെ അതിന്റെ കാറ്റുഗതി മണ്‍സൂണിന്റെ നേരെ എതിരാണ്. തുലാമാസം പകുതിയോടെ ഉത്തരഭാരതം തണുത്തുതുടങ്ങും. ഹിമാലയത്തില്‍നിന്ന് വീശിയടിക്കുന്ന തണുത്ത കാറ്റ് ദക്ഷിണ ഭാരതത്തിലേക്ക് വരും. ഭാരതത്തിന്റെ തെക്കുഭാഗത്തും ഭാരത സമുദ്രത്തിലും അപ്പോള്‍ നീരാവി നിറഞ്ഞ ചൂടുകാറ്റാണ്. ഈ ചൂടുകാറ്റിലേക്ക് തണുത്ത കാറ്റ് കടന്ന് കയറുമ്പോള്‍ നീരാവി പെട്ടെന്ന് തണുത്ത് തുലാമഴ പെയ്തു തുടങ്ങുന്നു. ചൂടു വ്യത്യാസമുള്ള രണ്ടു മേഘങ്ങള്‍ അടുത്തുവരുമ്പോള്‍ ഇടിയും മിന്നലും ഉണ്ടാകുന്നു.
നമ്മുടെ കാലവര്ഷമുണ്ടാകാന് പല ഘടകങ്ങളുണ്ട്. 1. ഭാരതത്തിന്റെ തെക്ക് ഭാരതമഹാസമുദ്രത്തിന്റെ വലുപ്പം. തെക്ക് വടക്ക് 9435 കി.മീ. കിഴക്ക് പടിഞ്ഞാറ് 6105 കി.മീ. 2. സഹ്യപര്‍വതത്തിന്റെ കിടപ്പ്-മണ്‍സൂണ്‍ കാറ്റിനെ തടയുന്ന മട്ടില്‍. 3. തെക്കേഷ്യയുടെ കിഴക്ക് ശാന്ത മഹാസമുദ്രത്തിന്റെ അതിവിശാല സ്വരൂപം-13320ഃ15540 കി.മീ. 4. ഭാരതത്തിന്റെ വടക്ക് വമ്പന്‍ ഹിമാലയത്തിന്റെ കിടപ്പ്-ഇത് നേരെ കിഴക്ക് പടിഞ്ഞാറായിട്ടല്ല, 10 ഡിഗ്രി തെക്ക് വടക്കേക്ക് ചരിഞ്ഞാണ് കിടക്കുന്നത്. അതിനാല്‍ കാലവര്‍ഷക്കാറ്റിനെ നന്നായി തടഞ്ഞുനിര്‍ത്താന്‍ സാധിക്കുന്നു. 5. ശാന്തമഹാസമുദ്രത്തില്‍ മീനമാസം മുതല്‍ രൂപംകൊള്ളുന്ന പടിഞ്ഞാറോട്ടൊഴുകുന്ന ഉഷ്ണജല പ്രവാഹം, ഇതേ ദിശയിലുള്ള ശക്തമായ ചൂടു കാറ്റ്. 6.ഇന്തോനേഷ്യന്‍ കടലിടുക്കിലൂടെ ഭാരത മഹാസമുദ്രത്തില്‍ ഒഴുകി എത്തുന്ന വലുതായ ഉഷ്ണജല പ്രവാഹം. 7. രണ്ടു ധ്രുവങ്ങളിലും മഞ്ഞുമലകളിലും രൂപം കൊള്ളുന്ന മഞ്ഞുപാളികള്‍ 8. ആസ്ട്രേലിയയുടെ പടിഞ്ഞാറുഭാഗത്തുകൂടി ശാന്തസമുദ്രത്തിലേക്ക് ഒഴുകുന്ന ല്യൂവിയന് ജലപ്രവാഹം.
അതിപുരാതന കാലത്തുതന്നെ കാലവര്‍ഷത്തിന്റെ പ്രത്യേകത ഭാരതീയര്‍ മനസ്സിലാക്കിയിരുന്നു. അതിന് നാം പേരിട്ടത് “നിര്ഋതി മാരുതന്‍” എന്നാണ്. ഭാരതത്തിന്റെ തെക്കുപടിഞ്ഞാറ് മൂലയില്‍ക്കൂടി വരുന്നതുകൊണ്ടാണ് ആ പേര് വിളിച്ചത്. വേനല്‍മഴയെ ഉത്തംഗമഴ എന്നാണ് വടക്കന്‍ ഭാരതത്തില്‍ പറയുന്നത്. സംവഹനമഴ-രീി്ലരശേ്ല ൃമശി എന്നുപറയുന്ന ഈ മഴ ചുരുങ്ങിയ പ്രദേശത്തുമാത്രം പെയ്യുന്നു.
കേരളത്തില്‍ തുലാമഴ പെയ്യുന്ന കാലത്ത് ശാന്തമഹാസമുദ്രത്തിലൂടെ ആസ്ത്രേലിയ വരെ ചൂടുകാറ്റ് എത്തുന്നുണ്ട്. ഉഷ്ണജല പ്രവാഹവും ഉണ്ട്. ധനുമാസത്തോടെ ഭാരതസമുദ്രത്തില്‍ ചൂടു കൂടിത്തുടങ്ങും. ക്രമേണ ന്യൂനമര്‍ദ്ദം ഉണ്ടായിവരും. രണ്ടുമാസത്തിനുള്ളില്‍ ആഫ്രിക്കയുടെ തെക്കു പടിഞ്ഞാറും അമേരിക്കയുടെ തെക്കുഭാഗത്തും ആസ്ട്രേലിയയിലും മണ്‍സൂണ്‍ രൂപപ്പെടും. വടക്കെ അമേരിക്കയില്‍ വലിയ നാശനഷ്ടമുണ്ടാക്കുന്ന ചുഴലിക്കൊടുങ്കാറ്റും ആ അവസരത്തില്‍ ഉണ്ടാകും. ഭാരതത്തിലെ മണ്‍സൂണ്‍ മാത്രമാണ് നിശ്ചിത സമയത്ത് എത്തുന്നത്. ശാന്തമഹാസമുദ്രത്തിന്റെ അതിയായ വലുപ്പവും ഉഷ്ണജല പ്രവാഹവുമാണ് അതിന് കാരണം. ശാന്തസമുദ്രത്തില്‍ ഒരു വന്‍ ഭൂഖണ്ഡം കൂടി ഉണ്ടായിരുന്നെങ്കില്‍ അവിടെ രൂപപ്പെടുന്ന നീരാവി നിറഞ്ഞ കാറ്റ് പല വന്കരകളിലേക്ക് ചിതറിപ്പോകുമായിരുന്നു. അങ്ങനെ മണ്‍സൂണിന്റെ ഗതിയും മറ്റൊരു തരത്തില്‍ ആകുമായിരുന്നു.
ഭാരതത്തില്‍ വേനല്‍ക്കാലം, മഴക്കാലം, തളിര്‍ക്കും കാലം, പൂക്കാലം, മഞ്ഞുകാലം, വിളവെടുപ്പുകാലം എന്നിങ്ങനെ ആറ് ഋതുക്കള്‍ അനുഭവപ്പെടുന്നു. മറ്റു രാജ്യങ്ങളില്‍ നാല് ഋതുക്കള്‍ മാത്രമാണ് ഉള്ളത്. ഭൂമിയില്‍ ഋതുക്കള്‍ മാറി വരുന്നത് ജീവിതത്തില്‍ എത്രത്തോളം വിലപ്പെട്ടതാണെന്ന് അതിപുരാതന കാലത്ത് നമ്മുടെ പൂര്‍വികര്‍ക്ക് അറിയാമായിരുന്നു. ലോകത്ത് ആദ്യമായി രേഖപ്പെടുത്തിയ ശ്ലോകമായ ഋഗ്വേദത്തിലെ ആദ്യത്തെ മന്ത്രത്തില്‍ പറയുന്നു, “ഈശ്വരന് നമുക്ക് യജ്ഞരൂപത്തില്‍ തന്ന ഏറ്റവും വിലപ്പെട്ട അനുഗ്രഹം ഋതുക്കളാണ്.” ഭൂമിയില്‍ എന്നും വേനല്‍ക്കാലം മാത്രമായിരുന്നെങ്കില്‍ ജീവിതം എത്ര ദുഷ്ക്കരം ആകുമായിരുന്നു എന്ന് നാം ആലോചിക്കണം.
ഡിസംബര്‍ മാസത്തില്‍ ആസ്ട്രേലിയയില്‍ ചൂടുകൂടിത്തുടങ്ങും. ദക്ഷിണ ധ്രുവത്തിലുള്ള മഞ്ഞ് ക്രമേണ ഉരുകി അന്റാര്‍ട്ടിക് സമുദ്രത്തില്‍ തണുത്ത ജലത്തിന്റെ അളവ് കൂടുന്നു. ഏപ്രില്‍ ആകുന്നതോടെ ഭാരതത്തിന്റെ കരപ്രദേശം ചൂടുപിടിച്ച് അന്തരീക്ഷവായു മുകളിലേക്ക് ഉയരുന്നു. അതിനാല്‍ ന്യൂനമര്‍ദ്ദ മേഖല രൂപം കൊള്ളുന്നു. ആ സ്ഥാനത്തേക്ക് ഭാരതമഹാസമുദ്രത്തില്നിന്ന് നീരാവി നിറഞ്ഞ വായു ഒഴുകി എത്തുന്നു. ഇടവമാസത്തില്‍ സഹ്യപര്‍വതവും മിഥുനമാസത്തില്‍ ഹിമാലയവും ഈ കാറ്റിനെ തടഞ്ഞ് മേലേക്ക് ഉയര്‍ത്തുന്നു. നീരാവി നിറഞ്ഞ കാറ്റ് നാലു മുതല്‍ ആറുവരെ കി.മീറ്റര്‍ ഉയരത്തിലെത്തുമ്പോള്‍ തണുത്ത് മഴ പെയ്യുന്നു. ഭാരതത്തിന് മുകളില്‍ രൂപംകൊണ്ട് കറങ്ങുന്ന മേഘ കൂട്ടത്തിന് 4000 കി.മീറ്ററില്‍ കൂടുതല്‍ വ്യാസം ഉണ്ടാകാറുണ്ട്. ആഗസ്റ്റ് മാസത്തില്‍ ഈ മേഘങ്ങള്‍ ഹിമാലയം കടന്ന് ഏഷ്യയില്‍ വ്യാപിച്ച് മഴ പെയ്യുന്നു. ഇതേ കാലഘട്ടത്തില്‍ ആഫ്രിക്കയുടെ വടക്കുഭാഗത്തും വടക്കെ അമേരിക്കയിലും മണ്‍സൂണ്‍ മഴ ലഭിക്കുന്നു.
ചില വര്‍ഷങ്ങളില്‍ ശാന്തമഹാസമുദ്രത്തിലെ ജലം കൂടുതലായി ചൂടുപിടിച്ച് വളരെ വലിയ ഉഷ്ണജല പ്രവാഹം ഭാരതസമുദ്രത്തിലേക്ക് ഉണ്ടാകുന്നു. ഈ അവസരത്തില്‍ മേഘങ്ങള്‍ കൂടുതല്‍ ചൂടായി പന്ത്രണ്ടും പതിനഞ്ചും വരെ കി.മീറ്റര്‍ ഉയരത്തിലെത്തുന്നു. ആറു കിലോമീറ്റര്‍ ഉയരത്തില്‍ വച്ച് തണുത്ത് മഴ പെയ്യാന്‍ അവസരം കിട്ടുമ്പോഴാണ് നമുക്ക് കൂടുതല്‍ മഴ കിട്ടുന്നത്. മേഘം പതിനഞ്ച് കി.മീ. ഉയരത്തിലെത്തിയാല്‍ കൂടുതല്‍ പ്രദേശത്തേക്ക് വ്യാപിച്ച് ശിഥിലമായി ഭാരതത്തില്‍ മഴ കുറയാന്‍ കാരണമാകുന്നു. ഇതിനെ ‘ജറ്റ് സ്ട്രീം ഇഫക്ട്’ എന്നു പറയുന്നു. ശിഥിലയായ മേഘം അമേരിക്ക, കാനഡ, അലാസ്ക്ക എന്നീ രാജ്യങ്ങളിലെത്തി മഴയും കൊടുങ്കാറ്റും ഉണ്ടാക്കുന്നു. മഞ്ഞുമലകളില്‍ മഞ്ഞുപാളികള്‍ അടിഞ്ഞുകൂടുന്നു. പെറുവിലും തെക്കന്‍ അമേരിക്കയിലും വരള്‍ച്ച ഉണ്ടാക്കുന്നു. ശാന്തസമുദ്രത്തിന്റെ കിഴക്കുഭാഗം കൂടുതല്‍ ചൂടായി മത്സ്യലഭ്യത കുറയുന്നു. ഇത്തരം എല്‍നിനോയുടെ കൂടുതല്‍ പ്രഭാവത്തിന് കാരണം തെക്കെ ധ്രുവത്തില്‍ മഞ്ഞു ഉറയുന്നത് കുറയുകയും തല്‍ഫലമായി ധ്രുവത്തെ ചുറ്റി ഒഴുകുന്ന വമ്പിച്ച ശീതജല പ്രവാഹത്തിന്റെ വടക്കോട്ടുള്ള തള്ളിച്ച കുറയുന്നതുമാണ്.
ചില വര്‍ഷങ്ങളില്‍ ശാന്തമഹാസമുദ്രത്തിലെ ചൂട് കുറഞ്ഞ് ഒഴുക്ക് കിഴക്കോട്ടാകുന്നു. ഏഷ്യയിലെ അന്തരീക്ഷ ഊഷ്മാവും കുറയുന്നു. അറ്റ്ലാന്റിക് സമുദ്രത്തിലും ചൂടു കുറഞ്ഞാല്‍ കാലവര്‍ഷം വളരെ ദുര്‍ബലമായിരിക്കും. അത് ഏഷ്യയില്‍ വലിയ ക്ഷാമം ഉണ്ടാക്കും. പക്ഷേ അതേസമയത്ത് ആസ്ട്രേലിയയില്‍ നല്ല മഴ കിട്ടുകയും ചെയ്യും. ആസ്ട്രേലിയയുടെ പടിഞ്ഞാറ് ഭാഗത്ത് തെക്കോട്ടൊഴുകുന്ന ഉഷ്ണജല പ്രവാഹവും അതിന്റെ താഴെക്കൂടി വടക്കോട്ടൊഴുകുന്ന ശീതജലപ്രവാഹവും ഉണ്ട്. ഇത് ല്യൂവിയന് ജലപ്രവാഹം എന്ന പേരില്‍ അറിയപ്പെടുന്നു. ആസ്ട്രേലിയയില്‍ തണുപ്പുകാലത്ത് ചൂട് അല്‍പ്പം കൂടിയ അവസ്ഥയും ഉഷ്ണകാലത്ത് ചൂട് കുറഞ്ഞ അവസ്ഥയുമാണ്. ഇതില്‍ നമുക്ക് അതിശയം തോന്നുമെങ്കിലും ശാന്തസമുദ്രത്തിലെ ഉഷ്ണജലപ്രവാഹമാണ് അതിന് കാരണം.
2012 മെയ് മാസത്തില്‍ വടക്കന്‍ ഭാരതത്തില്‍ മൂന്ന് ഡിഗ്രി സെന്റീഗ്രേഡ് ചൂട് കൂടുതലായിരുന്നു. അതിനാല്‍ തുടര്‍ന്നുണ്ടാകുന്ന എല്‍നിനോ സാഹചര്യം മഴ കുറയാന്‍ കാരണമായിട്ടുണ്ട്. ഭാരതത്തിലെ മഴയുടെ 80 ശതമാനം കാലവര്‍ഷത്തിലൂടെയാണ് കിട്ടേണ്ടത്. പക്ഷെ ഇതുവരെ 50 ശതമാനം മഴ കുറവാണ് ഉണ്ടായിരിക്കുന്നത്. ചില വര്‍ഷങ്ങളില്‍ എല്‍നിനോ വന്നിട്ടും സാധാരണ അളവില്‍ മഴ ലഭിച്ച അനുഭവവും രേഖപ്പെടുത്തിയിട്ടുണ്ട്. അതിനാല്‍ അവിചാരിതമായി മഴ കനക്കാനും സാധ്യതയുണ്ട്. അക്കാര്യം പ്രവചനാതീതമാണ്. പക്ഷെ ദക്ഷിണ ധ്രുവത്തില്‍ മഞ്ഞു പാളികള്‍ ഉറഞ്ഞുകൂടുന്നതിന്റെ അളവാണ് ഇതിനെയെല്ലാം നിയന്ത്രിക്കുന്നത്. അതിന്റെ അളവില്‍ വ്യത്യാസം വരുന്നത് എന്തുകൊണ്ടാണെന്നത് രഹസ്യമായി തുടരുന്നു. എല്‍നിനോ എന്ന ഉഷ്ണജലപ്രവാഹം 3 മുതല്‍ 10വരെ വര്‍ഷങ്ങള്‍ ഇടവിട്ടുവരാറുണ്ട്. ലാനിന എന്ന ശീതജല പ്രവാഹം വളരെ കുറച്ച് തവണ മാത്രമേ വരാറുള്ളൂ. എല്‍നിനോയുടെ വരവും ശക്തിയും ശരിയായി പ്രവചിക്കാന്‍ പ്രയാസമാണ്.
പി.ചന്ദ്രശേഖരന്
പ്രതികരിക്കാൻ ഇവിടെ എഴുതുക: