തൃപ്പൂണിത്തുറ: കൊച്ചി ദേവസ്വംബോര്‍ഡിന്റെ പരിധിയില്‍പ്പെട്ട വിവിധ ക്ഷേത്രങ്ങളിലെ ഒരുവിഭാഗം ജീവനക്കാര്‍ക്ക് കാലങ്ങളായി ആചാരപരമായി കിട്ടിയിരുന്ന വഴിപാട് വിഹിതം കൊച്ചി ദേവസ്വംബോര്‍ഡ് നിര്‍ത്തലാക്കി. ജീവനക്കാരുടെ ശമ്പളപരിഷ്ക്കരണം നടപ്പാക്കിയതോടൊപ്പമാണ് പരമ്പരാഗതമായി ലഭിച്ചുകൊണ്ടിരുന്ന ആനുകൂല്യങ്ങള്‍ നിര്‍ത്തലാക്കിയിട്ടുള്ളത്. ജീവനക്കാരോടോ അവരുടെ സംഘടനകളോടോ യാതൊന്നും ചോദിക്കാതെയും പറയാതെയുമാണ് അവര്‍ക്ക് ലഭിച്ചിരുന്ന ആനുകൂല്യങ്ങള്‍ നിഷേധിച്ചിരിക്കുന്നത്.
മുന്‍കാലങ്ങളിലെ ശമ്പളപരിഷ്ക്കരണങ്ങളിലോ ഇതര നടപടികളിലോ ഒന്നുംതന്നെ ക്ഷേത്രത്തിലെ വ്യത്യസ്തങ്ങളായ ജോലിചെയ്യുന്ന ജീവനക്കാരുടെ വഴിപാട് വിഹിത ആനുകൂല്യങ്ങള്‍ കവര്‍ന്നെടുത്തിട്ടില്ലെന്ന് ജീവനക്കാര്‍ പറയുന്നു. ഈ മാസം മുതലാണ് ജീവനക്കാരുടെ ആനുകൂല്യം നിര്‍ത്തലാക്കിയിട്ടുള്ളത്. ക്ഷേത്രങ്ങളിലെ വഴിപാട് കാര്യങ്ങളുമായി ബന്ധപ്പെട്ട ജീവനക്കാര്‍ക്ക് വഴിപാട് വിഹിതം നിഷേധിച്ചത് വലിയ ബുദ്ധിമുട്ടുണ്ടാക്കും. പാവപ്പെട്ട ഇവര്‍ക്ക് തുച്ഛ ശമ്പളമാണുള്ളത്.
വ്യത്യസ്തങ്ങളായ വഴിപാടുകളുള്ള പ്രമുഖ ക്ഷേത്രങ്ങളിലടക്കം വഴിപാടുകളില്‍ പ്രധാനമായ അഷ്ടാഭിഷേകം, ചതുഃശതം, മണ്ഡപത്തില്‍ പാട്ട്, രുദ്രാഭിഷേകം, നിറമാല, വലിയഗുരുതി, പൂമൂടല്‍ തുടങ്ങിയവയില്‍ ഉപയോഗിക്കുന്ന വഴിപാട് സാധനങ്ങളും ദക്ഷിണ നാണയങ്ങളും മറ്റുമാണ് വിഹിതമായി കിട്ടുന്നത്.
നിത്യോപയോഗത്തില്പ്പെട്ട ഇവയില്‍ പലതും ജീവനക്കാരുടെ ദൈനംദിന കുടുംബ ചെലവുകള്‍ക്ക് ചെറിയ സഹായമായിരുന്നു. ഭക്തര്‍ ക്ഷേത്രങ്ങളില്‍ വഴിപാട് നടത്തുമ്പോള്‍ മാത്രം ജീവനക്കാര്‍ക്ക് കിട്ടിയിരുന്ന ഈ ആനുകൂല്യം ജീവനക്കാര്‍ക്ക് കിട്ടുമ്പോള്‍ അവരുടെ വരുമാനം വല്ലാതെ കൂടുമെന്ന ന്യായം പറഞ്ഞാണ് ആനുകൂല്യങ്ങള്‍ നിര്‍ത്തിയതെന്ന് ജീവനക്കാര്‍ പറയുന്നു.
ഒരിക്കല്‍ ഉപയോഗിച്ച വഴിപാട് സാധനങ്ങള്‍ വീണ്ടും അതേ ആവശ്യത്തിന് ഉപയോഗിക്കുക പതിവില്ല. ജീവനക്കാര്‍ക്ക് ആനുകൂല്യം ഇക്കാലമത്രയും കിട്ടാനിടയായതും ഇതുകൊണ്ടാണ്. ജീവനക്കാരുടെ വിഹിതം നിര്‍ത്തിയതോടെ ഉപയോഗിച്ച വസ്തുക്കള്‍ വീണ്ടും ഭക്തര്‍ക്ക് നല്കാന് സാധ്യതയുണ്ടെന്നും ജീവനക്കാര്‍ പറയുന്നു. പ്രമുഖ ക്ഷേത്രങ്ങളില്‍ ഏതാനും കൊല്ലങ്ങളിലേക്ക് വഴിപാടുകള്‍ ബുക്കിംഗ് കഴിഞ്ഞിട്ടുണ്ട്. ചോറ്റാനിക്കരയില്‍ ഏകദേശം പത്ത് കൊല്ലത്തേക്ക് വലിയ ഗുരുതി ബുക്കിംഗ് കഴിഞ്ഞു. മുന്‍കൂര്‍ അടയ്ക്കുന്ന പണത്തിന്റെ പലിശതന്നെ വലിയ തുക വരുമെന്നിരിക്കെയാണ് പാവപ്പെട്ട ജീവനക്കാരുടെ ആനുകൂല്യങ്ങള്‍ കൊച്ചി ദേവസ്വംബോര്‍ഡ് നിഷേധിച്ചിട്ടുള്ളത്. വഴിപാട് വിഹിതം ജീവനക്കാര്‍ക്ക് പുനസ്ഥാപിച്ച് നല്‍കണമെന്നാവശ്യപ്പെട്ട് ജീവനക്കാരുടെ സംഘടനകള്‍ ദേവസ്വം ബോര്‍ഡിന് നിവേദനം നല്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: