കൊച്ചി: ജില്ലയില്‍ പകര്‍ച്ചപ്പനി പടരുന്ന സാഹചര്യത്തില്‍ സര്‍ക്കാര്‍ ആശുപത്രികളിലെ ഡോക്ടര്‍മാരെയും നഴ്സുമാരെയും മറ്റ് ജീവനക്കാരെയും സ്ഥലം മാറ്റരുതെന്ന് ജില്ലാ വികസന സമിതി സര്‍ക്കാരിനോട് അഭ്യര്‍ഥിച്ചു. പനി റിപ്പോര്‍ട്ട് ചെയ്യപ്പെട്ട സ്ഥലങ്ങളില്‍ കൂടുതല്‍ പേരെ നിയമിക്കാനും നടപടി സ്വീകരിക്കണമെന്ന് സമിതി ആവശ്യപ്പെട്ടു.
എസ്. ശര്‍മ എംഎല്‍എയാണ് ഇതു സംബന്ധിച്ച പ്രമേയം സമിതിയില്‍ അവതരിപ്പിച്ചത്. കേന്ദ്രമന്ത്രി പ്രൊഫ. കെ.വി. തോമസിന്റെ പ്രതിനിധി എം.പി. ശിവദത്തന്‍ പിന്താങ്ങി. പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും മറ്റ് സര്‍ക്കാര്‍ ആശുപത്രികളിലും ഡോക്ടര്‍മാരുടെ സേവനം 24 മണിക്കൂറും ഉറപ്പു വരുത്തണമെന്ന് അന്‍വര്‍ സാദത്ത് എംഎല്‍എയും ആവശ്യപ്പെട്ടു.
കളമശ്ശേരിയിലെ കൊച്ചി സഹകരണ മെഡിക്കല്‍ കോളേജ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ജില്ലാ വികസന സമിതി ആവശ്യപ്പെട്ടു. പണത്തിന്റെയും സൗകര്യങ്ങളുടെയും അഭാവം മൂലം മെഡിക്കല്‍ കോളേജ് ഇപ്പോള്‍ ശോച്യാവസ്ഥയിലാണ്. സര്‍ക്കാര്‍ അടിയന്തരമായി ഇടപെട്ടില്ലെങ്കില്‍ സ്ഥിതി ഇനിയും വഷളാകും. പൊതുമരാമത്ത് മന്ത്രി വി.കെ. ഇബ്രാഹിംകുഞ്ഞിന്റെ പ്രതിനിധി ഐ.എം. അബ്ദുള്‍ റഹിമാന്‍ അവതരിപ്പിച്ച പ്രമേയത്തെ എം.പി. ശിവദത്തന്‍ പിന്താങ്ങി.
മുളവുകാട് പ്രാഥമികാരോഗ്യ കേന്ദ്രത്തിലെ നാല് നഴ്സുമാരില്‍ മൂന്നു നഴ്സുമാരെയും തസ്തികയടക്കം സ്ഥലം മാറ്റിയിരിക്കുകയാണെന്ന് എസ്. ശര്‍മ ചൂണ്ടിക്കാട്ടി. ഒരു ഡോക്ടറും നഴ്സും മാത്രമാണ് ഇവിടെയുള്ളത്. രണ്ട് എലിപ്പനി കേസുകള്‍ ഇന്നലെ ഇവിടെ കണ്ടെത്തിയിട്ടുണ്ട്. സര്‍ക്കാരുമായി ബന്ധപ്പെട്ട് ഡോക്ടര്‍മാരെയും നഴ്സുമാരെയും നിയമിക്കുന്നതിന് നടപടി സ്വീകരിക്കുമെന്ന് ഡി.എം.ഒ ഡോ. ഹസീന മുഹമ്മദ് പറഞ്ഞു.
എടത്തലയിലെ അംബേദ്കര്‍ കോളനിയില്‍ പുഴുശല്യം നിയന്ത്രിക്കാന്‍ സ്പ്രേയിങ് നടത്തണമെന്ന് അന്‍വര്‍ സാദത്ത് നിര്‍ദേശിച്ചു. പൊതുനിരത്തുകളില്‍ മാലിന്യം തള്ളുന്നവരെ കണ്ടെത്തി കേസെടുക്കാന്‍ പോലീസ് മുന്‍കയ്യെടുക്കണം. പോലീസ് റോന്തു ചുറ്റിയാല്‍ മാലിന്യം തള്ളുന്നതിന് കുറവുണ്ടാകും. ആലുവയില്‍ ദേശീയപാതയ്ക്കരികിലെ കാനകളില്‍ മാലിന്യമടിഞ്ഞ് ജലമൊഴുകുന്നത് തടസപ്പെട്ടിരിക്കുകയാണ്. നിരന്തരമായി ആവശ്യപ്പെട്ടിട്ടും നാഷണല്‍ ഹൈവ് അതോറിറ്റി അധികൃതര്‍ ഇത് കണ്ടില്ലെന്ന് നടിക്കുകയാണെന്ന് എംഎല്‍എ ചൂണ്ടിക്കാട്ടി.
ദേശീയപാതയും നടപ്പാതയുമായുള്ള ഉയരവ്യത്യാസമാണ് കളമശ്ശേരിയില്‍ മെഥനോള്‍ ലോറി മറിയാനിടയാക്കിയതെന്ന് സമിതി യോഗത്തില്‍ അധ്യക്ഷത വഹിച്ച അഡീഷണല്‍ ഡിസ്ട്രിക്ട് മജിസ്ട്രേറ്റ് ബി. രാമചന്ദ്രന് പറഞ്ഞു. ഇക്കാര്യം നാഷണല്‍ ഹൈവ് അതോറിറ്റിയുടെ ശ്രദ്ധയില്‍ പെടുത്തും. കുമ്പളങ്ങി വഴി – പള്ളുരുത്തി റോഡിന്റെ വീതി കൂട്ടുന്നതിനുള്ള സ്ഥലമെടുക്കല്‍ നടപടികള്‍ പുരോഗമിക്കുകയാണെന്ന് പൊതുമരാമത്ത് വകുപ്പ് അറിയിച്ചു. കുമ്പളങ്ങി – എഴുപുന്ന ഫെറി റോഡ് പൊതുമരാമത്ത് വകുപ്പ് ഏറ്റെടുക്കണമെന്ന നിര്‍ദേശം സര്‍ക്കാരിന്റെ പരിഗണനയിലാണ്.
എറണാകുളം – ഏറ്റുമാനൂര്‍ റോഡില്‍ മാങ്കായി കവലയില്‍ അപകടാവസ്ഥയിലുള്ള മരം മുറിച്ചു മാറ്റണമെന്ന് മന്ത്രി അനൂപ് ജേക്കബിന്റെ പ്രതിനിധി ഏലിയാസ് മങ്കിടി ആവശ്യപ്പെട്ടു. കക്കാട് കുടിവെള്ള പദ്ധതിയില്‍ നിന്നും ഉദയംപേരൂര്‍ മേഖലയില്‍ വെള്ളമെത്തിക്കുന്നതിന് അടിയന്തര നടപടി സ്വീകരിക്കുമെന്ന് വാട്ടര്‍ അതോറിറ്റി അറിയിച്ചു. മുളന്തുരുത്തി ഒഴികെ എല്ലാ വില്ലേജുകളിലും നെല്‍വയല്‍ ഡാറ്റബാങ്കിന്റെ കരട് പ്രസിദ്ധീകരണത്തിന് തയാറായിട്ടുണ്ടെന്ന് പ്രിന്‍സിപ്പല്‍ അഗ്രിക്കള്‍ച്ചറല്‍ ഓഫീസര്‍ അറിയിച്ചു. ജൂലൈ 15 വരെ ഇത് സംബന്ധിച്ച പരാതികള്‍ സ്വീകരിക്കും.
പശ്ചിമകൊച്ചിയിലെ റേഷന്‍ കടകളില്‍ വിതരണത്തിനെത്തുന്ന ഗോതമ്പ് നിലവാരമില്ലാത്തതാണെന്ന് എം.പി. ശിവദത്തന്‍ പറഞ്ഞു. എഫ്സിഐ ഗോഡൗണുകളില്‍ നിന്നുള്ള ലോഡുകളില്‍ തിരിമറി നടത്തുന്നതായി സംശയമുണ്ട്. കളമശ്ശേരിയിലും എടയാറിലും ഇന്‍ഡസ്ട്രിയല്‍ എസ്റ്റേറ്റുകളിലെ കെട്ടിടങ്ങള്‍ ഗോഡൗണുകളാക്കി വാടകയ്ക്ക് കൊടുത്തിരിക്കുന്നവര്ക്കെതിരെ നോട്ടീസ് നല്‍കിയതായി ജില്ലാ വ്യവസായ കേന്ദ്രം അധികൃതര്‍ അറിയിച്ചു. എച്ച്എംടി ജംഗ്ഷന് വഴി പോകേണ്ട കെഎസ്ആര്‍ടിസി ബസുകള്‍ റൂട്ട് മാറി ഓടുന്നതിനെതിരെ നടപടി സ്വീകരിക്കണമെന്നും ജില്ലാ വികസന സമിതിയില്‍ ആവശ്യമുയര്‍ന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: