കാഞ്ഞങ്ങാട്: ഭൂഗര്‍ഭ വൈദ്യുതിലൈന്‍ വലിക്കാന്‍ നാഷണല്‍ ഹൈവേ അതോറിറ്റി അനുവാദം നല്‍കിയതോടെ നഗരത്തിലെ വൈദ്യുതി പ്രതിസന്ധി പൂര്‍ണമായും പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷ, പ്രത്യേക വൈദ്യുതി ഫീഡ റിനായി മാവുങ്കാല്‍ സബ് സ്റ്റേഷന് മുതല്‍ ദേശീയപാതവരെയും മേലാങ്കോട്ട് മുതല്‍ കുന്നുമ്മല്‍ വരെ ഭൂഗര്‍ഭ 11 കെ വി എച്ച് ടി ലൈന്‍ വലിക്കുന്നത് പൂര്‍ത്തിയായെങ്കിലും നാഷണല്‍ ഹൈവേ അതോറിറ്റിയുടെ അനുമതി ലഭിക്കാത്തതിനാല്‍ തുടര്‍ പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ കഴിഞ്ഞിരുന്നില്ല. എന്നാല്‍ ഡല്‍ഹി നാഷണല്‍ ഹൈവേ അതോറിറ്റി ലൈന്‍ വലിക്കുന്നതിന് അനുമതി നല്‍കിയതായി അറിയിപ്പ് ലഭിച്ചതായി വൈദ്യുതി വകുപ്പ് അധികൃതര്‍ വ്യക്തമാക്കിയതോടെ പ്രത്യേക ഫീഡറിനുള്ള എല്ലാ തടസങ്ങളും നീങ്ങിയിരിക്കയാണ്. നിലവില്‍ മാവുങ്കാല്‍, കാഞ്ഞങ്ങാട്, ചിത്താരി സെക്ഷനുകളെ തമ്മില്‍ ബന്ധിപ്പിച്ച് വൈദ്യുതി വിതരണം നടത്തുന്നതിനാല്‍ മാവുങ്കാലിലോ ചിത്താരിയിലോ നേരിയ പ്രശ്നങ്ങളുണ്ടായാല്‍ കാഞ്ഞങ്ങാട് നഗരത്തില്‍ വൈദ്യുതി മുടങ്ങുന്നത് പതിവായിരുന്നു. വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ ഉള്‍പ്പെടെ നിരവധി സര്‍ക്കാര്‍ സ്ഥാപനങ്ങളും ആശുപത്രികളും വ്യാപാര സ്ഥാപനങ്ങളും പ്രവര്‍ത്തിക്കുന്ന കാഞ്ഞങ്ങാട് നഗരത്തിന് വൈദ്യുതി വിതരണം തടസപ്പെടുന്നത് ഏറെ പ്രശ്നങ്ങള്‍ സൃഷ്ടിച്ചിരുന്നു. പ്രത്യേക ഫീഡറിനായി ഒരു കോടി രൂപയുടെ പദ്ധതിക്ക് ഭരണാനുമതി ലഭിച്ചതോടെ പദ്ധതി ഉടന്‍ യാഥാര്‍ത്ഥ്യമാവുമെന്ന പ്രതീക്ഷയിലാണ് നഗരവാസികള്‍. പ്രത്യേക ഫീഡര്‍ യാഥാര്‍ത്ഥ്യമാവുന്നതോടെ കാഞ്ഞങ്ങാട് ട്രാഫിക് ജംഗ്ഷന് മുതല്‍ അലാമിപ്പള്ളി വരെയുള്ള വൈദ്യുതി വിതരണം സബ്സ്റ്റേഷനില്‍ നിന്നും നേരിട്ടാകും. ഭൂഗര്‍ഭ വൈദ്യുതി ലൈനായതിനാല്‍ വൈദ്യുതി പ്രസരണനഷ്ടം ഒഴിവാക്കാനും സാധിക്കുമെന്നാണ് വൈദ്യുതി വകുപ്പ് അധികൃതരുടെ പ്രതീക്ഷ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: