അഹമ്മദാബാദ്: ഇന്തോ -അമേരിക്കന്‍ വംശജയായ ബഹിരാകാശയാത്രിക സുനിത വില്യംസ് പ്രപഞ്ചത്തെ ഉപനിഷത് പ്രമാണങ്ങളിലൂടെ മനസ്സിലാക്കാനുള്ള ശ്രമത്തില്‍ . ഈ മാസം 14 മുതല്‍ ബഹിരാകാശത്ത് ചെലവഴിക്കുന്ന ആറ് മാസക്കാലയളവില്‍ ഉപനിഷത് സത്യങ്ങള്‍ മനസ്സിലാക്കാനുള്ള ശ്രമത്തിലാണ് സുനിത. ഉപനിഷത്തിന്റെ ഇംഗ്ലീഷ് തര്ജ്ജമയടങ്ങിയ പുസ്തകവുമായാണ് ഇക്കുറി സുനിതയുടെ ബഹിരാകാശയാത്ര. അച്ഛന് ദീപക് പാണ്ഡ്യയുടെ ഉപദേശപ്രകാരമാണ് സുനിത ഉപനിഷത്തിലൂടെ ലോകത്തെ അടുത്തറിയാന്‍ ശ്രമിക്കുന്നത്.
സുനിതയുടെ കഴിഞ്ഞ ബഹിരാകാശയാത്രയില്‍ താന്‍ ഭഗവത്ഗീത സമ്മാനിച്ചിരുന്നതായി ദീപക് പാണ്ഡ്യ പറഞ്ഞു. തിരികെ വന്നപ്പോള്‍ ഭഗവത്ഗീതയെക്കുറിച്ച് മകള്‍ ഒട്ടേറെ ചോദ്യങ്ങള്‍ ഉന്നയിച്ചതായും ദീപക് പറഞ്ഞു. സുനിതയുടെ ചില സംശയങ്ങള്‍ക്കുള്ള ഉത്തരം ഉപനിഷത്തിലൂടെ ലഭിക്കുമെന്ന് താന്‍ പ്രതീക്ഷിക്കുന്നതായും പാണ്ഡ്യ അറിയിച്ചു. ഉപനിഷത്ത് പഠനത്തിലൂടെ മകള്‍ക്ക് ആത്മീയയാത്രയും നടത്താന്‍ കഴിയട്ടെ എന്നും ശിവഭക്തനായ ദീപക് പാണ്ഡ്യ പ്രത്യാശിച്ചു. ബഹിരാകാശത്തെക്കുറിച്ചും മറ്റും മകളോട് അധികം സംസാരിക്കാറില്ലെന്നും സാധാരണ അച്ഛനും മകളും തമ്മിലുള്ള സംഭാഷണമാണ് തങ്ങളുടെതെന്നും അദ്ദേഹം വ്യക്തമാക്കി.
ഗുജറാത്തില്‍ നിന്ന് അമേരിക്കയില്‍ കുടിയേറിപ്പാര്‍ത്തവരാണ് ദീപക് പാണ്ഡ്യയുടെ കുടുംബം. വര്‍ഷങ്ങളായി അമേരിക്കയിലാണ് താമസമെങ്കിലും ഇന്ത്യന്‍ സംസ്കാരത്തെ ഏറെ ബഹുമാനിക്കുന്ന കുടുംബമാണ് സുനിതയുടേത്. ജപ്പാനില്‍ നിന്നും റഷ്യയില്‍ നിന്നുമുള്ള സഹയാത്രികര്‍ക്കൊപ്പം ഈ മാസം 14 നാണ് സുനിത തന്റെ രണ്ടാം ബഹിരാകാശ യാത്ര നടത്തുന്നത്. 2006 ല്‍ സുനിത വില്യംസ് ആറ് മാസം ബഹിരാകാശത്ത് കഴിച്ചുകൂട്ടി റെക്കോഡ് നേടിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: