കൊല്ലം. രാത്രികാല വാഹനപരിശോധനയ്ക്കിടെ പോലീസുകാരന് അക്രമികളുടെ കുത്തേറ്റ് മരിച്ച സംഭവത്തില്‍ പ്രതികളെക്കുറിച്ചും വാഹനത്തിന്റെ ഉടമയെക്കുറിച്ചും സൂചന ലഭിച്ചതായി പോലീസ് അറിയിച്ചു. മുടി പേറ്റ് വെട്ടിയ ബ്രൗണ്‍ ഷര്‍ട്ട് ധരിച്ച ആറടി പൊക്കമുള്ളയാളാണ് പ്രതിയെന്നു പോലീസ് പറഞ്ഞു.
തമിഴ്നാട് റജിസ്ട്രേഷനിലുള്ള കാറാണു കണ്ടെടുത്തത്. പ്രതിയെ തേടി പൊലീസ് സംഘം തമിഴ്നാട്ടിലേക്ക് തിരിച്ചു. ആഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനും ഡിജിപിയും സ്ഥലം സന്ദര്‍ശിച്ചു. പാരിപ്പള്ളി സ്റ്റേഷനിലെ ഡ്രൈവര്‍ കൊട്ടറ സ്വദേശി മണിയന്‍പിള്ള (47) ആണ് മരിച്ചത്. കുത്തേറ്റ് ഗുരുതരാവസ്ഥയിലായ എ.എസ്.ഐ ചെങ്കളം സ്വദേശി ജോയി ആശുപത്രിയില്‍ ചികിത്സയിലാണ്.
പുലര്‍ച്ചെ ഒരു മണിയോടെയായിരുന്നു സംഭവം. കഴിഞ്ഞ ദിവസം പാരിപ്പള്ളിയിലുണ്ടായ മോഷണത്തെത്തുടര്ന്നു രാത്രിയില്‍ വാഹന പരിശോധന നടത്തുന്നതിനിടെയാണ് അക്രമം. വേളമാനൂരില്‍ വാഹന പരിശോധന കഴിഞ്ഞ് തിരിച്ചു വരുമ്പോള്‍ കുളമട ജംക്ഷനില്‍ സംശയാസ്പദമായ സാഹചര്യത്തില്‍ മാരുതി വാന്‍ പോലീസിന്റെ ശ്രദ്ധയില്‍പ്പെട്ടത്. തുടര്‍ന്ന് പോലീസ് സംഘം വാഹനത്തിന്റെ രേഖകള്‍ ആവശ്യപ്പെട്ടു. എന്നാല്‍ രേഖകള്‍ ഇല്ലാതിരുന്നു.
വാനിലുണ്ടായിരുന്നവരുടെ പെരുമാറ്റത്തില്‍ സംശയം തോന്നിയ എ.എസ്.ഐ ജോയി ഇവരെ കസ്റ്റഡിയിലെടുത്തു. വാനില്‍ നിന്നിറക്കി ജീപ്പിലേക്ക് കയറ്റാന്‍ ശ്രമിക്കുന്നതിനിടെ സംഘം എ.എസ്.ഐയെ കുത്തുകയായിരുന്നു. ഇതു കണ്ട് ഓടിയെത്തിയ ഡ്രൈവര്‍ മണിയന്‍പിള്ളയെയും കുത്തിയ ശേഷം അക്രമികള്‍ വാനില്‍ രക്ഷപ്പെടുകയായിരുന്നു. പരവൂര്‍ പോലീസെത്തിയാണ് പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. അപ്പോഴേക്കും മണിയന്‍പിള്ള മരിച്ചു.
വര്‍ക്കല ഭാഗത്തേക്കു പോയ അക്രമി സംഘത്തിന്റെ വാന്‍ പിന്നീട് വര്‍ക്കലയില്‍ ഉപേക്ഷിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: