കേരളം രോഗാതുരമാകുമ്പോഴും രോഗികളോടുള്ള കരുണ അന്തിമ ലക്ഷ്യമാക്കേണ്ട ഡോക്ടര്‍മാരുടെ സമൂഹം രോഗികള്‍ക്കെതിരെ മുഖംതിരിക്കുന്ന ദൃശ്യങ്ങള്‍ക്കാണ് കേരളം ഇന്ന് സാക്ഷിയാവുന്നത്. ആരോഗ്യപരിപാലനരംഗത്ത് ഒന്നാം സ്ഥാനത്തായിരുന്ന കേരളത്തില്‍ ഇന്ന് എലിപ്പനി, ജപ്പാന്‍ജ്വരം, ഡെങ്കിപ്പനി, ചിക്കുന്‍ഗുനിയ മുതലായ നൂതന പകര്‍ച്ചവ്യാധികള്‍ പ്രത്യക്ഷപ്പെടുകയാണ്. അതോടൊപ്പം അപ്രത്യക്ഷമായി എന്ന് കരുതിയിരുന്ന മലേറിയയും മറ്റും തിരിച്ചുവരവ് നടത്തിയിരിക്കുന്നു. ഇങ്ങനെ കേരളം രോഗാതുരമാകുമ്പോഴും മരുന്നുകളുടെ വില കുതിച്ചുകയറുകയും വ്യാജ മരുന്നുകളും കാലാവധി തീര്‍ന്ന മരുന്നുകളും സുലഭമാകുകയും ചെയ്യുന്ന അവസ്ഥയും കേരളത്തിലുണ്ട്. ഇപ്പോള്‍തന്നെ കേരളത്തിലങ്ങോളമിങ്ങോളം വിവിധതരം പനി ബാധിച്ച് ആശുപത്രിയിലെത്തുന്നവരുടെ കണക്ക് ആറരലക്ഷം കവിഞ്ഞു. കഴിഞ്ഞ ഒരു മാസത്തിനുള്ളില്‍ത്തന്നെ രണ്ടരലക്ഷം പേര്‍ക്ക് പനി ബാധിച്ചു. പക്ഷേ ഇവരെ ശുശ്രൂഷിക്കാന്‍ പര്യാപ്തമായ സംവിധാനങ്ങളോ, അവര്‍ക്ക് ചികിത്സ നല്‍കുന്നതിന് ആവശ്യമായ ഡോക്ടര്‍മാരോ ഇന്ന് സംസ്ഥാനത്തില്ല എന്നത് ഖേദകരമായ വസ്തുതയാണ്. ഡോക്ടര്‍മാരും സര്‍ക്കാരും തമ്മിലുള്ള നിഴല്‍ യുദ്ധം ഇനിയും തുടരുകയാണ്. ഇതിനുള്ള പ്രധാന കാരണം ഡോക്ടര്‍മാരുടെ ഗ്രാമീണ സേവനം സര്‍ക്കാര്‍ നിര്‍ബന്ധിതമാക്കിയതും ഡോക്ടര്‍മാരുടെ അതിനുള്ള വൈമുഖ്യവുമാണ്. പകര്‍ച്ചപ്പനി രൂക്ഷമായതോടെ ഡോക്ടര്‍മാര്‍ അനധികൃത അവധിയില്‍ പ്രവേശിക്കുകയാണ്.
അനധികൃതമായി അവധിയില്‍ പ്രവേശിച്ച ഡോക്ടര്‍മാര്‍ ഒരാഴ്ചക്കുള്ളില്‍ സര്‍വീസില്‍ തിരിച്ചെത്തിയില്ലെങ്കില്‍ അറസ്റ്റും റവന്യൂ റിക്കവറി അടക്കമുള്ള അച്ചടക്ക നടപടികളും സ്വീകരിക്കാന്‍ അതാത് ജില്ലാ കളക്ടര്‍മാര്‍ക്ക് സര്‍ക്കാര്‍ അനുമതി നല്കി. ഗ്രാമീണ സേവന വൈമുഖ്യം കാരണം 438 ഡോക്ടര്‍മാരാണ് അനധികൃത അവധിയില്‍ പ്രവേശിച്ചത്. സര്‍ക്കാര്‍ മെഡിക്കല്‍ കോളേജുകളില്‍ പഠിച്ചിറങ്ങുന്ന ഡോക്ടര്‍മാര്‍ ഒരുവര്‍ഷം നിര്‍ബന്ധിത ഗ്രാമീണ സേവനം ചെയ്യണമെന്ന വ്യവസ്ഥ അട്ടിമറിച്ച് ഒന്നോ രണ്ടോ മാസം ഗ്രാമീണസേവനം നടത്തി ഇവര്‍ വിദേശത്തേക്ക് കടക്കുകയോ സ്വകാര്യ ആശുപത്രികളില്‍ ജോലിയില്‍ പ്രവേശിക്കുകയോ ചെയ്യുന്നു. ഗ്രാമീണ സേവനം നടത്താത്ത ഡോക്ടര്‍മാര്‍ക്കെതിരെ കഴിഞ്ഞവര്‍ഷം സര്‍ക്കാര്‍ ആരംഭിച്ച നടപടി സര്‍ക്കാര്‍തന്നെ ഉപേക്ഷിക്കുകയായിരുന്നു. പ്രാഥമിക ആരോഗ്യകേന്ദ്രങ്ങളില്‍ രാവിലെ ഒമ്പത് മുതല്‍ വൈകിട്ട് മൂന്ന് വരെ ഡോക്ടര്‍മാര്‍ ജോലി ചെയ്യണമെന്നാണ് സര്‍ക്കാര്‍ നിര്‍ദ്ദേശം. എറണാകുളത്ത് സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെയും നഴ്സുമാരെയും അറ്റന്റര്‍മാരെയും സ്ഥലം മാറ്റരുതെന്ന് ജില്ലാ വികസനസമിതി സര്‍ക്കാരിനോടാവശ്യപ്പെട്ടിരിക്കുകയാണ്. പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ ഊര്‍ജിതമാക്കാനും കോര്‍പ്പറേഷനിലെ കോളനികളില്‍ മൊബെയില്‍ ക്ലിനിക്കുകള്‍ സന്ദര്‍ശനം നടത്താന്‍ ഏര്‍പ്പാട് ചെയ്യാനും മറ്റും അവലോകനയോഗവും നിര്‍ദ്ദേശിക്കുന്നു. ഡോക്ടര്‍മാരുടെ മനഃസാക്ഷിരഹിതമായ ആതുര സമൂഹത്തോടുള്ള നിസ്സംഗത മെഡിക്കല്‍ വിദ്യാഭ്യാസം സേവനമല്ല, ധനസമ്പാദന മാര്ഗമാണെന്നുള്ള പുതുതലമുറയുടെ ലക്ഷ്യത്തിനാണ് അടിവരയിടുന്നത്.
പണം മുടക്കുന്നത് സാമൂഹ്യ പ്രതിബദ്ധതയ്ക്കല്ല എന്ന ധാരണയാണ് ഈ ഡോക്ടര്‍മാരുടെ സമൂഹം ഉള്‍ക്കൊണ്ടിരിക്കുന്നത്. സ്വന്തം പണത്തിനോടൊപ്പം സര്‍ക്കാരും ഗണ്യമായ തുക അവരുടെ വിദ്യാഭ്യാസത്തിന് ചെലവഴിക്കുന്നുവെന്ന വസ്തുതപോലും അവര്‍ അംഗീകരിക്കുന്നില്ലെന്നാണ് ഗ്രാമീണ സേവന നിബന്ധനയോടുള്ള പുറംതിരിച്ചില്‍. നടപടിയെടുക്കുമെന്നുള്ള സര്‍ക്കാര്‍ ഭീഷണി പുച്ഛിച്ച് തള്ളിയാണ് ഡോക്ടര്‍മാരുടെ സമൂഹം മുങ്ങുന്നത്. കടുത്ത നടപടി പ്രഖ്യാപിച്ചിട്ടും കഴിഞ്ഞവര്‍ഷം നടപടിയുമായി മുന്നോട്ടുപോകാത്ത സര്‍ക്കാരിന്റെ ഭീഷണിക്ക് വിശ്വാസ്യത ഇല്ല എന്നാണ് ഡോക്ടര്‍മാരുടെ പ്രതികരണം സൂചിപ്പിക്കുന്നത്. ജപ്തിയടക്കമുള്ള നടപടികള്‍ ദേശീയ ഗ്രാമീണ ആരോഗ്യമിഷന് പ്രഖ്യാപിച്ചിട്ടുപോലും ഡോക്ടര്‍മാര്‍ക്ക് കൂസലില്ല. കേരളത്തിലെ ആരോഗ്യരംഗം വഷളായതിന് പിന്നില്‍ മാലിന്യസംസ്ക്കരണത്തിലെ അനാസ്ഥയ്ക്കും ഒരു വലിയ പങ്കുണ്ട്. മഴക്കാലം മുന്നില്‍ക്കണ്ട് മാലിന്യസംസ്ക്കരണം ഊര്‍ജിതമാക്കാതെ തദ്ദേശ സ്ഥാപനങ്ങളുടെ താളത്തിന് തുള്ളിയ സര്‍ക്കാര്‍ തന്നെയാണ് പ്രധാന പ്രതി. അതോടൊപ്പം കുതിക്കുന്ന മരുന്ന് വില നിയന്ത്രിക്കാനാകാത്തതും കടുത്ത പ്രതിസന്ധി തന്നെയാണ് സൃഷ്ടിച്ചിരിക്കുന്നത്. ഇപ്പോള്‍ ദല്‍ഹി സന്ദര്‍ശിക്കുന്ന കേരള മന്ത്രിമാരുടെ അജണ്ടയില്‍ മരുന്ന് വില നിയന്ത്രണവും ഉള്‍പ്പെട്ടിട്ടുണ്ടെന്നാണ് വാര്‍ത്ത. ഗുണപ്രദമായ ഫലം വരുമോ എന്നാണ് രോഗാതുര കേരളം ഉറ്റുനോക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: