പെരുമ്പാവൂര്‍: ചരിത്രപരമായ നിരവധി വിധികള്‍ക്ക് സാക്ഷ്യം വഹിച്ച പെരുമ്പാവൂര്‍ മുന്‍സിഫ് കോടതി ശതാബ്ദി ആരുമറിയാതെ കടന്ന് പോകുന്നു. നൂറിന്റെ നിറവിലും ആഘോഷിക്കാനോ അനുമോദിക്കാനോ, എന്തിന് നല്ലതുപോലെയൊന്ന് വൃത്തിയാക്കാനോ ആരും തയ്യാറാകുന്നില്ല. പെരുമ്പാവൂരിലെ നീതിന്യായത്തിന്റെ ആദ്യകാല ശ്രീകോവിലായ മുന്‍സിഫ് കോടതിയാണ് ആഘോഷങ്ങളൊന്നുമില്ലാതെ നൂറുവര്‍ഷം തികയ്ക്കുന്നത്. 1911 ലെ ഓഗസ്റ്റ്- സെപ്തംബര്‍ മാസത്തിലാണ് കോടതിക്കായി രാജാവിന്റെ ഉത്തരവുണ്ടായതെന്നും 1912 ഏപ്രില്‍ മെയ് മാസത്തിലാണ് ഇവിടെ മുന്‍സിഫ് കോടതി അരംഭിച്ചതെന്നും പഴമക്കാര്‍ പറയുന്നു.
ഇപ്പോഴത്തെ സബ്ബ് ട്രഷറി കെട്ടിടത്തിലായിരുന്നു പഴയ കോടതി. പഴയ തിരുവിതാകൂര്‍ രാജ്യത്തിലെ പ്രധാന താലൂക്കായ കുന്നത്തുനാടിലെ ഭൂവുടമകളുടെയും വ്യവസായികളുടെയും അഭ്യര്‍ത്ഥന മാനിച്ച് രാജാവ് അനുവദിച്ച പഴയ കോടതി സത്രം പറമ്പ് എന്നറിയപ്പെട്ടിരുന്ന ഇപ്പോഴത്തെ സബ്ബ് ട്രഷറി കെട്ടിടത്തിലായിരുന്നു ആരംഭിച്ചത്.
ജില്ലാ മുന്‍സിഫ് കോടതിയായി തുടങ്ങിയ ഈ കോടതി 1961-62 കാലഘട്ടത്തിലാണ് കച്ചേരിക്കുന്ന് എന്ന ഇപ്പോഴത്തെ സ്ഥലത്തെത്തിയത്. പെരുമ്പാവൂരുകാര്‍ക്ക് ഇത്രയും പ്രാധാന്യം കല്പിക്കേണ്ട ഒരു സ്ഥാപനത്തിന്റെ നൂറാം വാര്‍ഷികം ആരുമറിയാതെ കടന്നുപോവുകയാണ്. മറ്റുപല സ്ഥാപനങ്ങളിലും രാഷ്ട്രീയ ലക്ഷ്യം വച്ചുകൊണ്ടാണെങ്കിലും 25,50,75 തുടങ്ങിയ വാര്‍ഷികങ്ങള്‍ വിവിധ പേരുകളില്‍ സമൃദ്ധിയായി ആഘോഷിക്കുന്നു. പ്രസംഗവേദികളില്‍ പുതിയ കോടതി സമുച്ചയങ്ങളെക്കുറിച്ച് കൊതിയൂറുന്ന വാഗ്ദാനം നല്കുന്ന ഭരണ പ്രതിപക്ഷ നായകരും ഇതൊന്നുമറിയുന്നില്ല. തണലേകി നിന്നിരുന്ന കുറച്ച് നല്ലമരങ്ങള്‍ വെട്ടിവീഴ്ത്തിയത് മാത്രമാണ് നൂറാം വാര്‍ഷികത്തില്‍ നടന്നതെന്നും ആക്ഷേപം ഉയരുന്നുണ്ട്.
ഹൈക്കോടതി സിറ്റിംഗ് ജഡ്ജി അബ്ദുള്‍ റഹീം, മുന്‍ കേരളാ ഹൈക്കോടതി ആക്ടിംഗ് ചീഫ് ജസ്റ്റിസ് എം.എം.പരീത് പിള്ള, മുന്‍മന്ത്രിമാരായ കെ.ജി.ആര്.കര്‍ത്താ, പി.പി.തങ്കച്ചന്, ജോസ്തെറ്റയില്‍ തുടങ്ങി പല പ്രമുഖര്‍ക്കും തിളങ്ങാന്‍ അവസരം ലഭിച്ച വേദിയാണ് പെരുമ്പാവൂരിലെ കോടതികള്‍. മലയാളത്തില്‍ ആദ്യമായി വിധിന്യായങ്ങള്‍ പ്രസിദ്ധീകരിച്ച നിയമകാര്യ പത്രിക എന്ന വാരികയുടെ പത്രാധിപരായിരുന്ന അഡ്വ.ബി.എന്‍.മീനാട്ടൂരും ഈ കോടതിയിലെ അഭിഭാഷകനായിരുന്നുവെന്നും പഴയതലമുറക്കാര്‍ പറയുന്നു. ഇത്രയധികം പ്രഗത്ഭരെ നല്കിയ പെരുമ്പാവൂര്‍ മുന്‍സിഫ് കോടതിയുടെ നൂറാം വാര്‍ഷികാഘോഷങ്ങള്‍ വൈകിയെങ്കിലും നടക്കുമെന്ന പ്രതീക്ഷയിലാണ് പെരുമ്പാവൂരുകാര്‍.
സ്വന്തം ലേഖകന്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: