കൊച്ചി: സംസ്ഥാനത്തെ പ്രതിദിന ആളോഹരി ജലലഭ്യത നിലവിലുള്ള 25 ലിറ്ററില്‍ നിന്നും 70 ലിറ്ററാക്കി ഉയര്‍ത്തുന്നതിനുള്ള പദ്ധതികള്‍ രണ്ടു വര്‍ഷത്തിനുള്ളില്‍ നടപ്പാക്കുമെന്ന് ജലവിഭവ വകുപ്പ് മന്ത്രി പി.ജെ. ജോസഫ്. ജപ്പാന് കുടിവെള്ള പദ്ധതിയില്‍ ഉള്‍പ്പെട്ടിട്ടില്ലാത്ത ജില്ലകള്‍ക്കു വേണ്ടി 5725 കോടി രൂപയുടെ പദ്ധതികളാണ് നടപ്പാക്കുകയെന്നും അദ്ദേഹം വ്യക്തമാക്കി.
ഭൂജല വകുപ്പിന്റെ മേഖല ഡാറ്റ സെന്ററിന്റെയും ഗുണനിലവാര പരിശോധനാ കേന്ദ്രത്തിന്റെയും ശിലാസ്ഥാപനം കാക്കനാട് നിര്‍വഹിക്കുകയായിരുന്നു പി.ജെ. ജോസഫ്.
രൂപയുടെ വിനിമയമൂല്യത്തിലുണ്ടായ ഇടിവ് മൂലം ജപ്പാന് കുടിവെള്ള പദ്ധതിയില്‍ മിച്ചം വന്നിരിക്കുന്ന 800 കോടി രൂപ എറണാകുളം ജില്ലയില്‍ കുടിവെള്ള പദ്ധതികള്‍ക്കായി വിനിയോഗിക്കും. മറ്റൊരു ആയിരം കോടി രൂപ കൂടി ചെലവിട്ടാല്‍ മാത്രമേ ജില്ലയിലെ കുടിവെള്ളാവശ്യം പൂര്‍ണമായി നിറവേറ്റാനാകൂ. നിലവില്‍ ലഭ്യമായ 235 എംഎല്ഡിക്ക് പുറമെ 390 എംഎല്‍ഡി വെള്ളം കൂടി ലഭ്യമാക്കുന്ന പദ്ധതികളാണ് വിവിധ തലങ്ങളില്‍ നടപ്പാക്കുകയെന്നും പി.ജെ. ജോസഫ് അറിയിച്ചു.
തീരദേശഗ്രാമങ്ങളിലെ കുടിവെള്ളക്ഷാമം പരിഹരിക്കുന്നതിനായി കടല്‍വെള്ളം ശുദ്ധീകരിക്കുന്ന പദ്ധതിയും നടപ്പാക്കും. ഇസ്രയേല്‍ മാതൃകയിലുള്ള മൊബെയില്‍ ഡീസലൈനേഷന്‍ യൂണിറ്റുകളാണ് ഇതിനായി പ്രാവര്‍ത്തികമാക്കുക. സംസ്ഥാനത്ത് ഇപ്പോള്‍ പൈപ്പുകളിലൂടെ കുടിവെള്ളം ലഭിക്കുന്നത് 29 ശതമാനം പേര്‍ക്കു മാത്രമാണ്. ഭൂഗര്‍ഭജല വിനിയോഗം സാധ്യമായ സ്ഥലങ്ങളില്‍ ഇത് പരമാവധി പ്രയോജനപ്പെടുത്തുന്നതിനുള്ള പദ്ധതികള്‍ നടപ്പാക്കണം. ഭൂഗര്‍ഭജലത്തിന്റെ ലഭ്യതയും ഗുണനിലവാരവും വിലയിരുത്തുന്നതിന് കാക്കനാട് സ്ഥാപിക്കുന്ന കേന്ദ്രം പ്രയോജനപ്പെടുമെന്ന് മന്ത്രി പറഞ്ഞു.
ബെന്നി ബഹനാന് എംഎല്‍എ അധ്യക്ഷത വഹിച്ചു. ഭൂജല വകുപ്പ് ഡയറക്ടര്‍ ബാബു.എന്‍.ജോസഫ്, ജലസേചന വകുപ്പ് ചീഫ് എഞ്ചിനീയര്‍ പി. ലതിക, ഹൈഡ്രോളജി പ്രൊജക്ട് ചീഫ് എഞ്ചിനീയര്‍ ബി. ജയറാം, ഫീല്‍ഡ് സ്റ്റഡീസ് സര്‍ക്കിള്‍ സൂപ്രണ്ടിങ് എഞ്ചിനീയര്‍ സുശീല മാത്യൂസ്, ഹൈഡ്രോളജി ഡിവിഷന് എക്സിക്യുട്ടീവ് എഞ്ചിനീയര്‍ ടെസി മാത്യു, തൃക്കാക്കര നഗരസഭ കൗണ്‍സിലര്‍ വര്‍ഗീസ് പൗലോസ് എന്നിവര്‍ പ്രസംഗിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: