നാല്‍പ്പതാണ്ടിലേറെ നീണ്ട രാഷ്ട്രീയജീവിതത്തിന് തിരശ്ശീല വീഴ്ത്തിക്കൊണ്ട് പ്രണബ് കുമാര്‍ മുഖര്‍ജി കഴിഞ്ഞ ചൊവ്വാഴ്ച ദല്‍ഹി സെക്രട്ടറിയേറ്റിന്റെ നോര്‍ത്ത് ബ്ലോക്കിനോട് വിട പറഞ്ഞപ്പോള്‍ വികാരാധീനനായത്രെ. “ഇനി ഒരു പുതിയ യാത്രയ്ക്ക്” എന്ന് പറഞ്ഞാണ് എഴുപത്തേഴുകാരനായ അദ്ദേഹം ധനമന്ത്രാലയത്തിന്റെ പടിയിറങ്ങിയത്. ധനമന്ത്രിപദം ഒഴിയുന്നതിന് മുമ്പ് മൂന്ന് കാര്യങ്ങള്‍ ചെയ്തുതീര്ക്കാന് പ്രണബിന് തിടുക്കമായിരുന്നുവെന്ന് പത്ര റിപ്പോര്‍ട്ടുകള്‍ പറയുന്നു. എംപവേര്‍ഡ് ഗ്രൂപ്പ് ഓഫ് മിനിസ്റ്റേഴ്സിന്റെ അദ്ധ്യക്ഷനെന്ന നിലയില്‍ അവസാനമായി അതിന്റെ യോഗം കൂടി സ്പെക്ട്രത്തിന്റെ വില നിര്‍ണയിക്കുകയെന്നത് അവയിലൊന്ന്. അദ്ദേഹത്തിന്റെ മൂന്ന് വര്‍ഷക്കാലത്തെ ധനമാനേജ്മെന്റില്‍ ആകെ തകര്‍ന്ന സമ്പദ്ഘടനയ്ക്ക് ഓക്സിജന്‍ നല്കാനുതകുമെന്ന് കരുതുന്ന ചില സാമ്പത്തിക നടപടികള്‍ തയ്യാറാക്കി പ്രഖ്യാപിക്കുക എന്നത് മറ്റൊന്ന്. ഇനി മൂന്നാമത്തേതാണ് ഏറെ രസകരവും ശ്രദ്ധേയവും. വിടപറയും മുമ്പ് തന്റെ ഓഫീസിലെ ‘അനാവശ്യ’ ഫയലുകളൊക്കെ നശിപ്പിക്കുകയെന്ന ആ അവസാന ദൗത്യം യുദ്ധകാലാടിസ്ഥാനത്തിലാണ് പ്രണബിന്റെ സ്റ്റാഫ് നിര്‍വഹിച്ചത്. ഇതുവരെ നിഷേധിക്കപ്പെടാത്ത, ഒരു ഇംഗ്ലീഷ് പത്രത്തില്‍ രണ്ടുദിവസം മുമ്പ് പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് പ്രകാരം അമ്പതംഗ സംഘത്തെയാണ് ഫയലുകള്‍ നശിപ്പിക്കാനായി ചുമതലപ്പെടുത്തിയിരുന്നത്. രണ്ട് ഷിഫ്റ്റുകളിലായാണ് ഈ അമ്പതംഗസംഘം അവസാന നാളുകളില്‍ ആ ദൗത്യം പൂര്‍ത്തിയാക്കിയത്. അതിനായി കിട്ടാവുന്നിടങ്ങളില്‍ നിന്നൊക്കെ പേപ്പര്‍ ഷ്രെഡിംഗ് മെഷീനുകള്‍ (കടലാസ് നശിപ്പിക്കാനുള്ള ഉപകരണം) ധനമന്ത്രാലയം ആ ദിവസങ്ങളില്‍ കടമെടുത്തിരുന്നതായും റിപ്പോര്‍ട്ടില്‍ പറയുന്നു. നാളിതുവരെ രണ്ടാമനാവാന്‍ മാത്രം വിധിക്കപ്പെട്ട പ്രണബിന്റെ ഓഫീസിലെ ഈ ‘അന്ത്യകൂദാശ’ പ്രതീകാത്മകമായാണ് വിശേഷിപ്പിക്കപ്പെടുന്നത്. ഇനി ഒരിക്കലും മടങ്ങിവരാനാഗ്രഹിക്കാത്ത ഒരു ജീവിതത്തിന്റെ അദ്ധ്യായങ്ങളൊക്കെ അഗ്നിക്കിരയാക്കുകയായിരുന്നു അദ്ദേഹം. പ്രണബ് പറഞ്ഞതുപോലെ പുതിയൊരു യാത്രയുടെ തുടക്കം.
ഭാഗ്യരേഖയ്ക്കൊപ്പം ദൗര്‍ഭാഗ്യത്തിന്റെ വ്യക്തവും ശക്തവുമായൊരു രേഖയും പ്രണബിന്റെ രാഷ്ട്രീയ ജീവിതത്തിലൂടെ സഞ്ചരിക്കുന്നുണ്ട്. അതുകൊണ്ടാവാം അര്‍ഹതപ്പെട്ടത് പലപ്പോഴും അദ്ദേഹത്തിന് നിഷേധിക്കപ്പെട്ടത്, അടുത്തെത്തിയാല്പ്പോലും അദ്ദേഹം അലങ്കരിക്കേണ്ട കസേരയില്‍ അര്‍ഹത കുറഞ്ഞവര്‍ കയറിയിരിക്കുന്നത്. ഇന്ദിരാഗാന്ധി കൊല്ലപ്പെട്ടപ്പോള്‍ പ്രണബ് പ്രധാനമന്ത്രിയാവേണ്ടതായിരുന്നു. പുതിയ പ്രധാനമന്ത്രിയെ പാര്‍ട്ടി തെരഞ്ഞെടുക്കുന്നതുവരെയെങ്കിലും മന്ത്രിസഭയിലെ രണ്ടാമനെ ഒന്നാമനായി വാഴിക്കുകയെന്നതാണ് പതിവ്. പക്ഷെ പ്രണബിന്റെ കാര്യത്തില്‍ അതുപോലും അനുവദിക്കപ്പെട്ടില്ല. ആ കീഴ്വഴക്കം ഓര്മിപ്പിച്ചുവെന്നതാണ് അദ്ദേഹത്തിന്റെ മേല്‍ ആരോപിക്കപ്പെട്ട പാതകം. അക്കാരണത്താല്‍ അധികാരമോഹി എന്ന ആരോപണം ജീവിതകാലമാകെ അദ്ദേഹത്തെ വേട്ടയാടിക്കൊണ്ടിരുന്നു. ഇന്ദിരയുടെ മരണവിവരമറിഞ്ഞ് കൊല്‍ക്കത്തയില്‍നിന്ന് രാജീവ് ഗാന്ധിയുമൊത്ത് ദല്‍ഹിക്ക് പറക്കവേയാണ് കേന്ദ്രമന്ത്രിസഭയിലെ ഏറ്റവും മുതിര്‍ന്ന അംഗമെന്ന നിലയ്ക്ക് അമ്മയെ നഷ്ടപ്പെട്ട മകനോട് പ്രണബ് അക്കാര്യം പറഞ്ഞത്. പക്ഷെ പ്രധാനമന്ത്രി ആയത് പരിചയമേതുമില്ലാത്ത രാജീവ് ഗാന്ധി ആയിരുന്നു. എന്നുമാത്രമല്ല രാജീവ് പ്രധാനമന്ത്രി ആയിരിക്കേ അവസാന നാള് വരെ പ്രണബിനെ അധികാരക്കസേരകളില്‍നിന്ന് അകറ്റിനിര്‍ത്തിയിരുന്നു. എണ്പത്തിനാലില് ഇന്ദിരാഗാന്ധിയുടെ തിരോധാനത്തോടെയും രാജീവ് ഗാന്ധിയുടെ അവരോഹണത്തോടെയും ആരംഭിച്ച പ്രണബിന്റെ വനവാസം അവസാനിച്ചത് പില്ക്കാലത്ത് പ്രധാനമന്ത്രിയായ നരസിംഹറാവുവിന്റെ കാലത്താണ്.
രണ്ടാമനാവാന്‍ എന്നും വിധിക്കപ്പെട്ട പ്രണബ് കുമാര്‍ മുഖര്‍ജിയുടെ അനുഭവം വിചിത്രമാണ്. ഇന്നത്തെ പ്രധാനമന്ത്രി മന്മോഹന് സിംഗ് എണ്പത്തിരണ്ടില് ലോകബാങ്കിലെ സേവനത്തിനുശേഷം എത്തിയപ്പോള്‍ ഇന്ത്യയില്‍ ഉദ്യോഗം നല്‍കിയത് കഴിഞ്ഞ കുറെ വര്‍ഷങ്ങളായി മന്മോഹന് മന്ത്രിസഭയിലെ രണ്ടാമനായിരുന്ന പ്രണബാണ്. അന്ന് പ്രണബ് ധനമന്ത്രി. മന്മോഹന് സിംഗിന് റിസര്‍വ് ബാങ്ക് ഗവര്‍ണറായി പ്രണബ് നിയമനം നല്കി. പ്രണബിന്റെ കീഴില്‍ ഉദ്യോഗസ്ഥനായി വന്ന മന്മോഹന് പിന്നെ പ്രണബ് അംഗമായ മന്ത്രിസഭയില്‍ ഒന്നാമനായി. ഇന്ദിരാഗാന്ധിയുടെ മന്ത്രിസഭയില്‍ ധനമന്ത്രിയായിരുന്ന പ്രണബ് മൂന്ന് പതിറ്റാണ്ടുകള്‍ക്ക് ശേഷവും മന്മോഹന് മന്ത്രിസഭയില്‍ ധനമന്ത്രി. ലോക്സഭയില്‍ അദ്ദേഹം ഒന്നാമനായിട്ടും ലോക്സഭാ നേതാവായിട്ടും മന്ത്രിസഭയില്‍ ഒന്നാമനാവാനോ മന്ത്രിസഭയെ നയിക്കാനോ പ്രണബിന് ഭാഗ്യമുണ്ടായില്ല. എന്നാല്‍ മന്മോഹന് മന്ത്രിസഭ രാഷ്ട്രീയ പ്രതിസന്ധികളില്പ്പെട്ടപ്പോഴൊക്കെ അവ പരിഹരിക്കേണ്ട ചുമതല പ്രണബിന് തന്നെ ആയിരുന്നു. കഴിഞ്ഞ മുപ്പതാണ്ടുകളില് മൂന്ന് പ്രാവശ്യമെങ്കിലും പ്രണബിന് ചുണ്ടിനും കപ്പിനുമിടയില്‍ പ്രധാനമന്ത്രിപദം നഷ്ടപ്പെട്ടിട്ടുണ്ട്. അദ്ദേഹത്തെ കുറിച്ചുള്ള സോണിയയുടെ സംശയമായിരുന്നു ഒന്നാമനാവുന്നതില് നിന്ന് എന്നും പ്രണബിന് തടസ്സമായത്.
ആ സോണിയ തന്നെയാണ് പ്രണബിന്റെ പുതിയ യാത്രയ്ക്ക് വീഥിയൊരുക്കുന്നതെന്നത് വല്ലാത്തൊരു വൈപരീത്യമാണ്. ഇവര്‍ക്കിടയിലെ മഞ്ഞുരുകാന്‍ ഇതിനിടയില്‍ എന്തു സംഭവിച്ചു എന്നതാണ് മില്ല്യണ്‍ ഡോളര്‍ ചോദ്യം. ആ ചോദ്യത്തിന് പ്രസക്തിയേറുന്നത് പ്രണബിനെ രാഷ്ട്രപതി ഭവനില്‍ പ്രതിഷ്ഠിക്കുന്നത് പാര്‍ട്ടിക്കും പാര്‍ട്ടി പ്രസിഡന്റിനും പ്രതികൂലമാവുമെന്ന ഒരു വിഭാഗം കോണ്‍ഗ്രസുകാരുടെ തുടക്കത്തിലെ പ്രചരണത്തിന്റെ കൂടി പശ്ചാത്തലത്തിലാണ്. പ്രണബിന്റെ സ്ഥാനാര്‍ത്ഥിത്വം സോണിയ അംഗീകരിക്കില്ല എന്നുതന്നെ ആയിരുന്നു ആദ്യ നാളുകളില്‍ പരക്കെ ഉണ്ടായിരുന്ന വിശ്വാസം.
കോണ്‍ഗ്രസ് ഭരണം നയിക്കുമ്പോഴൊക്കെ രാഷ്ട്രപതി സ്ഥാനാര്‍ത്ഥിയായി പാര്‍ട്ടി തീരുമാനിക്കുന്നതിന് പിന്നില്‍ ചില പ്രത്യേക അജണ്ടകള്‍ ഉണ്ടാവാറുണ്ട്. തുടക്കത്തില്‍ രഹസ്യമായി സൂക്ഷിക്കുന്ന ഈ അജണ്ട ഒടുക്കം പരസ്യമാവാറും ഉണ്ട്. ഇപ്പോള്‍ പ്രണബിന്റെ സ്ഥാനാര്‍ത്ഥിത്വത്തിന്റെ പിന്നിലും പ്രത്യേക അജണ്ട ഉണ്ടെന്നത് വ്യക്തം. അത് അടുത്ത പ്രധാനമന്ത്രി പ്രണബ് ആവുന്നത് തടയാനാണെന്നതും രാഹുല്‍ ഗാന്ധിക്ക് വേണ്ടി കാര്യങ്ങള്‍ സുഗമമാക്കാനാണെന്നതും പഴയ കഥകളാണ്. ഒരു ബംഗാളി ബ്രാഹ്മണനെ രാഷ്ട്രപതിയാക്കിക്കഴിഞ്ഞാല് പ്രധാനമന്ത്രി പദത്തില്‍ ഒരു ക്രൈസ്തവനെ അവരോധിക്കുന്നതിനൊരു ബാലന്സാവുമെന്ന സാമുദായിക ഭാഷ്യങ്ങളും കേന്ദ്രഭരണത്തിന്റെ ഇടനാഴികളില്‍ കേള്‍ക്കുന്നുണ്ട്. ഇതിനിടെ ആഭ്യന്തര മന്ത്രി ചിദംബരവും ധനമന്ത്രി പ്രണബും തമ്മില്‍ രസത്തിലല്ലായെന്നത് ചിലയവസരങ്ങളിലെങ്കിലും പരസ്യമായതാണ്. സ്പെക്ട്രം കുംഭകോണത്തില്‍ ഒരിക്കല്‍ പ്രണബ് ചിദംബരത്തെ തള്ളിപ്പറഞ്ഞതുമാണ്. പ്രണബിന്റെ നോര്‍ത്ത് ബ്ലോക്കിലെ ഓഫീസ് മുറിയില്‍ ചൂയിംഗ് ഗമ്മിനുള്ളില് ക്യാമറാ ചിപ്പുകള്‍ രഹസ്യമായി സൂക്ഷിച്ചിരുന്നുവെന്ന വിവാദവും ആരും ഇനിയും മറക്കാറായിട്ടില്ല. സൈന്യത്തിന്റെ സഹായം തേടിയാണ് അവ പിന്നീട് നീക്കം ചെയ്തത്. ആര്‍ക്കുവേണ്ടി ആരായിരുന്നു ആ ഒളിക്യാമറകള്‍ ധനമന്ത്രിയുടെ ആസ്ഥാനത്ത് സ്ഥാപിച്ചതെന്നതിനെപ്പറ്റി ഇന്ദ്രപ്രസ്ഥത്തില്‍ ചര്‍ച്ചകള്‍ പലതും നടന്നിരുന്നു.
ഏറ്റവുമൊടുവിലായി രണ്ട് ദിവസം മുമ്പ് ‘ഇക്കണോമിക് ടൈംസ്’ റിപ്പോര്‍ട്ട് ചെയ്തത് മന്മോഹന് സിംഗും പ്രണബ് മുഖര്‍ജിയും തമ്മിലും കാര്യമായി ഇടഞ്ഞിരുന്നുവെന്നാണ്. ധനമന്ത്രിയും പ്രധാനമന്ത്രിയും തമ്മിലിടഞ്ഞതിന്റെ നിരവധി ഉദാഹരണങ്ങളും റിപ്പോര്‍ട്ടില്‍ ഉദ്ധരിക്കുന്നു. ഇങ്ങനെയൊക്കെ ആയിട്ടും സോണിയക്ക് പ്രണബ് പ്രിയങ്കരനായി എന്നതാണ് പ്രഹേളിക.
പുതിയ യാത്ര തുടങ്ങുന്നതിന്റേയും പഴയതൊക്കെ അവസാനിപ്പിക്കുന്നതിന്റേയും പ്രതീകാത്മകം കൂടിയായി ധനമന്ത്രിയുടെ ഓഫീസിലെ ടണ്‍ കണക്കിന് ഫയലുകള്‍ ആവേശത്തോടെ നശിപ്പിക്കുന്ന ആ രംഗത്തില്‍ ചെന്ന് മുട്ടി നില്‍ക്കുന്നതാണ് മിക്ക ചോദ്യങ്ങളും. ഇന്നലെ വരെ ധനമന്ത്രാലയത്തന്റെ അറകളില്‍ സുരക്ഷിതമായി കാത്തു സൂക്ഷിച്ചിരുന്ന ആ ഫയലുകള്‍ പേപ്പര്‍ ഷ്രെഡിംഗ് മെഷീനുകള്‍ക്ക് ഇരയാക്കേണ്ട വിധത്തില്‍ ഇത്ര പെട്ടെന്ന് അപ്രസക്തവും അനാവശ്യവുമായി മാറിയതിന്റെ പിന്നിലെ രഹസ്യം നോര്‍ത്ത് ബ്ലോക്കില്‍നിന്നും റസീനാ ഹില്ലിലേക്കുള്ള മാര്‍ഗമധ്യേ മറഞ്ഞിരിപ്പുണ്ടോ?
ഹരി എസ്. കര്‍ത്താ
പ്രതികരിക്കാൻ ഇവിടെ എഴുതുക: