മൂവാറ്റുപുഴ: തനിക്കെതിരായ ഗൂഢാലോചനയ്ക്ക് പിന്നില്‍ സി.പി.എം നേതാക്കളായ ചന്ദ്രന് പിള്ളയ്ക്കും എസ്.ശര്മ്മയുമാണെന്ന് എറണാകുളം മുന്‍ ജില്ലാ സെക്രട്ടറി ഗോപി കോട്ടമുറിക്കല്‍. ഒളിക്യാമറാ വിവാദത്തില്‍ ഇരുവര്‍ക്കും എതിരായ ആരോപണങ്ങളില്‍ ഉറച്ചു നില്‍ക്കുന്നതായും ഗോപി കോട്ടമുറിക്കല്‍ പറഞ്ഞു. ഇവരറിയാതെ ഇത്തരമൊരു നീക്കം തനിക്കെതിരെ നടക്കില്ലെന്നും ഗോപി മൂവാറ്റുപുഴയില്‍ മാധ്യമങ്ങളോട് പറഞ്ഞു.
പാര്‍ട്ടിയില്‍ നിന്ന് പുറത്താക്കിയ ശേഷം ആദ്യമായി മാധ്യമങ്ങളെ കാണുകയായിരുന്നു ഗോപി കോട്ടമുറിക്കല്‍. സി.പി.എമ്മില്‍ എറണാകുളം ഘടകത്തില്‍ ഒരു ക്രിമിനല്‍ സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. പാര്‍ട്ടിയെ ഗ്രസിച്ച ഈ ക്രിമിനല്‍ സംഘത്തെ തുറന്നുകാണിക്കാനായി പാര്‍ട്ടിയില്‍ നിന്നും പുറത്താക്കപ്പെട്ടാലും താന്‍ പോരാട്ടം തുടരുമെന്നും അദ്ദേഹം പറഞ്ഞു. സമര്‍ത്ഥമായ പ്ലാനിംഗിലൂടെ തന്നെ കുടുക്കുകയായിരുന്നു. കര്ട്ടന് പിന്നില്‍ നിന്ന് ചന്ദ്രന്‍പിള്ളയും ശര്‍മ്മയും കരുക്കള്‍ നീക്കുകയായിരുന്നു. ഇവരുമായി വര്‍ഷങ്ങളായി ഒരുമിച്ച് പ്രവര്‍ത്തിച്ച് പരിചയമുളള താന്‍ കേവല വിശ്വാസത്തിന്റെ പേരില്‍ ഇത്തരമൊരു ആരോപണമുന്നയിക്കില്ല. ഇതിന് വ്യക്തമായ തെളിവുകള്‍ തന്റെ കൈവശമുണ്ട്. യഥാസമയം അത് പുറത്തുവിടും.
തനിക്കെതിരായ നീക്കത്തില്‍ വി.എസ്.അച്യുതാനന്ദന് പങ്കുണ്ടെന്ന് കരുതുന്നില്ല. താന്‍ തെറ്റുകാരനാണെന്ന് പാര്‍ട്ടി പറഞ്ഞാല്‍ അത് അംഗീകരിക്കും. വ്യക്തിപരമായി നഷ്ടം വരുമ്പോള്‍ പാര്‍ട്ടിയെ തള്ളിപ്പറയുന്ന ആളല്ല ഞാന്‍. പാര്‍ട്ടി സ്വീകരിക്കുന്ന ഏതു നടപടിയും ശിരസാവഹിക്കും. വ്യക്തിപരമായ നഷ്ടം ഉണ്ടാകുമ്പോള്‍ പാര്‍ട്ടിയെ തള്ളിപ്പറയില്ലെന്നും അദ്ദേഹം പറഞ്ഞു. കേന്ദ്രകമ്മിറ്റി അംഗമായ എം.സി ജോസഫൈനെതിരെയും അദ്ദേഹം വിമര്‍ശനങ്ങള്‍ ഉന്നയിച്ചു. എറണാകുളം പാര്‍ലമെന്റ് മണ്ഡലത്തില്‍ സിന്ധു ജോയി തോറ്റ ശേഷം ഒരാഴ്ച പിന്നിടുന്നതിന് മുമ്പ് തന്നെ കെ.വി തോമസിന് ജി.സി.ഡി.എ സ്വീകരണം നല്കി. അന്ന് ജോസഫൈനായിരുന്നു ജി.സി.ഡി.എ ചെയര്‍പേഴ്സണ്‍. മന:സാക്ഷിയുള്ള കമ്മ്യൂണിസ്റ്റിന് ഇങ്ങനെ ചെയ്യാനാകില്ല.
വിവാദം അന്വേഷിച്ച അന്വേഷണ കമ്മീഷന് തന്നെ വിളിപ്പിക്കുകയോ തനിക്ക് പറയാനുള്ളത് കേള്‍ക്കുകയോ ചെയ്തിട്ടില്ല. വൈക്കം വിശ്വന് അധ്യക്ഷനായ അന്വേഷണ കമ്മീഷന്റെ സിറ്റിംഗ് തന്നെ അറിയിച്ചിരുന്നില്ല. സിറ്റിംഗിന് തലേദിവസം രാത്രിയാണ് ഇതു സംബന്ധിച്ച അറിയിപ്പ് ലഭിച്ചത്. കമ്മീഷന് അംഗം എം.സി.ജോസഫൈന് അറിയിച്ചില്ലേ എന്ന് വൈക്കം വിശ്വന് ചോദിച്ചു. ഇല്ലെന്നായിരുന്നു മറുപടി. തുടര്‍ന്ന് അടുത്ത ദിവസം തിരുവനന്തപുരത്ത് എത്താന്‍ വിശ്വന് നിര്‍ദ്ദേശിച്ചുവെന്നും ഗോപി പറഞ്ഞു.
തനിക്കെതിരേ 88 വാര്‍ത്തകളാണ് വന്നതെന്ന് പറഞ്ഞ അദ്ദേഹം മാധ്യമങ്ങളെയും വിമര്‍ശിച്ചു. ഒരു വര്‍ഷമായി തന്നെയും കുടുംബത്തെയും വളഞ്ഞിട്ടാക്രമിച്ച തകര്‍ക്കുകയായിരുന്നു. ‘എന്നെപ്പോലെ നിര്ഭാഗ്യവാന്മാര്ക്ക് പാര്‍ട്ടിക്കുള്ളില്‍ നടക്കുന്നത് അറിയാന്‍ കഴിയില്ല. നിങ്ങളെപ്പോലുള്ള ചില ഭാഗ്യവാന്മാര് കഠിന പരിശ്രമം നടത്തിയിട്ടാണ് തന്നെ ഈ ഗതിയിലെത്തിച്ചത്. മാധ്യമങ്ങളില്‍ ഭൂരിഭാഗവും തന്നെ പെണ്ണു പിടിയനും കൊള്ളരുതാത്തവനുമാണെന്ന് ചിത്രീകരി ച്ചുവെന്നും ഗോപി കുറ്റപ്പെടുത്തി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: